ഇവന്മാർ ഏത് കോത്താഴത്തിലെ അവന്മാരാണ്?

0
58

Sony Thomas

ഇവന്മാർ ഏത് കോത്താഴത്തിലെ അവന്മാരാണ്?

ഇതാണോ കേരളാ പോലീസിന്റെ ട്രെയിനിങ്? റെയിൽവേ മേൽപ്പാലത്തിൽ നിന്നും പാളത്തിലേക്ക് ചാടിയതെന്നു പറയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തുന്ന സീൻ ആണ് ചിത്രത്തിൽ കാണുന്നത്. ഏതൊരാപകടത്തിലും പെട്ടുപോയ ഒരു വ്യക്തിയെ കിടന്നിടത്തുനിന്നും അനക്കുകയോ, എടുക്കുകയോ, മാറ്റുകയോ ചെയ്യുമ്പോൾ നട്ടെല്ലിന് പരിക്ക് സംഭവിച്ചിട്ടുണ്ടാവും എന്ന് നൂറു ശതമാനം വിചാരിച്ചു വേണം കൈകാര്യം ചെയ്യേണ്ടതെന്ന മിനിമം കാര്യം പോലും ഇവർക്ക് ഇതുവരെ ആരും പഠിപ്പിച്ചുകൊടുത്തിട്ടില്ല? അപകടത്തിൽപ്പെട്ട ആളെ കിടന്നിടത്തുനിന്ന് അനക്കുകയോ വലിക്കുകയോ തെറ്റായ രീതിയിൽ ഉയർത്തുകയോ ചെയ്‌താൽ, നട്ടെല്ലിന് പരിക്കുപറ്റിയതാണെങ്കിൽ മരണപ്പെടുകയോ പാരലൈസ്ഡ് ആവുകയോ ചെയ്യുമെന്നുള്ള പ്രഥമ ശുശ്രൂഷയുടെ ആദ്യപാഠംപോലും പഠിപ്പിക്കാതെയാണോ പൊലീസുകാരെ ഇറക്കിവിട്ടിരിക്കുന്നത്? അങ്ങനെയെങ്കിൽ കഷ്ടമാണ് നിങ്ങളുടെ കാര്യം. പ്രഥമ ശുശ്രൂഷയിൽ പഠിച്ചിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളും CPR പോലുള്ള അനായാസകരമായ ഹാൻഡ്‌സ് ഓൺ ട്രെയിനിങ്ങുകളും എല്ലാവരും അറിഞ്ഞിരുന്നാൽ മാത്രം അപകടം മൂലമോ, ഹൃദയാഘാതം, സ്‌ട്രോക് മുതലായ അസുഖങ്ങൾ മൂലമോ മരണപ്പെടുന്ന നൂറുകണക്കിന് ജീവനുകൾ രക്ഷിക്കാനും പരിക്കുകൾ ലഘൂകരിക്കാനും സാധിക്കും. മേൽപ്പറഞ്ഞ സാഹചര്യങ്ങൾ ആർക്കും ഏതു സമയത്തും സംഭവിക്കാമെന്ന് ബോധ്യമുണ്ടെങ്കിലും ഇതൊന്നും കാര്യമായിട്ട് എടുക്കാത്ത എന്ത് കോഞ്ഞാട്ട സംസ്കാരമാണ് നമ്മളുടേത് ?

വാൽ : എല്ലാ മേഖലയിലും ട്രെയിനിങ്ങും സർവീസും രണ്ടു വഴിക്ക്. TTC ക്കും B.Ed നും പഠിച്ചപോലെയാണോ അധ്യാപകർ നമ്മളെ സ്കൂളുകളിൽ പഠിപ്പിച്ചിട്ടുള്ളത്? MBBS ന് ചേരുമ്പോൾ ഒരു പ്രതിജ്ഞയെടുക്കും, അതുപോലെയാണോ സർക്കാർ സർവീസിൽ ജോലി കിട്ടിക്കഴിഞ്ഞാൽ നമ്മുടെ ഡോക്ടർമാർ ചെയ്യുന്നത്? ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ ഒരു സ്ട്രെറ്റ്ചർ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ കരുതിവെച്ചിട്ടുണ്ടാകുമോ? അങ്ങനെയൊക്കെ ഉള്ള സംസ്കാരത്തിലേക്ക് നമ്മുടെ നമ്മുടെ ലോകം മാറണമെങ്കിൽ ഇനിയും തലമുറകൾ കഴിയേണ്ടിവരും.