മലയാളിയുടെ വീടുനിർമ്മാണത്തിൽ നല്ലൊരു ശതമാനം ഏരിയ പാഴായിപ്പോകുന്നുണ്ട്, സ്പേസ് മാനേജ്മെന്റിനെ കുറിച്ച് അറിയുക

395

സുരേഷ് മഠത്തിൽ വളപ്പിൽ

അബുദാബിയിലെ ഒരു ആശുപത്രി ലബോറട്ടറിയിലെ സാമ്പിൾ കളക്ഷൻ റൂമാണ് രംഗം.

ഈ റൂമിൽ ബ്ലഡ്‌ സാംപിൾ കളക്ട് ചെയ്യാനുള്ള ഒരു കസേരയുണ്ട്. ഏതാണ്ട് നമ്മുടെ ദന്ത ഡോക്ടർമാരുടെ കസേരപോലുള്ള, അത്ര വലിപ്പമില്ലാത്ത ഒരെണ്ണം.

ടെക്‌നീഷ്യന് രോഗിക്കരികിൽ ഇരിക്കാനുള്ള ചെറിയൊരു സ്റ്റൂളുണ്ട്, ഒരു കമ്പ്യൂട്ടർ ടേബിൾ ഉണ്ട്, അതിന്റെ ചെയർ ഉണ്ട്, രേഖകളും മറ്റും സുക്ഷിക്കാനുള്ള അലമാരിയുണ്ട്, അവശ്യം ടെസ്റ്റിങ് കെമിക്കലുകൾ സൂക്ഷിക്കാനുള്ള സ്റ്റോറേജ് ഉണ്ട്, മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഭംഗിയുള്ള ഒരു ബിൻ ഉണ്ട്, ടെക്‌നീഷ്യന്റെ കോട്ട് തൂക്കിയിടാനുള്ള സംവിധാനമുണ്ട്..

ചുരുക്കിപ്പറഞ്ഞാൽ അത്യാവശ്യം വേണ്ട എല്ലാമുണ്ട്. കൂടാതെ മനോഹരമായ ഒരു ഫ്ളവർവേസും ഉണ്ട്.

ഇതൊന്നും ഈ റൂമിൽ കുത്തി നിറക്കുകയല്ല ചെയ്തിരിക്കുന്നത്. ഈ സാധനങ്ങളൊക്കെ ഉൾക്കൊള്ളിച്ചപ്പോളും അതിനുള്ളിൽ മര്യാദക്ക് അങ്ങോട്ടുമിങ്ങോട്ടും നടക്കാനുള്ള സ്ഥലമുണ്ട്.

എന്നാൽ ഈ റൂമിന്റെ അളവെന്നു പറയുന്നത് ഏതാണ്ട് രണ്ടു മീറ്റർ നീളവും, നൂറ്റി എൺപതു സെമി വീതിയും മാത്രമാണ് .

ഒരു ശരാശരി മലയാളിക്ക് ഒരു കക്കൂസ് പണിയാൻ മാത്രം ഇത്രയും സ്ഥലം വേണം .

മലയാളി ഡാ ..

സ്പേസ് മാനേജ്മെന്റിന്റെ മനോഹരമായൊരു ഉദാഹരണമാണ് ഞാൻ അവിടെ കണ്ട ആ ലാബ് റൂം.

ആവശ്യമുള്ളതെല്ലാം ഉണ്ട്, ആവശ്യമില്ലാത്തതു ഒന്നും ഇല്ല.

നമ്മുടെ കാര്യം തീരെ മറിച്ചാണ്.

ആവശ്യമില്ലാത്തതെല്ലാം ഉണ്ടാവും, ആവശ്യമുള്ളതൊന്നും ഉണ്ടാവില്ല.

ചേട്ടൻ അങ്ങനെ പറയരുത്. ഫർണിച്ചർ അറേഞ്ച്മെന്റ് ഒക്കെ നമ്മുടെ പ്ലാനുകളിലും ഉണ്ട്, പ്രീഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല.

