ഗ്രഹണ ഓർമ്മകൾ

0
240
Dr.T.M Thomas Isaac

ഓർമ്മയിലുള്ള ഏറ്റവും സജീവമായ സൂര്യഗ്രഹണം 1980ലേതാണ്. അന്ന് ഗ്രഹണ ദിവസം ഞങ്ങൾ മലപ്പുറത്ത് ഒരു സ്കൂളിൽ എസ്എഫ്ഐയുടെ ക്യാമ്പിലായിരുന്നു. ഗ്രഹണത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ ഇന്നെത്തെക്കാൾ ശക്തമായ കാലമായിരുന്നു അത്. ദിവസം പുറത്തിറങ്ങാൻ കുട്ടികൾ ക്യാമ്പിലും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. അങ്ങനെയൊരു ചർച്ച നടന്നിരുന്നതുകൊണ്ടാണ് ആ ക്യാമ്പ് ഇന്നും ഞാനോർമ്മിക്കുന്നത്.

കുട്ടികളെന്നല്ല, മുതിർന്നവർ പോലും അക്കാലത്ത് ഗ്രഹണസമയത്ത് പുറത്തിറങ്ങാൻ മടിച്ചിരുന്നു. 1995ലെ സൂര്യഗ്രഹണദിവസം കേരളത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി തന്നെ നൽകിയിരുന്നു എന്ന് ഓർമ്മയുണ്ടല്ലോ. ആ കാലം പോയ് മറഞ്ഞു. ഇന്ന് കുട്ടികൾ സംസ്ഥാനമെമ്പാടും ഉത്സാഹത്തിമിർപ്പിലാണ്. സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന ആകാശവിസ്മയത്തിന് സാക്ഷിയാകാൻ ഭയവും അന്ധവിശ്വാസത്തിന്റെ മാറാപ്പുമില്ലാതെ സ്കൂൾ അങ്കണങ്ങളിലും വായനശാലകളിലും കടപ്പുറത്തും തെരുവുകളിലും ഒത്തുകൂടി. വാനനിരീക്ഷണത്തിലും സജീവ ചർച്ചയിലുമൊക്കെ പങ്കെടുത്ത് സംഭവം അവിസ്മരണീയമാക്കി.

പ്രത്യേകതരം കണ്ണടകൾ ഉപയോഗിച്ച് ഗ്രഹണം വീക്ഷിച്ചവരുണ്ട്. ചെളിയോ ചാണകമോ കലക്കിയ വെള്ളത്തിൽ സൂര്യന്റെ പ്രതിബിംബം പതിപ്പിച്ച് ഗ്രഹണം വീക്ഷിച്ചവരുണ്ട്. അതാണ് ഏറ്റവും പുരാതനമായ സുരക്ഷിത മാർഗം. വെള്ളപ്പേപ്പറിൽ മൊട്ടുസൂചി കൊണ്ടൊരു കുത്തിട്ടു ദ്വാരമുണ്ടാക്കി അതുവഴി ഇരുട്ടുള്ള ഭിത്തിയിൽ സൂര്യപ്രകാശം പതിപ്പിച്ചും ഗ്രഹണം വീക്ഷിക്കാം. ഇലകൾക്കിടയിലൂടെ കടന്നെത്തിയ ഗ്രഹണസൂര്യന്റെ പ്രകാശം തറയിൽപതിപ്പിച്ച ചന്ദ്രക്കലയുടെ ആകൃതിയിലുള്ള നിഴൽക്കൂമ്പാരം ഈ ഗ്രഹണത്തിൽ മിക്കവാറും പേരെ ആകർഷിച്ച കൌതുകക്കാഴ്ചയായിരുന്നു.

തീർച്ചയായും ഇതൊരു മാറ്റമാണ്. ഈ മാറ്റത്തിന് കാരണക്കാർ നല്ലൊരളവിൽ ശാസ്ത്രസാഹിത്യ പരിഷത്തുകാരാണ്. ഗ്രഹണം കണ്ണിന് അപകടം വരുത്താതെ വീക്ഷിക്കാൻ പ്രത്യേകതരം കണ്ണടകൾ എല്ലാക്കാലത്തും പരിഷത്തുകാർ തയ്യാറാക്കി വിതരണം ചെയ്യാറുണ്ട്. അതോടൊപ്പം സംസ്ഥാനത്തുടനീളം ശാസ്ത്രാവബോധക്ലാസുകളും.

ഇക്കുറിയും അവർ ആ പതിവു തെറ്റിച്ചില്ല. പരിഷത്തിലെ മാമന്മാരോടും ചേട്ടന്മാരോടുമൊപ്പമാണ് മിക്കവാറും കുട്ടികൾ ഗ്രഹണം ആസ്വദിച്ചിരിക്കുക. സുരക്ഷിതമായി ഗ്രഹണം വീക്ഷിക്കാനുള്ള ആ കണ്ണട എനിക്കും കിട്ടിയിരുന്നു. എംസി റോഡു വഴി കൊല്ലത്തേയ്ക്കുള്ള യാത്രാവേളയിലാണ് ഞാൻ രണ്ടുതവണ ഗ്രഹണം വീക്ഷിച്ചത്. ഏകദേശം ഒമ്പതര മണിയോടെ നിലമേലിനും ബംഗ്ലാംകുന്നിനും ഇടയ്ക്കുള്ള സ്ഥലത്തുവെച്ചാണ് ഞാൻ ഗ്രഹണം നന്നായി നിരീക്ഷിച്ചത്. അപ്പോൾ ഏകദേശം മുക്കാൽ ഭാഗത്തോളം സൂര്യൻ മറഞ്ഞു കഴിഞ്ഞിരുന്നു.

ആലപ്പുഴയിൽ ഔവർ ലൈബ്രറി നല്ല തയ്യാറെടുപ്പോടെയാണ് ഇക്കുറി ഗ്രഹണക്കാഴ്ച ആഘോഷിച്ചത്. നേരത്തെ തന്നെ അവർ ശാസ്ത്രാവബോധ ക്ലാസ് സംഘടിപ്പിച്ചു. കെ ബി അജയകുമാറാണ് ശാസ്ത്ര അവബോധ ക്ലാസ്സ് നയിച്ചത്. കൊല്ലം ബീച്ചിൽ നൂറു കണക്കിനാളുകൾ ഒത്തു ചേർന്ന കാഴ്ച കെ എൻ ഷിബുവിന്റെ ഫേസ്ബുക്ക് വാളിൽ കണ്ടു. ഗ്രഹണ സമയത്ത് പ്രഭാതഭക്ഷണം വിളമ്പിയാണ് മാനന്തവാടി മുനിസിപ്പാലിറ്റി അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചാരണം സംഘടിപ്പിച്ചത്. ഇത്തരത്തിൽ കേരളത്തിന്റെ മുക്കിലും മൂലയിലും ഗ്രഹണോത്സവങ്ങൾ അരങ്ങേറി.

ഉച്ചയ്ക്ക് കൊല്ലത്ത് ജമാലിന്റെ മകളുടെ വിവാഹത്തിനെത്തിയപ്പോൾ അവിടെയും ഗ്രഹണം തന്നെ ചർച്ച. 1980ലെ എസ്എഫ്ഐ ക്യാമ്പൊക്കെ ഇപ്പോഴും ഓർമ്മയുള്ള ധാരാളം സുഹൃത്തുക്കളെ അവിടെ കണ്ടു. ഗ്രഹണത്തോടുള്ള സമീപനത്തിന് കാലം വരുത്തിയ മാറ്റവും പരിഷത്തിന്റെ ഇടപെടലുകളുമൊക്കെ അവിടെ സംവാദവിഷയമായി. പാലക്കാട്ടെ ഗ്രഹണക്കാഴ്ചയുടെ ഒരുക്കങ്ങളെക്കുറിച്ചാണ് കല്യാണകൃഷ്ണൻ വാചാലനായത്.

ഇനി പതിനെട്ടു കൊല്ലം കഴിയണം. കേരളത്തിൽ ഒരു സമ്പൂർണ വലയ സൂര്യഗ്രഹണം ദൃശ്യമാകാൻ.