സ്വന്തം അമ്മയെയും പെങ്ങളെയും മുതൽ ആരെയും എന്തു വൃത്തികേടും പറയുന്ന ഒരു ആഭാസൻ, അയാളുടെ പേജിനു ലൈക്കുകളും കമെന്റുകളും നൽകിയിരിക്കുന്നത് പ്രബുദ്ധ മലയാളികൾ തന്നെയാണ്

139

Soorya R Suresh

ഈ കെട്ട കാലത്തിലും ഒരു മുറിക്കുള്ളിൽ അടഞ്ഞിരുന്നു സ്‌ത്രീകളെ വൃത്തികേട് പറഞ്ഞും വൃത്തികേട് എഴുതിയും youtube ഇൽ ഇട്ടു മലയാളിയുടെ അശ്ലീലതയ്ക്ക് കുടപിടിച്ചു കാശുണ്ടാക്കുന്ന ഒരു ഞരമ്പ് രോഗി.അമ്മയെയും പെങ്ങളെയും മുതൽ ആരെയും എന്തു വൃത്തികേടും പറയുന്ന ഒരു ആഭാസൻ. അയാളുടെ പേജിനു ലൈക്കുകളും കമെന്റുകളും നൽകിയിരിക്കുന്നത് നമ്മുടെ മലയാളികൾ തന്നെയാണ്.അശ്ലീലത വിറ്റ് കാശുണ്ടാക്കുന്ന ഒരു ശുനകപുത്രന് കാശുണ്ടാക്കിക്കൊടുക്കുന്നത് നമ്മുടെ മലയാളികൾ എന്നതിൽ ഹാ പ്രബുദ്ധ കേരളമേ എന്നു അഭിമാനിക്കൂ.

Dubbing artiste Bhagyalakshmi, activist Diya Sana and group assault YouTuber Vijay P Nair for insulting women - KERALA - GENERAL | Kerala Kaumudi Onlineഇനി ഭാഗ്യലക്ഷമിച്ചേച്ചിയിലേക്ക് വരാം.ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ബോൾഡായ ഒരു സ്ത്രീയാണ് അവർ.തനിക്ക് താൻ മാത്രം എന്ന ബോധത്തിൽ തലയുയർത്തി നിൽക്കുന്ന ഒരു സ്‌ത്രീ.അരക്ഷിതത്വങ്ങളിൽ സുരക്ഷിതായാവാൻ സ്വയം അച്ഛനും അമ്മയുമാകുന്ന ഒരു സ്‌ത്രീയാണവർ അതെനിക്ക് എങ്ങനെ മനസിലാകും എന്നു ചോദിച്ചാൽ എന്നോളം എനിക്ക് മാത്രമേ അത് മനസ്സിലാകൂ എന്നു പറയാം.കാരണം ഞാൻ പലപ്പോഴും എനിക്ക് അച്ഛനും അമ്മയും സഹോദരനും ആയിട്ടുള്ള ഒരുവളാണ്.

ചോദിക്കാൻ ആരും വരില്ല എന്ന ഉറപ്പിൽ നീതികേടുകൾ നടക്കപ്പെടുമ്പോൾ നീ.. തീയാവുക എന്നത് എനിക്ക് ആപ്തവാക്യം തന്നെയാണ്.പെണ്ണിനെ അനാവശ്യം പറയുന്നതിന് നേരെപെണ്ണ് ശബ്ദമുയർത്തിയാൽ പ്രതികരിച്ചാൽ, അത് തെറ്റകുന്ന സംസ്കാരം നമ്മൾ മലയാളികൾ എങ്ങനെ പഠിച്ചു.അറിയില്ല.

വിജയ് പി നായര്‍ക്കെതിരെ കേസ് എടുത്തു | DoolNewsഅനുഭവങ്ങളിൽ പെണ്കുട്ടിയല്ലേ അച്ഛനില്ലാത്ത കുട്ടിയല്ലേ എന്നുകരുതി ആ ധൈര്യത്തിൽ വാക്കുകൊണ്ട് അപമാനിക്കുകയും , ദുഷ്പ്രചാരണം നടത്തിയവരുടെയും പേരുകളിൽ ബന്ധുക്കൾ മുതൽ അവസാനം ഗോകുലംചിട്ടിയുടെ മാനേജർ വരെ വരും.ധൈര്യത്തോടെ അസഭ്യംവും അശ്ലീലവും വ്യക്തിഹത്യയും നടത്തി തിരിച്ചു വിരൽ ചൂണ്ടിയാൽ ശബ്ദമുയർത്തിയാൽ സ്ത്രീയ്ക്ക് നേരെ വുരല്ചൂണ്ടുക എന്നത് നമ്മുടെ പ്രബുദ്ധ കേരളത്തിലെ അശ്‌ളീല മലയാള മനസ്സിന്റെ ഒരു രീതി മാത്രമാണ്. എന്നെ വായിക്കുന്ന അറിയുന്ന സ്നേഹിക്കുന്ന കൂടപ്പിറപ്പുകളെ ആ സ്‌ത്രീയെ കുറ്റം പറയും മുൻപ് നിങ്ങൾ അറിയണം, ആരുമില്ലാത്ത ജീവനോടെ വേണ്ടപ്പെട്ടവരില്ലാത്ത ഞാനടക്കമുള്ള ഓരോ സ്ത്രീകളും വാക്കുകൾ കൊണ്ടു പോലും ചൂഷണങ്ങൾക്ക് പാത്രമാകേണ്ടി വരുമ്പോൾ സ്വയം തീയാവുക എന്നത് മാത്രമാണ് രക്ഷ.

Case filed against Bhagyalakshmi and gang for attacking Vijay P Nair | Case filed against Bhagyalakshmi and group for attacking manതെറിക്കുത്തരം മുറിപ്പത്താൽ എന്നത് മാത്രമാകും അവിടെ വില്പ്പോവുക.ആരാടി എന്നു ചോദിച്ചാൽ നീ ഏതാടാ എന്നു ചോദിക്കാൻ പഠിപ്പിച്ച ഒരു അച്ഛന്റെ മകളായ എനിക്ക് ഒരുപക്ഷേ വീണുപോകാതെ ഞാനായി നിലനിൽക്കുവാൻ എനിക്ക് നേരെ ഉയർന്ന ശബ്ദങ്ങൾക്ക് നേരെ മുഖം തിരിക്കേണ്ടിയും ശബ്ദമുയർത്തേണ്ടിയും വന്നിട്ടുണ്ട്.ഒറ്റയ്ക്ക് നിൽക്കുന്ന സ്‌ത്രീകളോട് പ്രതികരിക്കുന്ന സ്‌ത്രീകളോട് അവരെ അശ്ലീലതയോടെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത അശ്‌ളീല കണ്ണോടെ നോക്കുന്ന എല്ലാവർക്കും അസഹിഷ്ണുത ഉണ്ടാക്കും.മറ്റൊന്നുമല്ല.., നാളെ അവൾ എന്റെ നേരെയും ശബ്ദമുയർത്തുമോ എന്ന ഭയമാണത്. നീതി ബോധമുണരാത്തിടത്ത്നീ തീയാവുക.

എന്റെ കൂടപ്പിറപ്പുകളെ ആണ്സാഹോദരങ്ങളെ നിങ്ങൾ നിങ്ങളുടെ മക്കളെയും സഹോദരിമാരെയും സഹോദരൻമാരെയും പഠിപ്പിക്കുക, തെറ്റ് കണ്ടാൽ പ്രതികരിക്കേണ്ടതാണെങ്കിൽ പ്രതികരിക്കുവാൻ അതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നാൽ അത് നമ്മുടെ നിയമ വ്യവസ്ഥിതിക്ക് കണ്ണു കാണാത്തത് കൊണ്ടെന്നു സമാധാനിക്കുവാനും.അയാൾക്ക് അത്രയല്ലേ കിട്ടിയുള്ളൂ എന്നു ഞാൻ പരാതി പറയും.കാരണം അയാൾക്ക് അതിന് അപ്പുറം കിട്ടേണ്ടതായിരുന്നു. അയാൾക്ക് എന്നല്ല അയാളുടെ youtube കണ്ട് പുഞ്ചിരിക്കുന്ന എല്ലാ അണുങ്ങൾക്കും അത് ബാധകം തന്നെ.ഈ വിഷയത്തിൽ ഭാഗ്യേച്ചിക്ക് ഒപ്പമാണ്.

ഞാനടക്കമുള്ള കേരളത്തിലെ എല്ലാ സ്ത്രീകളുടെയും പ്രതിനിധിയയതിന്, കേരളത്തിലെ എല്ലാ സ്‌ത്രീകൾക്കും വേണ്ടി ശബ്ദമുയർത്തിയതിനു നന്ദി ചേച്ചി.ഫേസ്ബുക്കിൽ കുലസ്‌ത്രീ മാഹാത്മ്യം വിളമ്പുന്ന പുരുഷകേസരികളുടെ അമ്മമാർ ഇതു കണ്ടിരുന്നെങ്കിൽ അവന്റെ മുഖത്തു തിളച്ച വെള്ളം ഒഴിക്കുമായിരുന്നു എന്നതിൽ സംശയമില്ല.പ്രിയസഹോദരന്മാരെ നിങ്ങൾ അയാൾക്ക് രണ്ടു കൊടുത്തിരുന്നെങ്കിൽ ,പ്രിയ നീതിപീഠമേ നിങ്ങൾ വേണ്ടത് ചെയ്തിരുന്നെങ്കിൽ ആ പാവം ഇതിനു ഇറങ്ങി തിരിക്കില്ലായിരുന്നു…

സന്തോഷമുണ്ട് എന്റെ സൗഹൃദങ്ങളിൽ അവരെ ഉൾക്കൊള്ളുന്ന കുറച്ചു സുഹൃത്തുക്കൾ എങ്കിലും ഉണ്ട് എന്നതിൽ. മറ്റൊന്ന് ചേച്ചിയുടെ selevtive പ്രതികരണങ്ങളോട് എനിക്ക് യോജിപ്പില്ല പക്ഷെ എല്ലായിടങ്ങളിലും ഇത്തരത്തിലാണ് നീതി നിഷേധിക്കപ്പെടുന്നത് എന്നു ഇതോടെ അവർ മൻസിലാക്കിയിട്ടുണ്ട് എന്നു വിശ്വാസിക്കട്ടെ.മറ്റുപലരോടുമുളള ദേഷ്യം വച്ചു ഈ സ്‌ത്രീയെ അളക്കരുത്. ഇവർ ഇവരോളം കത്തിയെരിയുന്ന ഒരു അമ്മതീയാണ്


Badarunnisa A

എത്രയോ നാളുകളായി സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഒരു ചാനലിന്‍റെ മറവില്‍ ഡോക്ടറെന്ന പേരും പറഞ്ഞൊരാള്‍ നിരവധി വീഡിയോകള്‍ ചെയ്യുകയും ലക്ഷക്കണക്കിനാളുകള്‍ അത് കാണുകയും ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്ത് പോരുകയായിരുന്നു.നിയമവ്യവസ്ഥ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ മൂന്ന് സ്ത്രീകള്‍ നീതിക്കായി പ്രസ്തുത ചാനലുകാരനെ വേണ്ടവിധം കൈകാര്യം ചെയ്തത്.ഇത്രയും വസ്തുത.ഇനി പറയാനുള്ളത് അവരുടെ പ്രതികരണങ്ങളോടുള്ള പ്രതികരണങ്ങളെക്കുറിച്ചാണ്.

1.നിയമം കൈയിലെടുക്കാന്‍ അവകാശമില്ല.
മാസങ്ങളായി ലക്ഷക്കണക്കിനാളുകള്‍ ആസ്വദിച്ചപ്പോള്‍ തങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളെക്കൂടിയാണ് അയാള്‍ പറയുന്നതെന്നോര്‍ത്തോ?ആരെങ്കിലും പരാതിപ്പെട്ടോ?
സൈബര്‍സെല്‍ പ്രതികരിക്കാത്ത കാലത്തോളം അയാളിങ്ങനെ തുടര്‍ന്നോട്ടെ എന്നാണോ?അവരവരുടെ വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചല്ലല്ലോ ഏതോ ഫെമിനിസ്റ്റുകളെക്കുറിച്ചല്ലേ എന്ന ചിന്താഗതിയാണോ?അല്ലെങ്കിലും നമ്മള്‍ തന്നെ ഫെമിനിച്ചികള്‍ എന്നാണല്ലോ പറയാറ്.

2.അവര്‍ പറഞ്ഞ തെറികള്‍ ശരിയായില്ല.
അല്ലയോ പ്രിയപ്പെട്ടവരേ..
കാലാകാലങ്ങളായി ഇത്തരം തെറികള്‍ വിളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത് പെണ്ണുങ്ങളാണോ?
ഒരുത്തനെ മര്യാദ പഠിപ്പിക്കാന്‍ പോകുമ്പോ മര്യാദയുള്ള നാല് തെറി ആദ്യം പഠിച്ചിട്ട് പോകാം എന്ന് നിങ്ങളായാലും കരുതുമോ?
ആ സാഹചര്യത്തില്‍ കേട്ടിട്ടുള്ള തെറികള്‍ അവര്‍ പറഞ്ഞു.അതിലെ ശരിയും തെറ്റും അവിടെ നില്‍ക്കട്ടെ.തെറി എന്നാല്‍ ചീത്തവാക്കുകള്‍ തന്നെയാണ്.നല്ല വാക്കുകള്‍ ഉപയോഗിച്ച് തെറി പറയുന്നതെങ്ങനെ?അതിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടുന്നവര്‍ ആദ്യം ഇത്തരം തെറികള്‍ പറയുന്ന,പറഞ്ഞവരെ നേര്‍വഴിക്ക് നടത്തണം.അല്ലാതെ സ്ത്രീകള്‍ തെറി വിളിക്കുമ്പോള്‍ മാത്രം ഉണരുന്ന പ്രബുദ്ധത ശരിയല്ലല്ലോ.

3.മറ്റ് സ്ത്രീപീഡനങ്ങള്‍ നടന്നപ്പോള്‍ ഇവര്‍ പ്രതികരിച്ചില്ലല്ലോ..
ഫെമിനിസ്റ്റുകള്‍ മാത്രം പ്രതികരിക്കേണ്ട ഒന്നാണോ അത്തരം കേസുകള്‍?
ഓരോ പ്രശ്നം വരുമ്പോഴും പ്രതികരണം മറ്റുള്ളവരെ എഴുതി അറിയിക്കേണ്ട പ്രതികരണത്തൊഴിലാളികളാണോ ഫെമിനിസ്റ്റുകള്‍?നിങ്ങളൊക്കെ അതിന്‍റെ കണക്കെടുക്കേണ്ടവരോ?

4.സ്വന്തം കാര്യം വന്നപ്പോള്‍ പ്രതികരിച്ചു.
അന്നേരമെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ പിന്നെന്ത് ആത്മാഭിമാനമാണെടോ..
ഇനി ഒരാളെക്കുറിച്ചും ഇങ്ങനെ പറയാന്‍ അങ്ങേരുടെ ചീഞ്ഞ നാവ് പൊങ്ങരുത്.അയാളുടേതെന്നല്ല ആരുടെയും നാവ് പൊങ്ങരുത്.
ആ മൂന്ന് പെണ്ണുങ്ങളേം ബാക്കി ഫെമിനിസ്റ്റുകളെയും ഉപദേശിക്കുന്ന സമയത്ത് ആ വീഡിയോകള്‍ കാണ്.അവരിത്രേം പ്രതികരിച്ചാ മതിയോന്ന് എന്നിട്ട് പറ.ഇവര്‍ ചെയ്തത് മൂന്ന് ആണുങ്ങളാണ് ചെയ്തതെങ്കില്‍ ആളുകളുടെ പ്രതികരണം എങ്ങനെയാവും എന്നാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്.


Mruduladevi S

ഏകദേശം ഒരു മാസത്തോളം ആയി “ഫെമിനിസ്റ്റുകൾ ജെട്ടിയിടില്ല “എന്ന പേരിൽ സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങുന്ന ഒരു വീഡിയോ ഇന്ന് കണ്ടു. നിലവിൽ തൊഴിൽമേഖലയിൽ സജീവമായിട്ടുള്ള സ്ത്രീകളെ മുതൽ, സീനിയർ സിറ്റിസൺ ആയ മുൻ വനിതാ കമ്മീഷൻ അധ്യക്ഷയെ വരെ ഏറ്റവും മോശമായ രീതിയിൽ അപഹസിച്ച ആളെ ഭാഗ്യലക്ഷ്മി ചേച്ചി, Diya Sana, Sreelakshmi Arackal എന്നിവർ ചേർന്നു പരസ്യമായി മാപ്പ് പറയിച്ച്‌ , ലാപ്ടോപ് പിടിച്ചെടുത്തു പൊലീസിൽ ഏല്പിച്ചു. നേരത്തെ തന്നെ ഇവർ മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, ഡി ജി പി എന്നിവരടക്കമുള്ളവർക്ക്‌ പരാതി കൊടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല തുടർന്ന് അവർ നേരിട്ടിറങ്ങുകയായിരുന്നു.

ഈ മൂന്ന് സ്ത്രീകളും വാളയാർ കേസിൽ മിണ്ടിയില്ല, ആംബുലൻസ് റേപ്പ് കേസിൽ പെട്ടയാളെ കരി ഓയിൽ ഒഴിച്ചില്ല ദലിത് വിഷയങ്ങളിൽ അവർ ഉരിയാടുന്നില്ല എന്ന് പറഞ്ഞു നിലവിളിക്കുന്ന ദലിത് സഹോദരന്മാരോട് രണ്ട് വാക്ക് ചോദിക്കട്ടെ.
നീയൊക്കെ എന്ത് പിണ്ണാക്ക് ആണ് വാളയാർ വിഷയത്തിൽ ചെയ്തത്. വാളയാർ എന്ന പ്രദേശം ഭൂപടത്തിൽ പോലും കണ്ടിട്ടില്ലാത്ത നിങ്ങള്ക്ക് എന്താണവകാശം ഈ പെണ്ണുങ്ങളെ ചോദ്യം ചെയ്യാൻ.? നിങ്ങളുടെ വീട്ടിലെ സ്ത്രീകളിൽ ആരെയെങ്കിലും നിങ്ങൾ പ്രസ്തുത വിഷയങ്ങളിൽ ഇടപെടാൻ അയച്ചിരുന്നോ. ഏതെങ്കിലും ഒരു ലൈവിൽ വന്ന് എന്തെങ്കിലും രണ്ട് വാക്ക് പറഞ്ഞിരുന്നോ മേൽപ്പറഞ്ഞ വിഷയങ്ങളെപ്പറ്റി?

ഒരു സ്ത്രീ ഏത് വിഷയത്തിൽ പ്രതികരിക്കണം, പ്രതികരിക്കണ്ട എന്നുള്ളത് അവരുടെ ചോയ്സ് ആണ്. ലോകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഈ പെണ്ണുങ്ങൾ ചെയ്യണം എന്ന് ശഠിക്കാൻ നിങ്ങളൊക്കെ ആരാണ്. നിങ്ങളിൽ ആരൊക്കെ കേരളത്തിലെ ദലിത് സ്ത്രീകളുടെ വിഷയത്തിൽ ആത്മാർത്ഥമായി ഇടപെട്ടിട്ടുണ്ട്.ദലിതു കളുടെ കടയിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങി, ദലിതുകൾ ഉടമസ്ഥരായിട്ടുള്ള സ്വകാര്യ വാഹനങ്ങളിൽ മാത്രം യാത്ര ചെയ്തു, ദളിതുകളുടെ തുണിക്കടയിൽ നിന്ന് മാത്രം വസ്ത്രം വാങ്ങി, ദലിതുകളുടെ മേൽനോട്ടത്തിൽ ഇറങ്ങുന്ന പത്രം മാത്രം വായിച്ച്, ദലിതുകളുടെ കമ്പനിയിൽ നിന്നിറങ്ങുന്ന ഫോൺമാത്രം വാങ്ങിച്ച്‌ , ദലിതുകളുടെ ഹോട്ടലിൽ നിന്ന് മാത്രം ഭക്ഷണം കഴിച്ചു, ദലിതുകൾ നടത്തുന്ന സ്കൂളിൽ മാത്രം മക്കളെ പഠിപ്പിക്കാൻ അയയ് ക്കുന്ന എത്രപേരുണ്ട് ഇവിടെ.. ഈ സ്ത്രീകളോടൊപ്പം നിങ്ങള്ക്ക് നിലകൊള്ളാതിരിക്കാം. പക്ഷേ അവർക്കൊപ്പം നിലകൊള്ളുന്ന എന്നെപ്പോലുള്ള പെണ്ണുങ്ങളുടെ ടൈംലൈനിൽ കയറി വന്ന് ഇവരാരും ദലിത് വിഷയത്തിൽ ഇടപെട്ടില്ല എന്ന് കരയുന്ന ദലിത് പുംഗവന്മാരോട് പറയുന്നു .

നീയൊക്കെ ഈ പെണ്ണുങ്ങളെ വെടി എന്ന് വിളിക്കാൻ മുൻപിൽ തന്നെ ഉണ്ടായിരുന്നു. നിന്റെയൊക്കെ മുഖത്തും കരിഓയിൽ ഒഴിക്കണം. കരണക്കുറ്റിക്ക് നോക്കി അടിക്കണം.നീയൊക്കെ പിടിക്കപ്പെടാത്ത കള്ളന്മാരാണ്. അത് കൊണ്ടാണ് പിടിക്കപ്പെട്ട കള്ളന്മാർക്ക് വേണ്ടി സ്തുതിഗീതം മുഴക്കുന്നത്. അമ്മാതിരി ദലിത് വംശീയ വാദികൾ ഉണ്ടെങ്കിൽ ഇപ്പോൾ, ഈ നിമിഷത്തിൽ എന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് പൊക്കോണം. വിവരം അറിഞ്ഞപ്പോൾ തന്നെ ഞാൻ ആ മൂന്ന് പെൺകരുത്തുകളെയും വിളിച്ച്‌ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു ഇനിയും ചേർത്ത് പിടിക്കും. നിങ്ങൾ ഉദ്ദേശിക്കുന്ന തരം ‘ദലിത് ‘അല്ല ഞാൻ. എന്റെ ദലിത് ഗർഭം നിങ്ങളുടേത് പോലെയല്ല. Get Lost ഫ്രോഡുകളെ!!!!


Rajesh Mv

അറഞ്ചം പൊറഞ്ചം ഒരാളെ നല്ല പച്ചക്ക് തെറി വിളിച്ചുകൊണ്ട് മഷി ഒഴിച്ചും കണക്കുറ്റിക്ക് പൊട്ടിച്ചുകൊണ്ടും ഒരു കൂട്ടം സ്ത്രീകൾ കൈകാര്യം ചെയ്യുന്ന വീഡിയോ വാട്സ് ആപ്പിൽ ഒരു സഹപ്രവർത്തകൻ പങ്കുവെച്ചത് കണ്ടുകൊണ്ടാണ് ഇന്നത്തെ അധ്യയന ദിവസ്സം ആരംഭിച്ചത്. കായിക ബലത്തിൽ തീരെ പിന്നോട്ടായ ഒരു ‘പാവം മനുഷ്യനെ’ ഇങ്ങനെ പച്ചക്ക് തെറിവിളിച്ചുകൊണ്ടു കൈകാര്യം ചെയ്യുന്ന ഫെമിനിസ്റ്റുകളായ ആ സ്ത്രീകളോട് ആദ്യം അമർഷമാണ് തോന്നിയത്. അയാൾ ഒഴികെ സീനിൽ ഉള്ള സ്ത്രീകൾ മീഡിയകളിൽ ഒക്കെ കണ്ടുപരിചയമുള്ളവർ തന്നെയാണ്.

Image may contain: 1 person, standingവീഡിയോ ഏകദേശം പത്തു മിനിറ്റോളം ദൈർഘ്യമുള്ളതാണ് എന്നതുകൊണ്ടും സ്‌കൂളിൽ വെച്ചാണ് വീഡിയോ കിട്ടിയത് എന്നതുകൊണ്ടും ബ്രെയ്ക് ഫാസ്റ്റ് കഴിക്കാൻ വീട്ടിൽ വന്നപ്പോഴാണ് മുഴുവനായും കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രസ്തുത വ്യക്തി ഒരു യൂട്യൂബർ ആണെന്നും അയാളുടെ വീഡിയോകൾ മുഴുവനും കേട്ടാൽ അറക്കുന്ന സ്ത്രീവിരുദ്ധതകൾ നിറഞ്ഞതാണെന്നും പലരുടെയും പോസ്റ്റുകളിലൂടെ അറിയാൻ കഴിഞ്ഞു. പലരും പങ്കുവെച്ച അയാളുടെ യൂറ്റൂബ് വീഡിയോകളിലൂടെ കണ്ണോടിച്ചപ്പോൾ അയാൾക്ക് കിട്ടിയത് തീരെ കുറഞ്ഞുപോയി എന്നാണ് സംശയലേശമന്യേ തോന്നിയത്. ഒരു പബ്ലിക്ക് പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തിക്കൊണ്ടു എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ പരസ്യമായി, ഒരു അധികാരികതകളുമില്ലാതെ(ഉണ്ടെങ്കിൽ തന്നെ പറ്റുമോ?) സ്ത്രീകളെ കുറിച്ചു കേട്ടാൽ അറക്കുന്ന ഭാഷയിൽ സംസാരിക്കാൻ കഴിയുന്നത്?

രഹ്ന ഫാത്തിമയും ശബരിമല കയറിയ മറ്റു ഫെമിനിസ്റ്റുകളും ചില കൊണ്ഗ്രെസ്സ് നേതാക്കന്മാരും ഡബ്ബിങ് ആർട്ടിസ്റ്റുകളും സിനിമാ പ്രവർത്തകരും ഒക്കെ അയാളുടെ അശ്‌ളീല വീഡിയോകളിൽ വിഷയീഭവിക്കുന്നുണ്ട്. അയാളെ നേരിട്ട് അക്രമിക്കുന്നതിലൂടെ നിയമം കയ്യിലെടുക്കുന്നു ഈ സ്ത്രീകൾ എന്നത് പലരും വിമർശിച്ചു കണ്ടു. അങ്ങിനെയെങ്കിൽ നന്നായിപോയി എന്നെ എനിക്കവരോട് പറയാനുള്ളൂ. കാരണം ഇത്തരം സമൂഹമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നേരിട്ട ഒരിരകൾക്കും അവർ അനുഭവിച്ച മാനസിക വേദനയുടെ ഒരംശം പരിഹരിക്കത്തക്ക നിയമ നടപടി പോലും ഉണ്ടായതായി ഒരു ഇരകളും പറഞ്ഞു കേട്ടിട്ടില്ല. നാലാൾ ശ്രദ്ധിക്കാൻ വേണ്ടി ലൈംഗീകത പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകേറുന്ന ആർക്കും അതു ആണോ പെണ്ണോ ആരുമാവട്ടെ ഇങ്ങനെ ഇരകൾ നേരിട്ട് ചെന്ന് നാലു പൊട്ടിച്ചു കാര്യം പരിഹരിക്കണം എന്നാണ് എനിക്ക് തോന്നിയത്.


Hareesh Sakthidharan

എന്നാലും തല്ലാമോ എന്ന നിഷ്കളങ്ക നിഷ്ക്കുകളോട് കൊല്ലാമായിരുന്നു എന്നാണു മറുപടി.എത്ര മനുഷ്യരെയാണ് ( സ്ത്രീ, ഫെമിനിസ്റ്റുകൾ തുടങ്ങിയ വേർതിരിവുകൾ പിന്നീടല്ലേ ) അയാൾ കേട്ടലറയ്ക്കുന്ന ഭാഷയിൽ നിരന്തരം അപഹസിച്ചത്. നിയമപരമായി നീങ്ങിക്കൂടെ എന്നാണങ്കിൽ ഒരു മാസമായി അയാൾ ചെയ്ത വീഡിയോകൾ പ്രചരിക്കുന്നുണ്ട്, എന്തു നടപടിയുണ്ടായി. കാരണം ഇത്തരം ഞരമ്പുരോഗികളെ ശിക്ഷിക്കാനാവാത്ത പഴുതുകളുള്ള സൈബർ നിയമമാകാം.അപ്പോൾ ഇത്തരം തല്ലുകൊടുക്കലും സ്വാഭാവികം. കേരളം ആദരവോടെ കാണുന്ന കവി എന്ന നിലയ്ക്കുമാത്രമല്ല, സാമൂഹികവും പാരിസ്ഥിതികവുമായ ഇടപെടൽ നടത്തിയ ഒരു വ്യക്തി എന്ന നിലയ്ക്കും സുഗതകുമാരി ടീച്ചറിന് കേരളത്തിൽ എത്രവലിയ സ്ഥാനമാണുള്ളത്. ആ അമ്മയെ എന്തു നീചമായാണവൻ അപഹസിച്ചത്. അതുപോലെ തന്നെ ഭാഗ്യലക്ഷ്മിയടക്കമുള്ള എത്ര സ്ത്രീകളെ പുഴുത്തവാക്കിനാൽ ആക്രമിച്ചു. അവരോക്കെ പൊതുസമൂഹത്തിലുള്ളവരാണ്. നമുക്കൊപ്പം ജീവിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ്. അവർ കക്കാനോ, പിടിച്ചുപറിക്കാനോ നടക്കുന്നവരല്ല. അവർക്ക് ഈ മണ്ണിൽ ആരുടെയും ദാനമല്ലാതെ അവർ സ്വന്തമായി നേടിയെടുത്ത സ്ഥാനവും മാനവുമുണ്ട്. പെണ്ണ് സംസാരിച്ചാൽ വെടിയും വെടിപ്പുരയുമാക്കിക്കളയുന്ന ഊച്ചാളിത്തരത്തിൻ്റെ മുഖത്താണ് അവരിൽ ഓരോരുത്തരും ആഞ്ഞടിച്ചത്, കണക്കായിപ്പോയി. മലയാളകവിതയുടെയും സാഹിത്യത്തിൻ്റെയും പേരിൽ, പ്രിയപ്പെട്ട സുഗത ടീച്ചറുടെ പേരിൽ അവൻ്റെ ചെപ്പക്ക് ഒന്ന് പൊട്ടിക്കാൻ പറ്റാത്തതിൽ വലിയ വിഷമമുണ്ട്. അഭിവാദ്യങ്ങൾ ടീം ഭാഗ്യലക്ഷ്മി❤


C.R. Parameswaran

അടി കേമമായി. തെറിയും ജോർ, രണ്ട് അഭിപ്രായവ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ.

ഒന്ന്, സ്ത്രീവാദികൾ ഉപയോഗിച്ച തെറികൾ തന്നെ വളരെ സ്ത്രീ വിരുദ്ധമായിരുന്നു. സ്ത്രീ- സൗഹൃദപരമായ തെറികളുടെ ക്ഷാമം നമ്മെ തുറിച്ചു നോക്കുന്നു. അത്തരം ക്ഷാമം പരിഹരിക്കാൻ മുൻവാതിൽ -പിൻവാതിൽ നിയമനങ്ങളിലൂടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിപ്പറ്റിയിട്ടുള്ള പണ്ഡിതന്മാരെ നിയോഗിക്കാം. Catch them young സിദ്ധാന്തം അനുസരിച്ച് ബാലികാ -ബാലന്മാരെ സജ്ജരാക്കാൻ ബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ടിനേയും കുറച്ചു പണിയേൽപ്പിക്കാം.

രണ്ട്, രക്ഷിക്കപ്പെട്ട പി. ശശി,തരം താഴ്ത്തി ശിക്ഷിക്കപ്പെട്ട പരാതിക്കാരനായ സി. കെ .പി.പദ്മനാഭൻ, പി. കെ. ശശി, പാർട്ടി ദല്ലാളിത്തം കൊണ്ട് രക്ഷപ്പെട്ട ഐസ് ക്രീം പാർലർ -സൂര്യനെല്ലി കേസുകളിലെ രാഷ്ട്രീയ വി. ഐ .പി പ്രതികൾ, ഇവയിൽ പീഡിപ്പിക്കപ്പെട്ട അടിസ്ഥാന വർഗ്ഗത്തിൽ പെട്ട പെൺകുട്ടികൾ, ആദ്യ കേസിനോടനുബന്ധിച്ചു ആത്മഹത്യ ചെയ്ത രണ്ട് പെൺകുട്ടികൾ, ഇടത് മന്ത്രിയും മന്ത്രിപുത്രന്മാരും ഉൾപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന കിളിരൂർ -കവിയൂർ അരും കൊലകൾ.പൂനയിൽ പരിശോധിക്കപ്പെടുന്ന രണ്ട് വർഷം മിനക്കെട്ടാൽ മാത്രം എടുത്തു പൊന്തിക്കാവുന്ന സെക്രട്ടറി പുത്രന്റെ അസാധാരണ DNA – കേരളത്തിലെ ഏറ്റവും സ്ത്രീ വിരുദ്ധമായ പ്രസ്ഥാനത്തിന്റെ ലിംഗ നീതി സംബന്ധമായ ബാക്കിപ്പത്രമാണിത്.

ഈ ഇടത് പ്രത്യേകാവകാശങ്ങൾക്ക് മുൻപിൽ ദുർബലരായ നാം നിസ്സഹായരാണ് എന്നത് സത്യമാണ്. ഫെമിനിസ്റ്റിനെന്നല്ല, ഏത് സ്ത്രീക്കും ഈ പാർട്ടിയോട് തോന്നേണ്ട സ്വാഭാവിക പ്രതികരണം അറപ്പും വെറുപ്പും ആണ്. അത് പ്രകടിപ്പിച്ചു മാറി നിൽക്കാമല്ലോ. പക്ഷെ നോക്കുക, ഏറ്റവും വലിയ അസംബന്ധം, ഇത്തരം ഫെമിനിസ്റ്റുകളിൽ ഭൂരിഭാഗവും ഈ സ്ത്രീ വിരുദ്ധ പാർട്ടിയുടെ എന്തു ഹീനനിയോഗവും ഏറ്റെടുക്കുന്ന അടിമസ്ത്രീകളാണ് എന്നതാണ് !പാർട്ടി സംവിധാനത്തിന്റെ മഹാസംവിധായകൻ ഇവർക്ക് ഏതു കാലാവസ്ഥയിലും മാനസചോരനാണ്. ഈ അടുത്ത ദിവസം കൂടി കണ്ടു കൈരളി ചാനലിൽ സ്വർണ്ണ ജലീലിന് സാക്ഷ്യം പറയാൻ ഇപ്പോൾ മുഖപരിചയമുള്ള ഈ സ്ത്രീയെ.

എന്തായാലും അടിക്കും തെറിക്കും പൂർണ്ണ ഐക്യദാർഢ്യം ആവർത്തിക്കുന്നു. നമുക്ക് ചെയ്യാവുന്നത് ചെയ്തു. എ. വിജയരാഘവനെയൊ മണിയാശാ നെയോ അടിക്കുകയും കരിയോയിൽ ഒഴിക്കുന്നതും പോയിട്ട് കിറിക്കിട്ട് ഒന്ന് കുത്തുന്നത് പോലും സങ്കൽപ്പിക്കാൻ നമ്മുടെ ഫെമിനിസത്തിനു പാങ്ങില്ല.എന്നാലും ഇനിയത്തെ തവണ പുഴുസമാനനായ ഒരു പെർവേർട്ടിനെ കയ്യിൽ കിട്ടുമ്പോൾ തല്ലാനും തെറിപറയാനും, അടിമസ്ത്രീയെയല്ല, ഒന്നാന്തരം ഒരു സ്വതന്ത്ര ഫെമിനിസ്റ്റിനെ തന്നെ നമുക്ക് അയക്കണം.


Haritha Mikith

രണ്ട് സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ തെറി വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം കണ്ടപ്പോൾ കാര്യമെന്തെന്ന് ആദ്യം മനസിലായില്ല.ഇന്നലെ തന്നെ സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ ഏറെക്കുറെ വൈറലായിരുന്നു. പക്ഷേ വ്യക്തമായ കാരണം മനസ്സിലാകാത്തതിനാൽ അയാളോട് ആദ്യം സിംപതിയാണ് തോന്നിയത്. മറു വശത്തുള്ളവർ ദിയ സനയും, ഭാഗ്യ ലക്ഷ്മി ചേച്ചിയും ആയതിനാൽ പ്രഹസനം (ഷോ ഓഫ് ) ആകാനെ സാധ്യതയുള്ളൂ എന്നായിരുന്നു എന്റെ ധാരണ.വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ ആണ് മനസിലായത് ,യുട്യൂബ് ചാനൽ വഴി ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ഭാഗ്യ ലക്ഷ്മിയെയും കേരളത്തിലെ മറ്റു പല സ്ത്രീകളെയും ഫെമിനിസ്റ്റുകളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരിലാണ് അയാൾ ശിക്ഷ ഏറ്റു വാങ്ങുന്നത് എന്ന്.എങ്കിലും ഒരാളെ ഇങ്ങനെ ഉപദ്രവിക്കാമോ? പോലീസിൽ കംപ്ലയിന്റ് ചെയ്താൽ മതിയായിരുന്നില്ലേ? ഇത്തരം വിഷയങ്ങളിൽ നിയമം കൈലെടുക്കാൻ ഇവർക്ക് എന്ത് അവകാശമാണ് ഉള്ളത്?

സ്ത്രീകളെ തെറി പറഞ്ഞത് ചോദിക്കാൻ പോയ ഈ രണ്ട് സ്ത്രീകളുടെ വായിൽ നിന്നും നല്ല അസ്സൽ തെറി തന്നെയാണല്ലോ പുറത്തേക്ക് വരുന്നത്. കൂടാതെ അയാളുടെ അമ്മയെയും പെങ്ങളെയും തെറി പറയുന്നുണ്ട്. അപ്പോൾ പിന്നെ രണ്ട് കൂട്ടരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്…?? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി എന്നതാണ് വാസ്തവം.
കൂടാതെ അയാളുടെ ദയനീയമായ നിൽപ്പും ഭാവവും കണ്ടപ്പോൾ പാവം തോന്നി. പക്ഷേ ഒരു കാരണവും ഇല്ലാതെ രണ്ട് സ്ത്രീകൾ ഇങ്ങനെ ഒരു അതിക്രമം നടത്തില്ലല്ലോ എന്ന ചോദ്യവും എന്റെയുള്ളിൽ ഉണ്ടായിരുന്നു. ഇരയാക്കപ്പെട്ട ആ മഹാന്റെ ഒരു വീഡിയോയും ഇതുവരെ കാണാത്തത് കൊണ്ട് കാര്യങ്ങൾ ഒന്നും പിടികിട്ടിയിരുന്നില്ല. ഒടുക്കം ,, അത് എന്താണെന്നറിയാനുള്ള കൗതുകം കൊണ്ടാണ് ദിയ സനയുടെ യുട്യൂബ് ചാനൽ സേർച്ച്‌ ചെയ്തു നോക്കിയത്. അതിൽ നിന്നാണ് ഈ മഹാന്റെ “”VTRIX SCENE “” എന്ന ചാനലിനെ കുറിച്ച് ആദ്യമായി അറിയുകയും കാണുകയും ചെയ്യുന്നത്.

നാല് മാസം മുൻപ് തുടങ്ങിയ ചാനൽ ആണ് എന്ന് കണ്ടപ്പോൾ തന്നെ ഒരു കാര്യം മനസിലായി. കൊറോണ ആയതിനാലും ലോക്ഡൗൺ ആയതിനാലും മറ്റു പണികൾ ഒന്നും ഇല്ലാതെ പെട്ടന്ന് പണം നേടാനുള്ള ഒരു മാർഗം മാത്രം ആയിരുന്നു അയാൾക്ക് യുട്യൂബ് ചാനലും അതിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന സ്വന്തം വിഡിയോകളും.അല്ലാതെ മഹത്തരമായ സന്ദേശങ്ങളോ ഗുണപാഠങ്ങളോ , വിനോദമോ, മറ്റു ഉപകാരപ്രദമോ ആയിട്ടുള്ള ഒന്നും തന്നെ അയാളുടെ വീഡിയോയിൽ ഇല്ല.90% ആ ചാനലിൽ ഉള്ളത്, അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത അയാൾ സ്വയം മിനിഞ്ഞെടുത്ത ക….. കഥകൾ മാത്രമായിരുന്നു. (അത്തരം കഥകൾ ഇഷ്ട്ടപ്പെടുന്നവർക്ക്,, അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവർക്ക് ഒരുപക്ഷെ അയാളുടെ ചാനൽ വിനോദം നൽകിയേക്കാം )അശ്ലീലമായ ക്യാപ്ഷൻ ഉപയോഗിച്ചാണ് അയാൾ തന്റെ വ്യൂവേഴ്സിനെ കൂട്ടിയിരിക്കുന്നത്.
ആകെ സബ്സ്ക്രൈബ്ർസ് 28.3K.കമന്റ് സെക്ഷൻ സുരക്ഷിതമായി പൂട്ടി വെച്ചിരിക്കുന്നു.

അതിനാൽ ആർക്കും പ്രതികരണം അറിയിക്കാൻ കഴിയുന്നില്ല എന്നത് ഇയാളെ കൂടുതൽ ഉന്മേഷവനാക്കി. അങ്ങനെ ക… കഥയുമായി ജൈത്ര യാത്ര തുടർന്ന് കൊണ്ടിരിക്കെയാണ് ഓർക്കപ്പുറത്തു തിരിച്ചടി കിട്ടുന്നത്.ഇത് കുറച്ചു മുൻപേ കിട്ടേണ്ടതായിരുന്നു എന്ന് അയാളുടെ ചാനൽ പോയി നോക്കിയാൽ ഓരോരുത്തർക്കും ബോധ്യമാകും. മിക്ക വീഡിയോസിലും അശ്ലീല വാക്കുകളാൽ സ്ത്രീകളെ തരം താഴ്ത്തിയാണ് ഇയാൾ സംസാരിക്കുന്നത്. അത് എന്താണെന്നു വീഡിയോ കണ്ടവർക്ക് /കാണുന്നവർക്ക് മനസിലാകും.രണ്ട് മൂന്നു വീഡിയോ കണ്ടപ്പോൾ തന്നെ അയാളെ പിടിച്ചു ഒന്ന് കൊടുക്കാൻ എനിക്ക് തോന്നുന്നുണ്ട്. . അപ്പോൾ പിന്നെ ആരോപണം ഏറ്റു വാങ്ങിയ ഭാഗ്യലക്ഷ്മി ചേച്ചിയെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല.തൊട്ട് മുൻപേ എന്റെ മനസ്സിൽ ഉടലെടുത്ത ചോദ്യങ്ങൾ നിമിഷ നേരം കൊണ്ടാണ് കെട്ടടങ്ങിയത്.രണ്ടു സ്ത്രീകൾ ചേർന്ന് ആ മഹാന്റെ അമ്മയെയും പെങ്ങളെയും തെറി പറയാൻ കാരണം അയാളുടെ വീഡിയോയിൽ കൊടുത്തിരിക്കുന്ന മോശം കണ്ടെന്റുകൾ തന്നെയായിരിക്കാം. ഒന്നുറപ്പാണ് ഇയാൾക്ക് അമ്മയും പെങ്ങളും ഉണ്ടാകില്ല. ഉണ്ടെങ്കിൽ തന്നെ അവരെ ഇവൻ…

വീഡിയോ കണ്ടാൽ ഈ പറയുന്നതൊക്കെ നിങ്ങൾക്കും തോന്നും. (അമ്മ, അച്ഛൻ, സഹോദരി, സഹോദരൻ, മകൾ, മകൻ, അമ്മൂമ്മ, അപ്പൂപ്പൻ etc, തുടങ്ങിയ ബന്ധം തിരിച്ചറിയുന്നവർക്ക് തീർച്ചയായും തോന്നണം )വലിച്ചു നീട്ടുന്നില്ല. നിഗമനം ഇത്രയേ ഉള്ളൂ. വിജയൻ പി നായർ എന്ന ഈ സൈക്കോളജിസ്റ്റ് ഡോക്ടർക്ക് കിട്ടിയ തല്ലും തെറിയും കുറഞ്ഞു പോയി.ഇതിലും കൂടുതൽ ശിക്ഷ കൊടുക്കാതെ ആ സ്ത്രീ ശക്തികൾ അവിടെ നിന്നും പോന്നു എന്നതിലാണ് സങ്കടം. നിയമം നോക്കു കുത്തിയായപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ സ്ത്രീകളുടെ ഭാഗത്തു നിന്നു ഉണ്ടായത് നല്ല മാറ്റത്തിനാകട്ടെ.മുന്നോട്ടുള്ള പലതിനും ഇതൊരു തുടക്കമാകട്ടെ.ന്യായീകരണം പറഞ്ഞു വരുന്നവർ ദയവു ചെയ്തു അയാളുടെ വീഡിയോകൾ കണ്ടതിനു ശേഷം മാത്രം വരിക. ലിങ്ക് 👇
https://www.youtube.com/c/VtrixSceneentertainment
ദയവു ചെയ്തു ഇത്തരം ചാനലുകളെ വാഴ്ത്താൻ പാടില്ല. എല്ലാവരും റിപ്പോർട്ട് അടിച്ചു പൂട്ടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


Sudheesh KN

“നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ല ”
“അയാൾക്കെതിരെ സൈബർ ആക്ററ് പ്രകാരം കേസെടുക്കുക. അല്ലാതെ എല്ലാവരും നിയമം കയ്യിലെടുത്താൽ ഇവിടെ അരാജകത്വം വരില്ലേ?”എത്രപേരുടെ ആശങ്കകളാണിത്! നിങ്ങളോട് ആരെങ്കിലും ഇമ്മാതിരി വർത്താനം പറഞ്ഞാൽ, എങ്ങനെയാകും പ്രതികരിയ്ക്കുക? മുഖമടച്ചൊന്നു കൊടുക്കും. ബാക്കിയൊക്കെ പിന്നെ. സ്വന്തം കാര്യം വരുമ്പോൾ ആരും വികാരാധീനരായിപ്പോകും. അതിൽ തെറ്റുപറയാനാകില്ല! അയാൾക്ക് കിട്ടേണ്ടത് കിട്ടി എന്നു കരുതിയാൽ മതി! മനുഷ്യാന്തസ്സിനു നിരക്കാത്ത നിയമങ്ങളെയും, ആചാരങ്ങളെയും ഒക്കെ ലംഘിച്ചു കൊണ്ടു തന്നെയല്ലേ നമ്മൾ ഇന്നു കാണുന്ന സ്വാതന്ത്ര്യം കൈവരിച്ചത്?

സന്ദർഭമാണ് ഏതു പ്രവൃത്തിയുടെയും ശരിതെറ്റുകളെ നിർണ്ണയിക്കുന്നതിൽ പ്രധാനം. അല്ലാതെ മാറിനിന്നു വിലയിരുത്തുന്നവരുടെ സംയമനമൊന്നും അതിൽ ഉൾപ്പെട്ടിരിയ്ക്കുന്നവർക്ക് ഉണ്ടാകണമെന്ന് നിർബ്ബന്ധിയ്ക്കാനാവില്ല!യേശു തന്റെ കാലഘട്ടത്തിലെ പുരോഹിതപ്പരിഷകളോട് ചോദിച്ച ആ ചോദ്യം തന്നെയാണ് ഇവരോടും ചോദിക്കാനുള്ളത്, “ശാബ്ബത്ത് മനുഷ്യനു വേണ്ടിയാണോ,അതോ മനുഷ്യന്‍ ശാബ്ബത്തിന് വേണ്ടിയാണോ?”അങ്ങനെ ആരെങ്കിലുമൊക്കെ ചോദ്യം ചെയ്യാൻ, മറുത്ത് പറയാൻ ഇല്ലായിരുന്നെങ്കിൽ, നമ്മളിന്നും മദ്ധ്യകാലഘട്ടത്തിന്റെ അന്ധകാരത്തിൽ കഴിഞ്ഞു കൂടേണ്ടി വന്നേനെ!പിന്നെ ഓരോരുത്തരും ഏതു വിഷയത്തിൽ പ്രതികരിയ്ക്കണം എന്നതൊക്കെ അവനവന്റെ സ്വാതന്ത്ര്യമല്ലേ? സാമൂഹ്യവിമർശനം / ഫെമിനിസം എന്നത് ശമ്പളം വാങ്ങി ചെയ്യുന്ന ജോലിയൊന്നും അല്ലല്ലോ!

അതുകൊണ്ട് ഒരു വിഷയത്തിൽ പ്രതികരിക്കണമെങ്കിൽ, സമാനമായ സംഭവങ്ങളിലൊക്കെ കൂലിയെഴുത്തുകാരെ പോലെ സ്ഥിരമായി പ്രതികരിച്ചു കൊണ്ടിരിക്കണം എന്ന വാദം നാലായി മടക്കിയൊടിച്ച് കക്ഷത്തിൽ വെച്ചാൽ മതി! അടിച്ചത് അയാളുടെ ചെകിട്ടത്താണേലും, ആണധികാരത്തിന്റെ കരണത്താണ് ഈ അടി ഏറ്റിരിയ്ക്കുന്നത്! എത്ര പേർക്കാണ് നൊന്തത്! സ്ത്രീകളുടെ പരിരക്ഷ ഉറപ്പാക്കേണ്ട നിയമ സംവിധാനങ്ങൾ നോക്കുകുത്തിയാകുന്നിടതാണ് ഈ ‘അടികൾ’ ഉണ്ടാകുന്നത്! തീർച്ചയായും ഇയാൾ അത് അർഹിക്കുന്നുണ്ട്! ഇരുപത്തയ്യായിരത്തോളം സബ്സ്ക്രൈബേർസ് അയാളുടെ യൂട്യൂബ് ചാനലിന് ഉണ്ടെന്നതല്ലേ നമ്മെ ശരിയ്ക്കും അസ്വസ്ഥമാക്കേണ്ട വസ്തുത!


Vishnu vijayan

● എന്തൊക്കെ പറഞ്ഞാലും ഒരാളെ കായികമായി ഇങ്ങനെ നേരിടുന്നത് വളരെ മോശമാണ്.
● ഇവിടെ ഒരു നിയമവ്യവസ്ഥ ഉള്ളതല്ലേ, ആ വഴികൾ തന്നെയാണ് സ്വീകരിക്കേണ്ട മാർഗം.
● ഇതൊന്നും ഒരു ശെരിയായ മാതൃകയായി തോന്നുന്നില്ല.
● ആ സ്ത്രീകൾ വിളിച്ച തെറി നിങ്ങൾ കേട്ടില്ലേ
നിങ്ങളുടെ Political Correctness ഒക്കെ എവിടെ പോയി, അപ്പോൾ അതെല്ലാം ഒരു ഇരട്ടത്താപ്പ് അല്ലേ..!

കുറച്ചു മാസങ്ങളായി ഒരു ‘നായ’ അവൻ്റെ അറപ്പുളവാക്കുന്ന നാവ്‌ കൊണ്ട് യൂട്യൂബ് വഴി സോഷ്യൽ മീഡിയയിൽ നിരന്തരം സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ഇടുന്നു. മാസങ്ങളായി കെട്ടോ, നിയമ വ്യവസ്ഥ, Political correctness ഒന്നും ആർക്കും ഇന്നലെ വരെ തോന്നിയില്ല.ഓരോ വീഡിയോയ്ക്കും ഒന്ന് മുതൽ നാല് ലക്ഷം വരെ വ്യൂവേഴ്സ് ഉണ്ട്, ആ വീഡിയോ ഒന്നും കുത്തിയിരുന്നു കാണേണ്ട ടൈറ്റിൽ കണ്ടാൽ തന്നെ അവൻ്റെ അഡ്രസ് തേടിപ്പിടിച്ച് പോയി തല്ലാൻ തോന്നും. അത് കാണുന്നവർക്ക് അങ്ങനെയെങ്കിലും തോന്നിയില്ലെങ്കിലാണ് കാര്യമായ കുഴപ്പമുള്ളത്.

എന്നാൽ ഈ കണ്ട ലക്ഷങ്ങളിൽ ആർക്കും, ഭൂരിപക്ഷത്തിന് യാതൊന്നും തോന്നിയില്ല, അല്ല തോന്നില്ല അതാണ്, അവളുമാർക്ക് അതിന്റെ രണ്ട് കുറവുണ്ട് എന്ന മനോഭാവത്തിൽ കണ്ട് നന്നായി ആസ്വദിച്ചു കടന്നു പോയി.അപ്പോൾ ഇല്ലാത്ത ചൊറിച്ചിൽ ഇപ്പോൾ അയാൾക്ക് രണ്ടെണ്ണം കിട്ടിയപ്പോൾ മുതൽ ഉണ്ടെങ്കിൽ അത് പാരമ്പര്യമായി ആണുങ്ങൾ അനുഭവിക്കുന്ന ചൊറിച്ചിലാണ് കെട്ടോ.
…..

പിന്നെ ഇവിടെ ഒരു നിയമ വ്യവസ്ഥ ഉണ്ടല്ലോ, അതല്ലേ വഴി എന്നല്ലേ ചോദ്യം, അതെയെതെ ഇന്നലെ ആണല്ലോ നിയമ വ്യവസ്ഥ ഉണ്ടായത്.എന്നിരുന്നാലും നിയമ വ്യവസ്ഥയുണ്ട് അത് തന്നെയാണ് ശെരിയായ വഴി.ആ നിയമ സംവിധാനത്തിന് സോഷ്യൽ മീഡിയയിൽ ശക്തമായ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്.അവസരം കിട്ടുമ്പോൾ യൂട്യൂബിൽ ഉൾപ്പെടെ സദാചാര പോലീസ് ആകാൻ കൂടി ശ്രമിക്കുന്ന പോലീസ് മാമൻമാരുമുണ്ട്.എന്നാൽ മേൽപ്പറഞ്ഞ ഊള യൂട്യൂബിൽ മാസങ്ങളായി പടച്ചുണ്ടാക്കി വിട്ട വീഡിയോ ഒന്നും കണ്ടില്ല നടപടി എടുത്തില്ല. അതൊരു സാമൂഹിക പ്രശ്നമായി അവർക്ക് തോന്നിയില്ല. മാത്രമല്ല ഇതൊരു പുതിയ കാര്യമായി തോന്നി കാണില്ല.

പിന്നെ പൊളിറ്റിക്കൽ Correctness ആരോടാ ഉവ്വേ, അവര് വിളിച്ച തെറി വിളികളോടൊന്നും ഒരു യോജിപ്പുമില്ല, എന്നാൽ ആ യൂട്യൂബ് നായ അവൻ്റെ ദുർഗന്ധം വമിക്കുന്ന നാവ് കൊണ്ട് ഇക്കാലമത്രയും ചെയ്തു വെച്ച ആ തട്ട് താഴ്ന്ന് തന്നെ നിൽക്കും അതിനു മുകളിൽ ഒന്നും അല്ല ഇന്നലെ കേട്ട തെറികൾ.ആ മൂന്ന് സ്ത്രീകളുടെ പ്രശ്നം മാത്രമല്ലിത്.

ഈ സോഷ്യൽ മീഡിയയിൽ ദിവസവും എത്ര ആയിരം സ്ത്രീകൾ, ഇൻബോക്സിൽ കമൻ്റ് ബോക്സിൽ വെർബൽ അബ്യൂസ് നേരിടേണ്ടി വരുന്നുണ്ടെന്ന് അറിയുമോ, ഇത്തരം നെറികെട്ട ആണുങ്ങൾ അവരുടെ ഫെയ്ക്ക് ഐഡിയിൽ നിന്നും അല്ലാതെയും അവരുടെ ലൈംഗിക ദാരിദ്ര്യം കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സ്ത്രീകളുടെ ഇൻബോക്സിൽ ഛർദ്ദിച്ചു വെക്കുന്നുണ്ടെന്ന് അറിയുമോ.അറിയില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോട്, നിങ്ങളുടെ പാട്ണറോട്, സഹോദരിമാരോട് ചോദിച്ചു നോക്കണം.ലിംഗം കൊണ്ട് ചിന്തിക്കുന്ന എത്രയെത്ര ജീവികൾക്ക് സ്ത്രീകൾ അവരുടെ ദൈനംദിന ജീവിതത്തിൽ നൽകാൻ ആഗ്രഹിച്ച പ്രഹരം കൂടിയാണ് ഇന്നലെ സംഭവിച്ചത്…


Jyothi Harsha M

ഭാഗ്യലക്ഷ്മി എന്ന വ്യക്തിയുടെ പല നിലപാടുകളോടും, ഇടപെടലുകളോടുമുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ, പ്രായഭേദമെന്യേ നാടെമ്പാടുമുള്ള വിജയൻ നായരുകൾക്ക് സമർപ്പിക്കുന്നു 😐
രണ്ടു പെണ്ണുങ്ങൾ കയ്യുയർത്തിയപ്പോഴേക്കും നീതിബോധവും സദാചാരവുമൊക്കെ തിളച്ചുതൂവിയ മനുഷ്യരേ.. ഈ അസഭ്യം, അശ്ലീലം എന്നൊക്കെപ്പറയുന്നത് നിങ്ങളുടെയൊക്കെ അയ്യത്ത് മാത്രം കിളിർക്കുന്ന പുല്ലല്ലെന്ന് മനസ്സിലായില്ലേ.മനുഷ്യവർഗ്ഗം കൂട്ടമായി ഇരതേടി ജീവിക്കാൻ തുടങ്ങിയ കാലം മുതൽ ഇന്നു വരെ നിങ്ങളുടെ പരുവപ്പെടുത്തലുകൾക്കും കണ്ടീഷണിങ്ങിനും അടിയിൽ പെട്ടുപോയ നിങ്ങളെപ്പോലെ തന്നെ പരിണമിച്ചുണ്ടായ ഒരു ജീവിവർഗ്ഗമാണെന്ന് തിരിച്ചറിയാൻ നിങ്ങളനുവദിക്കാത്ത ഒരു കൂട്ടം ജന്മങ്ങളാണ് ഇന്നലെ ഇന്നാട്ടിലെ ലോലഹൃദയന്മാരുടെ ഉള്ളിലേക്ക് കരിയോയിൽ ഒഴിച്ചത്..
ഒരു പെണ്ണ് ജനിക്കുന്നു എന്നറിയുമ്പോൾ തുടങ്ങി നിങ്ങൾക്കുണ്ടാവുന്ന വേവലാതിയിൽത്തന്നെയുണ്ട് നിങ്ങൾക്കുള്ള മറുപടി… നിങ്ങൾ പേടിക്കുന്നത് നിങ്ങളെത്തന്നെയാണ്.. സ്വന്തം രക്തത്തിൽ പിറന്നതിനെയൊഴിച്ച് ബാക്കിയെന്തിനെ കാണുമ്പോഴും പത്തി വിരിക്കുന്ന നിങ്ങളുടെ പൗരുഷത്തെയാണ്.

ഒറ്റയ്ക്കായിപ്പോയ, നയിച്ചു ജീവിക്കേണ്ടി വരുന്ന പെണ്ണുങ്ങൾക്ക് പറയാനൊരു ജീവിതമുണ്ട്.അതിൽ ഓരോ ദിവസവും അവർ കടന്നുപോകേണ്ടുന്ന ഇന്നും മാറ്റമില്ലാത്ത ചില കടമ്പകളുണ്ട്… പത്തു ജന്മം പട്ടിയായി ജനിച്ചാലും ഈ നാട്ടിൽ പെണ്ണായിട്ട് ജനിക്കല്ലേ എന്ന് പ്രാർത്ഥിച്ചു പോകുന്ന നിമിഷങ്ങളുണ്ട്… ഈ ജന്മത്തിൽ തന്നെ കരിന്തേളുകളായി ജനിച്ച നിങ്ങൾക്കതെങ്ങനെ മനസ്സിലാവാനാണ്? നിന്റെയൊക്കെ വിഷം തീണ്ടി നീലിച്ച് നീലിച്ച് ഞങ്ങളും പരിണമിച്ചു കഴിഞ്ഞു.ഇനിയൊരു പെണ്ണിനെപ്പറ്റി നാവാടാൻ വായതുറക്കുമ്പോ ഒന്ന് സൂക്ഷിച്ചോ കേട്ടോ… പരിണാമത്തിന്റെ ഏറ്റവും അഡ്വാൻസ്ഡ് വേർഷനെയാണ് നേരിടാൻ പോകുന്നത്.


C S Rajesh Kuzhiyadiyil

അടിയുടേതായിരുന്നു ഇന്നലെ ആദ്യം കണ്ടവീഡിയോ . ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പലരെയും പോലെ എനിക്കും തോന്നി അപ്പോൾ . ‘അടി ചെന്ന വഴി’ പിന്നീടാണ് കണ്ടത്. അപ്പോൾ അടിക്കാരികളെ പിന്തുണക്കാനും തോന്നി. ഒരു റൗണ്ടിൽ അവസാനിപ്പിക്കേണ്ടതല്ല എന്നും. എന്തൊക്കെ തെമ്മാടിത്തരങ്ങളാണ് ആ മനുഷ്യൻ പറഞ്ഞ് ആളാകാൻ ശ്രമിച്ചത്. പിന്നെന്തിന് പ്രതികരിക്കാതിരിക്കണം. ഈ അടിയെ അടിയായി കാണേണ്ട. സമരമായി കണ്ടാൽ മതി. അതിശക്തമായ സമരം. കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളായി കേരളത്തിൽ നടക്കുന്ന എല്ലാ സമരങ്ങൾക്കും മുകളിൽ സ്ഥാനം പിടിച്ച ‘അടിസമരം’. ചില സവിശേഷസന്ദർഭങ്ങളിൽ അല്പം അനീതിയിലൂടെ മാത്രമേ നീതി നടപ്പിലാകൂ. നിയമവാഴ്ചയെ കൈയ്യിലെടുക്കാമോ എന്നതരം ചോദ്യങ്ങളെ ഈ വിഷയത്തിൽ അത്ര ഗൗനിക്കേണ്ടതില്ല. ചെന്നത് ഭാഗ്യലക്ഷ്മിയായത് അയാളുടെ ഭാഗ്യം. അവരുടെ സ്ഥാനത്ത് ബിന്ദു അമ്മിണിയോ ബിന്ദു തങ്കം കല്യാണിയോ ഒക്കെയായിരുന്നെങ്കിൽ ഇതൊന്നുമായിരിക്കില്ല നടക്കുക. അത്രയ്ക്ക് അനാവശ്യങ്ങളാണ് ആള് പുലമ്പിയത്. അഭിവാദ്യം പ്രിയ ദിയാസനാ, ഭാഗ്യലക്ഷ്മീ, ശ്രീലക്ഷ്മീ


Biju Govind

ശ്രീലക്ഷ്മി അറയ്ക്കൽ-ഡോ: വിജയ് പി നായരുടെ വെർബൽ അബ്യൂസിന് വിധേയയായ പെൺകുട്ടി.എൻ്റെ സുഹൃത്തുകൂടിയാണ്.
ഇരവാദം പറഞ്ഞരൊക്കെ എത്ര പെട്ടെന്നാണ് വേട്ടക്കാരനൊപ്പമാകുന്നതെന്ന് ചിന്തിച്ച് കുറച്ച് നേരം അന്തിച്ചിരുന്നുപോയി ഞാനിന്നലെ. ഭരണകൂട ഭീകരയുടെ ഈ കെട്ടകാലത്ത് എല്ലാ ഇരകളുടേയും രാഷ്ട്രീയം പ്രസക്തം തന്നെയാണ്.
സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന പെണ്ണുങ്ങളെ അപമാനിച്ച യൂടൂബർക്ക് പ്രതികരണം നേരിട്ടപ്പോൾ, പ്രതികരിച്ചവരെ തെറി പറയാൻ എത്ര പെട്ടെന്നാണ് ഇന്നലെവരെ ഇരവാദം പറഞ്ഞവരൊക്കെ വേട്ടക്കാരനൊപ്പമായത്. ഇടതുപക്ഷമേലങ്കി അണിയുന്നവരും ദലിത് രാഷ്ട്രീയം പറയുന്നവരും മുസ്ളിം രാഷ്ട്രീയം പറയുന്നവരും എത്ര പെട്ടെന്നാണ് വേട്ടക്കാരൻ്റെ പക്ഷം ചേർന്നത്.
സംഘികൾ വേട്ടക്കാരനൊപ്പം നിൽക്കുന്നതിൽ അത്ഭുതംകൂറേണ്ട കാര്യമില്ല. അതവരുടെ പ്രഖ്യാപിത രാഷ്ട്രീയമാണ്. ലിംഗം കൊണ്ടും പച്ചിരുമ്പുകൊണ്ടും രാഷ്ട്രീയം സംവദിച്ചാണ് അവർക്ക് ശീലം.

സ്വതന്ത്രമായി ചിന്തിക്കുകയും ആ ചിന്തയിലെ രാഷ്ട്രീയം ചേർത്തു പിടിക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ, പൊതുയിടത്തിൽ ഒലിക്കുന്ന ലിംഗവുമായി നടക്കുന്നവൻ്റെ വെർബൽ അബ്യൂസിന് വിധേയമായപ്പോൾ ആത്മാഭിമാനം വീണ്ടെടുക്കുന്ന തരത്തിലുള്ള പ്രതിഷേധമാണ് വിജയ് പി നായർക്ക് നേരെ ഉണ്ടായത്.തെറി പറഞ്ഞുവെന്നതാണ് പെണ്ണുങ്ങളുടെമേലുള്ള ഒരു കുറ്റം.
പൊതുയിടത്തിൽ കേട്ടാലറക്കുന്ന തെമ്മാടിത്തരം പറയുന്നവനെതിരെ പ്രതികരിക്കുമ്പോൾ ‘മാന്യദേഹമേ, ജേഷ്ഠാ, സഹോദരാ’ എന്നൊന്നും പറയാം കഴിയില്ലതന്നെ. പച്ചത്തെറി തന്നെ പറയണം.

ഇവിടെ പ്രശ്നം തെറി പറഞ്ഞതല്ല. പെണ്ണ് തെറി പറഞ്ഞുവെന്നതാണ്.അത് പലർക്കും സഹിക്കുന്നേയില്ല.ഈ തെറിയെന്നത് Men’s only ഒന്നുമല്ല സാർ.തെറിയുടെ പ്രിവിലേജ് പുരുഷൻമാർക്ക് തീറെഴുതി കൊടുത്തിട്ടുമില്ല.ഒരു സ്ത്രീ, അവർ മുറുകെപ്പിടിക്കുന്ന
രാഷ്ട്രീയത്തിൻ്റെ പേരിൽ, അവരുടെ ശരീരത്തിൻ്റെ പേരിൽ പൊതുയിടത്ത് അധിക്ഷേപിക്കപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കണമെങ്കിൽ അവർ അതുവരെ നടത്തിയ എല്ലാ സാമൂഹ്യ ഇടപെടലുകളും സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകണമെന്ന വാദം ഉയർത്തുന്നത് ഫാസിസ്റ്റ് തന്ത്രമാണ്. ഇരവാദ രാഷ്ട്രീയക്കാർ അത് ഏറ്റുപിടിക്കുമ്പോൾ ലജ്ജ തോന്നുകയാണ്. വാളയാറിലും പാലത്തായിയിലും ആറൻമുളയിലും അവർ മിണ്ടിയോയെന്നും ഇല്ലെങ്കിൽ നിങ്ങൾക്കെതിരെയുള്ളത് സഹിച്ചോണം എന്നൊക്കെയുള്ള ദയനീയ വാദങ്ങൾ.

ഇരവാദ രാഷ്ട്രീയക്കാരായ കീഴാള – ദലിത് – മുസ്ളീം ആണുങ്ങൾ അങ്ങേയറ്റം ജനാധിപത്യവാദികളായതുകൊണ്ടല്ല അവർക്കിടയിലെ സ്ത്രീകൾ വലിയ രീതിയിൽ ഫെമിനിസ്റ്റ് വർത്തമാനങ്ങൾ പറയാത്തത്. ഒരു സമൂഹമെന്ന അർത്ഥത്തിൽ അവരെ മുച്ചൂടും നശിപ്പിക്കാൻ ഒരു സാമൂഹിക വ്യവസ്ഥയും അതിൻ്റെ വക്താക്കളായ ഭരണകൂടങ്ങളും രാജ്യത്ത് നിലനിൽക്കുന്നതുകൊണ്ടാണ്.
കയറിപ്പിടിക്കുന്നവൻ്റെ കരണമടിച്ചു പൊട്ടിക്കുമ്പോൾ ‘അയ്യോ നിയമം കയ്യിലെടുത്തേ’ എന്ന് പറഞ്ഞ് വിലപിക്കുന്ന ‘നിഷ്പക്ഷ’ വാദികളോട് ഒന്നേ ഓർമ്മിപ്പിക്കുന്നുള്ളൂ. സൈബർ കുറ്റകൃത്യങ്ങളിൽ നമ്മുടെ നാട്ടിൽ ആരും ശിക്ഷിക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം.
നായർക്ക് രണ്ടെണ്ണം കിട്ടിയതിലെങ്കിലും നമ്മുക്ക് ആശ്വസിക്കാം. അത്രതന്നെ.പ്രണയം, ആത്മവിശ്വാസം, ധിക്കാരം ഇതൊന്നും പെണ്ണിൽ നിന്നും വരുന്നത് അംഗീകരിക്കാൻ മാത്രം നമ്മുടെ സമൂഹം വളർന്നിട്ടില്ല സാർ.
അതാണ് സത്യം .