നേരാണ്. ശതമാനത്തിൽ കുറവാണെങ്കിലും നമ്മുടെ പ്ലാനുകളിൽ ബെഡ്ഡും, സോഫയുമൊക്കെ കാണിക്കുന്നവരുണ്ട്.

പോരാ .

ചെരുപ്പ് സൂക്ഷിക്കാനുള്ള ചപ്പൽ റാക്ക് എവിടെ വെക്കുമെന്ന് ആദ്യമേ തീരുമാനിക്കണം. കല്യാണത്തിന് പോകാൻ വേണ്ടി സൂക്ഷിക്കുന്ന ചെരിപ്പും ചളിയിൽ ചവിട്ടി നടക്കാനുള്ള ചെരിപ്പും വെവ്വേറെ സൂക്ഷിക്കേണ്ടതിനാൽ രണ്ടിനുമുള്ള സ്ഥലം കാണണം.

ജെട്ടിയും ബനിയനും അതുപോലുള്ള അടിവസ്ത്രങ്ങളും നാട്ടുകാര് കാണാതെ ഉണക്കാനായി ഒരു ഡ്രയിങ് റാക്ക് എവിടെ വെക്കുമെന്ന് കാണിക്കണം.

ഉപയോഗിച്ച സോക്സുകൾ മറ്റുള്ളവർക്ക് ശല്യമില്ലാത്ത തരത്തിൽ എവിടെ സൂക്ഷിക്കുമെന്നു ചിന്തിക്കണം.

ഓരോ റൂമിലെയും മുഷിഞ്ഞ വസ്ത്രങ്ങൾ അടച്ചു സൂക്ഷിക്കാൻ വായു സഞ്ചാരമുള്ള ലോണ്ടറി ബാസ്‌ക്കറ്റുകൾക്കു സ്ഥലം കാണണം.

നമ്മുടെ കുട്ടികൾ ഇക്കാലത്തു മഷിത്തണ്ടിന്റെയും വക്കുപൊട്ടിയ സ്ളേറ്റിന്റെയും യുഗത്തിലല്ല. അവർ ഹോംവർക്കുകൾ ചെയ്യുന്നത് കമ്പ്യൂട്ടർ ൽ ആണ്. ഓരോ വീട്ടിലും കുട്ടികൾക്കായി ഒരു ഹോം പി സി ക്കുവേണ്ടി സ്വകാര്യതയില്ലാത്ത ഒരു സ്ഥലം കാണണം,

ഇസ്തിരിയിടാനായി വലതുവശത്തു പ്ലഗ്ഗു സംവിധാനം ചെയ്ത രീതിയിൽ ഒരു ടേബിൾ വേണം.

കുട്ടികളുടെ റൂമിൽ അവരുടെ സ്‌കൂൾബാഗും, പുസ്തകങ്ങളും, കളിക്കോപ്പുകളും സൂക്ഷിക്കാനായി മാത്രം സ്ഥലം കാണണം. വലിയ വാർഡ് റോബിന്റെ ഒരു ഭാഗം ഇതിനായി മാറ്റിവച്ചാലും മതി.

വാർഡുറോബിൻറെ ഒരു ഭാഗമെങ്കിലും ചുരിദാറോ, ജുബ്ബയോ പോലുള്ള നീളമേറിയ വസ്ത്രങ്ങൾ തൂക്കിയിടാന്മാത്രം ഉയരമുള്ളതായിരിക്കണം, വാർഡ്രോബിന്റെ അകത്തെ വീതി ഒരു ഹാങ്ങറിനോളം എങ്കിലും വേണം. ( പ്രൊഫഷണൽ ഇന്റീരിയർ ഡിസൈനർമാർ ഇതൊക്കെ പാലിക്കാറുണ്ട്. പലരും സ്വന്തമായി ഇക്കാര്യങ്ങൾ ചെയ്യാറുള്ളതുകൊണ്ടു പറഞ്ഞതാണ്. ക്ഷമി.)

ചെറിയ പ്ലോട്ടുകളിൽ മാലിന്യം സംഭരിക്കാനായി അടച്ചുറപ്പുള്ള ഒരു ഗാർബേജ് ബിൻ ആവശ്യമായി വരും . ഇതിനും സ്ഥാനം കാണണം.

മഴക്കാലത്തു വീട്ടിൽ വന്നു കയറുന്ന ആളുടെ കയ്യിലെ നനഞ്ഞ കുട എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചിന്തിക്കണം.

മോട്ടോർ ബൈക്ക് ഓടിക്കുന്നവർ ഹെൽമെറ്റ്‌ ഇവിടെ സൂക്ഷിക്കുമെന്നു ചിന്തിക്കണം. പ്ലാനിൽ കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും നിർമ്മാണവേളയിൽ ഇതൊക്കെ ഇവിടെ ഉൾക്കൊള്ളിക്കാമെന്നു മിനിമം ഡിസൈനറുടെ മനസ്സിലെങ്കിലും വേണം.

ഈ ലിസ്റ്റ് തീരുന്നില്ല.

കാലഘട്ടത്തിനും, വ്യക്തികൾക്കും അനുസരിച്ചു ഇതിൽ വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കും. ലിസ്റ്റിലേക്ക് പുതിയ കാര്യങ്ങൾ ക്ഷണിക്കുന്നു.

അങ്ങനെ ചർച്ച കൊഴുക്കുമ്പോൾ പുതിയ ആശയങ്ങൾ, ആവശ്യങ്ങൾ ഉരുത്തിരിഞ്ഞു വരും .

അതിനല്ലേ സഹോ ഈ ഗ്രൂപ്പ്.

എന്നാൽ ഇതിനൊന്നും വലിയ ഏരിയ വേണ്ടെന്നാണ് സത്യം.

മലയാളിയുടെ വീടുനിര്മാണത്തിൽ നല്ലൊരു ശതമാനം ഏരിയ പാഴായിപ്പോകുന്നുണ്ട്.

സ്പേസ് മാനേജുമെന്റിന്റെ അഭാവം. വേറൊന്നുമല്ല കാരണം.

വീടുപണിക്കായി നാട്ടിൽ പോകുന്ന പ്രവാസികളോട് ലോകോത്തര ഫർണിച്ചർ റീട്ടെയിൽ ഏജൻസികളായ ഐക്കിയയുടെയും, ഹോം സെന്ററിന്റെയും ഒക്കെ ഷോറൂമുകൾ സന്ദർശിക്കാൻ ഞാൻ ആവശ്യപ്പെടാറുണ്ട്.

കാരണം വേറൊന്നുമല്ല.

സ്‌പേസ് മാനേജുമെന്റിന്റെ അത്രമാത്രം നല്ല ആശയങ്ങളാണ് നമുക്കവിടെ കാണാൻ കഴിയുക .

ആയിരം ചതുരശ്ര അടിയുടെ സൗകര്യം അറുനൂറു ചതുരശ്ര അടിയിൽ തീർക്കുന്ന ജാലവിദ്യ.

ഇന്നലെ ഗ്രൂപ്പിൽ കണ്ട ഒരു ലേഖനത്തോട് നേരിയ വിയോജിപ്പ് പ്രകടിപ്പിച്ചതും ഇതേ കാരണം കൊണ്ടാണ്.

നൂറു ചതുരശ്ര അടിയിൽ (പത്തടി നീളത്തിൽ , പത്തടി വീതിയിൽ) ചെറിയൊരു ബജറ്റ് ബെഡ് റൂം ഒരുക്കാം എന്ന് അതിൽ പറഞ്ഞിരുന്നു.

നൂറു ശതമാനം യോജിക്കുന്നു.

ഇടത്തരക്കാരനായ ഒരു മലയാളിയുടെ വീടിനു നൂറു ചതുരശ്ര അടി വിസ്തീർണ്ണം മതി.

നൂറും വേണ്ട, തൊണ്ണൂറ്റി ഒൻപതു മതി.

അതായത് പത്തടി നീളത്തിലും പത്തടി വീതിയിലും റൂം സംവിധാനം ചെയ്യുന്നതിനേക്കാൾ ഉപയോഗ്യത കൂട്ടുന്നത് ഒമ്പതടി വീതിയിലും പതിനൊന്നടി നീളത്തിലും അതിനെ ക്രമീകരിക്കുമ്പോളാണ് .

ഒന്നുകൂടി സാങ്കേതികമായി പറഞ്ഞാൽ നീളത്തെ വീതികൊണ്ടു ഹരിച്ചാൽ 1.20 മുതൽ 1.50 വരെ കിട്ടണം.

ആ അനുപാതത്തിൽ ഏറ്റവും നല്ല യൂട്ടിലിറ്റി നമുക്ക് ലഭിക്കും.

ഈ തൊണ്ണൂറ്റി ഒൻപതു ചതുരശ്ര അടിയിൽ ഒരു ക്യൂൻ സൈസ് കട്ടിൽ, ഒരു ഡ്രസ്സിങ് ഏരിയ, നല്ലൊരു വാർഡ് റോബ്, ഒരു കസേരയും ടേബിളും എന്നിവ പുഷ്പംപോലെ ക്രമീകരിക്കാം.

മറ്റൊരു ഘടകം റൂമിന്റെ ഉയരത്തെ സംബന്ധിച്ചായിരുന്നു.

റൂമിന്റെ ഉയരം കൂട്ടിയാൽ അകത്തെ ചൂട് കുറയും . യോജിക്കുന്നു .

എന്നാൽ പത്തടി നീളവും, വീതിയുമുള്ള ഒരു റൂമിനു പന്ത്രണ്ടടി ഉയരം നൽകിയാൽ അതിനകത്തിരിക്കുന്നയാൾക്കു ഒരു കിണറിനകത്തിരിക്കുന്ന പ്രതീതി തോന്നും .

ഇവിടെയും വേണം അനുപാതം.

ഗ്രാമപ്രദേശങ്ങളിലൊഴികെ വർക്ക്‌ ഏരിയ യുടെ ആവശ്യമില്ലെന്നു ശരിയായി തോന്നുന്നില്ല.

കാരണം നമ്മുടെ കാലാവസ്ഥക്കും, സാമൂഹികമായ അവസ്ഥക്കും അനുസരിച്ചു വീടിന്റെ പ്രവേശന ദ്വാരങ്ങളിലെല്ലാം സെമി ഓപ്പൺ ആയ ഓരോ ബഫർ സോണുകൾ ആവശ്യമുണ്ട്.ഈ സെമി ഓപ്പൺ ബഫർ സോണുകളാണ് സിറ്റൗട്ടും, വർക്ക്‌ ഏരിയ യും.

കാലാവസ്ഥ നമ്മുടെ വാതിലുകളെ സ്വാധീനിക്കുന്നതും, വീട്ടിൽനിന്നു പുറത്തിറങ്ങുന്ന ആളുടെ സുരക്ഷിതത്വവും പരിഗണിക്കുമ്പോൾ ഇത് ഒഴിവാക്കാനാവില്ല.

അതിരാവിലെയോ, പാതിരാത്രിയോ അടുക്കളയിലെ ജോലിയുടെ ഭാഗമായി ഒന്ന് പുറത്തിറങ്ങേണ്ടിവരുന്ന വീട്ടമ്മക്ക് ഗ്രില്ലിട്ട ഒരു വർക്ക്‌ ഏരിയ നൽകുന്ന സുരക്ഷിതത്വം ചെറുതല്ല .

അതിനാൽ നമ്മുടെ ഡിസൈനുകൾ കാലികമാകണം.

സൗകര്യപ്രദമാകണം, ചെലവാക്കുന്ന പണത്തിനുള്ള മൂല്യം നല്കുന്നതാകണം.

അല്ലാതെ കമ്പ്യൂട്ടർ നെ ഉപേക്ഷിച്ചു കന്നിമൂലയുടെ പുറകെ പോകരുത്.

Advertisements