Connect with us

Education

ചില വ്യാകരണചിന്തകള്‍ – ഭാഗം 1- ‘അഹ’ വേണ്ട

ഒരേയൊരു പദത്തിലൊഴികെ, മറ്റൊരു പദത്തിലും വിസര്‍ഗ്ഗം, അതായത് അഃ, ഉപയോഗിയ്‌ക്കേണ്ടതില്ലാത്തതുകൊണ്ടു വിസര്‍ഗ്ഗമിന്ന് അക്ഷരമാലയുടെ ഭാഗമല്ല.

 22 total views

Published

on

Malayalam

രചന: സുനില്‍ എം എസ്

ഈ വാചകമൊന്നു ശ്രദ്ധിയ്ക്കുക:

‘അക്ഷരമാലയില്‍ സ്വരാക്ഷരങ്ങളിലെ അവസാനത്തേതാണ് ‘അഃ”

ഈ വാചകത്തിലെ ‘അവസാനത്തേതാണ്’ എന്ന പദം ‘അവസാനത്തേതായിരുന്നു’ എന്നു തിരുത്തേണ്ടിയിരിയ്ക്കുന്നു. അപ്രകാരം തിരുത്തിയ വാചകമിതാ:

‘അക്ഷരമാലയില്‍ സ്വരാക്ഷരങ്ങളിലെ അവസാനത്തേതായിരുന്നു ‘അഃ”.

തെറ്റായ വാചകമെഴുതിയ ശേഷമതു തിരുത്തുന്നതിനു പകരം ശരിയായ വാചകമങ്ങെഴുതിയാല്‍പ്പോരായിരുന്നോ എന്ന ചോദ്യമുയരാം. ഇക്കാര്യത്തിനു കൂടുതല്‍ ശ്രദ്ധ ലഭിയ്ക്കാന്‍ വേണ്ടിയാണീ വളഞ്ഞ വഴി സ്വീകരിച്ചത്.

‘അവസാനത്തേതായിരുന്നു’ എന്ന പദം വായിച്ച്, ‘അതെന്താ, ‘അഃ’ ഇപ്പോള്‍ നിലവിലില്ലേ?’ എന്നും ചോദിച്ചേയ്ക്കാം.

Advertisement

‘ഇല്ല’ എന്നാണുത്തരം. ഒരേയൊരു പദത്തിലൊഴികെ, മറ്റൊരു പദത്തിലും വിസര്‍ഗ്ഗം, അതായത് അഃ, ഉപയോഗിയ്‌ക്കേണ്ടതില്ലാത്തതുകൊണ്ടു വിസര്‍ഗ്ഗമിന്ന് അക്ഷരമാലയുടെ ഭാഗമല്ല. ഇതിന്നുപോദ്ബലകമായ രണ്ടു നിര്‍ദ്ദേശങ്ങള്‍ താഴെയുദ്ധരിയ്ക്കുന്നു:

‘a) വിസര്‍ഗത്തെ സൂചിപ്പിക്കാന്‍ അക്ഷരങ്ങള്‍ക്കു ശേഷം രണ്ടു കുത്തുകള്‍ (:) ഇടുന്ന സമ്പ്രദായം ഉപേക്ഷിച്ചു. തുടര്‍ന്നു വരുന്ന അക്ഷരത്തിന്റെ ഇരട്ടിപ്പു കൊടുക്കുക.

ഉദാ. മനശ്ശാസ്ത്രം, അധപ്പതനം

b) അതിഖരത്തിന് ഇരട്ടിപ്പു പ്രയോഗത്തിലില്ലാത്തതിനാല്‍ ദുഃഖം എന്ന പദത്തിനു മാത്രം വിസര്‍ഗ്ഗം ഉപയോഗിക്കേണ്ടതാണ്.’

കേരളസംസ്ഥാനവിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണു മുകളിലുദ്ധരിച്ചിരിയ്ക്കുന്ന നിര്‍ദ്ദേശം. ഒരു സര്‍ക്കാര്‍ സ്ഥാപനമായിരുന്ന ഈ ഇന്‍സ്റ്റിറ്റ്യൂട്ടു പില്‍ക്കാലത്തു സ്റ്റേറ്റ് കൌണ്‍സില്‍ ഓഫ് എജൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എസ് സി ഈ ആര്‍ ടി) ആയി രൂപാന്തരപ്പെട്ടു. എസ് സി ഈ ആര്‍ ടി ഒരു സര്‍ക്കാര്‍ സ്ഥാപനമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എസ് സി ഈ ആര്‍ ടിയാണിപ്പോള്‍ സര്‍ക്കാര്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളിലെ പാഠപുസ്തകങ്ങളൊരുക്കുന്നത്. കേരളത്തിലെ സ്‌കൂള്‍കുട്ടികള്‍ പഠിയ്‌ക്കേണ്ട പാഠങ്ങളെന്തെല്ലാമെന്നു തീരുമാനിയ്ക്കുന്നത് എസ് സി ഈ ആര്‍ ടിയാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യയിലെ സാക്ഷരത അഞ്ചു ശതമാനത്തില്‍ത്താഴെയായിരുന്നു. അയിത്തവും മറ്റും മൂലം കേരളത്തിലെ ബഹുഭൂരിപക്ഷം ജനത്തിനും പൊതുസ്ഥലങ്ങളില്‍ പ്രവേശിയ്ക്കാനാകാതിരുന്ന അക്കാലത്ത് ഇവിടത്തെ സാക്ഷരത അന്നത്തെ ദേശീയനിരക്കിനോളം പോലുമുണ്ടായിരുന്നു കാണാന്‍ വഴിയില്ല. എഴുത്തും വായനയും പുരോഗമിച്ചപ്പോള്‍, നിശ്ചിതമായ വ്യാകരണനിയമങ്ങള്‍ വേണമെന്ന ചിന്ത പ്രബലമായിത്തീര്‍ന്നു കാണണം.

മലയാളത്തില്‍ വ്യാകരണനിയമങ്ങള്‍ എഴുതിയുണ്ടാക്കുക ബുദ്ധിമുട്ടായിരുന്നിരിയ്ക്കണം. എന്നാല്‍, സംസ്‌കൃതമറിയാവുന്നവരായി അന്നു പലരുമുണ്ടായിരുന്നു. അവരില്‍ച്ചിലര്‍ സംസ്‌കൃതത്തിലെ വ്യാകരണനിയമങ്ങള്‍ മലയാളത്തിലേയ്ക്കു പകര്‍ത്തുകയെന്ന എളുപ്പവഴി സ്വീകരിച്ചു. മലയാളവ്യാകരണത്തിലെ ഭൂരിഭാഗം വൃത്തങ്ങളും അലങ്കാരങ്ങളും ഇതിനുള്ള തെളിവാണ്. ചില വൃത്തങ്ങളുടെ പേരുകള്‍ പറയാം: രഥോദ്ധത, ദ്രുതവിളംബിതം, ഭുജംഗപ്രയാതം, ശാര്‍ദ്ദൂലവിക്രീഡിതം, സ്രഗ്ദ്ധത, ഇക്ഷുദണ്ഡിക… മുപ്പത്തൊന്നെണ്ണം ഇത്തരത്തിലുള്ളവയാണ്. കാകളി, കേക, മുതലായ ഭാഷാവൃത്തങ്ങളാകട്ടെ, വെറും ഒമ്പതെണ്ണം മാത്രവും. 77 ശതമാനം വൃത്തങ്ങളും സംസ്‌കൃതത്തില്‍ നിന്നുള്ള പകര്‍ത്തല്‍ തന്നെ.

Advertisement

അലങ്കാരങ്ങളുടെ കാര്യവും വൃത്തങ്ങളുടേതില്‍ നിന്നു വിഭിന്നമല്ല. ചില അലങ്കാരങ്ങളുടെ പേരുകളിതാ: പ്രത്യനീകം, പരിവൃത്തി, പരിസംഖ്യ, നിദര്‍ശന, സ്മൃതിമാന്‍, അര്‍ത്ഥാന്തരന്യാസം… ഒരു വ്യാകരണപ്പുസ്തകത്തില്‍ ഇത്തരത്തിലുള്ള അറുപത്തെട്ട് അലങ്കാരങ്ങള്‍ കണ്ടു. ഇവ സംസ്‌കൃതത്തില്‍ നിന്നുള്ള പകര്‍ത്തലാണോ എന്നറിയില്ല; അവയുടെ പേരുകള്‍ക്കു സംസ്‌കൃതവുമായി അടുപ്പമുണ്ട്. അവ്യയീഭാവന്‍, തല്‍പ്പുരുഷന്‍, ബഹുവ്രീഹി എന്നിങ്ങനെയുള്ള സമാസങ്ങളും സംസ്‌കൃതത്തില്‍ നിന്നുള്ളവയാണ്.

വൃത്തങ്ങളേയും അലങ്കാരങ്ങളേയും പോലെ, സംസ്‌കൃതത്തില്‍ നിന്നു മലയാളത്തിലേയ്ക്കു പകര്‍ത്തിയെഴുതിയ മറ്റൊന്നായിരുന്നു, വിസര്‍ഗ്ഗം. വിസര്‍ഗ്ഗമാണ് ഈ ലേഖനവിഷയം.

വിസര്‍ഗ്ഗം ശുദ്ധമലയാളിയല്ല. ശുദ്ധമലയാളപദങ്ങളില്‍ വിസര്‍ഗ്ഗമില്ല. സംസ്‌കൃതപദങ്ങളില്‍ മാത്രമാണു വിസര്‍ഗ്ഗം ഉപയോഗിയ്ക്കപ്പെട്ടിരുന്നതും ഇന്നും ഉപയോഗിയ്ക്കപ്പെടുന്നതും. ‘ഹരിശ്രീ ഗണപതയേ നമഃ’: ഈ സംസ്‌കൃതവാക്യം പതിറ്റാണ്ടുകള്‍ക്കു മുമ്പു മലയാളം എഴുതിപ്പഠിച്ച പലര്‍ക്കും സുപരിചിതമായിരിയ്ക്കും. വിസര്‍ഗ്ഗമുള്ള സംസ്‌കൃതപദങ്ങളെ മലയാളത്തിലേയ്ക്കു കൊണ്ടുവന്നപ്പോള്‍ വിസര്‍ഗ്ഗത്തെ ഉപേക്ഷിച്ചില്ല. ഉദാഹരണം: മനഃപൂര്‍വ്വം, പരിതഃസ്ഥിതി, പുനഃപരിശോധന.

ബുട്ട് എന്നെഴുതിയിട്ടു ബട്ടെന്നും, കുട്ട് എന്നെഴുതിയിട്ടു കട്ടെന്നും വായിയ്ക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. എഴുതിയിരിയ്ക്കുന്ന പോലെയല്ല, ഇംഗ്ലീഷിന്റെ വായന. വായന എഴുത്തില്‍ നിന്നു വ്യത്യസ്തമായതുകൊണ്ട്, ഇംഗ്ലീഷൊരു ഫൊണറ്റിക് ഭാഷയല്ല. മലയാളത്തിലെ സമ്പ്രദായമങ്ങനെയല്ല: കുട്ട എന്നെഴുതിയാല്‍ നാം കുട്ട എന്നു തന്നെ വായിയ്ക്കും, അല്ലാതെ, കട്ട എന്നു വായിയ്ക്കുകയില്ല. എഴുതിയിരിയ്ക്കുന്നതുപോലെ വായിയ്ക്കുന്ന, അതായത് ഉച്ചരിയ്ക്കുന്ന ഭാഷയാണു മലയാളം. അതുകൊണ്ടു മലയാളമൊരു ഫൊണറ്റിക് ഭാഷയാണ്. എന്നാല്‍, വിസര്‍ഗ്ഗമുള്ള പദങ്ങളുടെ ഉച്ചാരണത്തില്‍ നാമത്ര ‘ഫൊണറ്റിക്’ അല്ല താനും. വിശദീകരിയ്ക്കാം.

വിസര്‍ഗ്ഗത്തിനു രണ്ടുച്ചാരണങ്ങളാണുള്ളത്: ‘അഹ്’, ‘അഹ’. വിസര്‍ഗ്ഗം അഹിനേയോ അഹയേയോ സൂചിപ്പിയ്ക്കുന്നു. വിസര്‍ഗ്ഗത്തെ എവിടെക്കാണുന്നുവോ, അവിടെയെല്ലാം അഹ് അല്ലെങ്കില്‍ അഹ എന്നുച്ചരിയ്ക്കണം. ഇവയിലേത്, എവിടെയെല്ലാം വരുമെന്നു നോക്കാം. ക, ഖ, പ, ഫ, സ എന്നീ ശബ്ദങ്ങളുടെ മുമ്പില്‍ വരുന്ന വിസര്‍ഗ്ഗത്തെ ‘അഹ്’ എന്നാണുച്ചരിയ്ക്കുക. മറ്റിടങ്ങളിലൊക്കെ ‘അഹ’ എന്നും.

നമഃയുടെ ഉച്ചാരണം എങ്ങനെയായിരിയ്ക്കുമെന്നു നോക്കാം. ഈ പദത്തിലെ വിസര്‍ഗ്ഗത്തിന്റെ പിന്നില്‍ ക, ഖ, പ, ഫ, സ എന്നീ ശബ്ദങ്ങളില്ലാത്തതു കൊണ്ട് അഹ എന്നാണീ വിസര്‍ഗ്ഗത്തിന്റെ ഉച്ചാരണം. അതുകൊണ്ടു പദത്തിന്റെ ഉച്ചാരണം നമഹ എന്നും. മനഃപൂര്‍വ്വം എന്ന പദത്തിലെ വിസര്‍ഗ്ഗത്തിന്റെ ഉച്ചാരണം എങ്ങനെയായിരിയ്ക്കും? പ എന്ന ശബ്ദത്തിനു മുമ്പു വിസര്‍ഗ്ഗം വന്നിരിയ്ക്കുന്നതുകൊണ്ട് ഇവിടത്തെ വിസര്‍ഗ്ഗത്തിന്റെ ഉച്ചാരണം അഹ്. മനഃപൂര്‍വ്വം എന്നെഴുതിയ ശേഷം അതുവായിയ്‌ക്കേണ്ടത് മനഹ്പൂര്‍വ്വം എന്നാണ്. പരിതഃസ്ഥിതിയില്‍ സ എന്ന ശബ്ദത്തിനു മുമ്പു വിസര്‍ഗ്ഗം വന്നിരിയ്ക്കുന്നതുകൊണ്ട് പരിതഹ്സ്ഥിതിയെന്നു വായിയ്ക്കണം. പുനഃപരിശോധനയില്‍ പ എന്ന ശബ്ദത്തിനു മുമ്പു വിസര്‍ഗ്ഗം വന്നിരിയ്ക്കുന്നു, പുനഹ്പരിശോധനയെന്നു വേണം വായിയ്ക്കാന്‍.

സംഗതി ലളിതം. പക്ഷേ, മനഹ്പൂര്‍വ്വം, പരിതഹ്സ്ഥിതി, പുനഹ്പരിശോധന എന്നെല്ലാം ഏതു മലയാളിയാണുച്ചരിയ്ക്കാറ്?

Advertisement

ഞാനീച്ചോദ്യമുന്നയിയ്ക്കാന്‍ സ്വന്തമായൊരു കാരണമുണ്ട്: ഞാനിതുവരെ ഉച്ചരിച്ചുപോന്നിരിയ്ക്കുന്നതു മനപ്പൂര്‍വ്വം, പരിതസ്ഥിതി, പുനപ്പരിശോധന എന്നെല്ലാമാണ്. ഭാഗ്യത്തിന്, ഇക്കാര്യത്തില്‍ ഞാന്‍ തനിച്ചല്ല. ഇത്രയും കാലത്തിനിടയില്‍ മനഹ്പൂര്‍വ്വം, പരിതഹ്സ്ഥിതി, പുനഹ്പരിശോധന എന്നെല്ലാം ഒരാള്‍ പോലും ഉച്ചരിയ്ക്കുന്നതു ഞാന്‍ കേട്ടിട്ടില്ല. ഈ പദങ്ങളെഴുതുമ്പോള്‍ മിയ്ക്കവരും വിസര്‍ഗ്ഗം ചേര്‍ക്കേണ്ടിടത്തു ചേര്‍ത്തുതന്നെയെഴുതാറുണ്ടെങ്കിലും, അവരുച്ചരിയ്ക്കുന്നതു മനപ്പൂര്‍വ്വം, പരിതസ്ഥിതി, പുനപ്പരിശോധന എന്നൊക്കെത്തന്നെ. മനപ്പൂര്‍വ്വം, പുനപ്പരിശോധന എന്നീ പദങ്ങളില്‍ വിസര്‍ഗ്ഗത്തെത്തുടര്‍ന്നുള്ള പ എന്ന അക്ഷരത്തെ പ്പ എന്ന് ഇരട്ടിപ്പിച്ചിരിയ്ക്കുന്നു. പരിതസ്ഥിതിയില്‍ സ്ഥ എന്ന കൂട്ടക്ഷരമുള്ളതുകൊണ്ട് അതിനെ വീണ്ടും ഇരട്ടിപ്പിച്ചില്ല.

