ചില കുടുംബ കാര്യങ്ങള്‍

0
365

Home

ഇന്നലെ കാലത്ത് എനിക്കു ഒരു സന്ദര്‍ശകനുണ്ടായിരുന്നു. എന്റെ നാട്ടുകാരനും അയല്‍ക്കാരനുമാണ്. വല്ലപ്പോഴും വരും. സ്വന്തം പ്രശ്‌നങ്ങളുടെ കെട്ടഴിക്കും. വേറൊരാളോടാണ് പറയുന്നതെന്ന് പരിഗണിക്കാതെ എല്ലാം വിട്ടു പറയും. എന്റെ ഭാര്യക്ക് കക്ഷിയെ അത്ര പിടിക്കില്ല. അയാളുടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും കുറ്റങ്ങള്‍ തുറന്നടിക്കുന്നത് കൊണ്ടാണ്. പിന്നെ, വന്നാല്‍ ഉടനെ ഒന്നും പോകില്ല. ഔചിത്യം നോക്കാതെ ചടഞ്ഞു കൂടുന്നവരെ ‘അളിയന്‍’ എന്നാണവള്‍ വിളിക്കുക. അളിയന്‍മാര്‍ ഓരോ സ്ഥലത്തും ഉണ്ടാവാറുണ്ട്. മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കാതെ ചടഞ്ഞു കൂടുന്നവര്‍. ബാബുവിനും ഞങ്ങളുടെ ഇടയിലെ വിളിപ്പേര് ‘അളിയന്‍’ എന്നു തന്നെ.

രണ്ടു ദിവസം മുന്‍പ് ബാബു വിളിച്ചിരുന്നു. അയാളുടെ ജ്യേഷ്ഠന്റെ ഭൂമി ഒരു കേസില്‍ പെട്ടു നഷ്ടപ്പെട്ടു. കേറിക്കിടക്കാന്‍ കൂരയില്ലാതായി. തല്‍ക്കാലം മകളുടെ വീട്ടില്‍ കൂടുകയാണ് ,അയാള്‍ അങ്ങോട്ട് പോകുകയാണ് എന്നു പറഞ്ഞു. ബാബുവിന്റെ സഹോദരന്‍ ഒരു നല്ല മനുഷ്യനായിരുന്നു. അങ്ങിനെയുള്ളവരെയാണല്ലോ കുബുദ്ധികള്‍ക്ക് എളുപ്പം പറ്റിക്കാന്‍ കഴിയുക. എനിക്കു വിഷമം തോന്നി. ഞങ്ങളുടെ നാട്ടില്‍ ആയിരുന്നപ്പോള്‍ ഒരു വിധം നല്ല നിലയില്‍ കഴിഞ്ഞിരുന്നവരാണ്. കഠിനാദ്ധ്വാനിയായിരുന്നു ബാബുവിന്റെ ചേട്ടന്‍. അയാളുടെ വിയര്‍പ്പ് വീണു കുതിര്‍ന്ന മണ്ണായിരുന്നു അവരുടേത്. അവരുടെ അച്ഛന്റെ പിടിവാശിക്ക് ആ ഭൂമി വിറ്റു നാട് വിട്ടതാണ്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ ബാബു നഗരത്തിലെ ആശുപത്രിയില്‍ ജോലിയാണ്. മകളെ കല്യാണം കഴിച്ചു അയച്ചു. മകന് വിവാഹം അന്യോഷിക്കുന്നു. അല്ലലില്ലാത്ത ജീവിതം. ഒരു വിഷമം മാത്രം മകന്റെ പഠിത്തം അങ്ങ് ശരിയായില്ല. അംഗീകാരമില്ലാത്ത ഒരു പ്രൈവറ്റ് കോഴ്‌സ് പഠിച്ചു ഒരു ചെറിയ ജോലിയുമായി കഴിയുകയാണ് പയ്യന്‍.

