അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിൽ ഒരു ദിവസമെങ്കിലും താമസിക്കുക

47
Soul peppers Gold Coast Australia
അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിൽ ഒരു ദിവസമെങ്കിലും താമസിക്കുക, അവിടെ നിന്നുള്ള നല്ല കാഴ്ചകൾ കാണുക എന്നുള്ളത് വളരെ നാളായുള്ള ആഗ്രഹമായിരുന്നു. നല്ലൊരു അവസരം നോക്കി കാത്തിരിക്കുകയായിരുന്നു. അങ്ങനെ ഒരു ദിവസം സോൾ പെപ്പേഴ്സ് എന്ന ബീച്ച് ഫ്രണ്ടിൽ ഉള്ള കൂറ്റൻ കെട്ടിടം ശ്രദ്ധയിൽപ്പെട്ടു. 77 നിലകളുള്ള ഈ കെട്ടിടത്തിന് 243 മീറ്റർ ഉയരമുണ്ട്. 16.75 മില്യൺ ഡോളറിന് വിറ്റ penthouse വരെ ഉണ്ട് ഇവിടെ. അവരുടെ വെബ്സൈറ്റിൽ കയറി റേറ്റ് നോക്കിയപ്പോൾ 600 ഡോളർ ഒക്കെയാണ് ഒരു രാത്രിക്ക് കണ്ടത്.
അങ്ങനെ ഒരു ദിവസം എയർ ബിഎൻബിയിൽ (Air BNB) ഒരു പരസ്യം കണ്ടു. അമ്പത്തിയൊമ്പതാമത് നിലയിൽ 3 ബെഡ്റൂം അപ്പാർട്ട്മെൻറ് 350 ഡോളർ ഒരു ദിവസം താമസത്തിന്. ഒന്നും നോക്കിയില്ല കണ്ണുമടച്ച് ബുക്ക് ചെയ്തു.അങ്ങനെ ഗോൾഡ് കോസ്റിന്റെ ആകാശത്തു നിന്നുള്ള കാഴ്ചകൾ കാണാനായി ഞങ്ങൾ ബ്രിസ്ബനിൽ നിന്നും യാത്ര തിരിച്ചു. രണ്ടുമണിക്ക് ചെക്ക് ഇൻ , 12 മണിക്ക് ചെക്കൗട്ട് ഇതാണ് ഇവിടുത്തെ നിയമം. താക്കോൽ വാങ്ങാനായി അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥൻ നിർദ്ദേശിച്ച സ്ഥലത്ത് എത്തി. ഇപ്പോൾ മനസ്സിലായി അത് അദ്ദേഹത്തിന്റെ ഓഫീസാണ്. ഇതുപോലുള്ള ധാരാളം അപ്പാർട്ട്മെന്റുകൾ അവർക്ക് ചുറ്റുപാടുള്ള വലിയ കെട്ടിടങ്ങളിലും ഉണ്ട്. കൂടുതൽ സംസാരിച്ചപ്പോൾ ഉടമസ്ഥൻ ചൈനയിൽ നിന്നുള്ള ഏതോ ഒരു ഇൻവെസ്റ്റർ ആണ് എന്ന് മനസ്സിലായി. ഇവിടെ സ്റ്റാഫിനെ നിർത്തിയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്തായാലും അവിടുന്ന് താക്കോൽ വാങ്ങി ഞങ്ങൾ അപ്പാർട്ട്മെൻറ്ലേക്ക് പോയി. ഇവിടുത്തെ താമസക്കാർക്ക് സൗജന്യ കാർ പാർക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. ഇത് ഭൂമിക്കടിയിലേക്ക് ഉള്ള മൂന്ന് നിലകളിൽ ഉള്ള കാർ പാർക്ക് ആണ്. ഓരോ അപ്പാർട്ട്മെന്റിന്റെയും നമ്പറുകൾ ഓരോ പാർക്കിംഗ് സ്പേസിലും എഴുതിവെച്ചിട്ടുണ്ട് . കാർ പാർക്ക് ചെയ്ത ശേഷം ശേഷം ഞങ്ങൾ മെയിൻ ലോബിയിലെക്ക് പോയി.
അതിവിശാലമായ ലോബി മനോഹരമായി നിർമ്മിച്ചിരിക്കുന്നു. 6 വ്യത്യസ്ത ലിഫ്റ്കളിൽ കൂടെയാണ് മുകളിലത്തെ നിലയിലേക്ക് പോകുന്നത് . അതോടൊപ്പം 5700 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള ഉള്ള ഷോപ്പിങ് ഏരിയയും ഈ കെട്ടിടത്തിന്റെ അടി ഭാഗത്തുണ്ട്. ലിഫ്റ്റിൽ കയറി അമ്പത്തിയൊമ്പതാമത് നിലയിലേക്ക് ഞങ്ങൾ വെറും 15 സെക്കൻഡുകൾ കൊണ്ട് എത്തി. അപ്പാർട്ട്മെൻറ് കണ്ടുപിടിച്ച് ഉള്ളിൽ കയറി. അതിമനോഹരമയി സൂക്ഷിക്കുന്ന 3 മുറികളും ഒരു അടുക്കളയും ഒരു ലിവിങ് ഏരിയയും 2 ടോയ്‌ലറ്റും ആണ് ഇവിടെയുള്ളത്. ഷവറിനു ഒപ്പം സ്പായും ഇവിടെയുണ്ട്. പുറത്തേക്ക് രണ്ട് ബാൽക്കണികൾ ആണ് ഉള്ളത്, ഒന്നു ലിവിങ് ഏരിയയിൽ നിന്നും മറ്റൊന്ന് ഒരു റൂമിൽ നിന്നും. കടലിന് അഭിമുഖമായിട്ടുള്ള വശത്താണ് ഞങ്ങളുടെ അപ്പാർട്ട്മെൻറ്. ബാൽക്കണിയിലേക്ക് എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ചകളായിരുന്നു മുന്പിൽ ഉണ്ടായിരുന്നത്. അതിവിശാലമായ കടലും, താഴേക്ക് നോക്കിയാൽ റോഡുകളും പൊട്ടു പൊട്ടായി മനുഷ്യരും കാറുകളും എല്ലാം. അടുത്ത ബാൽക്കണിയിലേക്ക് പോയപ്പോൾ ഗോൾഡ് കോസ്റ്റിന്റ്റെ അതിമനോഹരമായ ഒരു ആകാശക്കാഴ്ച. Q 1 പോലെയുള്ള വലിയ ബിൽഡിങ്ങുകൾ വളരെ അടുത്തായി തന്നെ കാണാം. തടസ്സങ്ങൾ ഇല്ലാത്ത ബീച്ചുകളും മറ്റു വലിയ കെട്ടിടങ്ങളും എല്ലാം കാണാം. കടലിലേക്കും ബീച്ചിലേക്കും ഒക്കെ നോക്കിയാൽ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്നു.
മുകളിലത്തെ കാഴ്ചകളൊക്കെ കണ്ട ശേഷം താഴത്തെ നിലകളിലേക്ക് പോയി. അപ്പാർട്ട്മെന്റിലെ താമസക്കാർക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ജിം, indoor outdoor പൂളുകൾ, സ്പാ, തുടങ്ങിയവ പോയി കണ്ടു. പൂളിൽ ഇറങ്ങി നല്ല ഒരു കുളിയും പാസാക്കി. മൂന്നു നിലകളിലായി കടലിനഭിമുഖമായി ആണ് പൂൾ നിർമ്മിച്ചിരിക്കുന്നത്. ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം ഭക്ഷണം കഴിക്കാനായി റസ്റ്റോറൻറ്ലേക്ക് പോയി.പിന്നീട് ബീച്ചിൽ കൂടിയൊക്കെ നടന്ന് ഗോൾഡ് കോസ്റ്റ് കാഴ്ചകൾ ആസ്വദിച്ചു. എപ്പോഴും ഉണർന്നിരിക്കുന്ന ഒരു സ്ഥലമാണ് ആണ് സർഫേഴ്സ് പാരഡൈസ്. ധാരാളം ആളുകൾ രാത്രി വളരെ വൈകിയും ഇവിടെയുണ്ട്. നൈറ്റ് ക്ലബ്ബുകൾക്കും മറ്റും വളരെ പ്രശസ്തമായ ഒരു സ്ഥലം കൂടിയാണ് ഇത് . അതുപോലെ പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പല ഭക്ഷണശാലകളും ഇവിടെയുണ്ട്. പ്രധാനമായും നൈറ്റ് ക്ലബ്ബുകൾ ആണ് ഈ സ്ഥലത്തെ എത്ര വൈകിയും ആക്ടീവ് ആക്കുന്നത്.കാഴ്ചകളൊക്കെ കണ്ട് ശേഷം തിരിച്ച് അപ്പാർട്ട്മെന്റിലെത്തി നാളെ രാവിലെ സൂര്യോദയം കാണാനായി ആകാംക്ഷയോടെ കിടന്നുറങ്ങി.
രാവിലെ അഞ്ചരയ്ക്ക് തന്നെ ഞാൻ എഴുന്നേറ്റു. സൂര്യോദയം ഗൂഗിൾ നോക്കിയപ്പോൾ 6.10 നാണ് . ഒരു കാപ്പിയൊക്കെ കുടിച്ച് ബാൽക്കണിയിൽ കാഴ്ചകളൊക്കെ ആസ്വദിച്ചിരുന്നു. എന്നാൽ വളരെ മേഘാവൃതമായ ഒരു പ്രഭാതമായിരുന്നു അത്. ഉദിച്ചുയരുന്ന സൂര്യനെ മറച്ചുകൊണ്ട് മേഘങ്ങൾ വില്ലന്മാരായി നിന്നു. എന്ത് ചെയ്യാൻ പറ്റും ? 🙁 ആശിച്ചു മോഹിച്ചു ഇങ്ങനെ ഒരു സ്ഥലത്ത് വന്നതാണ് , മേഘങ്ങളെ മാറ്റാൻ പറ്റില്ലല്ലോ. അതുകൊണ്ട് മറ്റു കാഴ്ചകൾ ഒക്കെ ആസ്വദിച്ചു തൃപ്തിപ്പെട്ടു. രാവിലെ നടക്കാൻ പോകുന്നവരും സർഫിങ് പ്രാക്ടീസ് ചെയ്യുന്നവരും കടലിൽ കുളിക്കുന്നവരും കടലിൽ കയാക്കിങ് നടത്തുന്നവരും ഒക്കെ ആ പ്രഭാതത്തെ തിരക്കുള്ളതാക്കിയിരിക്കുന്നു.അത്ഭുതകരമായ മറ്റൊരു കാഴ്ച കണ്ടത്, ട്രാക്ടർ പോലത്തെ ഒരു വണ്ടി കടൽത്തീരത്തുള്ള മണലിനെ ആരിക്കുകയാണ്. എന്തെങ്കിലും മാലിന്യങ്ങളോ , മണൽ അല്ലാതെ എന്തെങ്കിലും വസ്തു ഉണ്ടെങ്കിൽ, അത് ബീച്ചിൽ നിന്നും നീക്കം ചെയ്യുന്നു. കുറച്ചുനേരം ആ കാഴ്ച നോക്കിനിന്നു. ഈ ബീച്ചിൽ വരുമ്പോൾ പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്, ഇവിടുത്തെ മണൽ എങ്ങനെ ഇത്ര ക്ലീൻ ആയി കിടക്കുന്നു എന്ന് ? എന്തായാലും അതിനുള്ള ഉത്തരം ഈ യാത്രയിൽ കിട്ടി.കാലത്തെ കുറച്ചുനേരം അപ്പാർട്ട്മെന്റിന്റെ ഉള്ളിലെ സ്പാ ആസ്വദിച്ചു. ഏകദേശം 11 മണിയോടുകൂടി ചെക്കൗട്ട് ചെയ്തു തിരിച്ചു വീട്ടിലേക്കു പോയി..
**