ലാഭംമാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച കോർപ്പറേറ്റുകൾക്ക്‌ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യാൻ ഭരണകൂടം നൽകിയ അനുമതി

0
79

Soman Kaniparampil

‘ രാജ്യത്ത് നിലനിൽക്കുന്ന പാരിസ്ഥിതിക സംതുലനാവസ്ഥയെ പൂർണ്ണമായി തകിടം മറിക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ “ഇ.ഐ.എ. 2020 “. ഈ വിജ്ഞാപനത്തിൻ്റെ ഉള്ളടക്കവും അത് നമ്മുടെ പ്രകൃതിയിലും മനുഷ്യരാശിയിലും ഉണ്ടാക്കാൻ പോകുന്ന വിനാശകരമായ പ്രശ്നങ്ങൾ എന്തെല്ലാമാണന്ന് പരിസ്ഥിതി വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ന് നാം അധിവസിക്കുന്ന ആവാസ വ്യവസ്ഥ നമുക്കു് സ്വന്തമല്ലന്നും അത് നമ്മുടെ വരും തലമുറയ്ക്കും കുടി അവകാശപ്പെട്ടതാണന്നുമുള്ള തിരിച്ചറിവിൻ്റെ ഭാഗമായി അന്താരാഷ്ട തലത്തിലും ദേശീയ തലത്തിലും നിരവധി കരാറുകളും ഉടമ്പടികളും നിയമങ്ങളും നിലവിലുണ്ട്. സാമ്രാജ്യത്യ വ്യവസ്ഥ നടത്തിയ അതി ഭീഷണമായ പ്രകൃതി ചൂഷണത്തിനെതിരെയാണ് 1972 ൽ ലോകരാജ്യങ്ങൾ ഐക്യരാഷ്ടസംഘടനയുടെ നേതൃത്വത്തിൽ സ്റ്റോക്ക് ഹോം മിൽ ഒത്തുചേർന്ന് പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് രൂപം നൽകുന്നത്. ജൂൺ 5 ന് നടന്ന ആ സമ്മേളനത്തിൻ്റെ തീരുമാനപ്രകാരമണ് നാം ജൂൺ 5 അന്താരാഷ്ട പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. അതിന് ശേഷം മണ്ണ്, വായു, ജലം, വനം ഇവ സംരക്ഷിക്കുന്നതിന് നിരവധി അന്താരാഷ്ട്ര ഉടമ്പടികളുണ്ടായി. ഇവയിലെല്ലാം ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഈ അന്താരാഷ്ട ചട്ടങ്ങളുടെയും ഉടമ്പടികളുടെയും ചുവടുപിടിച്ച് ഇന്ത്യയിലും നിരവധി നിയമനിർമ്മാണം നടന്നു.

എന്നാൽ ലാഭം മത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച കോർപ്പ റേറ്റുകൾക്ക്‌ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യാൻ സാമ്രാജ്യത്വ ഭരണകൂടങ്ങൾ നൽകിയ അനുമതി ആഗോള താപനം വർദ്ധിപ്പിച്ചു. സമുദ്രനിരപ്പ് 6 അടിയൊ 6 മീറ്ററോ വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും നിരവധി ദ്വീപുകൾ ഇല്ലാതാകുമെന്നും നിരവധി രാജ്യങ്ങളുടെ കരഭൂമി കടലെടുക്കുമെന്നും റിപ്പോർട്ടുകൾ വന്നു. അത് മാത്രമല്ല അന്താരാഷ്ട താപനത്തിലുണ്ടാകുന്ന വർദ്ധന നിരവധി സ്പിഷീസുകളുടെ സർവ്വനാശത്തിന് കാരണമാകുമെന്നും ഭൂമിയിൽ മനുഷ്യ ജിവൻ പോലും ഗുരുതരമായ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും S വിലയിരുത്തലുകളുണ്ടായി. മാത്രമല്ല അതിൻ്റെ ഭാഗമായി മഹാമാരികൾ ഉണ്ടാകുമെന്നും പഠനങ്ങളുണ്ടായി. അതിൻ്റെ ഭാഗമായാണ് 1997-ൽ ക്വാട്ടോ ഉടമ്പടിയും 2015-ൽ പാരിസ് ഉടമ്പടിയും നിലവിൽ വരുന്നത്. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട ശക്തമായ നിയമനിർമ്മാണങ്ങൾ നടക്കുന്നത് 1984ലെ ഭോപ്പാൽ ദുരന്തത്തോടുകൂടിയാണ് . 1986-ൽ പരിസ്ഥിതി സംരക്ഷണ നിയമം പാസ്സാക്കപ്പെട്ടു. തുടർന്ന് മനുഷ്യനും പ്രകൃതിക്കും നാശങ്ങൾ വിതക്കുന്ന വ്യവസായങ്ങള നിയന്ത്രിക്കുന്നതിന് 1996-ൽ പാരിസ്ഥിതിക ആഘാത പഠന നിയമം (ElA ) പാസ്സാക്കപ്പെട്ടു. തുടർന്ന് 2006 ൽ ഈ നിയമം സമഗ്രമായി പരിഷ്കരിക്കപ്പെട്ടു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പരിസ്ഥിതിക ആഘാത പഠന കേന്ദ്രങ്ങൾ നിലവിൽ വന്നു. എന്നാൽ നിയമം കൃത്യതയോടെ നടപ്പിലാക്കുന്നതിനു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറായില്ല. ആദിവാസി വനാവകാശ നിയമത്തെ പോലും ചവറ്റുകൊട്ടയിലെറിഞ്ഞ് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ഖനനാനുമതി നല്കി.

ആദിവാസികളുടെ ചെറുത്ത് നിൽപ്പ് ശക്തമായി. പലപ്പോഴും ഖനന മാഫിയക്കെതിരെ പോരാടിയ ആദിവാസികളെ ഭീകര വാദികളായി ചിത്രീകരിച്ച് അവർ ക്കെതിരെ വെടിവെയ്പ്പു പോലും നടത്തി. ഝാർക്കണ്ട്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഒഡീഷ എന്നിവടങ്ങളിലെല്ലാം ആദിവാസികൾക്കെതിരെ വെടിവെയ്പ്പ് നടത്തി. ഒഡിഷയിലെ നിയാം ഗിരിയിൽ നടന്ന പ്രക്ഷോഭം ഏറെ ശ്രദ്ധേയമായിരുന്നു തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വേദാന്തയുടെ സ്റ്റെർലൈറ്റ് കമ്പനി നടത്തിയ മലിനീകരണത്തിനെതിരെ സമരം ചെയ്ത 13 മനുഷ്യരെയാണ് ഭരണകൂടം നിർദ്ദയം വെടിവെച്ചു കൊന്നത്. നർമ്മദയിൽ ഡാം നിർമ്മിച്ചപ്പോൾ ലക്ഷക്കണക്കിന് ആദിവാസികൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. തുടർന്ന് പട്ടേൽ പ്രതിമ സ്ഥാപിച്ചപ്പോൾ പതിനായിരങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെട്ടു. സ്വദേശിയും വിദേശിയുമായ ഖനന മാഫിയയ്ക്കു വേണ്ടി എല്ലാം പരിസ്ഥിതി നിയമങ്ങളും നിരന്തരം ലംഘിക്കപ്പെട്ടു. ഇപ്പോഴിതാ ആ നിയമം തന്നെ ഇല്ലാതാക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു.

ഇന്നലെ വരെ പരാതിപ്പെടാൻ പേരിനെങ്കിലും ഉണ്ടായിരുന്ന നിയമം കൂടി ഇല്ലാതാകുന്നതോടെ കോർപ്പ റേറ്റുകൾക്ക് പാരിസ്ഥിതിക പ്രത്യാഘാതത്തെ പരിഗണിക്കാതെ പ്രകൃതിയെ ആർത്തിയോടെ ചൂഷണം ചെയ്യുന്നതിന് അവസരമാണ് ഉണ്ടാകുക. രാജ്യത്തെമ്പാടും പാരിസ്ഥിതിക തകർച്ചക്കു കാരണമാകുന്നതും മനുഷ്യരുടെ ആരോഗ്യകരമായ ജിവിതത്തിനും ഹാനികരവുമായ വ്യവസായ ക്കൾക്കും പദ്ധതികൾക്കു മെതിരെ ആയിരക്കണക്കിന് സമരങ്ങൾ നടക്കുന്നുണ്ട്. ആ സമരങ്ങളിലെല്ലാം ഉയരുന്ന മുദ്രാവാക്യം നിലനിൽക്കുന്ന EIA നിയമം പരിപാലിക്കണമെന്നാണ്. ഈ നിയമമാണ് ഈ വിജ്ഞാപനത്തോടെ അപ്രസക്തമാകുന്നത്. ഇത് സൃഷ്ടിക്കുവാൻ പോകുന്ന വിപത്തുകൾ ഭയാനകമായിരിക്കും. കോർപ്പറേറ്റുകൾക്ക് വേണ്ടി കോർപ്പറേറ്റുകളുടെ താൽപ്പര്യപ്രകാരം കോർപ്പറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന മോദി സർക്കാർ പരിസ്ഥിതി സംരക്ഷണത്തിന് എന്തെങ്കിലും പ്രാമുഖ്യം നൽകുമെന്ന് കരുതാൻ കഴിയില്ല. പൊതുമേഖല പൂർണ്ണമായി കൈയ്യൊഴിയുമെന്ന സർക്കാർ നയത്തിൻ്റെ പശ്ചാത്തലത്തിൽ വ്യവസായങ്ങൾ ഇനി കോർപ് റേറ്റ് മേഖലയായിരിക്കും നിയന്ത്രിക്കുക.

കഴിഞ്ഞ 6 വർഷക്കാലത്തെ ഭരണ കാലയളവിനുള്ളിൽ മോദി സർക്കാർ ചെയ്യുന്ന അതി നികൃഷ്ടമായ പ്രവർത്തനമാണിത്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടുമുള്ള ഒരു വെല്ലുവിളിയാണിത്. ജനങ്ങളെ ശത്രുക്കളായി കരുതുന്ന ഭരണാധികാരികൾക്ക് മാത്രമേ ഇത് പോലൊരു പരിസ്ഥിതി വിരുദ്ധ കൃത്യം ചെയ്യാൻ കഴിയൂ. നാടിൻ്റെ സമ്പദ്ഘടനയെ തകർത്ത നോട്ടു നിരോധനമോ വ്യവസായ – കാർഷിക മേഖലകളുടെ തകർച്ചക്ക് ആക്കം കൂട്ടിയ ജി.എസ്സ്.ടി.യൊ ഒരു വിഭാഗം പൗരൻമാർക്ക് പൗരത്വം നിഷേധിക്കുന്ന സി.എ.എ.നിയമമോ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ നമുക്ക് കാലം കൊണ്ട് മറികടക്കാൻ കഴിയും. എന്നാൽ പരിസ്ഥിതിക്കുണ്ടാകുന്ന കോട്ടങ്ങൾ അത് മനുഷ്യനിന്നു സൃഷ്ടിക്കുന്ന വിപത്തുകൾ ഒരുകാലത്തും തിരുത്താൻ കഴിയില്ല. ഇത് ഇന്ത്യൻ ജനതയുടെ ജീവന് മേലുള്ള കടന്നാക്രമണമാണ്. ഇതിന് ഭേദഗതിക ബില്ല. ഈ വിജ്ഞാപനം പൂർണ്ണ മായി പിൻവലിക്കണം .അതിന് വേണ്ടി മുഴുവൻ ജനങ്ങളും ശബ്ദമുയർത്തണം.

ലോകത്തെമ്പാടും പരിസ്ഥിതി സംരക്ഷണത്തെ ഏറ്റവും വിലപ്പെട്ടതായി കരുതുന്നവരാണ് ഇടത് പക്ഷം. ‘ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ലന്നും അത് വരും തലമുറക്ക് കൂടി അവകാശപ്പെട്ടതാണന്നുമാണ് മഹാനായ മാർക്സ് ഉത്ബോധിപ്പിച്ചത്. അതിൻ്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രസ്ഥാനങ്ങളുമായി ഐക്യപ്പെട്ടുകൊണ്ടാണ് ഇടത് പക്ഷം നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് സി.പി.എം. അടക്കമുള്ള പാർട്ടികൾ നിർദ്ദിഷ്ട EIA വിജ്ഞാപനം കോർപ്പറേറ്റ് അനുകൂലവും പരിസ്ഥിതി വിരുദ്ധവുമാണന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഇടത് പക്ഷത്തിന് അധികാരമുള്ള ഏക സംസ്ഥാനമാണ് കേരളം. ഈ വിജ്ഞാപനത്തിന് എതിരെ പരിസ്ഥിതി പ്രസ്ഥാനങ്ങളെയും പരിസ്ഥിതി പ്രവര്ത്തകരെയും കോർത്തിണക്കി മോദി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനുള്ള ബാദ്ധ്യതയും കടമയും ഇടത് പക്ഷത്തിനുണ്ട്.

ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ കടമ നിർവഹിക്കാൻ ഇന്ത്യൻ ഇടത് പക്ഷം മുൻകൈ എടുത്തില്ല. കേവലമൊരു പ്രസ്ഥാവനക്കപ്പുറം ഇന്ത്യയിലെ വിശാല ജനവിഭാഗങ്ങളെ പ്രത്യേകിച്ച് ആദിവാസി ജനവിഭാഗങ്ങളുടെ കൂട്ട കുടി ഒഴിപ്പിക്കലിനു കാരണമാകുന്ന ഈ വിജ്ഞാപനത്തിനെതിരെ പ്രക്ഷോഭത്തിന് ഇടത് പക്ഷം തയ്യാറായിട്ടില്ല. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട് വിജ്ഞാപനത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാൽ അത് ഗൗരവത്തിൽ എടുത്ത് പരിസ്ഥിതി പ്രവർത്തകരും വിദഗ്ദ്ധരുമായി ആലോചിച്ച് ഒരു റിപ്പോർട്ട് നൽകാൻ സർക്കാരിനായില്ല. ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ അഭിപ്രായം അറിയിക്കേണ്ട അവസാന ദിനമായ ഇന്ന് ആഗസ്റ്റ് 11 ന് സർക്കാർ കേന്ദ്രത്തെ കേരളത്തിൻ്റെ നിലപാട് അറിയിച്ചു.

മുഖ്യമന്ത്രിയുടെ 6 മണിയുടെ പത്രസമ്മേളനത്തിൽ വിശദീകരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈ വിജ്ഞാപനത്തിലെ അടിസ്ഥാനപരമായ ഒരു വിഷയത്തിലും വിയോജിപ്പുള്ളതായി പറഞ്ഞിട്ടില്ല. സർക്കാർ ഈ വിഷയത്തെ ഗൗരവമായി കണ്ടിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ മറും ടി. എന്തു കൊണ്ടാണ് സർക്കാർ ഇത് ഗൗരവമായി കാണാതിരുന്നത്. കേരളത്തിൽ ഇന്ന് ഉയർന്ന് വന്നിട്ടുള്ള എല്ലാം പരിസ്ഥിതി വിഷയങ്ങളിലും ജനങ്ങളുടെ പിടിവള്ളി നിലവിലുള്ള EIA നിയമമാണ്. തീരദേശ ഹൈവേ, മലയോര ഹൈവേ, ഹൈസ്പീഡ് ട്രയിൻ , വിഴിഞ്ഞം, അതിരപ്പള്ളി, ഗ യിൽ പദ്ധതി, 45 മീറ്റർ ഹൈവേ, ഖനനത്തിനുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറക്കൽ, പഞ്ചായത്തുകളെ അപ്രസക്തമാക്കിക്കൊണ്ട് നടപ്പിലാക്കിയ ഏകജാലക ലൈസൻസിംഗ് സമ്പ്രദായം , കെട്ടിട നിർമ്മാണ വ്യവസ്ഥകൾ ദുർബലമാക്കിയ ഫയർഫോഴ്‌സ് നിയമ ദേദഗതി, തീരദേശ നിർമ്മാണ പ്രവർത്തനങ്ങളിലുള്ള അയഞ്ഞ സമീപനം , വന നിയമത്തെ ലംഘിച്ചുള്ള വനാതിർത്തിയിലെ ഖനനം തുടങ്ങിയ പ്രശ്നങ്ങളിൽ സമരം ഉയർന്ന് വരുന്നത് നിലവിലുള്ള നിയമ വ്യവസ്ഥയുടെ ലംഘനവുമായി ബന്ധപ്പെട്ടാണ്. ഈ വിജ്ഞാപനം പുതിയ ElA നിയമമ്യുന്നതോടെ എല്ലാം നിയമ പ്രകാരമാണന്ന് സർക്കാരിനവകാശപ്പെടാം.

ഇത് ഇടത് പക്ഷ നയമല്ല. വലത് പക്ഷ നയം പോലുമല്ല. അറു പിന്തിരിപ്പനും പ്രകൃതിയുടെ സർവ്വനാശത്തിന് വഴിവക്കുന്നതുമാണ്. പാർട്ടികളുടെ പേരു കൊണ്ടോ പിടിക്കുന്ന കൊടിയുടെ നിറത്തിൻ്റെ അടിസ്ഥാനത്തിലൊ അല്ല ഇടതുപക്ഷം ഇടതുപക്ഷ മാറ്റുന്നത്. അത് നയത്തിൻ്റെ അടിസ്ഥാനത്തിലാണ്. മോദിയുടെ നയം നടപ്പിലാക്കിക്കൊണ്ട് ഇടത് പക്ഷമെന്ന് മേനി പറയാൻ കഴിയില്ല. ഇടത് പക്ഷ നയം നടപ്പിലാക്കുകയാണ് പരമമായ കാര്യം. ഞങ്ങളെ വിമർശിച്ചു , അവർ ബി.ജെ.പി.യെ സഹായിക്കുന്നു എന്ന് അലമുറയിട്ടിട്ട് കാര്യമില്ല. മോദിയുടെ നയങ്ങളെ ഇടത് പക്ഷ നയങ്ങൾ എന്ന് വിളിക്കാൻ കഴിയില്ല. മോദിയുടെ നയം നടപ്പിലാക്കുന്നവരാണ് യഥാർഥത്തിൽ ബി.ജെ.പിയെ സഹായിക്കുന്നത്.