നിങ്ങൾ ഇടംകയ്യനാണോ എങ്കിൽ തുള്ളിച്ചാടൂ, അനവധി കിടിലൻ സവിശേഷതകൾ !

179

Dr SHANAVAS A R

ഇന്നലെ ഒരു സുഹൃത്ത് വിളിച്ചിരുന്നു, അവന്റെ മകന്റെ കാര്യത്തിന്. ആ സുഹൃത്തിന്റെ ആശങ്ക കണ്ടത് കൊണ്ട് ആണ് കത്തുന്ന പ്രശ്നങ്ങൾക്കിടയിലും ഈ പോസ്റ്റ്‌.

  • ബറാക് ഒബാമ, ബിൽ ക്ലിന്റൺ, റൊണാൾഡ്‌ റീഗൻ, ഹാരി ട്രൂമാൻ,
  • എലിസബത്ത് രാജ്ഞി, ചാൾസ് രാജകുമാരൻ, വില്യം രാജകുമാരൻ.
  • മേരി ക്യൂറി, പിയറി ക്യൂറി, സർ ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റീൻ,
  • ഓപ്ര വിൻഫ്രേ, ജൂലിയ റോബർട്സ്, അൻജലീനാ ജോളി , ബ്രാഡ് പിറ്റ്,
  • നെപ്പോളിയൻ ബോണപ്പാർട്ട്, ലിയനാർഡോ ഡാവിഞ്ചി, മൈക്കൽ ആഞ്ചലോ, അരിസ്റ്റോട്ടിൽ,
  • ബിൽ ഗേറ്റ്സ്, അലൻ ട്യൂറിംഗ്

വിശ്വ വിഖ്യാതമായ ഈ പേരുകൾ കേൾക്കുമ്പോൾ എന്തെങ്കിലും സാമ്യം തോന്നുണ്ടോ?
മനസ്സിൽ ഒന്നും വരുന്നില്ല എങ്കിൽ പറയാം, ഇവരെല്ലാം തന്നെ ഒന്നാന്തരം ഇടങ്കയ്യന്മാരാണ്.
ഇനി ക്രിക്കറ്റ്‌ എടുത്തു നോക്കൂ, ഒന്നാന്തരം കളിക്കാർ എല്ലാം ഇടങ്കയ്യന്മാരാണ് — സൗരവ് ഗാംഗുലി ബ്രിയാൻ ലാറ, ഗാരി സോബേഴ്‌സ്, ക്ലൈവ് ലോയ്ഡ്, സംഗക്കാര, ജയസൂര്യ, വാസിം അക്രം,സെയ്ദ് അൻവർ, ഗിൽക്രിസ്റ്റ്, അലൻ ബോർഡർ… ലിസ്റ്റ് നീണ്ടതാണ്.
( സുഹൃത്തിന്റെ മകൻ, 5 വയസ്സുകാരൻ, ഇടതു കൈ ആണ് എഴുതാൻ ഉപയോഗിക്കുന്നത്, അത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയാനാണ് വിളിച്ചത്. )

ഇടങ്കയ്യന്മാർ അസാധാരണമായ നേതാക്കൾ, ശാസ്ത്രജ്ഞർ , കലാകാരന്മാർ, സംഗീതജ്ഞർ, കളിക്കാർ തുടങ്ങി ജീവിതത്തിന്റെ പല മേഖലകളിലും അവരുടേതായ കഴിവ് തെളിയിച്ചവരാണ്.
കാലങ്ങളായി , ഇടങ്കയ്യന്മാരായ കുട്ടികളെ അവരുടെ മാതാപിതാക്കളോ സ്കൂൾ ടീച്ചർമാരോ കൈകളുടെ മുൻഗണന മാറ്റാൻ നിർബന്ധിക്കുമായിരുന്നു. ഏറ്റവും കുറഞ്ഞത് എഴുതാനെങ്കിലും വലതു കൈ ഉപയോഗിക്കാൻ ആ കുട്ടികളെ നിർബന്ധിക്കുമായിരുന്നു. (ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ യൂറോപ്പിലെ സ്കൂളുകളിൽ പഠച്ചിരുന്ന ഇടത് കൈ മുൻഗണന ഉള്ള കുട്ടികളെ വലതു കൈ കൊണ്ട് എഴുതാൻ നിർബന്ധിച്ചിരുന്നു.)

മിക്ക കുട്ടികൾക്കും ഏകദേശം 18 മാസം പ്രായമാകുമ്പോൾ കൈ ഉപയോഗിക്കുന്നതിനുള്ള മുൻഗണ വന്ന് കാണും. മൂന്ന് വയസ് പ്രായമാകുമ്പോൾ തീർച്ചയായും അത് പ്രകടമായിരിക്കും. ഇടത് കൈ മുൻഗണന ഉള്ളവർ വലംകൈ മുൻഗണന ഉള്ളവരെക്കാൾ വളരെ വളരെ കുറവാണ്. ലോക ജനസംഖ്യയുടെ ഏകദേശം 90% ആളുകളും വലംകൈ മുൻഗണന ഉള്ളവരും, ബാക്കി 10% ഇടത് കൈ മുൻഗണന ഉള്ളവരും ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആണുങ്ങൾ ആണ് ഇക്കാര്യത്തിൽ പെണ്ണുങ്ങളെക്കാൾ വളരെ കൂടുതൽ. ഇടത് കൈയ്യൻ ആളുകൾ ഇടത് കൈകൊണ്ട് ചുമതലകൾ നിർവഹിക്കാൻ കൂടുതൽ നൈപുണ്യമുള്ളവരാണ്. മനുഷ്യരുടെ മുൻഗണന പഠിക്കുന്ന ഗവേഷകർ പറയുന്നത് ഇങ്ങനെ വരുന്നതിനു കാരണം ജൈവശാസ്ത്രപരവും ജനിതക കാരണങ്ങളുമാണ് എന്നാണ്. സ്വാഭാവിക ഇടത് കൈ മുൻഗണന ഉള്ളവരെ എല്ലായ്‌പ്പോഴും ആ മുൻഗണനയോടെ തന്നെ വളരാൻ അനുവദിക്കുകയും അവരുടെ ഇഷ്ടാനുസരണം ഇടത് കൈ കൊണ്ട് എഴുതാൻ‌ അനുവദിക്കുകയും വേണം.

എഴുത്ത് എന്നത് കൈ കൊണ്ട് ഒരു പേനയെ നിയന്ത്രിക്കുന്ന പോലെ സിംപിളായ ഒരു ശാരീരിക കാര്യമല്ല, മറിച്ച് തലച്ചോർ ഉപയോഗിച്ച് നടക്കുന്ന ഒരു കോംപ്ലക്സ് കാര്യമാണ്. എഴുത്തിനായി ഉപയോഗിക്കുന്ന കൈ മാറ്റുന്നത് തലച്ചോറിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുകയും ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കൈ മുൻഗണന മാറ്റാനും വലതു കൈ കൊണ്ട് എഴുതാനും അവരെ നിർബന്ധിക്കുന്നത് പിൽക്കാല ജീവിതത്തിൽ വളരെ മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, വിക്ക്, അസ്വസ്ഥത, ആത്മ വിശ്വാസക്കുറവ്, എന്നിവ ഉണ്ടാകും, കൈയക്ഷരം പാടെ മോശമാവുകയും ചെയ്യും. (1936 മുതൽ 1952 വരെ ബ്രിട്ടനിലെ രാജാവും, ഇപ്പോഴത്തെ എലിസബത്ത് രണ്ടാമൻ രാജ്ഞിയുടെ പിതാവുമായ ജോർജ്ജ് ആറാമൻ, ഒരു സ്വാഭാവിക ഇടത് കൈയ്യൻ ആയിരുന്നു, പക്ഷേ വലതു കൈ വെച്ച് എഴുതാൻ നിർബന്ധിതനായി. അത് കൊണ്ട് തന്നെ വളർന്നപ്പോൾ വിക്കും അസ്വസ്ഥതയും ആത്മ വിശ്വാസക്കുറവും ഉണ്ടായിരുന്നു. )

ഇനി ഇടങ്കയ്യന്മാർക്കുള്ള ചില പ്രത്യേകതകൾ…

1) സ്‌ട്രോക് പോലെ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളിൽ നിന്നും പെട്ടന്ന് റിക്കവർ ചെയ്യും.
2) വീഡിയോ ഗെയിംസ് കളിക്കാൻ അവർ കുറച്ചൂടെ മിടുക്കരാണ്.
3) ആത്മ നിയന്ത്രണം കൂടുതൽ ആയിരിക്കും.
4) ആർത്രൈറ്റിസ് വരാനുള്ള ചാൻസ് കുറവാണ്.
5) നാവിഗേഷൻ മാപ് മനസ്സിലാക്കാനും വഴി കണ്ട് പിടിക്കാനും കഴിവ് കൂടുതൽ ആയിരിക്കും.
6) മിക്കവാറും പേർക്ക് രണ്ടു കയ്യും ഒരുപോലെ ഉപയോഗിക്കാൻ പറ്റും.
7) QWERTY കീ ബോർഡ് ഉപയോഗിക്കാൻ എളുപ്പം ഇവർക്കാണ്. (ഏകദേശം 3000 വാക്കുകൾ ഇടതു കൈ കൊണ്ട് മാത്രം ടൈപ്പ് ചെയ്യുന്ന വാക്കുകൾ ഇംഗ്ലീഷിൽ ഉണ്ട്, വലത് കൈ കൊണ്ട് മാത്രം ടൈപ്പ് ചെയ്യുന്നത് ഏകദേശം 300 വാക്കുകൾ മാത്രം.)
8) ബേസ് ബോൾ, ടെന്നീസ്, സ്വിമ്മിംഗ്, ഫെൻസിങ്, ബോക്സിങ് എന്നിവയിൽ കുറച്ചു കൂടി മിടുക്ക് കാണിക്കാൻ ഇവർക്ക് പറ്റും. ഇപ്പോഴുള്ള ടെന്നീസ് കളിക്കാരിൽ 40 % ആൾക്കാരും ഇടങ്കയ്യന്മാർ ആണ്. (റാഫേൽ നദാൽ വലങ്കയ്യനാണ്, പക്ഷേ കുറച്ചു കൂടെ മിടുക്ക് കിട്ടാൻ ഇടതു കൈ ഉപയോഗിച്ച് കളിക്കാൻ പഠിച്ചതാണ്.)
9) ക്രീയേറ്റീവിറ്റി കൂടുതൽ ആയിരിക്കും.

ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ — നിങ്ങളുടെ കുട്ടിയുടെ കൈയുടെ സ്വാഭാവിക മുൻഗണന ക്രമം ഒരിക്കലും മാറ്റാൻ ശ്രമിക്കരുത്.

ഇന്റർനാഷണൽ ലെഫ്റ്റ് ഹാൻഡഡ്‌ ഡേ എന്നൊന്നുണ്ട് — ഓഗസ്റ്റ് 13 ആണത്.

ഇടതു കൈ അത്ര മോശമല്ല കേട്ടോ — കല്യാണ മോതിരം ഇടുന്നത് ഇടത് കൈയിൽ ആണ്, ഓർക്കുക.

ഇനി ഒരു സത്യം പറയട്ടെ, എന്റെ മകളും ഇടതു കൈ മുൻഗണന ഉള്ള കുട്ടിയാണ്
Dr SHANAVAS A R