പല്ലുവേദനയ്ക്ക് ചില ഗാര്‍ഹിക പരിഹാര മാര്‍ഗങ്ങള്‍

1651

teeth
പല്ലുവേദന വന്നാലുള്ള വിഷമം അത് അനുഭവിച്ചിട്ടുള്ളവര്‍ക്ക് മാത്രേ മനസിലാകൂ എന്റെ പുണ്യാളാ. പല്ല് കേടുകൂടാതെ സൂക്ഷിക്കണം എന്നതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍, ചിലപ്പോഴൊക്കെ നമ്മുടെ ഭാഗത്തെ വീഴ്ച കൊണ്ടല്ലാതെയും പല്ല് കേടാവാന്‍ സാധ്യതകള്‍ ഉണ്ട്. പല്ലുവേദന വന്നാല്‍ ഡോക്ടറെ കാണുക എന്നതാണ് ഏക പ്രതിവിധി. എന്നാല്‍, രാത്രി വൈകി കഠിനമായ പല്ലുവേദന വന്നാല്‍ എന്ത് ചെയ്യും? ഇതേപോലെ ഉടനെ ഡോക്ടറെ കാണാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ അല്‍പനേരം പല്ലുവേദനയില്‍നിന്നും മോചനം ലഭിക്കുവാന്‍ സഹായിക്കുന്ന ഏതാനും പൊടിക്കൈകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

  1. ഒരു ഐസ് ക്യൂബ് എടുക്കുക. വൃത്തിയുള്ള ഒരു തുണിയില്‍ അത് പൊതിയുക. എന്നിട്ട് വേദനയുള്ള പല്ലിന്റെ ഭാഗത്ത് വയ്ക്കുക. താല്‍ക്കാലികമായ ഒരു ശമനം ലഭിക്കാന്‍ ഇത് സഹായിക്കും. വേദന മാറിയില്ലെങ്കിലും വേദനയുള്ള പല്ലിന്റെ നേരെ പുറത്ത് കവിളിലും ഇതേ പോലെ ഐസ് വയ്ക്കുക.
  2. ഒരേ അളവില്‍ വെള്ളവും ഉപ്പും കുരുമുളകും ചേര്‍ത്ത് ഒരു കുഴമ്പ് പരുവത്തില്‍ ആക്കുക. ഇത് കേടുള്ള പല്ലിന്റെ ഭാഗത്ത് വയ്ക്കുക. അല്‍പ്പനേരം കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക.
  3. വേദനയുള്ള ഭാഗത്ത് ഒരു ഗ്രാമ്പൂ കടിച്ചുപിടിക്കുകയോ ഗ്രാമ്പൂ ഭക്ഷ്യഎണ്ണയില്‍ ചതച്ച് ചേര്‍ത്ത് അവിടെ പുരട്ടുകയോ ചെയ്യുക.
  4. ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള മൌത്ത്വാഷ് ഉണ്ടെങ്കില്‍ അതുപയോഗിച്ച് വായ കഴുകുക.
  5. വെളുത്തുള്ളിയും ഉപ്പും ചതച്ച് വേദനയുള്ള ഭാഗത്ത് വയ്ക്കുക. വെളുത്തുള്ളി വായില്‍ ഇട്ട് ചവയ്ക്കാന്‍ പറ്റുമെങ്കില്‍ ഉത്തമം.
  6. വെളുത്തുള്ളി പോലെതന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് ചുവന്നുള്ളിയും. വെളുത്തുള്ളി ഇഷ്ടമില്ലാത്തവര്‍ ഇത് ഉപയോഗിക്കുക.
  7. ഏറ്റവും എളുപ്പമുള്ള വഴി തന്നെയാണ് ഏറ്റവും ഫലപ്രദമായ വഴി. ചെറുചൂട് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് തുടരെത്തുടരെ കവിള്‍ക്കൊള്ളുക.

ശ്രദ്ധിക്കുക. പല്ലുവേദന ഉണ്ടാകുമ്പോള്‍ ഡോക്ടറെ കാണുക തന്നെയാണ് ഏറ്റവും നല്ല വഴി. അതിന് പറ്റാതെ വരുമ്പോള്‍ മാത്രമേ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ.