gulf
കുശുമ്പുകാരേ…മരിച്ചവരോട് അല്പം മര്യാദ കാണിക്കുക
ഇന്നലെ എന്നെ ഒരുപാട് ചിന്തിപ്പിച്ചതും ഒപ്പം വിഷമിപ്പിച്ചതുമായ ഒരു പോസ്റ്റാണിത്… ഒരു മലയാളി അയാളുടെ കഠിന പ്രയത്നം കൊണ്ട് ദുബായിൽ പെട്രോളിയം ബിസിനസ് നടത്തി ഒട്ടനവധി പണം സമ്പാദിക്കുകയും ചെയ്തു
209 total views, 2 views today

ഇന്നലെ എന്നെ ഒരുപാട് ചിന്തിപ്പിച്ചതും ഒപ്പം വിഷമിപ്പിച്ചതുമായ ഒരു പോസ്റ്റാണിത്… ഒരു മലയാളി അയാളുടെ കഠിന പ്രയത്നം കൊണ്ട് ദുബായിൽ പെട്രോളിയം ബിസിനസ് നടത്തി ഒട്ടനവധി പണം സമ്പാദിക്കുകയും ചെയ്തു ,ആ പണം കൊണ്ട് അദ്ദേഹം കൊട്ടാര തുല്യമായ ഒരു വീടും
പണിതു.കഴിഞ്ഞദിവസം അദ്ദേഹം ദുബായിൽ വച്ച് മരണപ്പെട്ടു.. കോവിഡ് മൂലം അദ്ദേഹത്തിൻറെ മൃതദേഹം നാട്ടിലെത്തിക്കാൻ പറ്റില്ലാത്ത സാഹചര്യമായിരുന്നു .ഉടനെ തന്നെ മാനസിക വൈകല്യം ബാധിച്ച ഒരു വ്യക്തി അദ്ദേഹത്തിന്റെ വീടിന്റെ പടം എടുത്തു കൊണ്ട് പോസ്റ്റ് ഉണ്ടാക്കി. കൊട്ടാരസമാനമായ വീട് പണിതത് കൊണ്ട് കാര്യമില്ലെന്നും പണം ഉണ്ടാക്കി ഇങ്ങനെയൊക്കെ ചെയ്താലും വീട്ടിൽ കിടന്നു മരിക്കില്ലെന്നുള്ള ധ്വനി!
തുടർന്ന് ഈ പോസ്റ്റുകൾ പലരും ഷെയർ ചെയ്യുകയും ലളിത ജീവിതം നയിച്ചില്ലെങ്കിൽ, ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ സംഭവിക്കുമെന്നും വീട്ടിൽ കിടന്ന് മരിക്കാൻ യോഗം ഉണ്ടാവില്ലെന്നും ഒക്കെയുള്ള സാരോപദേശങ്ങൾ ആണ് ലോകത്തിന് നൽകിയത് .എനിക്കി പോസ്റ്റുകൾ എല്ലാം കണ്ടപ്പോൾ പുച്ഛവും ദേഷ്യവും മാത്രമാണുണ്ടായത്. ഈ പറയുന്ന വ്യക്തി ശ്രീ ജോയി അറക്കൽ ആരെയെങ്കിലും കൊന്നിട്ടോ തട്ടിപ്പ് നടത്തിയോ അഴിമതി നടത്തിയോ ഒന്നുമല്ല ഈ വീട് പണിതിട്ടുള്ളത് …അദ്ദേഹം കഷ്ടപ്പെട്ട് ജോലിയെടുത്തു സമ്പാദിച്ച പണം കൊണ്ടാണ്.
ഈ കോവിഡ് കാലത്ത് കുടിൽ പോലും ഇല്ലാത്ത ആളുകൾ തെരുവിലൂടെ നടന്നു മരിക്കുന്നത് ഇന്ത്യയിൽ പല ഭാഗത്തും നമ്മൾ കണ്ടു .ഗൾഫിൽ അടക്കം ഒരുപാട് മലയാളികൾ മരിക്കുകയും അവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പറ്റുന്നില്ല താനും.. ഇവരെല്ലാവരും മരിച്ചത് അഹങ്കാരം കൊണ്ടും പണത്തിനോടുള്ള ആർത്തി കൊണ്ടാണോ ?ഈ പോസ്റ്റുകൾ ഒക്കെ ഷെയർ ചെയ്യുന്നവർക്ക് ആകെയുള്ളത് കുശുമ്പ് ആണ് ! തന്നെക്കാൾ അല്പം കൂടുതൽ മറ്റൊരാൾക്ക് ഉണ്ടായാൽ ഉണ്ടാവുന്ന #കണ്ണുകടി എന്നതിനപ്പുറം വേറെ ഒന്നുമില്ല .
ഈ കുറ്റം പറയുന്നവർ പോലും താമസിക്കുന്നത് കുടിലിൽ ഒന്നുമല്ലല്ലോ.എല്ലാവരും അവരെക്കൊണ്ട് പറ്റുന്ന രീതിയിൽ തന്നെ അവരുടെ വീടുകൾ മോടിപിടിപ്പിക്കാറുണ്ട് ..അത് ഓരോരുത്തർക്കും കൈയിൽ കാശ് എത്രയാണോ അതുപോലെയായിരിക്കും ..പലരും ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും കൊണ്ടുവന്നു വീട് മാത്രം നിർമ്മിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഉള്ളതും കൂടി ഓർക്കണം …
ഇനി ഈ മരിച്ചുപോയ വ്യക്തിയെപ്പറ്റി പണ്ട് ഒരു പ്രോഗ്രാം ടിവിയിൽ കണ്ടതിന്റെ കൂടി ഓർമ്മയിൽ ആണ് ഞാൻ ഇപ്പോൾ ഇവിടെ എഴുതുന്നത്.
വളരെ മാന്യമായ രീതിയിൽ ഇടപെടുന്ന , അഹങ്കാരം വാക്കുകളിൽ പ്രദർശിപ്പിക്കാത്ത ഒരു വ്യക്തി ആയിട്ടാണ് എനിക്ക് അദ്ദേഹത്തെ പറ്റി ഫീൽ ചെയ്തത് …എന്ന് മാത്രമല്ല കുടുംബ ബന്ധങ്ങൾക്ക് യാതൊരു വിലയുമില്ലാത്ത ഇന്നത്തെ കാലത്ത് സ്വന്തം സഹോദരനെ കൂടി തന്റെ വീട്ടിൽ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു കൂട്ടുകുടുംബത്തിലെ സ്നേഹം നിലനിർത്തിക്കൊണ്ടു പോകാൻ ശ്രമിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹംകൂടാതെ വയനാട്ടിലും മറ്റു പ്രദേശങ്ങളിലും ഒട്ടനവധി #ജീവകാരുണ്യപ്രവർത്തികളും അദ്ദേഹം ഉൾപ്പെട്ടിരുന്നു എന്നു വാർത്തകളിലൂടെ അറിയുകയും ചെയ്തു.അവസാനമായി ഒന്നുകൂടെ പറയുന്നു മരിച്ചുപോയവരോട് അൽപം മര്യാദ കാണിക്കുക എന്നുള്ളതാണ് മനുഷ്യനായി ജനിച്ചവരുടെയൊക്കെ ധർമ്മം. ശ്രീ ജോയി അറക്കൽ , താങ്കൾക്ക് ആദരാഞ്ജലികൾ
210 total views, 3 views today