ട്രോൾ മുതൽ വൈറൽ വരെ… സമൂഹമാധ്യമങ്ങൾ ഇല്ലാതെ മലയാളിക്ക് എന്താഘോഷം!⭐
അറിവ് തേടുന്ന പാവം പ്രവാസി
👉എന്തിലും, ഏതിലും ഒരു ചുവടു മുന്നിലാണു കേരളം. സമൂഹമാധ്യമ ഇടപെടലുകളിലും അങ്ങനെ തന്നെ… അഭിപ്രായം പറയാനും ,പ്രതികരിക്കാനും സാങ്കേതികവിദ്യ നൽകിയ സൗകര്യം ആഘോഷമാക്കുന്ന മലയാളിക്കാഴ്ചകളിലൂടെ…
എല്ലാവര്‍ക്കും എഴുതാം, എല്ലാവര്‍ക്കും അഭിപ്രായം പറയാം– സമൂഹമാധ്യമങ്ങള്‍ പുതിയ കാലത്തിനു നല്‍കിയ വലിയൊരു സൗകര്യം. മലയാളികളെപ്പോലെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയവർ വേറെ ഉണ്ടാകില്ല.നാട്ടിൻപുറത്തെ സ്കൂൾ നവീകരിക്കുന്നതിനും, അപകടത്തിൽപെട്ടവർക്കു സഹായം എത്തിക്കുന്നതിനും, തിരഞ്ഞെടുപ്പു പ്രചാരണത്തിനും, പ്രതിച്ഛായ നന്നാക്കുന്നതിനും നമ്മൾ സമൂഹമാധ്യമങ്ങളുടെ സഹായം തേടി. കേരളത്തിന്റെയും, ഇന്ത്യയുടെയും അതിർത്തിവിട്ടു ലോകമാകെ മലയാളിക്കു ‘വാൾ’ ആയി.
അവിടെ അക്ഷരങ്ങളുടെയും, ആക്ഷേപത്തിന്റെയും മൂർച്ച അറിഞ്ഞവരിൽ രാംഗോപാൽ വർമയും, മരിയ ഷറപ്പോവയും, ഡോണൾഡ് ട്രംപും, പാക്കിസ്ഥാൻ ചാര സംഘടനയും വരെ ഉണ്ടായിരുന്നു. കുത്തിത്തിരിപ്പും, ഭിന്നതയും ,ജാതിമത അടിയൊഴുക്കുകളും, ഉൾപ്പെടെ സമകാലിക കേരളത്തിന്റെ വികൃതമുഖം അപ്പാടെ വെളിപ്പെടുന്നുണ്ടെങ്കിലും മൊത്തത്തിൽ പ്രതീക്ഷയ്ക്കു വകയുള്ള ഇടപെടലുകളാണു മലയാളി സൈബറിടത്തിൽ നടത്തുന്നത്. ഈ പോസ്റ്റ് പത്തുപേർക്കു ഷെയർ ചെയ്താൽ പത്തു മണിക്കൂറിനകം നിങ്ങൾക്കു ലോട്ടറിയടിക്കും,ലോറിയപകടത്തിൽനിന്നു രക്ഷപ്പെടും, മോൾ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടും..
വേഗമാകട്ടെ.. സമൂഹ മാധ്യമ ട്രോളുകളുടെ പൂർവികരായിരിക്കണം ഇങ്ങനത്തെ ഫോർവേഡ് മെസേജുകൾ.. അതു വിശ്വസിച്ചു പത്തും ഇരുപതും പേർക്ക് ഷെയർ ചെയ്തിരുന്നവരുടെ എണ്ണം കേട്ടാൽ ഞെട്ടും .ഇന്നിപ്പോൾ ഇങ്ങനെ പ്ലെയിൻ ആയി പറ്റിക്കാനിറങ്ങിയാൽ നടപ്പില്ല.. മിനിമം നാസയുടെ കണ്ടെത്തലെങ്കിലും വേണം ആധികാരികതയ്ക്ക്.. നാസയിലൊന്നും പിടിപാടില്ലെങ്കിൽ തമ്പാനൂർ, പേട്ട, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽനിന്നു പ്രസിദ്ധീകരിക്കുന്ന ലോകോത്തര പോർട്ടലുകളിൽ വന്ന ലിങ്ക് ആയാലും മതി.. ഇതൊന്നുമില്ലെങ്കിൽ ഒരു നിഷ്‌കു മലയാളി മറുനാട്ടുകാരെ പറ്റിക്കാൻ ഇറക്കിയ ട്രോളിന്റെ കഥ കേൾക്കൂ, എന്നിട്ടു ശിഷ്യപ്പെടൂ.. അത്യാസന്നനിലയിൽ കിടക്കുന്ന അമ്മാവനു വേണ്ടി പ്രാർഥിക്കുക, പ്രാർഥിക്കുന്നവർ തെളിവായി ആമേൻ എന്നു കമന്റ് ചെയ്യുക എന്നായിരുന്നു കക്ഷിയുടെ പോസ്റ്റ്.
മേലാസകലം ബാൻഡേജിട്ട് അങ്ങോട്ടോ, ഇങ്ങോട്ടോ എന്നറിയാതെ കിടക്കുന്ന അമ്മാവന്റെ ചിത്രവുമുണ്ടായിരുന്നു, ആധികാരികതയ്ക്ക്.. അമ്മാവനെ കണ്ടാൽ മലയാളികളായ മലയാളികളൊക്കെ തലകുത്തി മറിഞ്ഞു ചിരിക്കും.. കിലുക്കത്തിൽ വെടികൊണ്ടു കിടക്കുന്ന ജഗതി.തമിഴൻമാർക്കും ചെറുതായി ബൾബ് കത്തും, മൂഞ്ചി എങ്കെയോ പാർത്ത മാതിരി.. ജഗതിയെ തിരിച്ചറിയാത്ത പാവം ഉത്തരേന്ത്യക്കാരൊക്കെ പ്രാർഥനാപൂർവം കമന്റോടു കമന്റ്.. യുപിയിലൊക്കെ ചിലയിടത്തു ചികിൽസാ സഹായത്തിനു ബക്കറ്റ് പിരിവുവരെ തുടങ്ങിയിട്ടുണ്ടെന്നാണ് അറിവ്.
അപ്പോൾ അതാണ്.. സമൂഹ മാധ്യമ സാക്ഷരത കൂടിവരുന്നു എന്നാണു പറഞ്ഞുവന്നത്. വെറുതെയൊന്നും ആർക്കും ആരെയും പറ്റിക്കാനാവില്ല.. വാവിട്ടു വല്ലതും പറഞ്ഞുപോയാൽ പിന്നെ പോയതാണ്. പറഞ്ഞത് അതല്ല, ഇതാണ് എന്ന ന്യായത്തിലൊന്നും പിന്നെ കാര്യമില്ല.. ട്രോളൻമാർ പ്രണയിക്കുന്നവരെപ്പോലാണ് ;കണ്ണില്ല, മൂക്കില്ല.. ട്രോളൻമാർ വെട്ടുകിളികളെപ്പോലെയുമാണ്; കൊത്തിത്തിന്നു തീർത്തുകളയും.സിനിമാ രംഗങ്ങളിലെ മീം മാത്രം വച്ചായിരുന്നു മുൻപൊക്കെ ട്രോൾ. സലിം കുമാറും, ജഗതിയും ട്രോളൻമാർ വച്ചാരാധിക്കുന്ന ദൈവങ്ങളായി.. ഇപ്പോഴും അവർക്ക് മാർക്കറ്റ് കുറഞ്ഞു എന്നല്ല, എങ്കിലും വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണു ട്രോൾ വ്യവസായം.. ബിടെക് മാമനും, കുഞ്ഞാവയും ഒരുദാഹരണം. സിനിമയിൽ അത്ര ശ്രദ്ധിക്കപ്പെടാതെപോയ ചില മുഹൂർത്തങ്ങൾ ട്രോളൻമാരുടെ കരസ്പർശത്താൽ ഹിറ്റാകുന്ന സംഭവങ്ങളുമുണ്ട്. അനുരാഗ കരിക്കിൻ വെള്ളത്തിലെ നായിക എലിയുടെ അദ്ഭുതഭാവം അതിലൊന്ന്. ഹരീഷ് കണാരന്റെ ലേശം കൗതുകം കൂടുതലുള്ള മീമും ട്രോളൻമാർ ഹിറ്റാക്കിയതാണ്. ജിഫ് ഇമേജുകളുടെ വരവ് വാട്‌സാപ്പിൽ ട്രോളുകളുടെ മറ്റൊരു സാധ്യത തുറന്നു. ചൈനാക്കാരാണ് ജിഫ് ഇമേജുകളുടെ ആശാൻമാരെന്ന് കരുതാൻ ന്യായമുണ്ട്.. വല്ലവരും തെന്നിവീഴുന്നതോ, അടികിട്ടുന്നതോ, നടുറോഡിൽ പ്ലിങ്ങുന്നതോ ആയ കുറേയേറെ മെയ്ഡ് ഇൻ ചൈന ജിഫ് ഇമേജുകൾ കറങ്ങി നടപ്പുണ്ട്. ട്രോൾ വിഡിയോകളാണ് അടുത്തിടെ ഹിറ്റായ മറ്റൊന്ന്.
ചില സംഭവങ്ങൾ ട്രോൾ ആയി മാറുന്നതു കൂടാതെ ട്രോളിനുവേണ്ടി സൃഷ്ടിക്കുന്ന വിഡിയോകളും ഏറെ. മിക്കപ്പോഴും വാട്‌സാപ്പിൽ നടക്കുന്ന ലൈവ് ചാറ്റ് വിഡിയോ എടുത്തപോലെയായിരിക്കും ഇതു വരിക.. ബിടെക് മാമന്റെ ഗൾഫിൽ പോക്ക് മുടക്കുന്ന കുഞ്ഞാവയുടെ വാട്‌സാപ് ചാറ്റിന്റെ വിഡിയോ ഇങ്ങനെ ഹിറ്റായതാണ്. ഒരു നുണ നൂറുവട്ടം ആവർത്തിച്ചാൽ സത്യമെന്ന പ്രതീതിയുണ്ടാക്കും എന്ന് ഹിറ്റ്‌ലറുടെ വലംകൈ ആയിരുന്ന ജോസഫ് ഗീബൽസ് പറഞ്ഞതു സോഷ്യൽ മീഡിയ കാലത്തിനും എത്രയോ മുൻപായിരുന്നു.. രാഷ്ട്രീയക്കാർ പറഞ്ഞു തേഞ്ഞ പ്രയോഗമാണെങ്കിലും തിയററ്റിക്കലി ആൻഡ് പ്രാക്ടിക്കലി അതു നടപ്പാക്കുന്നവർ ഈ പ്ലാറ്റ്‌ഫോമുകളിലേറെ.
രാഷ്ട്രീയ പ്രചാരണങ്ങൾക്കു ജനാധിപത്യപരമായ ധർമമുണ്ടെന്നെങ്കിലും പറയാം. പക്ഷേ ആരോഗ്യ കാര്യങ്ങളിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾ സാധാരണക്കാരനെ നേരിട്ടു ബാധിക്കുന്നതാണ്. ഡെങ്കിപ്പനിക്ക് ആടലോടകം മുതൽ പപ്പായ ഇലവരെ സജസ്റ്റ് ചെയ്യുന്ന വിദഗ്ധ പോസ്റ്റുകൾ എത്രയോ കാണാം. മുഖക്കുരുവിനു മെർക്കുറി പുരട്ടാൻ പറയുന്നവരെ കണ്ടാലും അതിശയിക്കേണ്ട. വാട്‌സാപ്പിൽ വന്നത് ആധികാരിക രേഖയാക്കി നാട്ടുചികിൽസ നടത്തുന്നവരൊക്കെ സമൂഹമാധ്യമ സാക്ഷരതയ്ക്കു പുറത്ത് ഇപ്പോഴുമുണ്ട്.
വാക്‌സിൻ വിരുദ്ധരാണ് മറ്റൊരു ദുരന്തം. മൂന്നാം ലോക രാജ്യങ്ങളിൽ രോഗങ്ങൾ സൃഷ്ടിച്ചു മരുന്നു വിൽക്കാനുള്ള അമേരിക്കൻ ഗൂഢാലോചന എന്നാണു പൊതുവേ വാക്‌സിനേഷനെക്കുറിച്ചു നീട്ടിയും കുറുക്കിയും വിരുദ്ധർക്കു പറയാനുള്ളത്.ശാസ്ത്രബോധമുള്ള കുറേപ്പേരുടെ നിരന്തര ശ്രമത്തെ തുടർന്നു കേരളത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക്‌സിൻ വിരുദ്ധ പ്രചാരണം അൽപം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന മീസിൽസ് റൂബെല്ല വാക്‌സിനേഷൻ ക്യാംപെയിനിനു സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണു ലഭിച്ചത്. ഏതാനും ഡോക്ടർമാരുടെ നേതൃത്വത്തിൽ തുടങ്ങിയ ഇൻഫോക്ലിനിക് എന്ന ഫെയ്‌സ്ബുക്ക് പേജ് ആരോഗ്യരംഗത്തെ തട്ടിപ്പുകൾ തുറന്നുകാട്ടുന്നതിൽ സജീവമായുണ്ട്. വലിയ പിന്തുണയാണ് ഇത്തരം ശ്രമങ്ങൾക്കു സൈബർ ലോകം നൽകുന്നത്.
കേരളത്തിലെ സമൂഹ മാധ്യമരംഗത്തു താരതമ്യേന പുതുമുഖങ്ങളാണു ട്വിറ്ററും ,ഫോട്ടോ ഷെയർ ആപ്പ് ആയ ഇൻസ്റ്റഗ്രാമും. ഇവരണ്ടും അതിവേഗം ജനപ്രീതിയാർജിക്കുന്നുമുണ്ട്. കുറിക്കു കൊള്ളുന്ന രണ്ടുവരി ട്വീറ്റാണു നീളൻ ഫെയ്സ്ബുക്ക് പോസ്റ്റിനേക്കാൾ നല്ലതെന്നു കരുതുന്ന ട്വിറ്റർ ആരാധകർ ഏറെ. സെലിബ്രിറ്റികൾ മിക്കവരും ട്വിറ്ററിൽ സജീവമായതിനാൽ അവരെ ഫോളോ ചെയ്യാനായി മാത്രം ട്വിറ്റർ നോക്കുന്നവരുമുണ്ട്.
ഫെയ്‌സ്ബുക്കും ട്വിറ്ററുമെടുത്താൽ മംഗ്ലീഷ് ടൈപ്പിങ് കുറഞ്ഞുവരുന്നതും മറ്റൊരു സവിശേഷതയാണ്. മലയാളം എളുപ്പത്തിൽ ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ എല്ലാ സ്മാർട് ഫോണിലുമായി. പറയുന്ന വാചകം പിടിച്ചെടുത്തു ഗൂഗിൾ ടൈപ്പ് ചെയ്യുന്ന വോയ്‌സ് ഇൻപുട്ട് സൗകര്യംവരെ മലയാളത്തിൽ വന്നുകഴിഞ്ഞു. ലാപ്‌ടോപ്പിന്റെ സൗകര്യമില്ലാതെതന്നെ രണ്ടോ, മൂന്നോ ഖണ്ഡിക മലയാളം ഫോണിലെഴുതി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഇപ്പൊൾ കുറച്ചു സമയം മതി.