Society of the Snow (2023) Spanish

Jaseem Jazi

ഇത്രത്തോളം ശ്വാസം മുട്ടിച്ചൊരു സിനിമാ അനുഭവം ഈ അടുത്ത കാലത്തൊന്നും എനിക്കുണ്ടായിട്ടില്ല!  ഈ സിനിമയെക്കുറിച്ച് എന്ത് പറയണം, എങ്ങനെ എഴുതണം എന്ന് ഇപ്പഴും ഒരു പിടിയും കിട്ടുന്നില്ല. കണ്ട് കഴിഞ്ഞിട്ടും മനസ്സിൽ വല്ലാത്തൊരു മരവിപ്പാണ്. സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത ഒരുതരം വികാരതള്ളിച്ച കീഴ്പ്പെടുത്തിയ അവസ്ഥയിലാണ്. ഇതൊരു ഫിക്ഷനായിരുന്നേൽ ഒരു പക്ഷെ അതെന്നെ ഇത്രത്തോളം ബാധിക്കുമായിരുന്നില്ല. ഇത്‌ പക്ഷെ.. എന്നെപ്പോലെ നിങ്ങളെപ്പോലെ മജ്ജയും മാംസവുമുള്ള ഒരു കൂട്ടം മനുഷ്യർ യഥാർത്ഥത്തിൽ അനുഭവിച്ച കാര്യങ്ങളാണല്ലോ എന്ന ചിന്തയാണ് എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

52 വർഷങ്ങൾക്ക് മുൻപ് നടന്ന ദാരുണമായൊരു ദുരന്തത്തെക്കുറിച്ചാണ് ‘Society Of The Snow’ എന്ന സിനിമ പറയുന്നത്. ഒരു മത്സരത്തിൽ പങ്കെടുക്കുന്നതിനായി, ഉറുഗ്വായിലെ ഒരു റഗ്ബി ടീമിലെ 19 കളിക്കാരും അവരുടെ റിലേറ്റീവ്സുമായി 45 യാത്രക്കാർ, ഉറുഗ്വേയിൽ നിന്നും ചിലിയിലേക്ക്.. ഉറുഗ്വേ എയർഫോഴ്സിന്റെ വിമാനത്തിൽ യാത്ര തിരിക്കുന്നു. ഈ വിമാനം യാത്രാ ലക്ഷ്യത്തിൽ എത്തുന്നതിനുമുമ്പ് ‘ആന്റെസ്’ മഞ്ഞു മലനിരകളിൽ തകർന്നു വീഴുന്നു. ഈ ദുരന്തത്തിൽ വിമാനത്തിലെ അഞ്ചു ജീവനക്കാരും ഒൻപത് യാത്രക്കാരും തൽക്ഷണം മരണപ്പെട്ടു. കനത്ത പരിക്കുകളോടെയും അല്ലാതെയും ബാക്കിയായവർക്ക് നേരിടേണ്ടി വന്നത് അതിനേക്കാൾ ദുരിതപൂർണ്ണമായ അവസ്ഥകളായിരുന്നു. കണ്ണെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന മഞ്ഞു മലയിൽ, അസ്ഥി തുളച്ചുകയറുന്ന കൊടും തണുപ്പും സഹിച്ച് അവർക്ക് ദിവസങ്ങൾ തള്ളിനീക്കേണ്ടിവന്നു. വിശപ്പും ദാഹവും അവരെ തളർത്തി. കൊടിയ തണുപ്പും ഇടയ്ക്കിടെയുള്ള ഹിമപാതവും അവരുടെ അതിജീവനം അതികഠിനമാക്കി. ഈ ദുരിതങ്ങളുടെ തീവ്രത താങ്ങാനാവാതെ അവരിൽ ഓരോരുത്തരായി മരണത്തിന് കീഴടങ്ങാൻ തുടങ്ങി…

സിനിമ തുടങ്ങി ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ, മഞ്ഞു മലയിൽ കുടുങ്ങിപ്പോയ ആ മനുഷ്യരിൽ ഒരാളെന്ന പോലെയാണ് ഞാനീ സിനിമ അവസാനം വരെ കണ്ടിരുന്നത്. അത്രയും തീവ്രവും ഹൃദയവുമായ രീതിയിലാണ് ഇതിന്റെ ആവിഷ്കാരം. അതിഭീകരമായൊരു ദുരന്തത്തിൽ അകപ്പെട്ടിട്ടു പോലും ആ മനുഷ്യരുടെ പരസ്പരമുള്ള സ്നേഹവും വിശ്വാസവും സൗഹൃദവും കണ്ട് അത്ഭുതപ്പെട്ടുപോയി. സ്വന്തം ജീവൻ ത്യജിച്ചു കൂടെയുള്ളവരുടെ ജീവരക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ കാഴ്ച പലപ്പോഴും കണ്ണ് നിറച്ചു.