ഒരു വര്‍ഷം മുന്‍പ് ബാബു വന്നിരുന്നു. രണ്ടു മണിക്കൂര്‍ സമയം അയാള്‍ തന്റെ ജീവിതത്തിന്റെ മാറാപ്പു എന്റെ മുന്നില്‍ തുറന്നിട്ടു. മകന്റെ കല്യാണം ശരിയാവുന്നില്ല. നല്ല നല്ല ആലോചനകള്‍ വരുന്നുണ്ട്. പക്ഷേ പയ്യന്‍ അടുക്കുന്നില്ല. തീരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കിക്കളയുന്നു. അവന്റെ കുറവുകള്‍ അവന്‍ അറിയുന്നില്ല. പോരെങ്കില്‍ അവന് തീരെ അനുസരണയില്ല. അച്ഛനോടും അച്ഛന്റെ വാക്കിനോടും ഒരു ബഹുമാനവുമില്ല. മകന്‍ അച്ഛനെ കൈകാര്യം ചെയ്യുമോ എന്നു ഭയക്കുന്നു എന്നുവരെ അയാള്‍ പറഞ്ഞു വെച്ചു. ഞാന്‍ അയാള്‍ക്ക് ആത്മ വിശ്വാസം പകരുന്ന വിധത്തില്‍ സംസാരിച്ച് പതുക്കെ ഒഴിവാക്കി വിട്ടു.

അഞ്ചു മാസം മുന്‍പായിരുന്നു ബാബുവിന്റെ മകന്റെ വിവാഹം. കൊള്ളാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ്. പെണ്‍കുട്ടി നഗരത്തിലെ ഒരാശുപത്രിയില്‍ ജോലി ചെയ്യുന്നു. ബി.എസ്.സി നേഴ്‌സാണു. ബാബുവും ഭാര്യയും അതീവ സന്തുഷ്ടരായി കാണപ്പെട്ടു. മാതാപിതാക്കള്‍ പെണ്‍ മക്കളെ കല്യാണം കഴിച്ചു വിടുമ്പോള്‍ പയ്യന്റെ വിദ്യാഭ്യാസ യോഗ്യതയൊന്നും നോക്കാറില്ലെ എന്നൊരു കുശുമ്പു മനസ്സില്‍ മുളപൊട്ടിയെങ്കിലും ഞാനതടക്കി. ബാബുവിന്റെ ജീവിതം സന്തോഷകരമായിരിക്കട്ടെ എന്നു മനസ്സില്‍ ആശംസിക്കുകയും ചെയ്തു.

എന്റെ മുന്നിലിരിക്കുന്ന ബാബുവിനെ നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് അയാളുടെ അച്ഛനെയാണ്.അത്രയും തടിയില്ല പക്ഷേ ആറടിക്ക് മേലുള്ള ഉയരവും സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്ന കണ്ണുകളും ഒരു കൌശലക്കാരന്റെ മുഖവും ബാബുവിന് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ആരോടും സ്‌നേഹമില്ലാത്ത, ഒരു വെറും സ്വാര്‍ത്ഥനായിരുന്നു ആ മനുഷ്യന്‍. മക്കളോ നാട്ടുകാരോ അയാളെപ്പറ്റി നല്ലതൊന്നും പറഞ്ഞുകേട്ടിട്ടില്ല. മൂത്തമകന്റെ ഭാര്യ അയാളുടെ ക്രൂരതകളെപ്പറ്റിപറഞ്ഞു കരയുമായിരുന്നു. മരിക്കുന്നതുവരെ അയാള്‍ മക്കളെ പീഡിപ്പിച്ച് കൊണ്ടിരുന്നു. അയാളുടെ മരണം മക്കള്‍ക്ക് ആശ്വാസമായിരുന്നു എന്നു തന്നെ പറയാം. ആയ കാലത്ത് തല ഉയര്‍ത്തി നടന്ന അയാള്‍ പരിഹാസ്യനായാണ് മരിച്ചത്. അയാളെ കാണാതെ പരിചയക്കാര്‍ ഒഴിഞ്ഞു മാറുമായിരുന്നു. എന്നാലും ദിവസവും പുതിയ താമസസ്ഥലത്ത് നിന്നു മൂന്നു മൈല്‍ നടന്നു അയാള്‍ ഞങ്ങളുടെ നാട്ടിലെത്തും. ആദ്യകാലങ്ങളില്‍ സുഹൃത്തുക്കളുടെ കടകളായിരുന്നു അയാളുടെ വിഹാരരംഗം. പിന്നെ പിന്നെ എന്നും ബസ് സ്‌റ്റോപ്പില്‍ കാണുന്ന ഒരു കിഴവനെന്ന പേര് അയാള്‍ക്ക് വീണു. ആരെങ്കിലും പരിചയക്കാരെ കണ്ടാല്‍ ചെറു തുകകള്‍ ചോദിക്കാന്‍ അയാള്‍ക്ക് മടിയില്ലാതായി.

‘എന്താണ് പ്രശ്‌നം’? ബാബു വിസ്തരിച്ചിരുന്നു. എന്നിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു ‘മരണ ഭീതി, എന്റെ മകന്‍ എന്നെ കൊല്ലുമോ എന്ന ഭീതി.’ തരിച്ചിരിക്കുന്ന എന്നെ നോക്കി അയാള്‍ പറഞ്ഞു. മകനെക്കൊണ്ടു വലിയ പ്രശ്‌നമായിരിക്കുന്നു. ചിലപ്പോള്‍ അവന്‍ വല്ലാതെ വയലന്റ് ആകുന്നു. മറ്റൊരു നഗരത്തില്‍ ജോലിചെയ്തിരുന്ന മകനെ ഇവിടെ കൊണ്ടുവന്നു ജോലി വാങ്ങിക്കൊടുത്തു. ഇപ്പോള്‍ അയാളെക്കൊണ്ട് ഒരു രക്ഷയുമില്ല. പോരെങ്കില്‍ ഭാര്യക്ക് തീരെ സുഖമില്ല.

‘അയാളുടെ കല്യാണം കഴിഞ്ഞതല്ലെ ഉള്ളൂ. അയാള്‍ ഭാര്യയോട് എങ്ങിനെയാണ്?

‘അതല്ലേ തമാശ. അയാള്‍ക്ക് അവളെ തീരെ വിശ്വാസമില്ല. അവളുടെ ബന്ധുക്കളായ പുരുഷന്മാരോട് സംസാരിക്കുന്നതു ഇഷ്ടമല്ല. അല്ലെങ്കിലും അവന് ചേര്‍ന്ന പെണ്ണാണോ അവള്‍? കണ്ടാല്‍ ഒരു വര്‍ക്കത്തില്ല. പോയി കണ്ടതെ അവന് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. ഞങ്ങള്‍ നടത്തിക്കൊടുത്തു. അത്രയേ ഉള്ളൂ.’

‘പെണ്‍ കുട്ടി കാണാന്‍ അത്ര മോശമല്ലല്ലോ’

‘അത്ര മോശമല്ല ,എന്നാലും അവന്റെ അത്ര സൌന്ദര്യമില്ല.’

‘അത് ശരി, പ്രീഡിഗ്രീ തോറ്റ് ഒരു കടലാസ് കോഴ്‌സും പാസ്സായി മാസം അയ്യായിരം വാങ്ങുന്ന അവന് കിട്ടിയ ലോട്ടറിയല്ലേ ഈ പെണ്‍ കുട്ടി ‘?

‘കാര്യം ഒക്കെ ശരിയാണ് പക്ഷേ അവന് മനസ്സിലാവണ്ടേ? ഒഴിഞ്ഞു പോകുന്നെങ്കില്‍ പോകട്ടെ എന്നൊരു മട്ടാണ് അവന്.’

‘അവര് തമ്മില്‍ എപ്പോഴും വഴക്കാണോ?’

‘അതല്ലേ തമാശ ചിലപ്പോള്‍ വലിയ സ്‌നേഹമാണ്. ഞങ്ങള്‍ ഇരിക്കുന്നു എന്ന തോന്നല്‍ പോലുമില്ല’

‘അതെന്താ’

കഴിഞ്ഞ ദിവസം ഞങ്ങള്‍ എല്ലാവരും കൂടി ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവള്‍ അവന്റെ മടിയില്‍ കിടന്നു.

താനെവിടെയായിരുന്നു ഇരുന്നതു ?

ഞാന്‍ മുന്നില്‍.

അവരോ?

അവര്‍ ഏറ്റവും പുറകില്‍.

താനെന്തിനാ തിരിഞ്ഞു നോക്കിയത്?

ഞാനല്ല ,അമ്മയാണ് കണ്ടത്.

പെണ്‍ കുട്ടി ഗര്‍ഭിണിയാണോ?

അതല്ലേ തമാശ. ദൈവം നീതിമാനാണ് എന്നതിന് വേറെ തെളിവ് വേണ്ട.

അതെന്താ

എന്തായിരുന്നു അവളുടെ ഗര്‍വ്വ്. എന്തൊക്കെയാണ് പറഞ്ഞുകൂട്ടിയത് .ദൈവം പൊറുത്തില്ല.

എന്താ അവള്‍ പറഞ്ഞത്.

ഞാനെന്റെ മോനേ നാടന്‍ കോഴിയെപ്പോലെ അഴിച്ചുവിട്ടു വളര്‍ത്തും.ഒരിക്കലും ബ്രോയിലര്‍ കോഴിയെപ്പോലെ കൂട്ടിലിട്ട് വളര്‍ത്തില്ല എന്നു. ആ അഹമ്മതി ദൈവം ക്ഷമിച്ചില്ല.

ദൈവം എന്താ ചെയ്തത്?

നാലുമാസം കഴിഞ്ഞപ്പോള്‍ പിന്നെ കുട്ടിക്ക് വളര്‍ച്ചയില്ല. അവസാനം ടെര്‍മിനേറ്റ് ചെയ്യേണ്ടി വന്നു.

ഞാന്‍ ബാബുവിന്റെ മുഖത്തേക്ക് നോക്കി.ആ മുഖത്ത് ദുഖത്തിന്റെ ലാഞ്ചനപോലുമില്ല. എതിരാളിയെ തോല്‍പ്പിച്ചവന്റെ ഗര്‍വ്വ് മാത്രം.

‘തന്റെ മകന് ദുഖമുണ്ടായില്ലെ?’

അതിനു അവന് മറ്റാരോടെങ്കിലും സ്‌നേഹമുണ്ടായിട്ടു വേണ്ടേ?

അവന് തന്റെ അച്ഛന്റെ ഛായയാണുള്ളത് .സ്വഭാവവും അതുപോലെ തന്നെ. തികഞ്ഞ സ്വാര്‍ത്ഥന്‍. ഇങ്ങിനെയുള്ളവര്‍ വിവാഹം കഴിക്കരുത്.

ഞാന്‍ പക്ഷേ അങ്ങിനെയല്ല.

ഞാന്‍ പറഞ്ഞില്ലല്ലോ. ആട്ടെ, മകന് അമ്മയെ ഇഷ്ടമാണോ?

പിന്നെ. ഇരുപത്തഞ്ചു വയസ്സു വരെ അമ്മയുടെ കൂടെയല്ലേ കിടന്നിരുന്നത്.

മകന്‍ കല്യാണം കഴിച്ചതിന് ശേഷമാണോ ഭാര്യക്ക് സുഖമില്ലാതായത്.

ഒരു തലവേദന. മാറുന്നില്ല.

ഭാര്യ പോയാല്‍ ഇവന്‍ പിന്നേയും അമ്മയുടെ കൂടെയാവുമോ കിടപ്പ്?

പെട്ടെന്നു ബാബുവിന് ഞാന്‍ കളിയാക്കുകയാണോ എന്നൊരു തോന്നല്‍. ആ മുഖം മുറുകി.

‘ബാബു ഞാന്‍ കളിയാക്കിയത് തന്നെയാണ്. നിങ്ങള്‍ക്ക് ആ ചെറുപ്പക്കാരുടെ ജീവിതത്തില്‍ നിന്നു ഒഴിഞ്ഞു പോകാന്‍ പറ്റുമോ?’

ഒഴിഞ്ഞു പോകാനോ? ഞങ്ങളോ? അവളല്ലെ ഒഴിഞ്ഞു പോകേണ്ടത്?

ഞാനൊന്നും മിണ്ടിയില്ല. മിണ്ടിയിട്ടു കാര്യമില്ല.

വെട്ടത്താന്‍