1995 മാര്‍ച്ച് 30 ന് റിലീസ് ചെയ്ത സ്ഫടികം മലയാളികൾക്ക് എന്നും ഗൃഹാതുരത നൽകുന്ന ചിത്രമാണ്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആടുതോമയായി മോഹൻലാലും ചാക്കോ മാഷ് ആയി തിലകനും കെപിഎസി ലളിതയും ഉർവശിയും കരമനയും നെടുമുടിവേണുവും രാജന്പി ദേവും എൻ എഫ് വർഗീസും സ്ഫടികം ജോര്ജും കുണ്ടറ ജോണിയും ശ്രീരാമനും ചിപ്പിയും എല്ലാം കസറി. ‘ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ്’ എന്ന തിലകന്റെ ഡയലോഗും വൻ ഹിറ്റായിരുന്നു.സ്ഫടികം 4K ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി, ഫെബ്രുവരി 9 ന് റിലീസ് ചെയ്യും.
ഈ ചിത്രം ഒരു കൊമേഴ്‌സ്യൽ സിനിമ എന്നതിലുപരി അനവധി മൂല്യങ്ങൾ പകർന്നു നൽകുന്നതിലും വിജയിച്ചിരുന്നു. മോഹൻലാലിൻറെ ‘മുണ്ടുപറിച്ചടി’ ഓർത്ത് ഇന്നും പഴയകാല പ്രേക്ഷകർ കോൾമയിർ കൊള്ളാറുണ്ട് എന്നതാണ് സത്യം. തിലകന്റെയും മോഹൻലാലിന്റേയും അച്ഛൻ-മകൻ കെമിസ്ട്രി ഈ ചിത്രത്തിലും നന്നായി വർക്ഔട്ട് ആയിരുന്നു. ഇപ്പോഴിതാ ഒരുകോടിയോളം രൂപ മുടക്കി ‘സ്‍ഫടിക’മെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ്. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം ഒമ്പതിന് ‘സ്‍ഫടികം’ 4k അറ്റ്‍മോസില്‍ എത്തുന്നു.
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് എന്ന മോഹൻലാൽ ആരാധകന്റെ കുറിപ്പ്
സ്ഫടികം എഴുതുന്ന സമയത്തും അതിനു ശേഷവും സ്ഫടികം 2 എന്നത് ചിന്തയിൽ പോലും വരാൻ പാടില്ലാത്തതാണെന്ന് എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ അത് പ്രകൃതിക്ക് വിരുദ്ധമാകും. കാരണം തന്റെ മകനെ ചെകുത്താൻ എന്ന് വിളിച്ച അപ്പന്, താൻ ആണവനെ ചെകുത്താനാക്കിയത് എന്ന തിരിച്ചറിവ് ഉണ്ടാവുകയാണ്. അങ്ങനൊരു തിരിച്ചറിവുണ്ടായ അപ്പനെ കെട്ടിപിടിച്ചു ഒരിക്കൽ സ്ഫടികമായിരുന്ന മകൻ പറയുകയാണ്. എനിക്കിനി ഒന്നും വേണ്ട, ഇത് മാത്രം മതി എന്ന്. ആ മകൻ ഇനി തുണി പറിച്ചടിക്കാൻ പോകുമോ? ആ മകൻ പിന്നെയും മുട്ടനാടിന്റെ ചങ്കിന്റെ ചോര കുടിക്കാൻ പോകുമോ? അപ്പൻ മകനെ തിരിച്ചറിയുന്നിടത്. ചെകുത്താൻ സ്ഫടികമായി മാറിയിടത്തു ഇനിയൊരു രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് അന്നേ തീരുമാനിച്ചതാണ് ”
മനോരമ യ്ക്ക് നൽകിയ ഇന്റർവ്യൂ വിൽ സംവിധായകൻ ഭദ്രന്റെ വാക്കുകളാണ് ഇത്. അദ്ദേഹത്തെ വസന്തം എന്നും ഔട്ട് ഡേറ്റഡ് എന്നും ഒക്കെ വിളിക്കും മുൻപ് ഈ വാക്കുകൾ ഹൃദയം കൊണ്ടൊന്നു വായിക്കണം. ഈ അടുത്ത കാലത്ത് സിബി മലയിൽ പോലെ ഒരു പ്രഗത്ഭ സംവിധായകൻ “ദശരഥം ” പോലൊരു എക്കാലത്തെയും ക്ലാസിക് സിനിമയുടെ രണ്ടാം ഭാഗത്തിന് മോഹൻലാൽ സമ്മതം നൽകിയില്ല എന്ന് ചാനൽ ഇന്റർവ്യൂവിൽ വന്നിരുന്നു പരാതി പറഞ്ഞത് ഓർക്കുന്നുണ്ടാവും. അവിടെയാണ് “ഭദ്രൻ ‘ വേറിട്ട് നിൽക്കുന്നത്.
സ്ഫടികം എന്ന സിനിമ ഒരിക്കൽ മാത്രം സംഭവിക്കേണ്ടതാണ്. ആ സിനിമയുടെ ആശയം എല്ലാ കാലത്തും പ്രസക്തമാണ്. അതിലെ ഓരോ കഥാപാത്രവും, ആട് തോമ ഉൾപ്പെടെ അഭിനേതാക്കൾക് പോലും റീ ക്രിയേറ്റ് ചെയ്യാനോ അല്ലെങ്കിൽ, പകരം ഒരാൾക്കു റീപ്ളേസ് ചെയ്യാനോ സാധ്യമല്ല. ഫെബ്രുവരി 9 നു സ്ഫടികം 4k റിലീസ് നൊരുങ്ങുമ്പോൾ എന്തിലും നെഗറ്റീവ് കാണുന്ന ചിലർ എങ്കിലും പറഞ്ഞേക്കാം ഭദ്രൻ ഇപ്പോഴും അത് വിറ്റ് കാശാക്കുക ആണെന്ന്. എന്നാൽ കാലത്തെ പോലും അതിജീവിക്കുന്ന ഒരു അത്ഭുത ചിത്രം പുതിയ കാലത്തിന്റെ സാങ്കേതിക തികവിൽ ആസ്വദിക്കണം എന്നും ജനങ്ങൾ ഇന്നും അതിനെ സ്വീകരിക്കണം എന്നുമുള്ള ഒരു സംവിധായകന്റെ വലിയ മനസ് മാത്രമേ അതിൽ കാണാൻ കഴിയൂ!!