സ്ക്രീനിൽ മുഖം കാണിച്ച ഓരോ അഭിനേതാക്കളുടെയും മാരക പ്രകടനങ്ങളാണ് ഈ സിനിമയുടെ ആത്മാവ്. എല്ലും തോലുമായ മുഖങ്ങളിൽ മിന്നിമറിയുന്ന ഭാവങ്ങൾ.. അവർ അഭിനയിക്കുകയല്ല ശരിക്ക് അങ്ങനെയൊരു അവസ്ഥയിൽ കൂടെ ജീവിക്കുകയാണെന്ന് തോന്നിപ്പോകും. അവരുടെ മാറി വരുന്ന Physique ഉം Body Language ഉം എത്ര ഗംഭീരമായാണ് സിനിമയിൽ പകർത്തിയിരിക്കുന്നത്. സിനിമയുടെ ഒരു ഭാഗത്ത് ഒരു കഥാപാത്രത്തിന്റെ അഭിനയം കണ്ട് അതിൽ മുഴുകി, സബ്ടൈറ്റിൽ വായിക്കാൻ പോലും വിട്ടുപോയി, പറഞ്ഞത് എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ വീണ്ടും കാണേണ്ടി വന്നു. അത്രത്തോളം അതി ഗംഭീരമായ പ്രകടനങ്ങൾ.

സിനിമയുടെ ക്ലൈമാക്സിൽ എത്തിയപ്പോൾ വല്ലാത്തൊരു തരം അവസ്ഥയിലായിരുന്നു ഞാൻ. മുകളിൽ പറഞ്ഞതുപോലെ സന്തോഷമാണോ സങ്കടമാണോ എന്ന് മനസ്സിലാകാത്തൊരു അവസ്ഥ. അവസാന നിമിഷങ്ങളെല്ലാം നിറഞ്ഞ കണ്ണുകളോടെയാണ് സിനിമ കണ്ടിരുന്നത്. സർവൈവൽ ത്രില്ലറുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും, ഇതുപോലെ മനുഷ്യനെ വല്ലാത്തൊരു മാനസികാവസ്ഥയിലാക്കിയ സിനിമകൾ ചുരുക്കമാണ്.സിനിമ Netflix ൽ ഉണ്ട്. തീർച്ചയായും എല്ലാരും കാണാൻ ശ്രമിക്കുക ❤

You May Also Like

ബോബനായി ഷൈൻ ടോം ചാക്കോ, ഡാൻസ് പാർട്ടി ഡിസംബറിൽ

ബോബനായി ഷൈൻ ടോം ചാക്കോ, ഡാൻസ് പാർട്ടി ഡിസംബറിൽ ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ…

ചുരിദാറിൽ ക്യൂട്ട് ആയി അഹാന കൃഷ്ണ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ.

ദംഗലിലെ ബാലതാരം നടി സുഹാനി ഭട്​നഗര്‍ അന്തരിച്ചു (ഇന്നത്തെ സിനിമാ വാർത്തകൾ, അറിയിപ്പുകൾ )

ദംഗലിലെ ബാലതാരം നടി സുഹാനി ഭട്​നഗര്‍ അന്തരിച്ചു നടി സുഹാനി ഭട്​നഗർ അന്തരിച്ചു. 19 വയസ്സായിരുന്നു.…

‘സനാതന ധർമ്മത്തെ അവഹേളിച്ചു’, നടി തപ്‌സി പന്നുവിനെതിരെ പരാതി

സനാതന ധർമ്മത്തെ അവഹേളിച്ചു, നടി തപ്‌സി പന്നുവിനെതിരെ പരാതി. ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി…