ഒരൊറ്റ ‘ക്ലിക്കിൽ’ ജീവിതം നാശമായേക്കാം !

745

Manoj K. John (New Jersey)എഴുതുന്നു

മിഷേൽ ഒബാമ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഇടപെടലുകളെ പറ്റി മിക്കവാറും സംസാരിച്ചു കേൾക്കാറുണ്ട്. കുട്ടികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണവും, മോണിട്ടറും ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റി. അവർക്കും രണ്ടു കൗമാരക്കാരായ കുട്ടികൾ ഉണ്ട്. ട്വിറ്റർ ആയാലും ഫേസ്ബുക്കായാലും , വായിൽ വരുന്നതെല്ലാം വെളിച്ചം കാണാനുള്ള നിലവാരമുണ്ടെന്നു കരുതരുതെന്നു.

എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത് രണ്ടു തവണ ആലോചിച്ചിട്ട് എന്നുള്ളത് എട്ടു തവണ എന്ന് മാറ്റുന്നതായിരിക്കും ഉചിതം. ഒരൊറ്റ ‘ക്ലിക്കിൽ’ ജീവിതം നാശമാവാനുള്ള എല്ലാ അവസരങ്ങളും ഇപ്പോൾ ഉണ്ട്.

സ്മാർട്ട് ഫോണും ഇന്റർനെറ്റും പോപ്പുലർ ആയതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ സ്കാൻഡൽ ആണ് പാരിസ് ഹിൽട്ടൻ സെക്സ് സ്കാൻഡൽ. സി.എൻ.എൻ. പ്രൈം ടൈം പിയേഴ്സ് മോർഗൻ ഷോയിൽ പാരീസ് ഹിൽട്ടണും, കൂടെ അമ്മയും വന്നു ഇതിനെ കുറിച്ച് പറഞ്ഞതൊക്കെ വലിയ വ്യൂവർഷിപ്പായിരുന്നു.

Manoj K. John
Manoj K. John

ഹിൽട്ടൺ ഗ്രൂപ്പ് ഹോട്ടലുകൾ ലോകം മുഴുവൻ പരന്നു കിടക്കുകയാണ്. അത്രയും ധനികരായ ഫാമിലിയിലെ കാര്യമാണ്. മാത്രമല്ല, സ്വന്തമായി ഫാഷൻ ലൈനും, ടോപ് മോഡലുമായ സെലിബ്രിറ്റി മൾട്ടി മില്യണർ ആണ് പാരീസ് ഹിൽട്ടൺ. ഈ സ്കാൻഡൽ വെളിയിൽ വന്ന ദിവസം പരിഭ്രാന്തരായി വിഷമിച്ചു കുടുംബത്തോടെ ആത്മഹത്യ ചെയ്യാൻ ചിന്തിച്ചുവെന്നു അവരിരുവരും കരഞ്ഞു കൊണ്ട് പറയുന്നത് കണ്ടു.

കൂട്ടുകാരായും, ബന്ധുക്കളായും ഇതിനെയൊക്കെ നേരിടാൻ തക്ക ശേഷിയുള്ള ‘സപ്പോർട്ട് ഗ്രൂപ്പ്’ അവർക്കുണ്ടായിരുന്നതിനാൽ കുടുംബത്തെ മുഴുവൻ അന്ന് തന്നെ റീഹാബിലിറ്റേഷൻ സെന്ററുകളിലോട്ടു മാറ്റി. കൗൺസിലർമാരും, ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും കാരണം പതിയെ അവർ ഇതൊക്കെ അതി ജീവിച്ചു. സാമാന്യം ലൈംഗിക സ്വാതന്ത്ര്യവും, ലൈംഗികത അത്ര ടാബുവുമല്ലാത്ത ഒരു രാജ്യത്തു ഒരു കുടുംബം നോർമലയായി വരുവാൻ വേണ്ടി വന്ന കാര്യമാണിത്.

നമ്മുടെ കേരളത്തിൽ ഇങ്ങനെയൊരു പ്രശ്നം വന്നാൽ, ആ പെൺകുട്ടി ആത്മഹത്യ ചെയ്തോ എന്നാണു മിക്കവരുടെയും സംശയം. ഇത്തരം ദുഃഖങ്ങൾ വരുമ്പോൾ താങ്ങായും തണലായും ആരും കാണാൻ സാധ്യതയില്ല. അവർ ഒറ്റപെട്ടു ആത്മഹത്യയുടെ വക്കിൽ എത്തുമെന്ന് ഉറപ്പു.

ഫോട്ടോ, വീഡിയോ സ്കാൻഡൽ ഒരു സാമൂഹിക വിപത്തായി മാറിയത് അഡ്രെസ്സ് ചെയ്തേ പറ്റൂ. ആന മുറിയിൽ നിൽക്കുകയാണ്. നാളെ ഇങ്ങനെയൊരബദ്ധം സ്വന്തം കുടുംബങ്ങളിലോ, നമുക്ക് വേണ്ടപ്പെട്ട കുടുംബങ്ങളിലോ ഉണ്ടായി കൂടെന്നില്ല.

പേഴ്‌സണൽ ആയിട്ടുള്ള ഫോട്ടോകൾ ഒരിക്കലും ഷെയർ ചെയ്യരുതെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. കാമുകീ കാമുകന്മാർ ആയിക്കൊള്ളട്ടെ, എന്തിനു, ഭാര്യ-ഭർത്താക്കന്മാർ തന്നെ ആയിക്കൊള്ളട്ടെ, ഇന്റിമേറ്റ് ആയ ഫോട്ടോകൾ എടുക്കുന്നത് 100% ശതമാനം നോ-നോ.

ഇലെക്ട്രോണുകൾക്ക് മരണമില്ലാത്തതു കാരണം ഡിജിറ്റൽ റെക്കോർഡുകൾ, ഇന്റർനെറ്റിലെ പടങ്ങളും, വീഡിയോകളും ഭൂമിയുള്ള കാലം വരെ നിലനിൽക്കും.

കുറെ നാളുകൾക്കു മുൻപ് നാട്ടിൽ പോയപ്പോൾ കൂട്ടുകാരന്റെ സെൽ ഫോൺ കടയിലെ നടന്ന കാര്യം പറഞ്ഞതാണ്. കൗമാരക്കാരി മകളുടെ കേടായ ഫോൺ ടൗണിൽ റിപ്പയർ ചെയ്യാൻ കൊണ്ടുവന്നതാണ് ഗവണ്മെന്റ് ഉദ്യോഗസ്ഥയായ അമ്മ. റിപ്പയർ ചെയ്ത പയ്യൻ, മകളുടെ കോംപ്രമൈസിങ് സെൽഫികൾ ആ ഫോണിലുള്ളത് അവനെ കാണിച്ചു കൊടുത്തത്. അവന്റെ ഭാര്യയെ കൊണ്ട് ആ അമ്മയുടെ അടുത്ത് ഫോണും കൊടുത്തു കാര്യം സൂചിച്ചപ്പോൾ അവർ കരഞ്ഞു പോയത്. ആ ഒരൊറ്റ മിസ്റ്റേക്ക്, ഏതെങ്കിലും വഷളന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒരു കുടുംബം ഒരു വഴിക്കാകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു.

നമ്മുടെ മക്കളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്. പ്രയാസമായുള്ള ടോപിക് ആണിത്. റോഡ് ആക്സിടെന്റിന്റെ കാര്യം പറഞ്ഞത് പോലെ ഇതെല്ലാം മറ്റുള്ളവർക്ക് വരുന്ന കാര്യമാണെന്നാണ് എല്ലാവരുടെയും ധാരണ. സ്വന്തം മക്കൾ ഇതൊന്നും ചെയ്യില്ല എന്ന് ഉറപ്പാണ് എല്ലാ മാതാപിതാക്കൾക്കും. ശരിയായിക്കൊള്ളട്ടെ. പക്ഷെ പറഞ്ഞു കൊടുത്താൽ അവർക്കു അവരുടെ സുഹൃത്തുക്കളെ എങ്കിലും ഉപദേശിക്കാം.

കൗമാര കാലത്തു പ്രണയിക്കുന്നവരിൽ പരസ്പരം ആത്മാർഥത തെളിയിക്കുവാനുള്ള ഒരു വ്യഗ്രത ഉണ്ട്. പരസ്പര വിശ്വാസം അളക്കുന്നത് പടമെടുത്തോ വീഡിയോ എടുത്തോ ഒക്കെയാണ് പുതിയ ട്രെൻഡ്.

ഒബ്‌സീൻ ഫോട്ടോ എടുത്തു ഷെയർ ചെയ്യുക എന്ന് വച്ചാൽ ഒരു ബോംബ് വിഴുങ്ങി അതിന്റെ റിമോട്ട് വേറെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കുന്നത് പോലെ തന്നെ. ഇതിന്റെ ഒന്നും ഒരാവശ്യവുമില്ല. ഇനി അഥവാ ഒരാൾ നിർബന്ധിക്കുകയാണെങ്കിൽ, തങ്ങളുടെ പേഴ്സണൽ ബൗണ്ടറി ആണെന്ന് പറഞ്ഞു കൊടുക്കാൻ കഴിയണം. നോ അമ്പാൽ.

ഒരു സായിപ്പ് കൂട്ടുകാരൻ പറഞ്ഞതാണ്, അവനു കൗമാര പ്രായമായപ്പോൾ അവന്റെ അമ്മ വിവിധ തരം ലൈംഗിക രോഗങ്ങളുടെ അറപ്പുളവാക്കുന്ന ചിത്രങ്ങൾ അവനെ ബലമായി തന്നെ കാണിച്ചു കൊടുത്തെന്നു. അത് കണ്ടതോട് കൂടി സുരക്ഷയുടെ ആവശ്യങ്ങളെ പറ്റി കൂടുതൽ പാഠങ്ങൾ വേണ്ടി വന്നിട്ടേയില്ലെന്നു.

ഇതേ പോലെ വീഡിയോയും പടവുമെടുത്തു എടുത്തു ചതിക്കപ്പെടുന്ന ആളുകളുടെ കഥകൾ ഉദാഹരണം സഹിതം പറഞ്ഞു കൊടുക്കണം. പിള്ളേർ അത് കുറച്ചും കൂടെ ഓർത്തിരിക്കും.

കൗമാരക്കാരെ പോലെ കുഴപ്പത്തിൽ ചെന്ന് ചാടാൻ സാധ്യത ഉള്ളവരാണ് കുറച്ചു പ്രായമായി അറുപതും എഴുപതും വയസുള്ളവർ. ഇന്റർനെറ്റിന്റെയോ സോഷ്യൽ മീഡിയയുടെയോ വിശ്വാസ്യതയും, സ്പീഡിനെ പറ്റിയും വലിയ അറിവില്ലാത്തത് കൊണ്ട് ഇവരെയും പറ്റിക്കുവാൻ എളുപ്പം.

പിന്നെ, അറുപതുകാരൻ മുപ്പതുകാരിയെ ഡേറ്റ് ചെയ്യുന്നതും കെട്ടുന്നതും ഒന്നും ഒരു വാർത്ത ആവുന്നില്ലെങ്കിൽ, അറുപതുകാരി മുപ്പതുകാരന്റെ കൂടെ കഴിയുന്നതും പ്രശ്നമാകേണ്ട കാര്യമില്ല.