വിസര്‍ഗ്ഗത്തെ ‘ഹ’കാരം കൂടാതെ ഉച്ചരിയ്ക്കുന്ന, മലയാളികളുടെ ഈ പൊതുരീതിയെ കേരളസംസ്ഥാനവിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട് അതേപടി ‘ദേശസാല്‍ക്കരിച്ചു’. എന്നു വച്ചാല്‍, ആ രീതിയ്ക്ക് അവര്‍ ആധികാരികത നല്‍കി ഔപചാരികമാക്കി. അതുകൊണ്ട്, മുമ്പു വിസര്‍ഗ്ഗം ഉപയോഗിച്ചിരുന്ന എല്ലാ പദങ്ങളിലും വിസര്‍ഗ്ഗം ഉപേക്ഷിച്ചു; പകരം, വിസര്‍ഗ്ഗത്തെത്തുടര്‍ന്നു വരുന്ന അക്ഷരത്തെ ഇരട്ടിപ്പിച്ചു. മനഃപൂര്‍വ്വത്തിലെ വിസര്‍ഗ്ഗത്തെ നീക്കി, പൂ എന്ന അക്ഷരത്തെ പ്പൂ എന്നാക്കി. പുനഃപരിശോധനയിലെ വിസര്‍ഗ്ഗത്തെ നീക്കി, പകരം പ എന്ന അക്ഷരത്തെ ഇരട്ടിപ്പിച്ചു. പരിതഃസ്ഥിതിയിലെ വിസര്‍ഗ്ഗത്തെത്തുടര്‍ന്നു സ്ഥ എന്ന കൂട്ടക്ഷരമുള്ളതുകൊണ്ടു വിസര്‍ഗ്ഗത്തെ നീക്കം ചെയ്യുക മാത്രമേ ചെയ്തുള്ളൂ. അങ്ങനെ, ഫൊണറ്റിക്കല്ലാതിരുന്ന ഈ പദങ്ങള്‍ ഫൊണറ്റിക്കായി. സംസ്‌കൃതഭാഷയില്‍ നിന്നു വന്ന വിസര്‍ഗ്ഗത്തെ നീക്കം ചെയ്തു മലയാളവല്‍ക്കരിച്ചു (‘മലയാളവത്കരിച്ചു’ എന്നു സംസ്‌കൃതപ്രേമികള്‍ പറയും) എന്നാണു ഞാന്‍ പറയുക. മലയാളത്തെ ശുദ്ധീകരിച്ചു എന്നും പറയാം.

എന്നാലീ മലയാളവല്‍ക്കരണം, അഥവാ ശുദ്ധീകരണം, ‘ദുഃഖം’ എന്ന പദത്തിനു മാത്രം ബാധകമല്ല. ദുഃഖം എന്ന പദത്തില്‍ ഖ എന്ന ശബ്ദത്തിനു മുമ്പു വിസര്‍ഗ്ഗം വന്നിരിയ്ക്കയാല്‍ ആ പദം ദുഃഖം എന്ന്, വിസര്‍ഗ്ഗം ചേര്‍ത്തുതന്നെ എഴുതുകയും, ദുഹ്ഖം എന്നുച്ചരിയ്ക്കുകയും വേണം. നിയമം ഇതാണെങ്കിലും, ദുഃഖം എന്ന, വിസര്‍ഗ്ഗമുള്ള പദം നാമുച്ചരിയ്ക്കുമ്പോള്‍ ഹ് എന്ന ശബ്ദം കടന്നു വരാറില്ല. പകരം, ഖ എന്ന അക്ഷരത്തിനു നാമൊരൂന്നല്‍ നല്‍കുന്നു. ഇരട്ടിച്ച ഖ യോടാണ് അതിനു കൂടുതല്‍ സാമീപ്യം. (ദുഃഖം, സുഖം എന്നീ പദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി, അടുപ്പിച്ച്, ഉച്ചരിച്ചു നോക്കിയാല്‍ ഇക്കാര്യം വെളിപ്പെടും.) എന്നാല്‍, ഇവിടെയൊരു കുഴപ്പമുണ്ട്. എഴുത്തില്‍ ഖ ഇരട്ടിയ്ക്കുന്ന രീതി നിലവിലില്ല. ഖ, ഛ, ഠ, ഥ, ഫ എന്നീ അക്ഷരങ്ങള്‍ ‘അതിഖര’ങ്ങളാണ്. ഘ, ഝ, ഢ, ധ,ഭ എന്നിവ ‘ഘോഷ’ങ്ങളും. അതിഖരങ്ങളും ഘോഷങ്ങളും ഇരട്ടിയ്ക്കാറില്ല. അവയുടെ ഇരട്ടിപ്പുള്ള പദങ്ങള്‍ ഉപയോഗത്തിലില്ല. അവ ഇരട്ടിച്ചിരുന്നെങ്കില്‍ ദുഖ്ഖം എന്നെഴുതാമായിരുന്നു. നാമുച്ചരിച്ചുപോകുന്നതു ദുഖ്ഖം എന്നാണെങ്കിലും, എഴുത്തില്‍, ഔപചാരികമായി, ഖ ഇരട്ടിയ്ക്കാത്തതുകൊണ്ട്, എഴുതുമ്പോള്‍ നാം ദുഃഖം എന്നു തന്നെ തുടര്‍ന്നും എഴുതേണ്ടി വരുന്നു. ദുഃഖം എന്ന്, വിസര്‍ഗ്ഗത്തോടെ, എഴുതേണ്ടിവരുന്നതുകൊണ്ട്, എഴുത്തിനനുസൃതമായി, ദുഹ്ഖം എന്നുച്ചരിയ്‌ക്കേണ്ടിയും വരുന്നു.

ഇതുവരെപ്പറഞ്ഞതിനര്‍ത്ഥം, ദുഃഖം എന്ന ഒരൊറ്റ മലയാളപദത്തില്‍ മാത്രമേ വിസര്‍ഗ്ഗം ഇന്നുപയോഗത്തിലുള്ളൂ, ഉപയോഗിയ്‌ക്കേണ്ടൂ എന്നാണ്. മറ്റൊരു മലയാളപദത്തിലും വിസര്‍ഗ്ഗം ഉപയോഗിയ്‌ക്കേണ്ടതില്ല. വാസ്തവത്തില്‍ ദുഃഖത്തില്‍ മാത്രമായി വിസര്‍ഗ്ഗം നിലനിര്‍ത്തേണ്ട കാര്യമില്ല. സുഖം എന്നെഴുതുന്നതു പോലെ, വിസര്‍ഗ്ഗമില്ലാതെ, ദുഖം എന്നെഴുതാവുന്നതേയുള്ളു. സുഖം, ദുഖം, സുഖം, ദുഖം…സുഖം എന്നെഴുതാമെങ്കില്‍ ദുഖം എന്നുമെഴുതാനാകണം. തല്‍ക്കാലം (‘തല്‍ക്കാലം’ ശുദ്ധമലയാളവും ‘തത്കാലം സങ്കരവുമാണ്) ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം പോകുക: ദുഃഖം എന്ന്, വിസര്‍ഗ്ഗത്തോടെ, തുടര്‍ന്നുമെഴുതുക. കാലക്രമേണ, ഇന്‍സ്റ്റിറ്റ്യൂട്ട് (ഇപ്പോള്‍ എസ് സി ഈ ആര്‍ ടി) വിസര്‍ഗ്ഗത്തെ മലയാ!ളഭാഷയില്‍ നിന്നു പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്നു പ്രതീക്ഷിയ്ക്കാം.

