സാമൂഹ്യ അകലം: എങ്ങനെ അതിജീവിക്കും?

67
പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്, എഴുത്തുകാരൻ )
സാമൂഹ്യ അകലം: എങ്ങനെ അതിജീവിക്കും?
ഇന്ത്യയിൽ 503 മില്യണിൽ കൂടുതൽ ആളുകൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ 560 മില്യണിൽ അധികമാണ്. ഇന്ത്യ ഒരു നഗര ഭൂരിപക്ഷ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.വലിയ നഗരങ്ങൾ കൂടുതൽ വലുതാവുകയും ചെറിയ പട്ടണങ്ങൾ വലിയ നഗരങ്ങളായി കൊണ്ടിരിക്കുന്ന ഒരു വികസനം . അഭിലാഷങ്ങളിലും സമീപനങ്ങളിലും മാറ്റമുണ്ടായ ഈ ജനത അനിവാര്യമായ ഒരു സാമൂഹ്യ അകലം പാലിക്കാൻ നിര്ബന്ധിതരായിരിക്കുകയാണ് .ഒരു വ്യാഴവട്ടമായി, ലളിതമായ സാമൂഹ്യവിനിമയങ്ങളിൽനിന്ന് സൈബർ ലോക വിനിമയങ്ങളിലേയ്ക്ക് പരിവർത്തനപ്പെട്ട മനുഷ്യർ വീടുകളിൽ ഒതുങ്ങികൂടുമ്പോൾ അവരുടെ അന്തരംഗങ്ങളിൽ എന്ത് സംഭവിക്കുന്നു?
സാമൂഹ്യമനസ്സിന്റെ നൊമ്പരങ്ങൾ …
ഓരോ വ്യക്തിക്കും വ്യത്യസ്തമായ പെരുമാറ്റ സവിശേഷതകളും മനുഷ്യജാതിയുടെ പൊതുവായ ജൈവ പാരമ്പര്യവുമുണ്ട്.വിശപ്പ് ,ദാഹം, വിശ്രമം ലൈംഗികത തുടങ്ങിയ ശാരീരികാവശ്യങ്ങൾ ജൈവപ്രകൃത ഗുണങ്ങളാണ്.അക്രമവാസന, കോപം, വെറുപ്പ്, അസൂയ തുടങ്ങിയ നശീകരണ വാസനകളും ഓരോ മനുഷ്യനിലും വ്യത്യസ്തത അളവിൽ നിലനിൽക്കുമ്പോൾ തന്നെ സമൂഹത്തിന്റെ പ്രേരണയും സമ്മർദ്ദവുമാണ് വ്യക്തി പ്രകടിപ്പിക്കുന്ന അപകടകരമായ ജൈവ പാരമ്പര്യത്തെ നിയന്ത്രിച്ചു മറ്റു മനുഷ്യരുടെ ജീവനം സാധ്യമാക്കുന്നത്.
മനുഷ്യകുടുംബങ്ങൾ വലിയ സമൂഹമായി ജീവിക്കുന്നതാണ്.വ്യക്തിയുടെ ഒറ്റപ്പെട്ട സ്വാതന്ത്ര്യമില്ല,പരസ്പരാശ്രയത്തിലാണ് മനുഷ്യർ സ്വാതന്ത്ര്യം അനുഭവിക്കുന്നത്- സുരക്ഷിത്വം തോന്നുന്നത്.തനിച്ചല്ല അനേകം വ്യക്തികളുടെ സംഘടിത ബലം തന്നോടൊപ്പമുണ്ടെന്ന ബോധമാണ് ഓരോ മനുഷ്യനും കരുത്തു നൽകുന്നത്.
മനുഷ്യനിൽ അനർലീനമായിരിക്കുന്ന പലതരം സംഘര്ഷങ്ങളുണ്ട്. സംഘർഷങ്ങൾക്ക് അയവ് വരുന്നത് ആദ്യകാലം മുതലേ മനുഷ്യർ വികസിപ്പിച്ചു വന്ന സാമൂഹ്യവിനിമയ ചിഹ്നങ്ങളിലൂടെയാണ്.കൈപിടിച്ചുകുലുക്കുക,കെട്ടിപിടിക്കുക,ആശ്ലേഷിക്കുക,തലോടുക തുടങ്ങിയ സാമൂഹ്യ വിനിമയ രൂപങ്ങൾ സഹസ്രാബ്ധങ്ങളായി മനുഷ്യരെ ഇണക്കിച്ചേർക്കുന്നവയാണ്. ജോലിസ്ഥലത്തായാലും കളിസ്ഥലത്തായാലും പരിചിതരോടായാലും അപരിചിതരായാലും ജീവൽ കൃത്യങ്ങളിൽ മറ്റു മനുഷ്യരുമായി നിരന്തരബന്ധങ്ങളിൽ ഏർപ്പെടുന്നതിലൂടെ പലതരം വൈകാരികാവസ്ഥയുടെ പ്രകടനം നമുക്ക് സാധ്യമാകുന്നു . സ്വന്തം പെരുമാറ്റത്തെയും സമീപനങ്ങളെയും വികാരങ്ങളെയും സാമൂഹ്യാവസ്ഥകളുമായി പെരുത്തപ്പെടാനും,അങ്ങനെ സ്വയം ദമനീകരിക്കാനും അത് സഹായിക്കുന്നു. സാമൂഹ്യമായുള്ള അവസരം നഷ്ടപെടുന്ന അവസ്ഥയിൽ വ്യക്തിയുടെ സഹജവാസനകൾ വ്യക്തിയ്ക്ക് തന്നെ ദോഷം ചെയ്യുന്ന അവസ്ഥയുണ്ടാകും. വ്യക്തിയുടെ സാമൂഹ്യ പെരുമാറ്റങ്ങൾ ബന്ധിതമാകുമ്പോൾ അനുഭവപ്പെടുന്ന വൈയക്തിക പ്രതിസന്ധികൾ പ്രശാന്ത നഷ്ടപെടുത്തുകയാണ്.അത് വൈകാരിക പ്രതിസന്ധികൾ അനുഭവിച്ചു വരുന്നവരുടെ നില കൂടുതൽ വഷളാക്കുന്നു.
പുതിയ സാധ്യതകൾ തുറക്കുന്നു ….
മാനസികാരോഗ്യത്തിനുവേണ്ടിയുള്ള വിവിധങ്ങളായ പോംവഴികളും അനുശാസനകളും നിരന്തരം കേട്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥ നമ്മളിൽ പലർക്കും ഉണ്ടാകാം. നല്ല ജീവിത ശൈലികളും ഭക്ഷണശീലവും വ്യായാമവും,വൈവിധ്യമായ വിനോദങ്ങളും ചേർന്ന് നിൽക്കുന്ന ജീവിതം മെച്ചപ്പെട്ടതാണെന് അറിയാമെങ്കിലും ലളിതമായ പലതും അവഗണിക്കുകയാണ് ഭൂരിപക്ഷം മനുഷ്യരും. പ്രകൃതിയുടെ തുടിപ്പ് ദൈനംദിനാനുഭവങ്ങളിൽ പ്രതിസ്പന്ദിക്കുന്നത് കാണാത്ത പലവിധ ജീവിതങ്ങൾ.കാത്തുനിൽക്കാനുള്ള ക്ഷമയില്ലാതെ,വിശ്രമത്തിനോ,സംതൃപ്തിക്കോ ഒരിടം കൊടുക്കാതെയുള്ള പ്രയാണം. തീർച്ചയായും ഇതുവരെയുള്ള ജീവിത ശൈലികൾ കൃത്യമായി പരിചിന്തനം ചെയ്യാനുള്ള ഒരു സമയമാണിത്.
നമ്മൾ മനുഷ്യർ ശാരീരികമായി ഏതെങ്കിലും ഒരു പരിതസ്ഥിയോട് പ്രത്യേകമായി താദാത്മ്യം ചെയ്യപ്പെട്ടതല്ല.അനുയോജ്യമായ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഉണ്ടാക്കുക വഴി നമുക്ക് മിക്കവർക്കും എല്ലാ അവസ്ഥയിലും ജീവിക്കാം. താത്കാലികമായ സാമൂഹ്യ അകലത്തെ എങ്ങനെ സൃഷ്ടിപരമാക്കാനാവും എന്നതിലാണ് നമ്മുടെ വിജയം. എന്നാൽ തിരക്കുപിടിച്ച ജോലികളിൽ ഏർപ്പെട്ടു വിശ്രമമില്ലാതെ ജീവിക്കുന്നവർക്ക് ഈ വേള അല്പമൊരു വിശ്രമത്തിന് നല്ലതാണ്.
നമ്മെ ആഹ്ളാദിപ്പിക്കുന്ന എന്തൊക്കെയാണ് ഈ ലോകത്തുള്ളത്. പുറം ലോകത്തെ മനോഹരമായ ദൃശ്യങ്ങൾ അന്യമായ ഒരിടത്താണ് നിങ്ങൾ ഇപ്പോഴുള്ളതെങ്കിലും സങ്കടമുണ്ടാക്കുന്ന വാർത്തകൾക്ക്, ദൃശ്യങ്ങൾക്ക് അശ്രദ്ധ കൊടുത്തുകൊണ്ട് ചില ദൃശ്യങ്ങളിലൂടെ കടന്നുപോകാനാവും, ചില പ്രകൃതി ദൃശ്യങ്ങൾ സസ്യങ്ങളുടെയും പൂക്കളുടെയും വൈവിധ്യങ്ങൾ പൂമ്പാറ്റകൾ, പക്ഷികൾ ,സൂര്യോദയവും അസ്തമയവും, മഴവില്ലും, വെള്ളച്ചാട്ടവും എല്ലാം ഉള്ള അതി ഗംഭീരമായ പ്രകൃതി ദൃശ്യങ്ങളുള്ള വിഡിയോകൾ കാണുക. ഈ കാഴ്ചകൾ നമുക്ക് ആനന്ദം നൽകും.പച്ചപ്പുള്ള മനോഹരമായ ദൃശ്യങ്ങൾ കാണുന്നത്- പ്രകൃതിയിൽ ആയിരിക്കുന്നത് സമാധാനം നൽകും എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അത് ഭയത്തിന്റെയോ കോപത്തിന്റെയോ വികാരങ്ങൾ കുറയ്ക്കുന്നതിനും മൊത്തത്തിൽ മാനസിക ക്ഷേമത്തിനും സഹായിക്കുന്നു.പ്രകൃതി നമ്മെ ശാന്തമാക്കുന്നു.
നമ്മൾ ഒരിക്കലും നിശ്ചലമായി ഇരിക്കരുത്.നവ മാധ്യമങ്ങളിൽ നിന്ന് ഇടയ്ക്കിടെ ഒരിടവേള വേണം. പരിമിതമായ ഒരിടത്താണെങ്കിലും കൈകളും കാലുകളും ചലിപ്പിക്കുക.
ചലിക്കുമ്പോൾ ലയവും പ്രശാന്തതയും കൈവരും. അതിനാൽ എപ്പോഴും അനങ്ങാതെ ഇരിക്കാതിരിക്കുക.ശരീരം നവോന്മേഷത്തോടെ ക്രമീകരിച്ചുകൊണ്ട് ഉലാത്തുക.നമ്മുടെ ലളിതമായ ചലനങ്ങളിലും ഒരു തരം ശാന്തിയുണ്ട്.
ജീവിച്ചിരിക്കുക എന്നത് മഹത്തായ ഒരു കാര്യമാണ്. ഓരോ ജീവിത നിമിഷങ്ങളും താലോലിച്ചു സഫലമാക്കാം. ആഹ്ളാദത്തോടെ ജീവിതം കടന്നുപോകുന്നത് നാം അറിയുക പോലുമില്ല.
Advertisements