നല്ല സ്പര്‍ശവും മോശം സ്പര്‍ശവും വേര്‍തിരിച്ചറിയാൻ കുട്ടികൾ പഠിക്കണം

212

എഴുതിയത്  : Soumya Melethil Madhavam

വളരുന്നത് ആൺകുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഭേദമില്ലാതെ, എല്ലാ അച്ഛനും അമ്മയും തുടങ്ങിവെക്കേണ്ട ചിലതുണ്ട്.. അതിന്റെ തുടര്‍ച്ചയെന്നോണം വിദ്യാലയങ്ങളില്‍ പഠിപ്പിക്കേണ്ട ചിലത്.. ഓരോ കുഞ്ഞും തങ്ങളുടെ ബാല്യം മുതലേ നിര്‍ബന്ധമായും അറിഞ്ഞുതുടങ്ങേണ്ട ചിലത്..

ശരിയായ ലൈംഗിക വിദ്യാഭ്യാസം..

തന്റെ ശരീരം തന്റെ മാത്രം സ്വാതന്ത്ര്യമാണെന്ന് കുഞ്ഞിന് പഠിപ്പിച്ചുതുടങ്ങേണ്ടത് മാതാപിതാക്കളാണ്.. നല്ല സ്പര്‍ശവും മോശം സ്പര്‍ശവും അവർ വേര്‍തിരിച്ചറിയാൻ പഠിക്കണം.. തന്റെ സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ ലംഘിക്കുന്ന ഒരു തലോടൽ പോലും എതിര്‍ക്കാൻ, കൂടെ നിൽക്കാൻ ഒരാള് പോലുമില്ലെങ്കിലും ആ എതിര്‍പ്പ് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ അവർ പ്രാപ്തരാകണം..

ടിവിയില്‍ പ്രണയ രംഗങ്ങൾ വരുമ്പോൾ ധൃതിപിടിച്ച് ചാനല്‍ മാറ്റി അടുത്തിരിക്കുന്ന മകനെയോ മകളെയോ അവരറിയാതെ നോക്കി ദീര്‍ഘനിശ്വാസം വിടുന്ന, ആര്‍ത്തവം എന്തെന്നറിയാത്ത ആണ്‍മക്കളെ പെറ്റുപോറ്റുന്ന, ഭർത്താവും ഭാര്യയും തമ്മില്‍ മാത്രം വളരെ രഹസ്യമായി ചർച്ച ചെയ്യേണ്ട ഒന്നാണ് ലൈംഗികതയെന്ന് പറയാതെ പറയുന്ന മാതാപിതാക്കളല്ല ഇവിടെ മാതൃകകളാക്കപ്പെടേണ്ടത്.. കൗമാരത്തിലേക്ക് കടക്കുന്ന മക്കളെ അടുത്ത് വിളിച്ചിരുത്തി സങ്കോചമില്ലാതെ ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന, അവര്‍ക്കുള്ള സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിയുന്ന അച്ഛനമ്മമാരാണ് പൊതുസമൂഹത്തില്‍ അനുകരിക്കപ്പെടേണ്ടത്..

ഹൈസ്കൂൾ ക്ലാസിലെ ബയോളജി ടെക്സ്റ്റ്ബുക്കില്‍ “പ്രത്യുത്പാദനം” എന്ന ഭാഗം മാത്രം തല താഴ്ത്തി ഓടിച്ചു വായിച്ചു പോകുന്ന അധ്യാപകര്‍ സൃഷ്ടിക്കുന്നത്, ലൈംഗികതയെന്നത് ഒളിച്ചുവെയ്ക്കപ്പെടേണ്ട ഒന്നാണെന്നും അത് പരസ്യമായി ചർച്ച ചെയ്യാൻ പോലും നാണക്കേടുണ്ടാക്കുന്ന ഒന്നാണെന്നും വിശ്വസിച്ചുപോകുന്ന വൈകല്യം നിറഞ്ഞ ഒരു തലമുറയെയാണ്.. അവര്‍ക്ക് ഇനിയൊരു കാലം തങ്ങളുടെ സ്വകാര്യതയെ മുറിവേല്‍പ്പിച്ചവരെ എതിര്‍ക്കാനോ അത് മറ്റൊരാളോട് തുറന്നുപറയാനോ ആ ദുരന്തം അതിജീവിക്കാനോ കഴിഞ്ഞെന്നുവരില്ല..

ന്യൂട്ടന്റെ ചലനനിയമങ്ങളും പൈഥഗോറസ് സിദ്ധാന്തവും പഠിപ്പിക്കുന്ന അതേ സത്യസന്ധതയോടെ, അത്രമേല്‍ ആത്മാര്‍ത്ഥതയോടെ അധ്യാപകര്‍ ചെയ്യേണ്ട ഒന്നാണ് ലൈംഗികതയെക്കുറിച്ചുള്ള കൃത്യമായ ധാരണകൾ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കുക എന്നത്.. കോണ്‍വെന്റ് സ്കൂളിലെ ബൈബിൾ കഥകളും, ഗുരുകുലങ്ങളിലെ ഗീതോപദേശവും, മദ്രസ്സകളിലെ ഖുര്‍ആന്‍ സൂക്തങ്ങളും ഉരുവിട്ടു പഠിക്കുന്നതിന് മുമ്പ് ഒരാണും പെണ്ണും അറിയേണ്ടത് സ്വന്തം ശരീരസ്വാതന്ത്ര്യത്തിന്റെ രാഷ്ടീയമാണ്, അതിന്റെ ശരികളും തെറ്റുകളുമാണ്..

അത്രയെങ്കിലും ചെയ്യുക..

താന്‍ മാത്രമാണ് തന്റെ ശരീരത്തിന്റെ ഉടമയെന്നവര്‍ പഠിക്കട്ടെ.. തന്റെ സ്വാതന്ത്ര്യത്തിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ന്യായീകരണമല്ല “സ്നേഹം” എന്നവര്‍ പഠിക്കട്ടെ.. ഏതു കാരണത്തിന്റെ പേരിലായാലും തന്റെ ശരീരത്തെ ചൂഷണം ചെയ്യാൻ മാതാപിതാക്കളടക്കം ഈ ലോകത്ത് ഒരാൾക്കുപോലും അവകാശമില്ലെന്നും അവർ പഠിക്കട്ടെ.. ഒരു മാസത്തെ വീട്ടുവാടകയ്ക്ക് ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ അവസാന ആശ്രയം, സ്വന്തം അച്ഛന്റെ കൂട്ടുകാര്‍ക്ക് തന്നെ “സ്നേഹിക്കാന്‍” കൊടുക്കലാണെങ്കിൽ, അതിന്റെ പേര് ക്രൈം എന്നാണെന്ന് അവർ പഠിക്കട്ടെ.. പ്രിയപ്പെട്ടവരെ സഹായിക്കുക എന്നതിനര്‍ത്ഥം തന്റെ വാ മൂടുന്നവർക്ക് വിധേയരാവുകയെന്നല്ല എന്നവർ പഠിക്കട്ടെ..

പല പേരുകളില്‍ ഇത്തരം വാർത്തകൾ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന, അവയുടെ അസാധാരണത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു തേങ്ങല്‍ പോലും അവശേഷിപ്പിക്കാതെ ഇതൊക്കെ ഉള്ളം കടന്നുപോകാൻ നാം പഠിച്ചുകഴിഞ്ഞ ഇക്കാലത്തും വെറുതെ ആഗ്രഹിച്ചുപോകുന്നു, ഇനിയൊരിക്കലും ഒരയല്‍ക്കാരനും ആ കുഞ്ഞിന്റെ നിലവിളികേട്ട് രാത്രി ഞെട്ടിയുണരാതിരിക്കട്ടെയെന്ന്.. ഈ ചിത്രത്തില്‍ കണ്ടതുപോലെ, തന്റെ ശരീരം പണത്തിനു വേണ്ടി വില്പനയ്ക്ക് വെച്ച പ്രിയപ്പെട്ടവരോട് മാപ്പു ചോദിക്കാൻ മാത്രം “ക്രൂരമായ അറിവില്ലായ്മ” ഒരു കുഞ്ഞിനും ഉണ്ടാകാതിരിക്കട്ടെയെന്ന്.. കുറഞ്ഞപക്ഷം അവരെ വെറുക്കാനെങ്കിലും അവള്‍ക്ക് കഴിയട്ടെയെന്ന്.. ഇനിയുമൊരുപാട് കുരുന്നു ജീവിതങ്ങള്‍ ഇതുപോലെ പാതിവഴിയിൽ ചിറക് മുറിഞ്ഞു വീഴാതിരിക്കട്ടെയെന്ന്..