1995 മാര്‍ച്ച് 30 ന് റിലീസ് ചെയ്ത സ്ഫടികം മലയാളികൾക്ക് എന്നും ഗൃഹാതുരത നൽകുന്ന ചിത്രമാണ്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആടുതോമയായി മോഹൻലാലും ചാക്കോ മാഷ് ആയി തിലകനും കെപിഎസി ലളിതയും ഉർവശിയും കരമനയും നെടുമുടിവേണുവും രാജന്പി ദേവും എൻ എഫ് വർഗീസും സ്ഫടികം ജോര്ജും കുണ്ടറ ജോണിയും ശ്രീരാമനും ചിപ്പിയും എല്ലാം കസറി. ‘ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ്’ എന്ന തിലകന്റെ ഡയലോഗും വൻ ഹിറ്റായിരുന്നു. സ്ഫടികം 4K ഫെബ്രുവരി 9 ന് റിലീസ് ചെയ്തു. പലർക്കും പുത്തൻ അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചത്.
സ്ഫടികം ആദ്യം റിലീസ് ചെയ്തപ്പോൾ (30 March 1995) ജനിക്കാത്തവർക്കു സ്ഫടികം 4K പുത്തൻ അനുഭവം സമ്മാനിച്ചപ്പോൾ അന്ന് ചിത്രം തിയേറ്ററുകളിൽ കണ്ടവർക്കു തീർത്തും നൊസ്റ്റാൾജിയ തന്നെയായി ഈ പുത്തൻ ചലച്ചിത്രാനുഭവം. അതുകൊണ്ടുതന്നെ വൻ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഏറ്റെടുത്തതിൽ നന്ദി അറിയിക്കുകയാണ് മോഹൻലാൽ. “നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടു തോമയുടെ മേൽ ചൊരിയുന്ന അതിശക്തമായ പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകൾക്കതീതമായ നന്ദി! സ്ഫടികം 4K ATMOS-ന് പിന്നിലുള്ള ഭദ്രൻ സാറിനും ടീമിനും വലിയ നന്ദിയും ധൈര്യവും!”- എന്നാണ് മോഹൻലാൽ കുറിച്ചത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഉണ്ടായിട്ടും ആദ്യദിനം ‘സ്‍ഫടികം’ നേടിയത് 77 ലക്ഷമാണ്. മൂവി ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റ്‍നിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.