വിസര്‍ഗ്ഗത്തെ നീക്കുന്നതിനു മുമ്പും പിമ്പുമുള്ള ചില പദങ്ങള്‍ താഴെക്കൊടുക്കുന്നു:

പുനഃസംവിധാനം പുനസ്സംവിധാനം, പുനഃപ്രതിഷ്ഠ പുനപ്രതിഷ്ഠ, പുനഃസ്ഥാപിക്കുക പുനസ്ഥാപിക്കുക, പുനഃപരിവര്‍ത്തനം പുനപ്പരിവര്‍ത്തനം, പുനഃക്രമീകരണം പുനക്രമീകരണം, പുനഃപ്രസിദ്ധീകരണം പുനപ്രസിദ്ധീകരണം, പുനഃസമാഗമം – പുനസ്സമാഗമം

‘പുനര്‍’ എന്ന ഉപസര്‍ഗ്ഗത്തില്‍ വിസര്‍ഗ്ഗമില്ലാത്തതിനാല്‍ അതു ‘പുനഃ’യില്‍ നിന്നു വ്യത്യസ്തമാണെന്നു പറയേണ്ടതില്ലല്ലോ.

Advertisement

വിസര്‍ഗ്ഗമുപയോഗിയ്ക്കുന്ന വേറേയുമേറെപ്പദങ്ങള്‍ മലയാളത്തിലുണ്ട്. അവയില്‍ പെട്ടെന്നോര്‍മ്മിയ്ക്കാനായ ചിലതു മാത്രമേ ഉദാഹരണങ്ങളായി മുകളിലുദ്ധരിച്ചിട്ടുള്ളു.

കേരളസംസ്ഥാനവിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശമിറങ്ങിയിട്ടു വര്‍ഷങ്ങളേറെയായെങ്കിലും, വിസര്‍ഗ്ഗമുപയോഗിച്ചുള്ള പദങ്ങള്‍ (ദുഃഖത്തിനു പുറമേ) അച്ചടിയിലും ഓണ്‍ലൈനിലും ഇപ്പോഴും കാണാറുണ്ട്. കേരളസംസ്ഥാനവിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ നിര്‍ദ്ദേശത്തെക്കുറിച്ച് അധികമാരും അറിയാനിടവന്നിട്ടില്ലാത്തതുകൊണ്ടാവാം, വിസര്‍ഗ്ഗോപയോഗം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നത്. സംസ്‌കൃതാരാധകരായ ചിലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശത്തെപ്പറ്റി അറിഞ്ഞിട്ടും അതിനെ ‘മനപ്പൂര്‍വ്വം’ അവഗണിയ്ക്കുന്നുണ്ടാകാം. വിസര്‍ഗ്ഗം ചേര്‍ത്തിരുന്നയിടങ്ങളില്‍ വിസര്‍ഗ്ഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള എഴുത്ത് അവര്‍ക്കു ചിന്തിയ്ക്കാന്‍ പോലുമാകുന്നുണ്ടാവില്ല. വിസര്‍ഗ്ഗത്തെ ഒഴിവാക്കുന്നതേപ്പറ്റിയുള്ള അവരുടെ ചിന്ത എന്തുതന്നെയായാലും, വിസര്‍ഗ്ഗമുപേക്ഷിയ്ക്കണമെന്ന കേരളസംസ്ഥാനവിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശം നിലവിലിരിയ്‌ക്കെ, ആ നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ടു വിസര്‍ഗ്ഗോപയോഗം തുടരുന്നതിനോടു യോജിയ്ക്കാനാവില്ല. സംസ്‌കൃതത്തെ ആരാധിയ്ക്കുന്നവര്‍ വിസര്‍ഗ്ഗം സംസ്‌കൃതത്തിലുപയോഗിച്ചോട്ടേ, പക്ഷേ, സംസ്‌കൃതത്തെ മലയാളത്തിലെന്തിന് അനാവശ്യമായി കൂട്ടിക്കുഴയ്ക്കണം?

