Connect with us

Featured

DSLR ക്യാമറകളെ പറ്റി ഒരല്‍പ്പം

പല സുഹൃത്തുക്കളും പല സമയങ്ങളിലായി മെസ്സേജ് ചെയ്തു ചോദിച്ച ചോദ്യങ്ങള്‍,.. ഫോട്ടോഗ്രഫിയില്‍ താല്‍പ്പര്യമുണ്ട്, ഒരു ക്യാമറ വാങ്ങിയാല്‍ കൊള്ളാം, ഏതു ക്യാമറ വാങ്ങണം??? ഏതു ബ്രാന്‍ഡ് വാങ്ങണം ?? ഏതു മോഡല്‍ വാങ്ങണം? ഏതു ലെന്‍സ്‌ തെരഞ്ഞെടുക്കണം?? ഫ്ലാഷ് ഏതാണ് നല്ലത്? ആകെ കണ്‍ഫ്യൂഷന്‍.

 130 total views

Published

on

1

പല സുഹൃത്തുക്കളും പല സമയങ്ങളിലായി മെസ്സേജ് ചെയ്തു ചോദിച്ച ചോദ്യങ്ങള്‍,.. ഫോട്ടോഗ്രഫിയില്‍ താല്‍പ്പര്യമുണ്ട്, ഒരു ക്യാമറ വാങ്ങിയാല്‍ കൊള്ളാം, ഏതു ക്യാമറ വാങ്ങണം??? ഏതു ബ്രാന്‍ഡ് വാങ്ങണം ?? ഏതു മോഡല്‍ വാങ്ങണം? ഏതു ലെന്‍സ്‌ തെരഞ്ഞെടുക്കണം?? ഫ്ലാഷ് ഏതാണ് നല്ലത്? ആകെ കണ്‍ഫ്യൂഷന്‍.,.. മിക്കവര്‍ക്കും നോട്ടം DSLR അഥവാ പ്രൊഫഷനല്‍ ക്യാമറ തന്നെയാണ്.. താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും ഉപകാരമാകുന്ന രീതിയില്‍, ലളിതമായി മനസിലാകുന്ന ഭാഷയില്‍, കൊടുത്ത മറുപടികള്‍ ഒന്നിച്ചാക്കി ഒരു വലിയ പോസ്റ്റ്‌ ആക്കിയാല്‍ , ആവശ്യമുള്ളവര്‍ക്ക് ഉപകാരമാകുമല്ലോ എന്ന് കരുതുന്നു . ഒരു കാര്യം ആദ്യമേ പറയുന്നു, ഞാന്‍ ഒരു കോളമിസ്റ്റോ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറോ, വിദഗ്ദനോ അല്ല, ഫോട്ടോഗ്രഫി അതീവതാല്‍പ്പര്യത്തോടെ പഠിച്ചു കൊണ്ടിരിക്കുന്ന, ഒരു ഫോട്ടോഗ്രഫി enthusiast അല്ലെങ്കില്‍ ഒരു ഹോബി ഫോട്ടോഗ്രാഫര്‍ മാത്രമാണ്. എന്നു മാത്രമല്ല, പല സമയത്തും പലരും ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി ആയതു കൊണ്ട് ഒരു ലേഖനത്തിന്റെ നിലവാരം പ്രതീക്ഷിക്കുകയും വേണ്ട. താല്‍പ്പര്യമുള്ളവരുടെ ഇന്‍ഫര്‍മേഷനു മാത്രമായി പോസ്റ്റ്‌ ചെയ്യുന്നു. –

ക്യാമറ വാങ്ങുമ്പോള്‍ വേറെ ഏതൊരു സാധനവും വാങ്ങും പോലെ ആദ്യം കണക്കിലെടുക്കേണ്ടത് ബട്ജറ്റ് തന്നെയാണ്…. 5000 മുതല്‍ ഇരുപതു ലക്ഷം വരെ ഇന്ത്യന്‍ രൂപ വിലയുള്ള ക്യാമറകള്‍ (HASSELBLAD, MAMIYA, PHASE ONE) ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്…അവനനവന്‍റെ ആവശ്യവും ബഡ്ജറ്റും അനുസരിച്ച് വേണം ഒരു ക്യാമറ സെലക്റ്റ് ചെയ്യാന്‍..,..

മെഗാ പിക്സല്‍ മാത്രം നോക്കി ക്യാമറ വാങ്ങുന്നത് ശുദ്ധ മണ്ടത്തരമാണ്, ക്യാമറ നിര്‍മ്മാതാക്കളുടെ ഒരു തട്ടിപ്പ് നമ്പര്‍ മാത്രമാണ് മെഗാ പിക്സലിനെ ഹൈലൈറ്റ് ചെയ്തു കാണിക്കുന്നത്. ഒരു ചിത്രത്തിന്റെ നിലവാരം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും അവസാനത്തേത് മാത്രമായി മെഗാ പിക്സലിനെ കണക്കാക്കാം. അല്ലെങ്കില്‍ 14 മെഗാപിക്സല്‍ ഉള്ള സോണി സൈബര്‍ ഷോട്ടിനു , 12 മെഗാ പിക്സല്‍ മാത്രമുള്ള നിക്കോണ്‍ D90യെക്കാള്‍ നല്ല ചിത്രം ലഭിക്കണമല്ലോ…

“ഒരു ചിത്രത്തിന്റെ ക്ലാരിറ്റിയും നിലവാരവും നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങള്‍, ക്യാമറയുടെ സെന്‍സറും ലെന്‍സും തന്നെയാണ്….”

ക്യാമറകളെ പ്രധാനമായും മൂന്നായി തരം തിരിക്കാം..

 1. കോമ്പാക്റ്റ് ക്യാമറ, അല്ലെങ്കില്‍, പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറ
 2. ബ്രിഡ്ജ് ക്യാമറ
 3. DSLR അഥവാ പ്രൊഫഷണല്‍ ക്യാമറ

 

1. കോമ്പാക്റ്റ് ക്യാമറ, അല്ലെങ്കില്‍, പോയിന്‍റ് ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറ

എല്ലാവര്‍ക്കും വളരെ പരിചയമുള്ള , ഒരിക്കല്‍ എങ്കിലും ഉപയോഗിച്ചിട്ടുള്ള ക്യാമറ ആണ് ഇത്.. പേര് പോലെ തന്നെ ഫോട്ടോ എടുക്കാന്‍ യാതൊരു വൈദഗ്ദ്യവും ആവശ്യമില്ലാത്ത ടൈപ്പ് ആണ് ഇത്,, എളുപ്പത്തില്‍ പോക്കറ്റില്‍ ഇട്ടു കൊണ്ട് നടക്കാന്‍ കഴിയണം, പോസ്റ്റ്‌ കാര്‍ഡ് സൈസ് അല്ലെങ്കില്‍ A5 OR A4 സൈസ് വരെ പ്രിന്റ്‌ ചെയ്യണം , ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യണം എന്നൊക്കെ മാത്രം ലക്ഷ്യമുള്ളവര്‍ക്ക് പറ്റിയ ക്യാമറകള്‍ ആണ് ഇത്. ഫോട്ടോഗ്രാഫര്‍ക്ക് സബ്ജെക്റ്റില്‍ പോയിന്റ്‌ ചെയ്യുക, പിന്നെ ക്ലിക്ക് ചെയ്യുക എന്ന ഒരു ജോലിയെ ഉണ്ടാകുകയുള്ളൂ..സെറ്റിംഗ്സ് മൊത്തം ക്യാമറ തീരുമാനിക്കും, ക്യാമറ തരുന്ന പടം കൊണ്ട് തൃപ്തിപ്പെടുകയേ നിവൃത്തിയുള്ളൂ…നല്ലതായാലും മോശമായാലും..സോണി സൈബര്‍ ഷോട്ട് DSC W730, ക്യാനോന്‍ IXUS, NIKON COOLPIX S3200 തുടങ്ങിയവ ഇത്തരം ക്യാമറകള്‍ക്ക് ഉദാഹരണങ്ങളാണ്.

Advertisement

2. ബ്രിഡ്ജ് ക്യാമറ

കോമ്പാക്റ്റ് ക്യാമറയും പ്രൊഫെഷണല്‍ ക്യാമറയും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന, അല്ലെങ്കില്‍ പാലം പോലെ പ്രവര്‍ത്തിക്കുന്ന ക്യാമറ ആണ് ബ്രിഡ്ജ് ക്യാമറ. നിക്കോണ്‍ L 510, കാനോന്‍ പവര്‍ ഷോട്ട് SX500 തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്.കോമ്പാക്റ്റ് ക്യാമറകളുടെപോലെ എളുപ്പത്തില്‍ കൊണ്ട് നടക്കാവുന്നതും എന്നാല്‍ DSLR പോലെ ഫോട്ടോഗ്രാഫര്‍ക്ക് ഇമേജില്‍ നിയന്ത്രണവും ഉള്ള ക്യാമറകള്‍ ആണ് ഇവ. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത സൂപ്പര്‍ സൂം ആണ്.വളരെ വളരെ ദൂരത്തുള്ള ഒരു വസ്തു പോലും ക്ലോസ് അപ്പില്‍ കിട്ടുവാന്‍ ഇവ സഹായിക്കുന്നു. DSLR ക്യാമറകളില്‍ ടെലിഫോട്ടോ ലെന്‍സ്‌ ആയ 70-300mm ഇല്‍ 5.4X സൂം മാത്രം ലഭിക്കുമ്പോള്‍ ഇത്തരം ക്യാമറകള്‍ 25X,35X,40X സൂം തരുന്നു.

3. DSLR (DIGITAL SINGLE-LENS REFLEX) അഥവാ പ്രൊഫഷനല്‍ ക്യാമറ.

ഫോട്ടോഗ്രാഫിയുടെ എല്ലാ പൂര്‍ണ്ണതകളും ഒത്തിണങ്ങിയ, ഫോട്ടോഗ്രാഫര്‍ക്ക് ഇമേജില്‍ പൂര്‍ണ്ണ നിയന്ത്രമുള്ള ഒരു സമ്പൂര്‍ണ്ണ ഫോട്ടോഗ്രഫി മെഷിന്‍ ആണ് DSLR. നിക്കോണ്‍, ക്യാനോന്‍ ഇവരാണ് ഇത്തരം ക്യാമറകള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍ പന്തിയില്‍.,. നിക്കോണ്‍ D90/D7000/D300S/D800 , ക്യാനോണ്‍ 60D/7D/5D തുടങ്ങിയവ ഇത്തരം ക്യാമറകള്‍ക്ക് ഉദാഹരണങ്ങളാണ്.

അതു പോലെ തന്നെ, DSLR മടിയന്മാര്‍ക്ക് ഒട്ടും പറ്റിയ ഒരു ക്യാമറയല്ല. ഒരു സെമി പ്രൊഫഷണല്‍ DSLR കിറ്റിന്റെ ഭാരം ഏകദേശം ഇത് പോലെയാണ്.

ബോഡി 750 gr
ലെന്‍സ്‌ 1- (കിറ്റ്‌ ലെന്‍സ്‌ 18-105mm- must have) 420 gr
ട്രൈപോഡ്‌ 1500 gr. (മുക്കാലി- ലോങ്ങ്‌ എക്സ്പോഷര്‍/// //അല്ലെങ്കില്‍ ടൈമര്‍ ഷോട്ടുകള്‍ക്ക് )
ലെന്‍സ്‌ 2- (പ്രൈം ലെന്‍സ്‌ 50mm-optional) 185 gr
സ്പീഡ് ലൈറ്റ് ഫ്ലാഷ് 450 gr
ലെന്‍സ്‌ 3- (ടെലി ഫോട്ടോ ലെന്‍സ്‌ 70-300mm-optional) 750 gr.

ഏകദേശം നാലു കിലോ ഭാരം കൊണ്ട് നടക്കാന്‍ സന്നദ്ധത ഉള്ളവര്‍ മാത്രം DSLR ഫുള്‍ കിറ്റ്‌ വാങ്ങിയാല്‍ മതിയാകും.തുടക്കത്തില്‍ ബോഡിയും കിറ്റ്‌ ലെന്‍സും മാത്രം വാങ്ങിയാല്‍ പോലും പുതിയ പുതിയ ഐഡിയകള്‍ മനസ്സില്‍ തോന്നുമ്പോള്‍ പുതിയ ലെന്‍സുകളും അനുബന്ധ ഉപകരണങ്ങളും അറിയാതെ വാങ്ങി പോകും. ബോഡിയും കിറ്റ്‌ ലെന്‍സും മാത്രം കൊണ്ട് നടക്കാം എന്ന് കരുതിയാല്‍ ഉദ്ദേശിച്ച പല ക്വാളിറ്റി ഷോട്ടുകളും മിസ്സ്‌ ആകുകയും ചെയ്യും. പ്രൈം ലെന്‍സ്‌ കൊണ്ട് ഷൂട്ട്‌ ചെയ്യേണ്ട ഫ്രെയിം അത് കൊണ്ട് തന്നെ ഷൂട്ട്‌ ചെയ്യണം. ഇവയെല്ലാം കൂടി അടങ്ങിയ 18-300mm ലെന്‍സ്‌ വാങ്ങാം എന്ന് വച്ചാല്‍ വില എഴുപതിനായിരം രൂപയ്ക്കു മുകളില്‍ ഒന്നിച്ചു മുടക്കേണ്ടി വരും എന്ന് മാത്രമല്ല, ക്വാളിറ്റിയില്‍ കൊമ്പ്രമൈസ് ചെയ്യേണ്ടിയും വരും.(ലെന്‍സ്‌ നിര്‍മ്മാതാക്കള്‍ക്ക് ഇത്രയും ഫോക്കല്‍ ദൂരം ഒറ്റ ലെന്‍സില്‍ കൊള്ളിക്കേണ്ടി വരുമ്പോള്‍ ക്വാളിറ്റി കുറയുന്നത് സ്വാഭാവികം). DSLR വാങ്ങുമ്പോള്‍ മുകളില്‍ എഴുതിയ ക്രമത്തില്‍ അനുബന്ധ സാമഗ്രികള്‍ വാങ്ങുന്നതാവും ഉചിതം. ലെന്‍സുകളെ കുറിച്ച് വിശദമായി ഒരു പോസ്റ്റ്‌ പിന്നീടു ചെയ്യാം.

Advertisement

ബ്രാന്‍ഡ്

ക്യാനോന്‍ , നിക്കോണ്‍ എന്നിവയാണ് DSLR ക്യാമറ വിപണിയിലെ രാജാക്കന്മാര്‍..,. സോണി, പെന്റാക്സ്, ഒളിമ്പസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ അത്ര ജനകീയം അല്ല, അതിനു കാരണം, ഉപയോഗിക്കാവുന്ന ലെന്‍സുകളുടെ എണ്ണം തീരെ കുറവാണ്, റീ സെയില്‍ വാല്യൂ തീരെയില്ല, റിപ്പയര്‍ വേണ്ടി വന്നാല്‍ സ്പെയര്‍ പാര്‍ട്സ് ലഭ്യത കുറവാണ്, വില്‍ക്കാനും പ്രയാസമാണ് എന്നതൊക്കെയാണ്..

ഹോബി എന്ന നിലയില്‍ ഞാന്‍ ഫോട്ടോഗ്രഫി പഠിച്ചു തുടങ്ങുമ്പോള്‍ ഒരു ബ്രാന്‍ഡിനോടും പ്രത്യേകിച്ച് മമത ഇല്ലായിരുന്നു.. പല ഫോറങ്ങളിലെയും വിദഗ്ദരുടെ ചര്‍ച്ചകളും, ഉപയോഗിച്ച് നോക്കിയവരുടെ റിവ്യൂകളും ശ്രദ്ധിച്ചു മനസിലാക്കിയതോടു കൂടി നിക്കോണ്‍ ആരാധകനായി മാറി. ഞാന്‍ ഇഷ്ടപ്പെടുന്ന പല ഫോട്ടോഗ്രഫി പുലികളും ഉപയോഗിക്കുന്ന ക്യാമറ നിക്കോണ്‍ ആണെന്നതും ഒരു കാരണമാണ്.

ക്യാനോണ്‍ മോശം ആണെന്നല്ല പറഞ്ഞു വരുന്നത്, രണ്ടും തുല്യാ തുല്യം നില്‍ക്കുമെങ്കിലും ക്യാനോണിനെ അപേക്ഷിച്ച് നിക്കൊണിനു ചില പ്ലസ്‌ പോയിന്റുകള്‍ ഉള്ളതായി മനസിലാക്കുന്നു. ചില തരത്തില്‍ പെട്ട ആളുകള്‍ ചില ബ്രാന്‍ഡ്‌ ക്യാമറകളില്‍ താല്പര്യം കാണിക്കുന്നതും നോട്ടു ചെയ്തിട്ടുണ്ട്. പ്രസ് ഫോട്ടോഗ്രഫര്‍മാര്‍- -നിക്കോണ്‍, സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍മാര്‍ നിക്കോണ്‍, സ്പോര്‍ട്സ്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍- ക്യാനോണ്‍, അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാനോണ്‍. എന്നിങ്ങനെ..

വിലയുടെ അടിസ്ഥാനത്തിലും, ഓട്ടോ ഫോക്കസ് വേഗതയിലും കൃത്യതയിലും വീഡിയോ പെര്‍ഫോമന്‍സിലും ആണെങ്കില്‍ ക്യാനോണ്‍ ആണ് മെച്ചം, ഏതാണ്ട് ഒരേ കോണ്‍ഫിഗറേഷന്‍ ഉള്ള മോഡലുകളില്‍ നിക്കൊണിനു ക്യാനോണിനെ അപേക്ഷിച്ച് വില അല്‍പ്പം കൂടുതലുമാണ്.. എന്ന് മാത്രമല്ല NIKKOR ലെന്‍സുകള്‍ മിക്കതും വിലയുടെ കാര്യത്തില്‍ കൈ പൊള്ളിക്കുകയും ചെയ്യും. (നിക്കോണിന്‍റെ ലെന്‍സ്‌ ബ്രാന്‍ഡ് ആണ് നിക്കോര്‍),) ക്യാനോണിന്റെ എന്‍ട്രി ലെവല്‍ മോഡലുകളില്‍ ചിത്രങ്ങള്‍ സോഫ്റ്റ്‌ ആണെന്ന് പലരും പരാതിപ്പെടുന്നുമുണ്ട്,.

ബോഡിയുടെ വില കുറച്ചു കുറച്ചു ക്യാനോന്‍ , എന്‍ട്രി ലെവല്‍ മോഡലുകളില്‍ ക്വാളിറ്റി കോമ്പ്രമൈസ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അതേ സമയം നിക്കോണ്‍ എന്‍ട്രി ലെവലുകളില്‍ പോലും ചിത്രങ്ങള്‍ ക്രിസ്പ് ആന്‍ഡ്‌ ഷാര്‍പ്പ് ആണ്.

പിന്നെ നോട്ടു ചെയ്ത വേറൊരു കാര്യം, DSLR ഇല്‍ മീറ്ററിംഗ് മോഡുകള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍, (സ്പോട്ട് മീറ്ററിംഗ് സെലക്റ്റ് ചെയ്യുമ്പോള്‍),) ക്യാനോണില്‍ സെന്‍റര്‍ ഫോക്കസ് പൊയന്റിനെ അടിസ്ഥാനമാക്കിയാണ് മീറ്ററിംഗ് ചെയ്യുന്നത്, സെലക്റ്റ് ചെയ്തിരിക്കുന്ന ഫോക്കസ് പോയിന്റിനെ അടിസ്ഥാനമാക്കിയല്ല.. പക്ഷെ നിക്കൊണില്‍, ഏതു ഫോക്കസ് പോയന്റാണോ നാം സെലക്റ്റ് ചെയ്യുന്നത്, ആ സ്പോട്ടിലെ ലൈറ്റിനെ കണക്കാക്കിയായിരിക്കും ലൈറ്റ് മീറ്റര്‍ വെളിച്ചം കണക്കാക്കുന്നത്. പക്ഷെ സെന്‍റര്‍ ഫോക്കസ് പോയന്റ് ഉപയോഗിച്ചു മാത്രം ഫോക്കസ് ചെയ്യുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് അതൊരു വലിയ പ്രത്യേകത എന്ന് പറയാനും പറ്റില്ല.. (ക്യാമറയിലെ ഏറ്റവും കൃത്യതയുള്ള ഫോക്കസ് പോയന്റായി കണക്കാക്കപ്പെടുന്നത് , സെന്‍റര്‍ ഫോക്കസ് പോയന്റ് ആയത് കൊണ്ടാണ്, ഞാന്‍ സെന്‍റര്‍ ഫോക്കസ് പോയന്‍റ് ഉപയോഗിച്ചു മാത്രം ഫോക്കസ് ചെയ്യുന്നത്, ഫ്രെയിം റീ-കമ്പോസ് ചെയ്യേണ്ടി വരും എന്നൊരു ദൂഷ്യം ഉണ്ട്, ഇങ്ങനെ ചെയ്യുമ്പോള്‍,).

Advertisement

നിക്കോണിന്‍റെ വേറൊരു പ്രധാനപ്പെട്ട ഒരു പ്ലസ് പോയിന്‍റ് , ഒരു ചിത്രത്തിന്‍റെ ക്വാളിറ്റി നിര്‍ണ്ണയിക്കുന്ന ഏറ്റവും അടിസ്ഥാന ഘടകം ആയ സെന്‍സര്‍ വലുപ്പത്തിലും ക്യാനോണിനേക്കാള്‍ ഇത്തിരി മുന്‍പില്‍ ആണ് നിക്കോണ്‍., (APS.C DX- SENSOR SIZES- Nikon 23.6×15.8mm , Canon 22.3×14.9mm). ഫോട്ടോ എടുക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഡൈനാമിക് റേഞ്ചിന്‍റെ കാര്യത്തിലും നിക്കോണ്‍ തന്നെ മുമ്പന്‍. നിക്കോണ്‍ തരുന്നത്ര ഡൈനാമിക് റേഞ്ച് മാര്‍ക്കറ്റില്‍ ലഭ്യമായ ഒരു ക്യാമറയും (അതേ റേഞ്ചില്‍ ) തരുന്നില്ല. (പ്രകാശം ശേഖരിക്കാനുള്ള സെന്‍സറിന്‍റെ കഴിവിനെയാണ് ഡൈനാമിക് റേഞ്ച് എന്നു പറയുന്നത്.)

പിന്നെ നിക്കോണിനുള്ള ഏറ്റവും നല്ല ഗുണമായി എനിക്ക് തോന്നുന്നത്, വെളിച്ചം കുറവുള്ള സമയത്തും, നല്ല പ്രകടനം കാഴ്ച വയ്ക്കും. വെളിച്ചം തീരെ കുറവുള്ളപ്പോള്‍ ഫോട്ടോഗ്രാഫര്‍ സ്വാഭാവികമായും ISO RANGE കൂട്ടിയിട്ടു പടമെടുക്കും, ക്യാനോണിന്റെ എന്‍ട്രി ലെവല്‍ മോഡലുകളില്‍ ISO RANGE 800 കഴിഞ്ഞാല്‍ പിന്നെ നോക്കണ്ട, പടം നോയിസ് കയറി കുളമാകും. പക്ഷെ നിക്കോണിന്റെ എന്‍ട്രി ലെവല്‍ ആയ D3200 ഇല്‍ 1600 വരെ ഒരു പൊടി നോയിസ് കാണില്ല. സെമി പ്രൊഫഷനല്‍ ആയ D90, D7000 മോഡലുകളില്‍ ISO RANGE 3200 വരെ നോയിസ് വ്യക്തമല്ല എന്നുള്ളതിന് ഞാന്‍ ഗ്യാരണ്ടി,!!!!

നിക്കോണിന്റെ എന്‍ട്രി ലെവല്‍ ക്യാമറ മോഡലുകളുടെ ഒരു പ്രധാന പോരായ്മ, ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഇല്ല എന്നുള്ളതാണ്. (ഒരു സബ്ജക്ടിനെ ഫോക്കസ് ചെയ്യാന്‍ വേണ്ടി dedicated ആയ ഒരു മോട്ടോര്‍ DSLR ക്യാമറബോഡിയില്‍ അല്ലെങ്കില്‍ ലെന്‍സുകളില്‍ ഉണ്ടാകും, ഈ മോട്ടോര്‍ ആണ് ലെന്‍സിനുള്ളിലെ ഗ്ലാസ്‌ ഘടകങ്ങള്‍ ചലിപ്പിച്ച് അതിവേഗത്തിലുള്ള ഫോക്കസ് സാധ്യമാക്കുന്നത്,)

ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഇല്ല എങ്കില്‍, നമ്മള്‍ ലെന്‍സ്‌ വാങ്ങുമ്പോള്‍, ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഉള്ള ടൈപ്പ് മാത്രമേ തെരഞ്ഞെടുക്കാന്‍ പറ്റൂ. മോട്ടോര്‍ ഉള്ള ലെന്‍സുകള്‍ക്ക് അല്ലാത്തവയെ അപേക്ഷിച്ചു വില കൂടുതലുമാണ്…(AF-S എന്നു ഇത്തരം ലെന്‍സുകളില്‍ രേഖപ്പെടുത്തിയിരികും, AUTO FOCUS-SILENTWAVE MOTOR) ഒന്നുകില്‍ ക്യാമറബോഡിയില്‍, അല്ലെങ്കില്‍ ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഇല്ലെങ്കില്‍ മാനുവല്‍ ആയി ഫോക്കസ് ചെയ്യേണ്ടി വരും., അതത്ര എളുപ്പമുള്ള പണിയല്ലെന്നു മാത്രമല്ല, നടക്കുകയെ ഇല്ല.

DSLR ക്യാമറകളുടെ ചില ഗുണങ്ങള്‍

 1. വളരെ പെട്ടെന്നുള്ള സ്റ്റാര്‍ട്ട്‌ അപ്പ്. പവര്‍ സ്വിച്ച് ഓണ്‍ ചെയ്യുന്ന മാത്രയില്‍ തന്നെ ഷൂട്ടിംഗ് ചെയ്യാന്‍ സാധിക്കും. (NO START UP DELAY).
 2. നല്ല വ്യക്തതയുള്ളതും വിശദാംശങ്ങള്‍ അടങ്ങിയതുമായ ചിത്രങ്ങള്‍ .
 3. അതീവ കൃത്യതയാര്‍ന്നതും അതിവേഗത്തിലും ഉള്ള ഫോക്കസിംഗ്. സെക്കണ്ടിന്റെ ഒരംശം കൊണ്ട് ഉദ്ദേശിക്കുന്ന സബ്ജെക്റ്റ് ഫോക്കസില്‍ ആയി കഴിയും.
 4. വേഗതയാര്‍ന്ന ഷൂട്ടിംഗ്,.ഒരു സെക്കണ്ട് കൊണ്ട് എട്ടു ഫ്രെയിം വരെ എടുക്കുന്നു. (കോമ്പാക്റ്റ് ക്യാമറകളില്‍ ഷട്ടര്‍ റിലീസ് അമര്‍ത്തി കഴിഞ്ഞു ഇത്തിരി സമയം കഴിഞ്ഞാണ് ഷട്ടര്‍ തുറന്നടഞ്ഞു ചിത്രം എടുക്കപ്പെടുന്നത്.അപ്പോള്‍ ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ എറിയുന്ന പോലെ, ഇത്തിരി മുന്‍കൂട്ടി വേണം പടം എടുക്കാന്‍,)
 5. തീരെ കുറഞ്ഞ വെളിച്ചത്തിലും നോയിസ് തീരെ കുറഞ്ഞ നല്ല ചിത്രങ്ങള്‍ ലഭിക്കുന്നു.
 6. ആവശ്യമുള്ള സമയത്തോളം ഷട്ടര്‍ തുറന്നു വച്ച് പടം എടുക്കാന്‍ സാധിക്കുന്നു. (സെക്കണ്ടിന്റെ എണ്ണായിരത്തില്‍ ഒരംശം മുതല്‍ മിനിട്ടുകളോളം വരെ ഫോട്ടോഗ്രഫരുടെ ആവശ്യാനുസരണം ഷട്ടര്‍ തുറന്നു വയ്ക്കാനുള്ള സൗകര്യം ഈ ക്യാമറകളില്‍ ഉണ്ട്.)
 7. ഫോട്ടോഗ്രഫിയില്‍ ഏതു രീതിയിലുള്ള പരീക്ഷണവും നടത്താന്‍ ഇവ കൊണ്ട് സാധിക്കും.
 8. വിവിധ തരം ഫോര്‍മാറ്റില്‍ ചിത്രം എടുക്കാന്‍ സാധിക്കുന്നു. (eg;JPEG/3types, RAW)
 9. കൂടിയ ബാറ്ററി ബാക്ക് അപ്പ്…..സെമിപ്രൊഫഷണല്‍ ലെവല്‍ ക്യാമറകള്‍ മിക്കതും 850 ഷോട്ടുകള്‍ക്ക് മേല്‍ ബാറ്ററി ബാക്ക് അപ്പ് ഉണ്ട്, എന്‍ട്രി ലെവലുകള്‍ക്ക് 500+ ഉം.
 10. കൂടുതല്‍ മെമ്മറി കാര്‍ഡുകള്‍ ലോഡ് ചെയ്യാന്‍ സാധിക്കും (സെമിപ്രൊഫഷണല്‍&പ്രൊഫഷണല്‍ മാത്രം.).
 11. EXTERNAL MIC JACK, EXTERNAL FLASH ഇവ പിടിപ്പിക്കാനുള്ള സൗകര്യം.

ദോഷങ്ങള്‍

 1. കൂടിയ ഭാരവും വലുപ്പവും; കൊണ്ട് നടക്കുന്നത് എളുപ്പമല്ല.
 2. ക്യാമറയും അനുബന്ധ ഉപകരണങ്ങളും ചിലവേറിയതാണ്.

ഒരു DSLR ക്യാമറക്ക്‌ മൂന്നു ഭാഗങ്ങള്‍ ഉണ്ട്, അല്ലെങ്കില്‍ മൂന്നായിട്ടാണ് വാങ്ങാന്‍ കിട്ടാറു…

ബോഡി
ലെന്‍സ്‌
EXTERNAL ഫ്ലാഷ് (മിക്ക മോഡലുകളിലും BUILT-IN FLASH ഉണ്ടാകും, പക്ഷെ നമ്പാന്‍ കൊള്ളില്ല എന്ന് മാത്രം.)

വിലയുടെ അടിസ്ഥാനത്തില്‍ DSLR നെ മൂന്നായി തരം തിരിക്കാം.

Advertisement
 1. എന്‍ട്രി ലെവല്‍ (eg: Nikon D3200, D5200, / Canon 650D, 1100D) വില ഏകദേശം 32000 രൂപ മുതല്‍
 2. സെമി പ്രൊഫഷണല്‍ ലെവല്‍ അല്ലെങ്കില്‍ പ്രോസ്യൂമര്‍ ലെവല്‍ (eg: Nikon D7100, D300s / Canon 60D, 7D) വില ഏകദേശം 75000 രൂപ മുതല്‍
 3. ഫുള്‍ പ്രൊഫഷണല്‍ (eg: Nikon D800E,D3X, Canon D5MKII) വില ഏകദേശം 200,000 രൂപ മുതല്‍ … ഇവ നമ്മുടെ പോക്കറ്റിനു പറ്റിയതല്ല.

ഒരു ക്യാമറ വാങ്ങുവാന്‍ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍

1. ക്യാമറയുടെ സെന്‍സര്‍

ഡിജിറ്റല്‍ ക്യാമറയില്‍ സെന്‍സര്‍ എന്നത് പഴയ ഫിലിം ക്യാമറയിലെ ഫിലിമിനു തുല്യമായ സംഗതിയാണ്.സെന്‍സറിന്റെ വലിപ്പത്തിന് അനുസരിച്ചായിരിക്കും പടത്തിന്റെ ഗുണ നിലവാരവും ക്ലാരിറ്റിയും,.

2. ലെന്‍സിന്റെ ഗുണ നിലവാരം..

വില കൂടിയ ലെന്‍സുകളുടെ ഒപ്ടിക്കല്‍ ക്വാളിറ്റിയും, പ്രകാശം കടന്നു പോകുന്ന സുഷിരം അഥവാ തുറക്കാവുന്ന APPERTURE വലുതായിരിക്കും, അപ്പോള്‍ പ്രകാശം കുറവുള്ള സമയത്തും നല്ല വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കും.

DSLR വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കഴിയുന്നതും മിഡ് ലെവല്‍ (സെമി പ്രൊഫഷണല്‍ ലെവല്‍),) അല്ലെങ്കില്‍ പ്രൊഫഷനല്‍ ലെവല്‍ ബോഡി വാങ്ങാന്‍ ശ്രമിക്കുക, കുറഞ്ഞ വില കൊടുത്തു എന്‍ട്രി ലെവല്‍ വാങ്ങിയാല്‍, കുറെ നാള്‍ കഴിഞ്ഞു ഫോട്ടോഗ്രഫി നന്നായി പഠിച്ചു കഴിയുമ്പോള്‍, അല്ലെങ്കില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍, വാങ്ങിയത് പോരായിരുന്നു എന്ന് തോന്നും. ഫോട്ടോഗ്രഫി ഒരു തുടര്‍ ഹോബ്ബി ആയി കൊണ്ട് നടക്കുന്ന എല്ലാവര്‍ക്കും പൊതുവായി ഉള്ള ഒരു ഫീലിംഗ് ആണ് ഇത്. സെമി-പ്രൊഫഷനല്‍ ലെവല്‍ DSLR കളില്‍ എല്ലാ നിയന്ത്രണവും നേരിട്ട് DEDICATED ബട്ടണുകള്‍ വഴി ആയതു കൊണ്ട് ഷൂട്ടിംഗില്‍ പെട്ടെന്നു മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. പക്ഷെ എന്‍ട്രി ലെവലുകളില്‍ ഇവ മെനു വഴിയാണ് നിയന്ത്രിക്കപ്പെടുക, സമയനഷ്ടം കാരണം പ്രധാന ഷോട്ടുകള്‍ ചിലപ്പോള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്.

എന്‍ട്രി ലെവല്‍ ക്യാമറകളില്‍ വ്യൂ ഫൈന്‍ഡര്‍ (ഫോട്ടോഗ്രാഫര്‍ സബ്ജക്ടിനെ നോക്കുന്ന ഗ്ലാസ് ജനാല) പെന്റാമിറര്‍ ആണ്,..അതെ സമയം സെമി പ്രൊഫെഷണല്‍, പ്രൊഫെഷണല്‍ DSLR കളില്‍ പെന്റാപ്രിസവും. പെന്റാപ്രിസം വില കൂടിയതും, നല്ല വ്യക്തതയുള്ളതുമാണ്.

Advertisement

തുടക്കത്തില്‍ ബോഡിയും കിറ്റ്‌ ലെന്‍സും മതിയാകും.(DSLR ബോഡിയുടെ കൂടെ വരുന്ന ലെന്‍സിനു കിറ്റ്‌ ലെന്‍സ്‌ എന്നാണ് പറയുക. സാധാരണയായി ഇത് 18-55mm അല്ലെങ്കില്‍ 18-105mm ആയിരിക്കും. കഴിയുന്നതും 18-105mm വാങ്ങാന്‍ ശ്രമിക്കുക. 18-55mm നു സൂം റേഞ്ച് തീരെ കുറവാണ്, 18-200mm, 18-300mm ഇവ വിലയേറിയ ലെന്‍സുകളുമാണ്‌ .)

ചില സ്റ്റോറുകളില്‍ DSLR കിറ്റിനു മാര്‍ക്കറ്റ് വിലയില്‍ നിന്ന് അയ്യായിരം രൂപ വരെ വില കുറവ് കാണുന്നു, അത്തരം കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലെന്‍സ്‌ NON VR ആണ്. ഇത്തരം ലെന്‍സുകള്‍ കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട്ഫോട്ടോ എടുക്കാന്‍ പറ്റിയവ അല്ല, എന്ന് വച്ചാല്‍ ട്രൈപോഡ്‌ മസ്റ്റ്‌ ആണ്. VR എന്നത് Vibration Reduction എന്നതിന്റെ ഹ്രസ്വരൂപം ആണ്. വെളിച്ചം കുറഞ്ഞ സമയത്ത് ഷൂട്ട്‌ ചെയ്യുമ്പോള്‍ ക്യാമറ ഷേക്ക്‌ മൂലം ഉണ്ടാകുന്ന ചിത്രത്തിന്റെ നിലവാരത്തകര്‍ച്ച തടയാന്‍ ഒരു പരിധി വരെ VR സഹായിക്കുന്നു. ഈ ടെക്നോളജി നിക്കൊണില്‍ VR എന്നും ക്യാനോണില്‍ IS (IMAGE STABILIZATION) എന്നും ടാമറോണില്‍ VC (VIBRATION COMPENSATION) എന്നും സിഗ്മയില്‍ OS (OPTICAL STABILIZATION) എന്നും അറിയപ്പെടുന്നു. അതു കൊണ്ട്, വാങ്ങുന്ന സൂം ലെന്‍സില്‍ ബ്രാന്‍ഡിന് അനുസരിച്ചു VR/IS/VC/OS എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

നിക്കോണിന്റെ ലെന്‍സ്‌ ക്യാനോണിനോ ക്യാനോന്‍ ലെന്‍സ്‌ നിക്കൊണിനോ ഉപയോഗിക്കാന്‍ പറ്റുകയില്ല. പക്ഷെ ഇവര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന തേഡ് പാര്‍ട്ടി ലെന്‍സുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പക്ഷെ തേഡ് പാര്‍ട്ടി ലെന്‍സ്‌ ബോക്സില്‍ , TAMRON FOR NIKON, TAMRON FOR CANON എന്ന് രേഖപ്പെടുത്തിയത് തന്നെ ശ്രദ്ധിച്ചു വാങ്ങുക. നിക്കോണ്‍, ക്യാനോന്‍ ഇവരേക്കാള്‍ വില കുറഞ്ഞ ലെന്‍സ്‌ ടാമറോണ്‍ , സിഗ്മ എന്നെ കമ്പനികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ക്വാളിറ്റിയുടെ കാര്യത്തില്‍ പിന്നോക്കം ആണ്. അത് കൊണ്ട് ഇവ ഒഴിവാക്കി കഴിയുന്നതും അതാതു ബ്രാന്‍ഡുകള്‍ തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഇത്തരം ലെന്‍സുകളെ തേഡ് പാര്‍ട്ടി ലെന്‍സ്‌ എന്നാണു പറയുക. ഇത്തരം ലെന്‍സുകള്‍ തുടക്കത്തില്‍ കുഴപ്പം ഇല്ലെങ്കിലും, കുറെ നാള്‍ കഴിയുമ്പോള്‍ ഫോക്കസ് ചെയ്യുന്ന സമയത്ത് കരകര ശബ്ദം കേള്‍ക്കുന്നു , ഫോക്കസ് സ്പീഡ് കുറയുന്നു എന്നൊക്കെ പല ഫോട്ടോഗ്രഫി സുഹൃത്തുക്കളും പരാതി പറയുന്നത് കേട്ടിട്ടുണ്ട്. DSLR ക്യാമറ ബോഡിയും അതിന്റെ ആക്സസറീസും തമ്മില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഒരു രസതന്ത്രം ഉണ്ട്. അപ്പോള്‍ നിക്കോണ്‍ ബോഡിയും നിക്കോണ്‍ ലെന്‍സും തമ്മില്‍ ആ രസതന്ത്രം ഭംഗിയായി പ്രവര്‍ത്തിക്കും. മറ്റൊരു ബ്രാന്‍ഡ്‌ ഇടയ്ക്ക് കയറിയാല്‍ അതേ പെര്‍ഫോമന്‍സ് കിട്ടണം എന്നില്ല.

സെന്‍സറിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ DSLR രണ്ടു തരം ഉണ്ട്.

 1. ഫുള്‍ ഫ്രെയിം ( FX ഫോര്‍മാറ്റ് )
 2. ക്രോപ്പ് ഫോര്‍മാറ്റ്‌ അല്ലെങ്കില്‍ DX ഫോര്‍മാറ്റ് (APS-C SENSOR)

ഫുള്‍ ഫ്രെയിം എന്നത് പഴയ ഫിലിം ഫോര്‍മാറ്റ്‌ ക്യാമറയിലെ ഫിലിമിന്റെ അതെ വലുപ്പത്തില്‍ ഉള്ള സെന്‍സര്‍ ആണ്. ഇവ പൊതുവേ വിലയേറിയ ക്യാമറകള്‍ ആയിരിക്കും. eg; Nikon D600/D700/D800 ,Canon 5D)

ക്യാമറയുടെ വലുപ്പം കുറയ്ക്കാനും വില കുറയ്ക്കാനും സെന്‍സര്‍ ക്രോപ്പ് ചെയ്തു , വലുപ്പം കുറച്ചു നിര്‍മ്മിച്ചിരിക്കുന്ന സെന്‍സര്‍ ആണ് APS-C.(Eg: Nikon D90/D7000/D300, Canon 60D/7D)

വീഡിയോ റെക്കോര്‍ഡിംഗ്

മാര്‍ക്കറ്റില്‍ ഇറങ്ങുന്ന എല്ലാ DSLR കളിലും ഹൈ-ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് ഉണ്ട്. പക്ഷെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി DSLR ഉപയോഗിക്കുന്നത് അത്ര നല്ലതാണെന്ന് എനിക്കഭിപ്രായമില്ല.. അതിനു കാരണം, ഒരു ഫോട്ടോ എടുക്കാന്‍ ക്യാമറയുടെ സെന്‍സര്‍ പയോഗിക്കപ്പെടുന്നത് ഒരു സെക്കണ്ടിന്റെ ആയിരത്തില്‍ ഒരംശം, അല്ലെങ്കില്‍ അഞ്ഞൂറില്‍ ഒരംശം ആണ്.(ഷട്ടര്‍ തുറന്നടയുന്ന സമയം,) പക്ഷെ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെടുമ്പോള്‍ ചിലപ്പോള്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി സെന്‍സര്‍ ഉപയോഗിക്കപ്പെടും. സെന്‍സര്‍ അമിതമായി ചൂടാകാന്‍ അതിടയാക്കും.ഒരു ക്യാമറയുടെ ബ്രെയിന്‍ & ഹാര്‍ട്ട് എന്ന് പറയുന്നതും, ഏറ്റവും വില പിടിച്ചതുമായ ഭാഗം അതിന്‍റെ സെന്‍സര്‍ ആണെന്നറിയാമല്ലോ. പല തവണയായുള്ള ഇങ്ങനയുള്ള ഉപയോഗം മൂലം സെന്‍സര്‍ ചീത്തയായി പോയാലോ, പെര്‍ഫോമന്‍സ് കുറഞ്ഞാലോ, പുതിയ സെന്‍സര്‍ വാങ്ങി വയ്ക്കുന്നതിലും നല്ലത് പുതിയ ഒരു ബോഡി വാങ്ങുന്നതാവും.

Advertisement

ക്യാനോണ്‍ സെമിപ്രൊഫഷനല്‍ DSLR ക്യാമറകള്‍ വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്, പ്രത്യേകിച്ചും 7D,6D മോഡലുകള്‍,.. (എന്തായാലും നിക്കോണ്‍ DSLR ക്യാമറ കൊണ്ടുള്ള, പ്രത്യേകിച്ചും നിക്കോണ്‍ D7000, വീഡിയോ റെക്കോര്‍ഡിംഗിനെ പറ്റി എനിക്ക് നല്ല അഭിപ്രായമില്ല,) ചാപ്പാകുരിശ്, സന്തോഷ്‌ പണ്ടിറ്റിന്റെ കൃഷ്ണനും രാധയും എന്നീ മലയാള സിനിമകള്‍ ഷൂട്ട്‌ ചെയ്തത് ക്യാനോന്‍ 7D യില്‍ ആയിരുന്നു..

ഞാന്‍ ഇന്നേവരെ ഉപയോഗിച്ച് പോലും നോക്കിയിട്ടില്ലാത്ത ഒരു ഒപ്ഷന്‍ ആണ് വീഡിയോ. വെറുതെ വീഡിയോ ഷൂട്ട്‌ ചെയ്തു വിലപിടിച്ച ഒരുപകരണം കേടാക്കി റിസ്ക്‌ എടുക്കാതെ, അധികം വിലയില്ലാത്ത , വീഡിയോ റെക്കോര്‍ഡിംഗിനായി പ്രത്യേകമായി നിര്‍മ്മിച്ച 10000 രൂപാ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമായ CAMCORDER ഒരെണ്ണം വാങ്ങി ഉപയോഗിക്കുന്നതാവും നല്ലത്. കാരണം സെന്‍സര്‍ ചീത്തയായി പോയാല്‍ ഇന്നത്തെ സെന്‍സര്‍ വില അനുസരിച്ച് ആ ക്യാമറ നഷ്ടപ്പെട്ടു പോയി എന്ന് തന്നെയാണ് അര്‍ഥം.

സ്പീഡ് ലൈറ്റ് ഫ്ലാഷുകള്‍

ഫ്ലാഷുകള്‍ രണ്ടു വിധമുണ്ട്.

 1. TTL ഫ്ലാഷ് (Through The Lens)
 2. മാനുവല്‍ ഫ്ലാഷ്

TTL ഫ്ലാഷ് എന്നതു ഇത്തിരി വില കൂടിയ ഫ്ലാഷുകള്‍ ആണ്. ലെന്‍സിലൂടെ കടന്നു വരുന്ന പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ (THROUGH THE LENS) ഫ്ലാഷ് ഔട്ട്‌പുട്ട് തീരുമാനിക്കപെടുന്നു. 12,000 രൂപ മുതല്‍ തേഡ് പാര്‍ട്ടി TTL ഫ്ലാഷുകള്‍ ലഭ്യമാണ്, നിക്കോണ്‍ ബ്രാന്‍ഡ്‌ ഫ്ലാഷുകളുടെ വില 18000 രൂപയില്‍ തുടങ്ങുന്നു.(SB600/SB700/SB900).

മാനുവല്‍ ഫ്ലാഷ്: CHEAP AND BEST!! ഫോട്ടോഗ്രഫിയില്‍ പൂര്‍ണ്ണനിയന്ത്രണം ഒരു ഫോട്ടോഗ്രാഫര്‍ക്ക് കിട്ടുന്നു എന്നതാണല്ലോ DSLR ന്‍റെ പ്രധാന ഗുണം. അപ്പോള്‍ തീരുമാനങ്ങള്‍ ക്യാമറ എടുക്കുകയാണെങ്കില്‍ നമ്മള്‍ എന്തിനു??? ഫ്ലാഷ് ഔട്ട്‌പുട്ടിലും ഈ നിയന്ത്രണം പൂര്‍ണ്ണമായും ഫോട്ടോഗ്രാഫര്‍ക്ക് വിട്ടു കൊടുക്കുകയാണ് മാനുവല്‍ ഫ്ലാഷുകള്‍ ചെയ്യുന്നത്, വില കുറഞ്ഞതും എന്നാല്‍ വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതുമായ ഫ്ലാഷ് യൂണിറ്റുകള്‍ ആണ് ഇവ. അയ്യായിരം രൂപ മുതല്‍, എന്നു വച്ചാല്‍ നിക്കോണ്‍ SB-700 ന്‍റെ നാലിലൊന്ന് വിലയ്ക്ക് ഇവ വാങ്ങാന്‍ കഴിയും. തുടക്കക്കാര്‍ക്ക് മാനുവല്‍ ഫ്ലാഷ് ഒരു കീറാമുട്ടി തന്നെയാണ് എങ്കിലും, കുറച്ചു നാളത്തെ പരിചയം കൊണ്ട് ക്യാമറയില്‍ നിന്നും സബ്ജക്ടിലെക്കുള്ള ദൂരവും സബ്ജക്റ്റില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശവും കണക്കാക്കി എത്ര ഫ്ലാഷ് ഔട്ട്‌ പുട്ട് വേണം എന്ന് മനസിലാക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ ടെസ്റ്റ്‌ അടിച്ചു നോക്കുമ്പോള്‍ സംഗതി പെര്‍ഫെക്റ്റ്,!!!!! YOUNGNOU, NISSIN, METZ, SIGMA തുടങ്ങിയവ വില കുറഞ്ഞതും എന്നാല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതുമായ തേഡ് പാര്‍ട്ടി ഫ്ലാഷുകള്‍ ആണ്. TTL ഫ്ലാഷുകളെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് വില കുറഞ്ഞ മാനുവല്‍ ഫ്ലാഷുകള്‍ തന്നെയാണ്,.

ഫ്ലാഷുകളുടെ പവര്‍ അറിയപ്പെടുന്നത് ഗൈഡ് നമ്പര്‍ എന്ന അളവില്‍ ആണ്. 24, 38, 44, 58 ഒക്കെ റേഞ്ചില്‍ വാങ്ങാന്‍ കിട്ടും. ഫ്ലാഷ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍, Compatibility of Camera model, ഗൈഡ് നമ്പര്‍, പിന്നെ RECYCLING TIME ഇവയാണ്.

RECYCLING TIME എന്നു പറയുന്നത്, ഒരു ഡിസ്ചാര്‍ജ് കഴിഞ്ഞു അടുത്ത ഫ്ലാഷ് അടിക്കാന്‍ വേണ്ടി വരുന്ന സമയം ആണ്. സെക്കന്‍ഡില്‍ ആണ് ഇത് പറയാറ്..(eg; 2sec, 3sec, 5sec..and so on). മുന്തിയ സ്പീഡ് ലൈറ്റ് ഫ്ലാഷുകളുടെ ഗൈഡ് നമ്പര്‍ കൂടുതലും, RECYCLING TIME കുറവും ആയിരിക്കും. നമ്മുടെ ഉപയോഗത്തിന് 38,44 ഒക്കെ ഗൈഡ് നമ്പരുകള്‍ ധാരാളമാണ്.

Advertisement

HONG KONG ഇല്‍ ഉള്ള YOUNGNOU കമ്പനിയില്‍ നിന്നും നമുക്ക് കുറഞ്ഞ വിലയില്‍ ഫ്ലാഷുകള്‍ പ്രൈസ് ലിസ്റ്റ് നോക്കി നേരിട്ട് വാങ്ങാന്‍ സാധിക്കും. മിക്ക രാജ്യങ്ങളിലേക്കും അവര്‍ കൊറിയര്‍ സൌജന്യമായി ചെയ്തു കൊടുക്കുന്നുണ്ട് (ഫാസ്റ്റ് ഡെലിവറിക്ക് ചാര്‍ജ് ചെയ്യും,) എന്നാണ് അവരുടെ വെബ്‌ സൈറ്റില്‍ നിന്നും കിട്ടിയ വിവരം. ലിങ്ക് വേണ്ടവര്‍ പ്രൈവറ്റ് മെസ്സേജ് അയക്കുക. (വാങ്ങുന്നത് സ്വന്തം ഉത്തരവാദിത്തത്തില്‍ ആയിരിക്കണം).

 131 total views,  1 views today

Advertisement
Entertainment9 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment14 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement