ഇടിവെട്ടിപ്പെയ്ത തുലാമഴ പോലെ കേരളത്തിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച പ്രതിഭ

0
427

Sooraj Krishnan

ലജ്ജാവതിയേ…നിന്റെ കള്ളക്കടക്കണ്ണിൽ…

ഇടിവെട്ടിപ്പെയ്ത തുലാമഴ പോലെ കേരളത്തിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച, അന്നത്തെ യുവതയെ ത്രസിപ്പിച്ച, വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിച്ച അടിപൊളി ഗാനം. Music ചാനലുകളിൽ, കല്യാണ വീടുകളിൽ, എന്തിന് ടൂർ അടിക്കുന്ന ബസ് ഉൾപ്പടെയുള്ള വാഹനങ്ങളിൽ വരെ ഈ പാട്ട് ഒഴിച്ചുകൂടാനാവാത്ത ഒന്നായിമാറി.. അതുവരെയുണ്ടായ ഡപ്പാം കൂത്ത് ഗാനങ്ങളെ മാറ്റിമറിച്ച് വേറിട്ട ഒരവതരണ രീതിയിലുള്ള ഒരു സംഗീതാനുഭവം ആയിരുന്നു ഈ ഗാനം.

Jassie Gift | Jassie Gift MBIFL 2019ഏത് പാട്ട് ആദ്യം കേട്ടാലും അതിന്റെ സംഗീതം ഇന്ന ആളാണ് ചെയ്തത് എന്നൊരു ഊഹം എനിക്ക് ഉണ്ടാവാറുണ്ട്.. പലപ്പോഴും അത് കിറുകൃത്യമാവാറുമുണ്ട്. ഈ പാട്ട് കേട്ടപ്പോൾ ആദ്യം കരുതിയത് ഒന്നുകിൽ വിദ്യാസാഗർ അല്ലെങ്കിൽ സുരേഷ് പീറ്റേഴ്സ് എന്നായിരുന്നു.. സുരേഷ് പീറ്റേഴ്സ് അന്ന് തെങ്കാശിപ്പട്ടണവും രാവണപ്രഭുവുമൊക്കെ കഴിഞ്ഞ് തിളങ്ങി നിൽക്കുന്ന സമയവും.. നോക്കിയപ്പോൾ തീരെ പരിചയമില്ലാത്തൊരു പേര്.. അത് പാടിയിരിക്കുന്നതും അയാൾ തന്നെ.. അതെ …’ ജാസി ഗിഫ്റ്റ്’!

2004 ൽ പുറത്തിറങ്ങിയ 4 THE PEOPLE ലെ ഗാനങ്ങളും സിനിമയും ഒരു പോലെ ഹിറ്റായതോടെ ആ പേര് കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.. കേരളത്തിലും പുറത്തും ഗൾഫ് നാടുകളിലുമായി ജാസി ലജ്ജാവതിയുമായി നിറഞ്ഞു നിന്നു.. ആ കാലത്ത് പാനലുകളിലും ജൂക് ബോക്സിലുമൊക്കെയുള്ള സംഗീത പരിപാടികളിലും ഫോൺ ഇൻ പരിപാടികളിലുമൊക്കെ ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടിരുന്നത് ലജ്ജാവതിയും അന്നക്കിളിയും നിന്റ മിഴിമുനയുമൊക്കെ ആയിരുന്നു.. ഈ ഗാനങ്ങൾ എഴുതിയത് കൈതപ്രം ആയിരുന്നു. ഇനി ജാസിയെക്കുറിച്ച് ചില കാര്യങ്ങൾ…..

Jassie Gift: Movies, Age, Photos, Family, Wife, Height, Birthday, Biography, Filmography, Upcoming Movies, TV, OTT, Social Media, Facebook, Instagram, Twitter, WhatsApp, Google YouTube & More » CelPoxനന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസ്സിൽ പാശ്ചാത്യ സംഗീതം ഉണ്ടായിരുന്നു. ഫ്രെഡി മെർക്കുറി, റെഗേ സംഗീതജ്ഞനായ ബോബ് മെർലി എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി, വിദ്യാർത്ഥിയായിരിക്കേ ദേശീയ യുവജനോത്സവത്തിൽ ഉൾപ്പെടെ പാശ്ചാത്യ സംഗീതത്തിന് സമ്മാനങ്ങൾ നേടിയിരുന്നു. പിൽക്കാലത്ത് തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി പ്രവർത്തിച്ചു തുടങ്ങി.. കോവളത്തെ ITDC HOTEL, HOTEL SOUTH PARK എന്നിവിടങ്ങളിൽ പതിവായി സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. സൂര്യ ടി.വി. സംപ്രേക്ഷണം ചെയ്ത ‘സൂന സൂന’ എന്ന ആൽബത്തിലൂടെയാണ് ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമ രംഗത്ത് എത്തിയത്.4 THE PEOPLE സംഗീത സംവിധായകനും ഗായകനുമെന്ന നിലയിൽ ജാസിയുടെ കരിയറിലെ നിർണ്ണായക വഴിത്തിരിവായി.

Jassie Gift - Download New Songs @JioSaavnസാങ്കേതിക കാരണങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും ”’റഗേ” സംഗീതത്തിന്റെ ചുവടു പിടിച്ച് ചിട്ടപ്പെടുത്തിയ ലജ്ജാവതിയേ വൻ തരംഗമായി മാറി. പിന്നാലെ വന്ന റെയിൻ റെയിൻ കം എഗൈനിലെ ” തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ”, നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ” എന്ന ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ ജാസി ഗിഫ്റ്റ് എന്ന പേര് ഒരു ബ്രാൻഡ് ആയി മാറി.. ഈ ചിത്രങ്ങളുടെ സംവിധായകൻ ജയരാജിന്റെ ഹിന്ദി ചിത്രമായ ‘ഭീഭത്സ’യിലൂടെയായിരുന്നു ശരിക്കും ജാസി അരങ്ങേറ്റം കുറിച്ചത്. പക്ഷേ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല..എന്നിട്ടും ജയരാജ് ജാസിയെ കൈവിട്ടില്ല..കാരണം ജാസിയുടെ റേഞ്ച് എന്താണെന്ന് ജയരാജ് അന്നേ മനസ്സിലാക്കിയിരുന്നു.. അത് ശരിയായിരുന്നുവെന്ന് പിന്നീട് വന്ന ചിത്രങ്ങളിലൂടെ കാലം തെളിയിച്ചു..

കുറച്ചു കാലങ്ങൾക്ക് ശേഷം മനോഹരമായ ഒരു മെലഡി ഗാനം കേൾക്കാൻ ഇട വന്നു..” സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ”… പാടിയിരിക്കുന്നത് ദാസേട്ടനാണ്.. ചിത്രം ഡിസംബർ എന്നും അറിഞ്ഞു..ഊഹം വെച്ച് വീണ്ടും ഉറപ്പിക്കാനൊരുങ്ങി ഞാൻ.. പാട്ടിന്റെ ഒരു ശൈലി വെച്ച് അത് ചെയ്തിരിക്കുന്നത് M ജയചന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിതാര ഇവരിൽ ഒരാൾ… ഒരു ചാനലിൽ details കാണിച്ചപ്പോഴാണ് അന്തം വിട്ടത്. അത് ചെയ്തതും ജാസി തന്നെ… ലജ്ജാവതി പോലത്തെ ഒരു ഡപ്പാം കൂത്തിന്റെ ആശാനായ ഇങ്ങേർ തന്നെയാണോ ഈ ഗാനത്തിന്റെയും സംഗീതം!!! വിശ്വസിക്കാൻ പ്രയാസമായിരുന്നു. പിന്നീടാണ് മറ്റൊരു കാര്യം അറിഞ്ഞത്..4 THE PEOPLE നും മുൻപേ റിലീസ് ആയ സഫലം എന്ന ചിത്രത്തിൽ ജാസി ചിട്ടപ്പെടുത്തിയ ഒരു മനോഹര ഗാനം ഉണ്ട്..

യുവ ഗായകൻ രാജേഷ് വിജയ് പാടിയ “തൂവെള്ള തൂവുന്നുഷസ്സിൽ വാനിൽ കാർമേഘത്തിൻ തിരമാല” എന്ന ഇമ്പമുള്ള ഗാനം. പാട്ട് ശ്രദ്ധിക്കപ്പെട്ടത് ചിത്രമിറങ്ങി കുറേ കാലം കഴിഞ്ഞാണ്. അതായത് ജാസി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ ശേഷം എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു.. പതിയെ നല്ലൊരു മെലഡി മേക്കർ ആവുകയായിരുന്നു ജാസി. ഡിസംബറിന് ശേഷം എന്നിട്ടും എന്ന ചിത്രത്തിൽ ചിത്രചേച്ചി പാടിയ ” ഒരു നൂറാശകൾ മിഴികളിൽ മൊഴികളിൽ പൂത്തുവോ ” എന്ന ഗാനം ..

ഇതിലെ അനുപല്ലവിയിലെ “അകലെയെന്നാൽ അരികിൽ നാം അരികിലെന്നാൽ അകലെ നാം” എന്ന ഭാഗം ഇപ്പോഴും റിംഗ് ടോൺ ആയി ഫോണിൽ സെറ്റ് ചെയ്ത വരുണ്ട് എന്നത് രസകരമാണ്..അതുപോലെ നടൻ വിജയകുമാർ നായകനായി അഭിനയിച്ച ശംഭു എന്ന ചിത്രത്തിൽ ദാസേട്ടനും ചിത്രചേച്ചിയും പാടിയ “സന്ധ്യേ..എന്നോടിനിയും മൗനമോ, ബൽറാം vs താരാദാസിലെ നീലത്തടാകങ്ങളോ സഖി നിൻ നീല നയനങ്ങളോ.. അശ്വാരൂഡനിലെ “അഴകാലില മഞ്ഞച്ചരടിലെ പൂത്താലി” പോക്കിരിരാജയിലെ “മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞു വന്നൂ”

3 ചാർ സോബീസ് എന്ന ചിത്രത്തിലെ ദാസേട്ടൻ പാടിയ സുരവന്ദിത ഹരിമോഹനം എന്ന സെമി ക്ലാസിക്കൽ ടച്ച് ഉള്ള മെലഡി ഗാനം, ചൈനാ ടൗണിലെ അരികെ നിന്നാലും അറിയുവാനാകുമോ സ്നേഹം.. ഇതെല്ലാം ജാസി ഗിഫ്റ്റ് എന്ന പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ ഗാനങ്ങളാണ്.. ഈ ചിത്രങ്ങളിലെല്ലാം തന്നെ fast നമ്പറുകളും ഉണ്ടായിരുന്നെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മേൽ പറഞ്ഞ മെലഡികൾ തന്നെയായിരുന്നു..

ജാസിയുടെ ഫാസ്റ്റ് നമ്പറുകളെക്കാൾ എനിക്കിഷ്ടം ജാസിയുടെ മെലഡികളാണ്.. ഒരു ഗായകൻ എന്ന നിലയിൽ ജാസി കൂടുതൽ അറിയപ്പെട്ടത് തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു.. വിക്രമിന്റെ അന്യനിലെ ഹാരിസ് ജയരാജ് സംഗീതം നൽകിയ ” അണ്ടങ്കാക്ക കൊണ്ടക്കാരി” എന്ന ഗാനം കൃഷ്ണകുമാർ മേനോനും ശ്രേയ ഘോഷാലിനും സൈന്ധവിക്കുമൊപ്പം പാടിയതോടെ തമിഴിൽ ജാസിയുടെ ജനപ്രീതിയേറി. ജയം രവി നായകനായ മഴൈയിലെ “ഇസ്താംബൂൾ രാജകുമാരി.. വിജയ്‌യുടെ സച്ചിനിലെ ഗുണ്ടുമാങ്ങാ തോപ്പു കുള്ള.. തുടങ്ങിയ ജാസിയുടെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.2012 ൽ റിലീസ് ആയ ‘നിദ്ര’യിലാണ് ജാസിയുടെ സംഗീതത്തിലുള്ള ഒരു ഗാനം അവസാനം കേൾക്കുന്നത്.. ശ്രേയ ഘോഷാൽ പാടിയ ” ശലഭ മഴ പെയ്യുമീ രാത്രിയിൽ” എന്ന ഗാനം earphone വെച്ച് കേൾക്കുമ്പോൾ തന്നെ ദൂരെ നിന്നും ഒഴുകി വരുന്ന ഒരു ഫീൽ ആണ്..

ഇപ്പോൾ മലയാള സിനിമ ജാസിയെ ഏറെക്കുറെ മറന്ന മട്ടാണ്..2012 ന് ശേഷം പുറത്തിറങ്ങിയ മുഖ്യധാരാ ചിത്രങ്ങളിലൊന്നും ജാസിക്ക് അവസരം കിട്ടിയില്ല.2018 ൽ ജീവിതം ഒരു മുഖം മൂടി എന്ന ചിത്രത്തിന് വേണ്ടി സംഗീതം ചെയ്തെങ്കിലും ചിത്രം റിലീസ് ആ കാഞ്ഞതിനാൽ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല.” കണ്ണോട് മെല്ലെ” എന്ന് തുടങ്ങുന്ന ഒരു മനോഹര ഗാനം ആ ചിത്രത്തിലുണ്ട്. പാടിയിരിക്കുന്നത് ഇപ്പോഴത്തെ യുവ ഗായകരിൽ ശ്രദ്ധേയരായ ഹരിശങ്കറും രാജലക്ഷ്മിയുമാണ്.

ജാസി പാടിയ പാട്ട് ഒടുവിൽ കേൾക്കുന്നത് 2019 ലെ ദുൽഖർ സൽമാൻ ചിത്രമായ ഒരു യമണ്ടൻ പ്രേമകഥയിലെ ബെന്നി ദയാലിനോടാപ്പം പാടിയ “മുറ്റത്തെക്കൊമ്പിലെ” എന്ന ഗാനമാണ്. ഇത്ര കഴിവുള്ള ഒരു പ്രതിഭയായിട്ടും മലയാള സിനിമ ജാസിയെ വേണ്ട വിധം പ രിഗണിച്ചോ എന്ന് സംശയമാണ്.. അൽപം കറുത്ത് പോയതു കൊണ്ടോ എന്തോ ഒരു റിയാലിറ്റി ഷോയിലും ഇദേഹത്തെ ജഡ്ജ് ആയി പോലും കണ്ടിട്ടില്ല..എന്തായാലും കഴിഞ്ഞ കുറേ കാലങ്ങളായി ഇദ്ധേഹം ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ല.. ഇനിയും ഇദ്ധേഹത്തെ തേടി നല്ല അവസരങ്ങൾ വരുമെന്നു തന്നെ നമുക്കാശ്വസിക്കാം..😊

വാൽക്കഷ്ണം:- ഇപ്പോഴത്തെ ചില സംഗീത സംവിധായകരുടെ ഗാനങ്ങൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ തീർച്ചയായിട്ടും ഞാൻ നിസ്സംശയം പറയും…
The Man Who Known as The most talented underrated Music director in Malayalam film industry is???
JASSIE GIFT!!!