വിസര്‍ഗ്ഗത്തെ ഉപേക്ഷിച്ചുണ്ടായ മനശ്ശാസ്ത്രം എന്ന പദത്തിനു മനഃശാസ്ത്രം എന്ന മൂലപദത്തിന്റെ സകലകര്‍മ്മങ്ങളും യഥാവിധി ചെയ്യാനാകുന്നുണ്ട്. അധഃപതനത്തിലെ വിസര്‍ഗ്ഗത്തെ ഉപേക്ഷിച്ചുണ്ടായ ‘അധപ്പതനം’ മലയാളഭാഷയുടെ അധപ്പതനത്തിന്റെ ലക്ഷണമാണെന്നു ചില സംസ്‌കൃതാരാധകരും യാഥാസ്ഥിതികരും മാത്രമേ ആരോപിയ്ക്കുകയുള്ളൂ. വിസര്‍ഗ്ഗത്തെ ഉപേക്ഷിച്ചതുകൊണ്ടു മലയാളഭാഷയ്ക്കു യാതൊരുവിധ അധപ്പതനവുമുണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. നേരേ മറിച്ച്, ഗുണമുണ്ടു താനും. വിസര്‍ഗ്ഗമുണ്ടായിരുന്ന പദങ്ങളുടെ എഴുത്തും ഉച്ചാരണവും തമ്മിലുണ്ടായിരുന്ന വിടവ്, വിസര്‍ഗ്ഗത്തെ ഉപേക്ഷിച്ചതോടെ നികത്തപ്പെട്ടു. വിസര്‍ഗ്ഗത്തെ ഉപേക്ഷിച്ചതോടെ ആ പദങ്ങള്‍ പൂര്‍ണ്ണമായും ഫൊണറ്റിക് ആയിത്തീര്‍ന്നു. അവ കൂടുതല്‍ മലയാളവല്‍ക്കരിയ്ക്കപ്പെട്ടു. വിസര്‍ഗ്ഗം മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരനാവശ്യരീതിയായിരുന്നു. ആ അനാവശ്യരീതി നാമുപേക്ഷിച്ചെന്നു മാത്രം. മലയാളഭാഷയ്ക്ക് അതുകൊണ്ടൊരു കോട്ടവും സംഭവിച്ചിട്ടില്ല.

വിസര്‍ഗ്ഗം ഉപേക്ഷിച്ചതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്: സ്‌കൂള്‍തലത്തിലെ കേട്ടെഴുത്തില്‍ അദ്ധ്യാപകരുടെ ഇഷ്ടപദങ്ങളായിരുന്നു, വിസര്‍ഗ്ഗം ചേര്‍ത്തവ. അവയെഴുതുമ്പോള്‍ വിസര്‍ഗ്ഗത്തെപ്പറ്റി ഓര്‍ക്കാത്ത കുട്ടികള്‍ക്കെല്ലാം തെറ്റു പറ്റും, ഉറപ്പ്. വിസര്‍ഗ്ഗം ഒഴിവാക്കിയതോടെ, ആ പ്രശ്‌നം പരിഹൃതമായി.

റിപ്പ്‌വാന്‍ വിങ്കിള്‍ ഇരുപതു വര്‍ഷം തുടര്‍ച്ചയായി ഉറങ്ങിപ്പോയി. ഇരുപതുവര്‍ഷം നീണ്ട ഉറക്കത്തിനു ശേഷം ഉണര്‍ന്നെണീറ്റ റിപ്പ്‌വാന്‍ വിങ്കിള്‍, ഉറക്കത്തിനിടയില്‍ കടന്നുപോയിരുന്ന ഇരുപതുവര്‍ഷങ്ങളില്‍ സംഭവിച്ചതൊന്നും അറിഞ്ഞിരുന്നില്ല. ഇരുപതു വര്‍ഷത്തിലേറെക്കാലം മുമ്പ്, കേരളസംസ്ഥാനവിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടു പുറപ്പെടുവിച്ച നിര്‍ദ്ദേശത്തെപ്പറ്റി അറിയാതെ, ദുഃഖം എന്ന പദത്തിനു പുറമേ മറ്റു പദങ്ങളിലും വിസര്‍ഗ്ഗോപയോഗം തുടരുന്നവര്‍ അഭിനവ റിപ്പ്‌വാന്‍ വിങ്കിളുമാരായി ഭാവിയില്‍ അറിയപ്പെട്ടെന്നു വരാം. സമീപകാലം വരെ ഈ ലേഖകനും ഇത്തരത്തിലുള്ളൊരു റിപ്പ്‌വാന്‍ വിങ്കിളായിരുന്നെന്നു സമ്മതിയ്ക്കാതെ തരമില്ല. വിസര്‍ഗ്ഗത്തിന്റെ ഉപയോഗം, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശാനുസരണം നടപ്പില്‍ വരുത്തുക, അഭിനവ റിപ്പ്‌വാന്‍ വിങ്കിളെന്നു പരിഹസിയ്ക്കപ്പെടാതിരിയ്ക്കുക: ഇതാണെനിയ്ക്കു പറയുവാനുള്ളത്.

 23 total views,  1 views today

Advertisement
Advertisement
Entertainment11 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement