ഈ നിഷ്കളങ്ക സംശയങ്ങൾക്ക് ഉത്തരമുണ്ടോ വിശ്വാസികളേ ?

0
534

ഇത് ഒരു വെല്ലുവിളിയോ ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചോ അല്ല.മിക്ക ആളുകളുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകാവുന്ന ചില നിഷ്കളങ്ക സംശയങ്ങൾ മാത്രം.സംശയിക്കുന്നതിനെ പേടിയോടെ കാണാതിരിക്കുക. നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ സംശയിക്കുക.
തൻറ്റെ വിശ്വാസം മാത്രമാണ് ശരിയായതെന്നും മറ്റുള്ളവരുടേത് ശരിയല്ലെന്നുമുള്ള വർഗ്ഗീയമായ 
ചിന്തകൾ നിങ്ങളുടെ മനസ്സിൽ രൂപം കൊള്ളുമ്പോൾ ഈ ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചു നോക്കുക…

1) സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം? എന്താണ് അതിനുള്ള മാനദണ്ഡം?

2) ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?
(കേരളത്തിൽ
2011ലെ കണക്കു പ്രകാരം മതങ്ങളുടെ വളർച്ച 2 ശതമാനവും നിരീശ്വരവാദികളുടെ വളർച്ച 294
ശതമാനവുമാണെന്നാണ് കണക്കുകൾ)

3) മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതർ മുഖേനയോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ ലളിതമായി ആർക്കും
മനസ്സിലാവുന്ന വിധത്തിൽ straight forward ആയി എഴുതപ്പെടാത്തത്?

4) കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്.. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?

5) ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല; ദൈവം എന്നൊരു intelligent designer ഇതിന്റെ
പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില് എന്താണ് അതിന് കാരണം?‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?

6) മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs
എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ്, പുരുഷ ലിംഗാഗ്ര ചർമ്മം തുടങ്ങിയവ ഉദാഹരണം) ഉണ്ടാക്കിയത് എന്തിനാണ്?

7) കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ
മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?

8) ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്? വസ്ത്രം മനുഷ്യർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ?

9) പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ്
സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?

10) ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ ?.

11) ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു
മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്? ഇനി ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?

12) ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍
എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)

13) ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ
എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?

14) സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ
ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?

15) എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ
വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാ മതസ്ഥരും ആ ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തിൻറ്റെ മതത്തിൽ വിശ്വസിക്കുകയും
ചെയ്യുമല്ലോ.അതുവഴി വർഗ്ഗീയ കലാപങ്ങളും ഇല്ലാതായികിട്ടും.

16) ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാ ണ്. ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്?

17) ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു. പിന്നെന്തിനാണ് അതേ
മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ നിലനിൽക്കുന്നത്? മരണാനന്തരം ദൈവം കൊടുക്കുന്ന ശിക്ഷയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ അത്?

18) ഈ ലോകം മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുന്നു..പക്ഷേ എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്?
എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?

19) പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ , എന്തെടുക്കുകയാണ്?.

20) ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലുമൊക്കെയുള്ള ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?

21) തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു,
അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?

22) അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
(മണിക്കൂറുകളോളം ഓപ്പറേഷൻ തിയേറ്ററിൽ കഠിന പരിശ്രമം നടത്തി
ജീവൻ രക്ഷിച്ച് പുറത്തുവരുന്ന ഡോക്ടറുടെ മുഖത്തു നോക്കി ഇങ്ങനെ പറയാൻ വിശ്വാസികൾക്ക് യാതൊരു മടിയുമില്ല)

23)എല്ലാ മതങ്ങളിലും തിന്മയുടെയും ദുഷ്ടതയുടേയും പ്രതീകമായി പിശാച്/ചെകുത്താൻ തുടങ്ങിയവയെ കാണാം. ദൈവമാണു പിശാചിനെയും സൃഷ്ടിച്ചതെങ്കിൽ പിശാചിനേക്കാൾ ദുഷ്ടനല്ലേ ദൈവം?

24) ദൈവത്തെ ആരു സൃഷ്ടിച്ചു എന്നു
ഞാൻ ചോദിക്കുന്നില്ല. പക്ഷേഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എവിടെയായിരുന്നു ?.

25) ലോകത്ത് നൂറുകണക്കിന് മതങ്ങളും ദൈവങ്ങളും ഉണ്ട്. എല്ലാ വിശ്വാസികളും താൻ വിശ്വസിക്കുന്ന മതത്തെയും ദൈവത്തെയും ഒഴിച്ച് മറ്റുള്ളവയെയെല്ലാം നിരാകരിക്കുന്നു. അപ്പോൾ ഒരർത്ഥത്തിൽ എല്ലാവരും നിരീശ്വരവാദികളല്ലേ..? ഇനി എല്ലാ മതവും ശരിയാണെന്ന് നിങ്ങൾക്ക്
അഭിപ്രായമുണ്ടെങ്കിൽ ആരെങ്കിലും മതം മാറാൻ തയ്യാറുണ്ടോ..?

26) മനുഷ്യരുടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്നു പറയുന്നു. അപ്പോൾ മനുഷ്യൻറ്റെ ശരി തെറ്റുകൾക്ക് മനുഷ്യർ എങ്ങനെ ഉത്തരവാദിയാകും?എന്നിട്ട് ആ തെറ്റുകളുടെ പേരിൽ അവനെ ശിക്ഷിക്കുന്നത് ന്യായമാണോ?

27)പ്രാർത്ഥന എന്നാൽ ദൈവം
മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങൾ നമുക്ക് സ്വീകാര്യമല്ലാതെ വരുമ്പോൾ അതിനെ നിരസിക്കുകയും നമ്മുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങൾ മാറ്റാൻ ആവശ്യപ്പെടലുമല്ലേ? ലോകത്തുള്ളവരെല്ലാം കൂടി ഒന്നിച്ച് പ്രാർത്ഥിച്ചാലും ഒരു ഇലയെങ്കിലും മറിച്ചിടാൻ കഴിയുമോ?

28) നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു
എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ന്യായീകരണങ്ങൾ നിരത്തുകയും ചെയ്യുമായിരുന്നില്ലേ?.
അതായത് നിങ്ങളുടെ മാതാപിതാക്കൾ ഈ മതത്തിൽ വിശ്വസിക്കുകയും നിങ്ങൾക്ക് ചെറുപ്പം മുതലേ അത് പകർന്നു തരികയും ചെയ്തതുകൊണ്ടു മാത്രമല്ലേ നിങ്ങളും ഈ മതത്തിൽ ‘പെട്ടു’ പോയത്?

ഇത് എൻറ്റെ എളിയ മനസ്സിൽ തോന്നിയ ചെറിയ ചില സംശയങ്ങൾ
മാത്രം.സംശയിക്കുന്നത് കുറ്റകരമല്ല എന്നു ഞാൻ കരുതുന്നു. ആരോടും വാദിച്ചു ജയിക്കാൻ വേണ്ടി ചോദിക്കുന്നതല്ല. അതുകൊണ്ട് വാദിക്കാൻ വേണ്ടി മാത്രം ആരും ഉത്തരം നൽകണമെന്നില്ല.
ഈ ചോദ്യങ്ങൾ പോലെ തന്നെ ലളിതമായിരിക്കണം

===========

പോസ്റ്റിന് കടപ്പാട്