കേന്ദ ധനകാര്യമന്ത്രിയുടെ സ്വകാര്യവൽക്കരണ നിർദ്ദേശങ്ങൾ ദേശവിരുദ്ധമെന്ന ബി.എം.എസ് നിലപാട് സ്വാഗതാർഹം

  68

  Soman Kaniparampil

  കേന്ദ ധനകാര്യമന്ത്രിയുടെ സ്വകാര്യവൽക്കരണ നിർദ്ദേശങ്ങൾ ദേശവിരുദ്ധം .

  ധന മന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച സ്വകാര്യവൽക്കരണ നിർദ്ദേശങ്ങൾ “ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. ” ഇത് എൻ്റെ അഭിപ്രായമല്ല. മറ്റൊരാളുടേതാണ്. അതായത് സാക്ഷാൽ BMS എന്നറിയപ്പെടുന്ന ഭാരതീയ മസ്ദൂർ സംഘത്തിൻ്റേത്. വാർത്ത തിരിച്ചും മറിച്ചും നോക്കി. ഏതെങ്കിലും വിപ്ലവ പ്രസ്ഥാനത്തിൻ്റെ പത്രകുറിപ്പായിരിക്കുമെന്നാണ് ആദ്യം ധരിച്ചത്.. അല്ല. BMS ൻ്റേത് തന്നെ. BMS ജനറൽ സെക്രട്ടറി Virjesh Upadhyay ആണ് ഇത് പ്രസിദ്ധീകരിച്ചത്. നിർമ്മലാ സീതാരാമൻ്റെ പ്രഖ്യാപനം കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ പ്രസ്താവന വന്നു. സ്വകാര്യവൽക്കരണ നയത്തിനെതിരെ ഞാൻ എഴുതിയപ്പോൾ സംഘപരിവാർ രാഷ്ട തന്ത്രജ്ഞർ എനിക്ക് പറഞ്ഞു തന്നു സർക്കാരിൻ്റെ ജോലി വ്യാപാരവും വ്യവസായവും നടത്തുകയല്ല എന്ന്. അന്ന് ബി.ജെ.പി. പ്രസിഡൻ്റായിരുന്ന ശ്രീധരൻപിള്ള അദ്ദഹത്തിൻ്റെ ഫേസ്ബുക്ക് പേജിലൂടെ അതേ വിദഗ്ദ്ധ അഭിപ്രായം പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.” . പക്ഷേ . എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചിലർ അവരുടെ കുടുബത്ത് ഉണ്ട് എന്നാണ് BMS ൻ്റെ ഈ അഭിപ്രായത്തിൽ നിന്നും ബോദ്ധ്യപ്പെടുന്നത്. കോമൺസെൻസിന് നിരക്കുന്നത് ആദ്യം വിളിച്ചു പറയും. നാഗപ്പൂർ ഹോസ്പിറ്റലിൽ എത്തിച്ച് ചെറിയ ചികിൽസ നൽകി കഴിയുമ്പോൾ ഇന്ന് പറഞ്ഞത് തിരുത്തിയും പറയും. അങ്ങനെ നിലപാടിൽ നിന്ന് പിന്തിരിഞ്ഞ അനുഭവങ്ങൾ ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. അത് കൊണ്ട് തിരുത്തുന്നതിന് മുൻപ് ഇത് മാലോകരെ അറിയിക്കാം. എൻ്റെ അഭിപ്രായം നാളെയും എഴുതാമല്ലോ.

  ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ എതിർക്കാൻ BMS ഉപയോഗിച്ച പദങ്ങളും പ്രയോഗങ്ങളും എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. അവർ പറയുകയാണ് സ്വകാര്യവൽക്കരണം പ്രഖ്യാപിച്ച “ഇന്നത്തെ ദിവസം രാജ്യത്തിനും രാജ്യത്തെ ജനങ്ങൾക്കും ഒരു ദു:ഖ ദിനമാണ്” ..രാജ്യം ഒരു മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും അവർ ചോദിച്ചു. അത് മാത്രമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. അവർ തുടർന്ന് പറയുകയാണ് “കോർപ്പറേറ്റുവൽക്കരണവും പൊതു – സ്വകാര്യ പങ്കാളിത്തവും സ്വകാര്യവൽക്കരണത്തിലേക്കുള്ള പാതകളാണന്നും സ്വകാര്യവൽക്കരണം വിദേശ വൽക്കരണത്തിലേക്കുള്ള പൊതുവഴിയാണന്നുമാണ് ” അവർ പറഞ്ഞത്.( Corporatisation and PPP (public private partnership) are the routes for privatisation, and privatisation is the route for foreignisation,” ) സർക്കാർ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഈ നടപടി അങ്ങേയറ്റം അപലനീയമാണന്നും അവർ ആരോപിച്ചു. സ്വകാര്യവൽക്കരണമല്ലാതെ സർക്കാരിൻ്റെ മുൻപിൽ മറ്റു മാർഗ്ഗമില്ല എന്ന സർക്കാർ വാദത്തെയും അവർ അപലപിച്ചു. ഇത്തരത്തിലുള്ള സാമ്പത്തിക മാന്ദ്യം ഉണ്ടായത് സാമ്പത്തിക രംഗത്ത് ചെയ്യേണ്ടത് ചേയ്യേണ്ട സമയത്ത് ചെയ്യാതിരുന്നതു മൂലമാണന്നം അവർ അഭിപ്രായപ്പെട്ടു. പൊതുമേഖലയെ തകർക്കുന്ന സ്വകാര്യവൽക്കരിക്കുന്ന നയത്തെയും അവർ വിമർശിച്ചു. രാജ്യം ഇന്ന് നേരിടുന്ന മഹാദുരന്തങ്ങിന് മുൻപിൽ യാതൊരു സാമൂഹ്യ പ്രതിബദ്ധതയും പ്രകടിപ്പിക്കാതെ വെറും നോക്കുകുത്തികളായി സ്വകാര്യ സംരംഭങ്ങൾ നിൽക്കുമ്പോൾ പൊതു മേഖലയാണ് ഈ ദുരന്തത്തിൽ രാജ്യത്തിനും ജനങ്ങൾക്കും ആശ്രയമാകുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ പ്രതി രോധ മേഖലയിൽ 74 ശതമാനം സ്വകാര്യ പങ്കാളിത്തം അനുവദിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ ബഹിരാകാശ ഗവേഷണ – പരീക്ഷണ മേഖലകളെ സ്വകാര്യവൽക്കരിക്കുന്നത് രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന നടപടിയായതിനാൽ അതിൽ നിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു .

  ഇത് കൂടാതെ ഒരു പ്രധാനപ്പെട്ട പ്രശ്നം അവർ ചൂണ്ടി കാണിച്ചു. അതയത് ജനാധിപത്യത്തിൻ്റെ ശക്തിയും സത്തയും പൊതു ചർച്ചകളാണന്നാണ് അവർ പറഞ്ഞത്. “സർക്കാർ പ്രഖ്യാപിച്ച ഈ സ്വകാര്യവൽക്കരണ നയത്തിൻ്റെ ഇരകളായി തീരുന്നത് പ്രധാനമായും തൊഴിലാളികളാണ്. എന്നാൽ തൊഴിലാളി സംഘടനകളുമായൊ മറ്റിതര സംഘടനകളുമായോ യാതൊരു വിധ ചർച്ചകളും നടത്താൻ തയ്യാറാകാതെ തികച്ചും സ്വേച്ഛാപരമായാണ് ഈ പ്രഖ്യാപനം നടത്തിയതെന്നും അവർ ആരോപിച്ചു. ഈ നടപടി വലിയൊരു വിഭാഗം തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തും. താഴ്ന്ന ജോലികൾ മാത്രമായിരിക്കും സൃഷ്ടിക്കപ്പെടുക. ലാഭം മാത്രം ലക്ഷ്യമായി നടത്തപ്പെടുന്ന ചൂഷണാധിഷ്ഠിതമായ സ്വകാര്യ സംരംഭങ്ങളിൽ തൊഴിലവകാശങ്ങൾ പൂർണ്ണമായി നിഷേധിക്കപ്പെടും. (“For employees, privatisation means massive job loss, below quality jobs will be generated, profiteering and exploitation will be the rules in the sector,” ) സർക്കാർ തെറ്റായ പാതയിലാണ് മുന്നോട്ട് പോകുന്നതെന്നും രാജ്യം മുഴുവൻ അടച്ചു പൂട്ടപ്പെട്ട ഈ മഹാമാരി കാലം ദേശ താല്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു പ്രഖ്യാപനത്തിന് തിരഞ്ഞെടുത്തത് അപലനീയമാണന്നും അവർ ആരോപിച്ചു.

  BMS ഈ നിലപാടുകളിൽ ഉറച്ചു നില്ക്കുമെന്ന് വിശ്വസിക്കുന്നു. രാജ്യത്തിൻ്റെയും തൊഴിലാളി വർഗ്ഗത്തിൻ്റെയും നന്മക്ക് വേണ്ടി ഉറച്ചു നില്ക്കണം ഇതര തൊഴിലാളി സംഘടനകളുമായി ചേർന്ന് സർക്കാരിൻ്റെ ദേശ വിരുദ്ധമായ ഈ പ്രഖ്യാംപനങ്ങൾക്കെതിരെ പ്രക്ഷോഭ പാതയിൽ ഉറച്ചു നിൽക്കാൻ അവർക്ക് കഴിയട്ടെ എന്നാംശംസിക്കുന്നു. എന്തായാല്ലം ധനമന്ത്രി നടത്തിയ ഈ ദേശിയ താൽപ്പര്യത്യക്ക് വിരുദ്ധമായ പ്രഖ്യാപന: ‘ങ്ങളെ തുറന്ന് കാട്ടിക്കൊണ്ട് രംഗത്ത് വന്ന തൊഴിലാളി സംഘടനക്ക് അഭിവാദ്യങ്ങൾ. കൊടിയുടെ നിറം നോക്കിയല്ല; തൊഴിലാളി ഒരു വർഗ്ഗമാണ് എന്ന സമീപനതോടെ എല്ലാം വിഭാഗീയ വീക്ഷണങ്ങളും ഉപേക്ഷിച്ച് ഐക്യപ്പെടേണ്ട സമയമാണിത്. തൊഴിലാളി വർഗ്ഗത്തിന് അതു സാദ്ധ്യമാകും. തൊഴിലാളി വർഗ്ഗത്തിന് മാത്രമേ അതു സാദ്ധ്യമാകൂ. ഈ പ്രഖ്യാപനങ്ങളെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കേരള സംഘപരിവാർ സംഘടനയിൽ നിന്നുണ്ടായത്. ഇത് ദൗർഭാഗ്യകരമാണ്.സ്വകാര്യവൽക്കരണത്തിനെതിരായ അഖിലേന്ത്യാ BMS നിലപാടിന് ബിഗ് സലൂട്ട്.