സോഷ്യൽ മീഡിയയിൽ എന്ത് അന്ധവിശ്വാസവും സ്യൂഡോ സയൻസും അശാസ്ത്രീയ വാർത്തകളും വാഴുന്ന കാലമാണ്. അതൊക്കെ പ്രചരിപ്പിക്കുന്നവർക്കും നല്ല മാർക്കറ്റാണ്. ബിഗ് ബോസ് രജിത് കുമാർ, പിന്നെ ചില മുറി ഡോകട്ർമാർ , അന്തരിച്ച മോഹനൻ വൈദ്യൻ ഒക്കെ ഇത്തരത്തിൽ പേരെടുക്കുന്നവരാണ്. ഇത്തരം ചില സോഷ്യൽ മീഡിയ പേജുകളും യുട്യൂബും കൊണ്ട് പലരും നന്നായി തന്നെ ജീവിച്ചു പോകുന്നുണ്ട്. എന്നാൽ ഇവരെയൊക്കെ വിശ്വസിക്കുന്നവരുടെ കാര്യമാണ് അധോഗതി . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പാണു ചിവടെ. വായിക്കാം

“പരോപകാര ആരോഗ്യ വാർത്തകൾ ഉണ്ടാക്കുന്ന വിധം”

1. ആദ്യം “എത്നിക് ഹെൽത്ത് ടിപ്സ്‌ ” എന്നോ “നാട്ടു വൈദ്യൻ ” എന്നോ പേരുള്ള ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കുക.

2. കുറച്ചു കാലം നെറ്റിൽ നിന്ന് കിട്ടുന്ന “ഓടൂ തടി കുറയ്ക്കൂ” എന്ന മട്ടിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുക. ഇടക്കിടയ്ക്ക് ‘കിടപ്പറ’ ടിപ്സ് ഇട്ട് കൊടുക്കാൻ മറക്കരുത്. അത് പേജ് പെട്ടെന്ന് പോപ്പുലർ ആകാൻ സഹായിക്കും.

3. ഇനി നമ്മൾ ഉണ്ടാക്കാൻ പോകുന്ന വിഭവത്തിലെക്ക് കടക്കാം. ക്യാൻസർ മരുന്നുകൾക്കാണ് കൂടുതൽ മാർക്കറ്റ് എന്നത് കൊണ്ട് അങ്ങനെയൊരു വിഭവമാകട്ടെ ആദ്യം. മുൻ കാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ പിന്തുടർന്ന് പോന്നിരുന്ന ഏതെങ്കിലും ഭക്ഷണ രീതിയോ നാടൻ പച്ചമരുന്നോ എടുക്കുക.
ഉദാഹരണമായി “ക്യാൻസർ തടയാൻ പ്ളാവില കുമ്പിളിൽ ചൂടുകഞ്ഞി ” എന്ന ചൂടു വിഭവം തന്നെ എടുക്കാം.

4. പണ്ട് പ്ളാവില കുമ്പിൾ കൊണ്ട് കഞ്ഞി കുടിച്ചിരുന്ന കാലത്ത് ആരെങ്കിലും ക്യാൻസർ വന്ന് മരിച്ചതായി ഓർക്കുന്നുണ്ടോ? സ്റ്റീൽ സ്പൂണ്‍ ചൂടുള്ള വെള്ളത്തിലോ കഞ്ഞിയിലോ ഇളക്കുമ്പോൾ ക്യാൻസർ ഉണ്ടാക്കുന്ന അലൊക്സാൻ എന്ന രാസവസ്തു ഉണ്ടാകുമെന്ന് എത്ര പേർക്കറിയാം? എന്ന മട്ടിലുള്ള ചോദ്യങ്ങളിലൊന്ന് ആദ്യം ഇട്ട് കൊടുക്കുക. (അമ്പത് വർഷം മുൻപ് മ്മടെ ആയുർദൈർഖ്യം 40 വയസ്സായിരുന്നില്ലേ? ആളുകൾ മരിച്ചത് ക്യാൻസർ കൊണ്ടാണോ എന്നറിയാൻ അന്ന് വകുപ്പൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നൊന്നും ആരും തിരിച്ചു ചോദിക്കില്ല)

5. വെറുതെ പ്ളാവില കുമ്പിളെന്നു പറഞ്ഞാലൊന്നും പഞ്ച് കിട്ടില്ല. പ്ളാവില കുമ്പിളിനെ ഭാരതീയ ശാസ്ത്ര വ്യാഖ്യാന പുട്ടുകുറ്റിയിൽ വേവിച്ചെടുക്കണം.
“പ്ലാവിന്റെ സംസ്കൃത നാമം പനസം (അഥവാ ‘പ നാശം’) എന്നാണ്. പ’ എന്നാൽ കുടിക്കുക എന്നർത്ഥം.
എതൊന്നു കുടിക്കാൻ ഉപയോഗിക്കുന്നതിലൂടെ രോഗകാരികൾക്ക് ‘നാശം’ സംഭവിക്കുമോ അതത്രേ പനാശം.
പനാശം എന്ന പ്ളാവിലയിലെ പ്രകൃതി ജന്യമായ പോസിറ്റിവ് എനർജിയെ കുമ്പിൾ കുത്തുക എന്ന ശാസ്ത്രീയ പ്രക്രിയയിലൂടെ വക്രീകരിച്ച് കേന്ദ്രീകരിക്കുകയും, തദ്വാരാ ഉണ്ടാകുന്ന ചാക്രികമായ ആന്ദോളനങ്ങളുടെ തരംഗ ദൈർഖ്യം കഞ്ഞിയുടെ താപ മണ്ഡലവുമായി സമരസപ്പെടുന്നതിന്റെ ഭാഗമായി പോസിറ്റിവ് എനർജിയുടെ ഊർജ്ജ മണ്ഡലം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
പവിത്രമായ പച്ച ഈർക്കിൽ പ്ലാവിലയിൽ കുത്തിയിറക്കുമ്പോളുണ്ടാകുന്ന ദ്വിതീയ സ്പന്ദനങ്ങൾ ഈ ഊർജ്ജ ക്ഷേത്രത്തെ കൂടുതൽ തീവ്രമാക്കുന്നത് കൊണ്ട് പനി മുതൽ ക്യാൻസർ വരെ തടയുന്ന അതിശക്തമായ പോസിറ്റീവ് എനർജിയുടെ പ്രതിരോധ മണ്ഡലം സംജാതമാകുകയും ചെയ്യുന്നു.” ഇത്രയുമായാൽ സംഭവം ഏകദേശം റെഡിയായി.

4. ഇനി ഒരു സായിപ്പിന്റെ ഗവേഷണ ചരിത്രം കൂടി ചേർത്ത് ഇളക്കുന്നത് വിഭവത്തിന്റെ രുചി കൂട്ടാൻ അത്യാവശ്യമാണ്.
“അമേരിക്കയിലെ ഡോണ്‍ കിക്സൌട്ട് യൂണിവേർസിറ്റിയിലെ ഡോക്ടർ ജോണ്‍ സർക്കാസി എന്ന ശാസ്ത്രജ്ഞൻ ‘പ്ളാവില കഞ്ഞിയുടെ ആന്റി ക്യാൻസർ’ എഫക്ടിനെ കുറിച്ച് 1998 ൽ എഴുതിയ ഗവേഷണ പ്രബന്ധം പ്രമുഖ ശാസ്ത്ര മാസികയായ nature പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചുവെങ്കിലും മെഡിക്കൽ മരുന്ന് കമ്പനികളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു” എന്ന വാർത്ത ഈയിടെ പുറത്ത് വന്നിരുന്നു എന്നൊക്കെ ആണെങ്കിൽ രുചിയുണ്ടാകും,

5. പൊസിറ്റീവ് എനർജി, അലോപ്പതി ക്രൂരത, മെഡിസിൻ തട്ടിപ്പ് എന്നീ വാക്കുകൾ ആവശ്യമെങ്കിൽ ഇനിയും ചേർക്കാവുന്നതാണ്.തയ്യാറാക്കിയ വിഭവം “ഷെയർ ഇഫ്‌ യു കെയർ” “99.99 ശതമാനം പേർക്കും ഇതറിയില്ല” എന്നീ വാചകങ്ങൾ കൊണ്ട് അലങ്കരിച്ച് ചൂടോടെ ഷെയർ ചെയ്യാവുന്നതാണ്. ഇങ്ങനെ ഏത്പൊട്ടത്തരത്തേയും നമുക്ക് അസ്സല്‍ ശാസ്ത്രമാക്കി അവതരിപ്പിക്കാം.

Leave a Reply
You May Also Like

ചോരക്കളിയുമായി രൺബീർകപൂർ, ‘ആനിമൽ’ പ്രീ ടീസർ

ചോരക്കളിയുമായി രൺബീർകപൂർ, ആനിമൽ പ്രീ ടീസർ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന…

ചിലരെങ്കിലും മിസ്സ്‌ ആക്കിയ അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം കാണാത്തവർക്കായി പരിചയപെടുത്തുന്നു

Vino സിനിമാപരിചയം Maanagaram 2017/Tamil ലോകേഷ് അണ്ണൻ ആണല്ലോ ഇപ്പോൾ ട്രെൻഡ്, ചിലരെങ്കിലും മിസ്സ്‌ ആക്കിയ…

പെരുവണ്ണാപുരത്തെ വിശേഷങ്ങൾക്ക് ഇന്ന് 33 വയസ്സ്

Rahul Madhavan പെരുവണ്ണാപുരത്തിനിന്ന് 33 വയസ്സ്. ഒരിക്കൽ രഞ്ജിത്ത് കമലിന് വേണ്ടി ഒരു കഥയെഴുതി. മോഹൻലാലിനെ…

‘ആകാശത്തിനു താഴെ’ മൂവിയിലെ ഗാനം പുറത്തിറങ്ങി

‘ആകാശത്തിനു താഴെ’ മൂവിയിലെ ഗാനം പുറത്തിറങ്ങി. സംഗീതം – ബിജിബാൽ, വരികൾ – ബികെ ഹരിനാരായണൻ,…