റോഡിലെ ചില തമാശകൾ

119

ഡോ. ഷിനു ശ്യാമളൻ

റോഡിലെ ചില തമാശകൾ

മുന്നിൽ പോകുന്ന വണ്ടിയിൽ നിന്ന് കഷ്ടിച്ച് ഒരു 2 മീറ്റർ ദൂരം പാലിച്ചാൽ ഭാഗ്യം. ഇനി അഥവാ ആരെങ്കിലും ഒരു വണ്ടി അകലം പാലിച്ചാൽ അപ്പോൾ പുറകിലുള്ള വാഹനം ഓടിക്കുന്ന ചേട്ടൻ “അളിയാ ദേ അവിടെ ഒരു ഗ്യാപ്പ്, റോഡിൽ നമുക്ക് ഗ്യാപ്പ് ഇഷ്ടമല്ല” എന്നും പറഞ്ഞു ആ ഗ്യാപ്പിൽ കേറി ഫിൽ ചെയ്യും.
മണിച്ചിത്രത്താഴ് സിനിമയിൽ “വെള്ളം, വെള്ളം” എന്നു പറയുമ്പോൾ പപ്പു പോകുന്നത് പോലെയാണ് ചില വാഹനങ്ങൾ പോകുന്നത്. ഒരു “കുഴി” കാണുമ്പോൾ ഒറ്റ വെട്ടിക്കലാണ്. പാമ്പ് പോകുന്ന പോലെ പുളഞ്ഞു പുളഞ്ഞു ഒരു പോക്ക്. മാളത്തിലേക്ക് അല്ല എന്ന് മാത്രമേയുള്ളൂ ഇവിടെയുള്ള വ്യത്യാസം.
ഇൻഡിക്കേറ്റർ എല്ലാ വാഹനങ്ങളിലും ഉണ്ടെന്നാണ് അറിവ്. പക്ഷെ ചിലരുടെ വാഹനത്തിൽ അത് ഉണ്ടോയെന്ന് ദൈവത്തിനും അവർക്കും മാത്രമേ അറിയൂ. നേരെ പോകുന്ന വണ്ടി സിനിമ സ്റ്റൈലിൽ ഇടത്തോട്ടോ വലത്തോട്ടൊ പെട്ടെന്ന് തിരിയുമ്പോൾ പുറകളിലുള്ള വണ്ടി വേണമെങ്കിൽ കവടി നിരത്തി കണ്ടു പിടിച്ചോണം. അല്ല പിന്നെ.
ഇനിയുണ്ട് വേറെ ചില സ്‌പെഷ്യൽ ഇൻഡിക്കേറ്റർ ഇടുന്ന ആളുകൾ. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ടും, വലത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് ഇടത്തോട്ടും പോകുന്ന വീരന്മാർ. “എന്തെങ്കിലുമൊക്കെ സിഗ്നൽ ഇടുന്നില്ലേ, അതൊക്കെ മതിയെന്നെ”..
റോഡിലെ രാജാവ് എന്നാണ് ചില ബസ്സുകാരുടെ വിചാരം. ഹോർന് അടിച്ചു ലൈറ്റ് മിന്നിച്ചു കാണിച്ച് ഒരു പാച്ചിലാണ്. പേടിച്ചിട്ടു നമ്മൾ മാറി കൊടുക്കും. ബാക്കിയുള്ളവർക്കൊന്നും സമയത്തിന് എത്തണ്ടല്ലോ ബസ്സിന് മാത്രം സമയത്തിന് എത്തിയാൽ മതിയല്ലോ.
വണ്ടി സ്പീഡിൽ വരുമ്പോളാകും ദേ ഒരാൾ ചാടി വണ്ടിയുടെ മുന്നിലേക്ക് വരുന്നത്. ആത്മഹത്യ അല്ല ഉദ്ദേശം. റോഡ് ക്രോസ് ചെയ്യലാണ്. സീബ്ര ക്രോസ്സിങ്. “എവിടെ എവിടെ”… സീബ്ര ക്രോസ്സിങ് തപ്പി തപ്പി റോഡ് ക്രോസ് ചെയ്യാൻ നിന്നാൽ പല സ്ഥലത്തും ക്രോസ് ചെയ്യേണ്ടി വരില്ല. അതുകൊണ്ട് എവിടെയെങ്കിലുമൊക്കെ ആളുകൾ ക്രോസ് ചെയ്യാൻ ഓട്ടമാണ്.
സിഗ്നലിൽ ഒരു സെക്കന്റ് വണ്ടി ഓഫ് ആയിട്ടൊ മറ്റും വണ്ടിയെടുക്കാൻ ഒരു സെക്കന്റ് വൈകിയാൽ അപ്പൊ തുടങ്ങും ഹോണ് അടിച്ചു വെറുപ്പിക്കൽ. റോഡിൽ എവിടെയാണെങ്കിലും ഇത് തന്നെയാണ് അവസ്‌ഥ. ഒന്ന് സ്ലോ ചെയ്താലോ വണ്ടി ഇൻഡിക്കേറ്റർ ഇട്ടു തിരിയാനോ സ്ലോ ചെയ്താൽ അപ്പൊ തുടങ്ങും ഹോർന് അടിക്കൽ.
ബൈക്കുകാരും ഓട്ടോക്കാർക്കും ഇടത് ചാടി വലത് ചാടി… ഇടത്തൂടെയോ വലത്തൂടെയോയൊക്കെ വണ്ടി ഓവർടേക്ക് ചെയ്തു പോകുന്നത് കാണാം. ഇനിയാകെ അവർക്ക് പറക്കുവാൻ ചിറകുകൾ കൂടിയേ വേണ്ടു. എന്നാൽ പൊളിക്കും .
ഹസർഡ് സിഗ്നൽ ഓണാക്കി വണ്ടി നേരെ പോകുന്നതാണ് മനുഷ്യൻ കണ്ടെത്തിയ പുതിയ നിയമം. ഇതിനി മോട്ടോർ വകുപ്പ് നിയമമാക്കി മാറ്റിയോ അതോ ഇനി മാറ്റുമോ എന്ന് കണ്ടറിയണം. ഇല്ലെങ്കിൽ അങ്ങനെ ചെയ്യുന്നവർ കൊണ്ടറിയണം .
മെയിൻ റോഡിലെ വണ്ടി കടന്ന് പോയാലും ഇല്ലെങ്കിലും ചിലരുണ്ട് എവിടുന്നെങ്കിലുമൊക്കെ വണ്ടിയുമായി ഇടത് വലത് നോക്കാതെ ഒറ്റക്കയറ്റമാണ് മെയിൻ റോഡിലോട്ട്.. മാന്യദ്ദേഹത്തിന് ജന്മം നൽകിയവരെ നാം അറിയാതെ സ്മരിച്ചു പോകുമാ സുവർണ്ണ നിമിഷങ്ങളിൽ .
ഹെൽമെറ്റ് കൈമുട്ടിൽ ഇട്ടു വണ്ടിയോടിക്കുന്നവരും, പൊലീസിനെ പറ്റിക്കാൻ തലയിൽ തൊട്ടു തൊട്ടില്ല എന്ന ഫാഷനിൽ ഫിറ്റ് ചെയ്തു വെക്കുന്ന വീരന്മാരുടേയും സ്വന്തം നാട്.
ബൈക്കിന്റെ മിറർ ഊരി മാറ്റി ഇടതും വലതും നോക്കാതെ വണ്ടിയോടിക്കുന്നവരോട് എന്ത് പറയാൻ. അവരോട് വേദമോദിയിട്ട് ഒരു കാര്യവുമില്ല. നേരെ മാത്രമേ അവർ നോക്കു. ഈ മിറർ നിങ്ങളുടെ മുഖം നോക്കാനുള്ള സാധാനമായിട്ടെങ്കിലും പരിഗണിച്ചു അതു അഴിച്ചു മാറ്റാതെ ഇരുന്നൂടെ? വല്ലപ്പോഴുമെങ്കിലും ഓവർടേക്ക് ചെയ്യുമ്പോൾ മിററിൽ ഒന്ന് നോക്കാലോ…അല്ലെ.
ഇങ്ങനെ പോകുന്നു റോഡിലെ ലീലാവിലാസങ്ങൾ.. മലയാളിയോടാ കളി..