സ്‌ഫടികം
Abhijith S Nathan
ഈ പടത്തിന് റിവ്യൂ എഴുതുമ്പോൾ സ്പോയിലർ ഉണ്ടെന്ന് എങ്ങനെ പറയാനാണ്. എങ്കിലും ഇത്തവണ തിയേറ്ററിൽ പോയി കാണാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഇത് വായിക്കരുത്.ഈ സിനിമ ടീവിയിൽ കാണുമ്പോൾ ഒക്കെ ഇത് തിയേറ്ററിൽ പോയി കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് പല തവണ ആഗ്രഹിച്ച ഒരാൾ തന്നെ ആണ് ഞാൻ. അതുകൊണ്ട് തന്നെ ഈ സിനിമ തിയേറ്ററിൽ കാണാൻ പറ്റും എന്നൊരു അവസരം വന്നപ്പോ ചാടി വീണ് ആദ്യത്തെ ദിവസം തന്നെ ടിക്കറ്റ് എടുത്തു.പണ്ടൊരു മോഹൻലാൽ ആരാധകൻ ആയ കൂട്ടുകാരൻ പറഞ്ഞിട്ടുണ്ട് ലാലേട്ടന്റെ അടക്കം മലയാള സിനിമയിൽ ഇന്ന് വരെ വന്ന എല്ലാ മാസ് നായകന്മാരെയും എടുത്ത് തൂക്കിയാലും ആട് തോമ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കുമെന്ന്… അത് ശെരിയോ തെറ്റോ പക്ഷേ അത്രത്തോളം മാസ് കഥാപാത്രം വേറെയില്ല എന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഒരു തരത്തിൽ ആ കഥാപാത്രത്തോട് അളവിൽ കവിഞ്ഞ ആരാധന ഉള്ളവർ ആണ് ഞാൻ അടക്കം പലരും. അതുകൊണ്ട് തന്നെ തോമ തിയേറ്ററിൽ വരുമ്പോ അലറി ഇരമ്പുന്ന ഒരു ഫാൻസ് ഷോയിൽ അത് കാണാൻ പോകുന്നതിന്റെ ഒരു ത്രിൽ പ്രത്യേകിച്ച് എന്നെ പോലെ ഈ സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ജനിച്ചിട്ടില്ലാത്ത ആളുകൾക്ക് വളരെ കൂടുതൽ ആയിരുന്നു. എന്റെ ആകെ സങ്കടം ഇത് ആലപ്പുഴ പങ്കജ് തിയേറ്ററിൽ ഹൌസ് ഫുൾ ആയിട്ട് കാണാൻ പറ്റിയില്ല എന്നാണ്.
ഈ സിനിമ ടീവിയിൽ കണ്ടത് പോലെയേ അല്ല പുതിയ സിനിമ. നല്ല ക്ലാരിറ്റിയിൽ കാണുമ്പോൾ പല സീനുകളും ഭയങ്കര രസം ആണ്.. എടുത്തു പറയേണ്ടത് ഏഴിമല പൂഞ്ചോല പാട്ടും പിന്നെ എല്ലാ സംഘട്ടന രംഗങ്ങളും. ആദ്യം പാട്ടിനെ കുറിച്ച് പറയാം. ആ പാട്ട് കേൾക്കാൻ തന്നെ ഭയങ്കര എനർജി ആണെന്ന് പറയണ്ട ആവശ്യം ഇല്ലല്ലോ. എന്നാൽ തിയേറ്ററിൽ ആ പാറമടയും കൊക്കയും കയവും ആനയും ലാലേട്ടനും ഒക്കെ കാണാൻ തന്നെ എന്തോരു സൗന്ദര്യം ആണ്. സിൽക്ക് സ്മിതയുടെ ഭംഗിയും പറയാതെ വയ്യ. സംഘട്ടനം എല്ലാം കാണുമ്പോൾ ഒരു കോരിതരിപ്പ് തന്നെയാണ്. അമ്മയുടെ കയ്യിൽ കേറി പിടിക്കുന്ന കുറ്റികാടന്റെ നേരെ എടുത്ത് ചാടുന്നുണ്ട് തോമാച്ചായൻ. ഒരു സെറ്റിയും മറിച്ചു കൊണ്ട് തോമയും കുറ്റികാടനും ദേ നിലത്തേക്ക്. അതുപോലെ തൊരപ്പൻ ബസ്റ്റിന്റെ ഇടി.
ഇനി കാര്യത്തിലേക്ക് കടക്കാം… പഴയ ഒരു കൈരളി ചാനലിന്റെ അഭിമുഖത്തിൽ ജോൺസൻ മാഷ് പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്. പശ്ചാത്തല സംഗീതം ഉണ്ടെന്ന് പ്രേക്ഷകർക്ക് ഒരിക്കലും തോന്നരുത്. അത് എപ്പോഴും കഥ പ്രേക്ഷകർക്ക് പകർന്നു കൊടുക്കുന്ന വികാരത്തെ ഒന്ന് സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം ആയിരിക്കണം. പശ്ചാത്തല സംഗീതം കേൾക്കാതെ ഉദ്ദേശിക്കുന്ന വികാരം മാത്രം കൃത്യമായി പ്രേക്ഷകനിലേക്ക് പകർന്നു കൊടുക്കുക. ഒരു പക്ഷെ നിശബ്ദത ആയിരിക്കാം ഒരു രംഗത്തിന് ഏറ്റവും അനുയോജ്യമായത്. ഉദാഹരണം ആയിട്ട് കിരീടത്തിൽ തിലകൻ ചേട്ടന്റെ കഥാപാത്രം കത്തി താഴെ ഇടെടാ എന്ന് പറയുന്ന സീനിൽ പശ്ചാത്തല സംഗീതം ഇല്ല എന്നും ജോൺസൻ മാഷ് പറഞ്ഞു വയ്ക്കുന്നുണ്ട്.
സ്‌ഫടികത്തിലെ പുതിയ 4k സിനിമയിൽ എനിക്ക് ഈ ഒരു സ്വാഭാവികത നഷ്ടപ്പെട്ടത് പോലെ തോന്നിപോയി. പഴയ സിനിമയിൽ ഇല്ലാത്ത കുറച്ചു bgm ഈ സിനിമയിൽ ഉള്ളത് പോലെ ആണ് എനിക്ക് തോന്നിയത്. സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു സീനാണ് SI സോമൻ പിള്ളയോട് മുടി നീട്ടി വളർത്തും എന്ന് പറയുന്ന സീൻ. അതിൽ ദൂരെ നിന്ന് നടന്ന് വരുന്ന സോമൻ പിള്ളയെ കാണിക്കുന്നുണ്ട്. ആ വരുന്തയിലൂടെ നടന്ന് വരുമ്പോ പഴയ ഇടിയുടെ ശബ്ദം ആണ് കേൾപ്പിക്കുന്നത് ഒപ്പം ഒരു ഈർഷ്യ നിറഞ്ഞ expression ഇട്ടു കൊണ്ട് ഭീമൻ രഘു ചേട്ടന്റെ അഭിനയവും. ആ ഒറ്റ ഷോട്ടിൽ ഒരുപാട് കാര്യങ്ങൾ ഉള്ളത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. പഴയ കിട്ടിയ ഇടിയുടെ ഓർമയും വേദനയും അതുപോലെ തീർക്കാൻ ബാക്കി വച്ച പ്രതികാരത്തിന്റെ ഒരു ദേഷ്യവും. അത്രയും അവിടെ നമുക്ക് തോന്നാൻ ഒരു പ്രധാന ഘടകം ഭീമൻ രഘു ചേട്ടന്റെ മുഖം കാണിക്കുമ്പോൾ ഉള്ള രണ്ട് ഡിഷ്‌ക് ഡിഷ്‌ക് എന്ന ഇടി കൊള്ളുന്ന ശബ്ദം ആണ്. ഇന്ന് 4k സിനിമയിൽ അവിടെ മറ്റൊരു മ്യൂസിക് കേറ്റി വച്ചിട്ടുണ്ട് സിനിമയിൽ.
പഴയത് കണ്ടു തഴമ്പിച്ചത് കൊണ്ടാകാം അത് കേട്ടപ്പോൾ ഒരു വല്ലായ്മ തോന്നി. വളരെ ഉറപ്പോട് കൂടി തന്നെ പറയാം ഇതിന് ആദ്യത്തെ പടത്തിനേക്കാൾ ഒട്ടും പശ്ചാത്തല സംഗീതം ആവശ്യം ഇല്ല. തിലകൻ, നെടുമുടി വേണു, KPAC ലളിത, രാജൻ പി ദേവ്, NF വർഗീസ്, കരമന ജനാർദ്ദനൻ എന്നീ മഹാ പ്രതിഭകളെ ഒരിക്കൽ കൂടി തിയേറ്ററിൽ കണ്ടതിൽ സന്തോഷം.ഇതേപോലെ റീമാസ്റ്റർ ചെയ്തു തിയേറ്ററിൽ കാണാൻ ഏറ്റവും ആഗ്രഹം ഉള്ള പടം മണിച്ചിത്രതാഴ്.