സോഷ്യൽ മീഡിയയിലെ തീവ്രവലതുപക്ഷ മേധാവിത്വം

0
701

ഗൾഫ് വാർ മുതലിങ്ങോട്ട് അച്ചടി മാദ്ധ്യമങ്ങൾക്ക് മേലെ ചാനലുകൾ അധീശത്വം സ്ഥാപിച്ചു. കേരളത്തിലത് ഐസ്ക്രീം പാർലർ കേസ് മുതലാണ് സംഭവിച്ച് തുടങ്ങുന്നത്. അച്ചടി മാദ്ധ്യമങ്ങൾ ആദ്യമാദ്യം ചെറുത്ത് നോക്കിയെങ്കിലും താമസംവിനാ അവരും ചാനലുകളിൽ മുതലിറക്കി, തുടർന്ന് സോഷ്യൽ മീഡിയയിലും. അതാകട്ടെ രാഷ്ട്രീയവിശകലനങ്ങളെ പറ്റിയുള്ള അത്രകാലവും ഉണ്ടായിരുന്ന സാമാന്യഭാവനകളെ തകിടം മറിക്കുന്ന വിധം സെൻസേഷണലിസത്തിൽ ഊന്നിയായിരുന്നു. സോഷ്യൽ മീഡിയാവൽക്കരണത്തെ കൂടുതൽ പ്രോത്സാഹിപ്പിച്ചത് തീവ്രവലത് പക്ഷമായിരുന്നു. സോഷ്യൽ മീഡിയ സ്പേസിന് വേണ്ടി എന്ത് ഊമ്പത്തരം പറയാനും അവർ തയ്യാറായി. സോഷ്യൽ മീഡിയ സ്വയം ഒരു ലിബറൽ മേഖലയാണെന്ന് മാത്രമല്ല ഇടത് പക്ഷത്തിനടക്കം ഇതരരാഷ്ട്രീയമനുഷ്യർക്ക് അതിനെ സംബന്ധിച്ച് ഒരു അടവ് നയം ഇല്ലാതെ പോവുകയും ചെയ്ത സാഹചര്യത്തിൽ തീവ്രവലത് പക്ഷം ഏതാണ്ട് ഏകപക്ഷീയമായ് തന്നെ മുന്നേറി. ഒരു സെന്റ് വസ്തുവിന് കിട്ടുന്ന വിലയേക്കാൾ വലിയ നിരക്കിൽ ഓരൊ ഇഞ്ച് സൈബർ സ്പേസും പിടിച്ചെടുക്കാൻ അവർ തയ്യാറായി. പുതിയ കാലത്തിന്റെ മാദ്ധ്യമം ഏതെന്ന് അവർ കാലെ കൂട്ടി തിരിച്ചറിഞ്ഞു എന്ന യുക്തിയേക്കാൾ അങ്ങനെയൊരു സാധ്യതയുടെ പ്രയോജനപരത കൂടി തങ്ങൾക്കിരിക്കട്ടെ എന്നാവും അവർ ചിന്തിച്ചിരിക്കുക. ഇന്ത്യൻ സൈബർ പരിസരങ്ങളിലെ മുടി ചൂടാ മന്നന്മാർ അവരാണ് എന്ന് പറഞ്ഞാൽ അവരൊരുക്കുന്ന കളത്തിൽ കളിക്കാനെ മറ്റുള്ളവർക്ക് കഴിയുന്നുള്ളൂ എന്നതാണ് വാസ്തവം. അവരാകട്ടെ ഒരു തരം ഹൈടെക്ക് മെഷണറി വർക്കിലൂടെ ഇന്ത്യൻ മദ്ധ്യവർഗ്ഗത്തെ ഒട്ടാകെ സെൻസേഷണലിസത്തിലേക്ക് ജ്ഞാനസ്നാനം കഴിക്കയും ചെയ്തിരിക്കുന്നു. ഏകാത്മകതയെ പറ്റി തീവ്രവലത് പക്ഷം വെച്ച് പുലർത്തുന്ന ഘടനാപരമായ ഭാവനകൾക്ക് ഇത്ര അനുയോജ്യമായൊരു മാദ്ധ്യമമില്ല. ഇന്ത്യയുടെ ഭൂപ്രകൃതി കൂടി കണക്കിലെടുക്കുമ്പോൾ അതിവേഗത്തിൽ പ്രവർത്തിക്കാനും ആവശ്യമായ ഭാവനകളും ആശയങ്ങളും എത്തിച്ച് കൊടുക്കാനും അത് സഹായകമാണല്ലൊ. ചിത്രങ്ങളിലൂടെയുള്ള സംവേദനത്തിൽ കവിഞ്ഞ് കൃതൃമചിത്രങ്ങളിലൂടെയുള്ള റെഡി മേയ്ഡ് വാദപ്രതിവാദങ്ങൾ വരെ അവർ പടച്ച് വിട്ടു. നെറ്റിസൺസിനെ ആകെ നിർബന്ധിതമായ് രാഷ്ട്രീയവൽക്കരിക്കാൻ അവർക്കായി. ഇതിനൊരു കൗണ്ടർ ഹെജിമണി സൃഷ്ടിക്കാനുള്ള ഇതരരാഷ്ട്രീയമനുഷ്യരുടെ സംഘടിതവും അസംഘടിതവുമായ ശ്രമങ്ങളും ഉയർന്ന് വരുന്നുണ്ടെങ്കിലും ആള് കൊണ്ടും അർത്ഥം കൊണ്ടും ഘടനാപരമായ സവിശേഷതകൾ കൊണ്ടും ഇതരരേവരും ഒരുപാട് വള്ളപ്പാട് പിറകിലാണ്. സോഷ്യൽ മീഡിയയുടെ ട്രിഗർ വലത് പക്ഷത്തിന്റെ വിരൽത്തുമ്പിലാണ്.

കേന്ദ്രീകൃതമായൊരു ആശയസമുച്ചയവും ഏകീകരണവ്യഗ്രതയും ഇന്ത്യൻ മദ്ധ്യവർഗ്ഗത്തെ പ്രലോഭിക്കുന്നുണ്ട്. അതവരുടെ പരിസരങ്ങളെയും ദൈനംദിനാനുഭവങ്ങളെയും മറച്ച് പിടിക്കുന്നു. ഇന്ത്യൻ മദ്ധ്യവർഗ്ഗത്തിന് ചരിത്രപരമായ് ലഭിച്ചിരിക്കുന്ന പ്രിവിലേജ് തീവ്രവലത് പക്ഷത്തിന്റെ കക്ഷത്തിലാണ്. ഇന്ത്യയിലുണ്ടായിട്ടുള്ള വമ്പിച്ച മാറ്റങ്ങളിലെല്ലാം നേതൃത്വപരമായ പങ്ക് വഹിച്ച ഇടത് പക്ഷാനുഭാവികളായ മദ്ധ്യവർഗ്ഗ മനുഷ്യരതിന്റെ ഇരകളാണെന്ന് കാണാം.

അടിസ്ഥാനവർഗ്ഗമാകട്ടെ ഇതിനൊക്കെ വെളിയിലെവിടെയൊ നടന്ന് നീങ്ങുന്നു. അവർക്ക് നെറ്റിസൺഷിപ്പില്ല. അവർക്ക് പുതിയ കാലത്തിന്റെ വിസിബിലിറ്റിയില്ല. അവരുടെ പ്രാദേശികമായ പരിമിതികൾക്ക് ഉതകുന്ന മാദ്ധ്യമങ്ങളില്ല. ഇന്ത്യയുടെ വലിപ്പവുമായ് തട്ടിച്ച് നോക്കിയാൽ വൈവിദ്ധ്യങ്ങളെ കൂട്ടിയിണക്കുന്ന കേന്ദ്രീകൃതമായ രാഷ്ട്രീയനേതൃത്വങ്ങളില്ല. വരേണ്യമദ്ധ്യവർഗ്ഗത്തിന്റെ അത്താഴസെൻസേഷണങ്ങളിലെ നിഷ്പ്രയോജനകരങ്ങളായ വാഗ്വാദങ്ങൾ ബഹുഭൂരിപക്ഷത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ നിന്നും അവരുടെ അവസാനപ്രതീക്ഷയായ തിരഞ്ഞെടുപ്പിനെ തട്ടിയെടുത്തിരിക്കുന്നു. വാട്സപ്പ് പോലുള്ള അടഞ്ഞ മാദ്ധ്യമങ്ങളിലൂടെ അവർക്കിടയിലെ സമ്പന്നവിഭാഗങ്ങൾ കരസ്ഥമാക്കിയ വിലകുറഞ്ഞ ഫോണുള്ളിലേക്ക് മദ്ധ്യവർഗ്ഗത്തിന്റെ സെൻസേഷണൽ അത്താഴങ്ങളുടെ ഉച്ഛിഷ്ടം കുമിഞ്ഞ് കൂടുന്നു. റിയലിസ്റ്റ് നോവലുകളിൽ വായിച്ച പടി ഉച്ഛിഷ്ടത്തിലേക്ക് ആർത്തിയോടെ എത്തിച്ചേരുന്ന കീഴാളമനുഷ്യരുടെ ആ ദൃശ്യം ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്.

വരുന്ന തിരഞ്ഞെടുപ്പ് സോഷ്യൽ മീഡിയയും ചാനലുകളും തമ്മിലുള്ള വിച്ഛേദം പൂർത്തീകരിക്കുന്നതോടൊപ്പം തിരഞ്ഞെടുപ്പിന്റെ വിസിബിലിറ്റിയിൽ നിന്നും ഇന്ത്യൻ ബഹുഭൂരിപക്ഷത്തിന്റെ യഥാർത്ഥരാഷ്ട്രീയപ്രശ്നങ്ങൾ പുറത്താക്കുകയും ചെയ്യുമെന്ന് കരുതാം. അങ്ങനെയെങ്കിൽ അത് അവശേഷിപ്പിക്കുന്നത് ശരീരങ്ങളിൽ തുടങ്ങി ശരീരങ്ങളിൽ അവസാനിക്കുന്ന തരം രാഷ്ട്രീയമായിരിക്കും. ഭാവനകൾക്കിടം നഷ്ടമായ മനുഷ്യരുടെ അവസാനത്തെ പ്രത്യയശാസ്ത്രം അവരുടെ ശരീരങ്ങൾ തന്നെ. അവിടെയും അവരുടെ മുന്നിൽ ഉയർന്ന് നിൽക്കുന്നത് പക്ഷേ നിരന്തരവ്യായാമങ്ങളിലൂടെ പുഷ്ടമായ മനുഷ്യശരീരങ്ങളുടെ വലിയൊരു യന്ത്രമായിരിക്കും. അവകാശങ്ങൾക്കിപ്പുറം ശരീരത്തിനും ഇടത്തിനും വേണ്ടിയുള്ള പോരാട്ടമാവും അവരുടെ ചരിത്രപരമായ നിയോഗം.