പുരുഷ പ്രത്യുത്പാദന കോശമാണ് ബീജം. വിത്ത് എന്ന് അർത്ഥം വരുന്ന സ്പേർമ (sperma) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ‘സ്പേം’ (ബീജം) എന്ന ഇംഗ്ളീഷ് വാക്കിന്റെ ഉത്ഭവം. ബീജം അണ്ഡവുമായി ചേർന്ന് ‘സിക്താണ്ഡം’ ഉണ്ടാകുമെന്നും അത് പിന്നീട് ഭ്രൂണമായി വികാസം പ്രാപിക്കുമെന്നും ജീവശാസ്ത്ര ക്ളാസുകളിൽ പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവാം. ഭ്രൂണം പിന്നീട് ഗർഭസ്ഥശിശുവായി വികാസം പ്രാപിക്കുന്നു. ബീജവുമായി ബന്ധപ്പെട്ട ചില കൗതുകകരങ്ങളായ വസ്തുതകളാണ് ഇവിടെ വിവരിക്കുന്നത്.
ബീജത്തിന്റെ ഭാഗങ്ങൾ
ശിരോഭാഗം, മധ്യഭാഗം, വാൽ ഭാഗം എന്നിങ്ങനെ ബീജകോശത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. രണ്ട് തലകൾ, ചെറിയ തല, വളരെ വലിയ തല, വളഞ്ഞ കഴുത്ത്, കനം കുറഞ്ഞ മധ്യഭാഗം, ഒന്നിലധികം വാലുകൾ അല്ലെങ്കിൽ വളഞ്ഞതോ മുറിഞ്ഞതോ ചുരുണ്ടതോ ആയ വാല് എന്നീ അസ്വാഭാവികതകൾ ഉണ്ടെങ്കിൽ അത്തരം ബീജങ്ങൾക്ക് തകരാറുകൾ ഉള്ളതായി കണക്കാക്കുന്നു.
ബീജത്തിന്റെ വലിപ്പം
മനുഷ്യ ബീജത്തിന്റെ തല മുതൽ വാല് വരെ ഏകദേശം 50 മൈക്രോമീറ്റർ നീളമുണ്ടായിരിക്കും (0.05 മില്ലീമീറ്റർ അല്ലെങ്കിൽ ഏകദേശം 0.002 ഇഞ്ച്).
ബീജോത്പാദനം
വൃഷണങ്ങളിലാണ് ബീജങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. വളരെ ചെറിയ ജീവിത കാലയളവേ ഉള്ളൂ എന്നതിനാൽ ഇവ സ്ഥിരമായി പുന:സ്ഥാപിക്കപ്പെടേണ്ടതുണ്ട്. ഈ അവസ്ഥയെ നേരിടാൻ ഓരോ സെക്കന്റിലും 1,500 ബീജങ്ങൾ എന്ന കണക്കിലാണ് ഉത്പാദനം നടക്കുന്നത്!
ബീജങ്ങളുടെ വളർച്ചയെത്തൽ
വൃഷണങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പുതിയ ബീജങ്ങൾ വളർച്ച പൂർത്തിയാക്കാൻ 2.5 മുതൽ മൂന്ന് മാസം വരെ സമയമെടുക്കും. എപിഡിഡൈമിസിനുള്ളിൽ (വൃഷണങ്ങളുടെ മുകൾ ഭാഗത്ത് കാണുന്ന നീളമുള്ള ചുരുണ്ടുകിടക്കുന്ന കുഴൽ) വച്ചായിരിക്കും ബീജങ്ങൾ പ്രാരംഭഘട്ട വളർച്ച പൂർത്തിയാക്കുന്നത്.
ബീജങ്ങൾ നീന്തൽ വിദഗ്ധരാണ്
അണ്ഡവുമായി സംയോജനം നടത്തുന്നതിന്, ബീജങ്ങൾക്ക് ഗർഭാശയമുഖത്തു നിന്ന് ഗർഭാശയത്തിലൂടെ കടന്ന് അണ്ഡവാഹിനി കുഴലുകളിലേക്ക് (ഫലോപ്പിയൻ ട്യൂബ്) എത്തിച്ചേരേണ്ടതുണ്ട്. ഇതിനായി, ആറ് മുതൽ എട്ട് ഇഞ്ച് വരെ ദൂരം സഞ്ചരിക്കേണ്ടിവരും. വേഗത കൂടിയ ബീജങ്ങൾ മിനിറ്റിൽ 4-5 മില്ലീമീറ്റർ വേഗതയിലായിരിക്കും നീന്തുന്നത്. അതായത്, അണ്ഡവുമായുള്ള സംയോജനത്തിന് വേഗത കൂടിയ ബീജങ്ങൾക്ക് ഏകദേശം 45 മിനിറ്റും വേഗത കുറഞ്ഞവയ്ക്ക് ഏകദേശം 12 മണിക്കൂറും സഞ്ചരിക്കേണ്ടിവരും.
ബീജങ്ങൾക്ക് അതിജീവനശേഷി കൂടുതലായിരിക്കും
ബീജങ്ങൾ സ്ത്രീശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ മൂന്ന് ദിവസത്തോളം സജീവമായി നിലനിൽക്കും. അനുകൂല സാഹചര്യങ്ങളിൽ അവയ്ക്ക് അഞ്ച് ദിവസത്തോളം സജീവമായി തുടരാൻ സാധിക്കും. അതിനാൽ, അവ അണ്ഡവാഹിനി കുഴലിൽ പ്രവേശിക്കുന്ന സമയത്ത് അണ്ഡവുമായി ചേരാൻ സാധിച്ചില്ല എങ്കിലും അഞ്ച് ദിവസത്തോളം അതിനായി കാത്തിരിക്കാൻ കഴിയും.
ആണായാലും പെണ്ണായാലും ബീജങ്ങൾക്ക് ഒരേ സാധ്യത
ബീജങ്ങൾ ‘X’ ക്രോമസോം അല്ലെങ്കിൽ ‘Y’ ക്രോമസോം വഹിക്കുന്നവയായിരിക്കും. ‘X’ ക്രോമസോം വഹിക്കുന്ന ബീജമാണ് അണ്ഡവുമായി സംയോജിക്കുന്നതെങ്കിൽ പെൺകുട്ടിയും മറിച്ചാണെങ്കിൽ ആൺകുട്ടിയും ഉണ്ടാകും. അതേസമയം, രണ്ട് തരം ക്രോമസോമുകൾ വഹിക്കുന്ന ബീജങ്ങൾക്കും അണ്ഡവുമായി ചേരുന്നതിന് തുല്യ സാധ്യതയാണുള്ളത്.
ബീജങ്ങൾക്ക് വഴികാട്ടൽ
ബീജങ്ങൾ യോനിയിൽ നിക്ഷേപിക്കപ്പെട്ടുകഴിഞ്ഞാൽ അവയ്ക്ക് അണ്ഡത്തിനടുത്തേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഗർഭാശയമുഖത്ത് എത്തിക്കഴിയുമ്പോൾ വലതുവശത്തെ അണ്ഡവാഹിനി കുഴലിലേക്കോ ഇടതുവശത്തെ അണ്ഡവാഹിനി കുഴലിലേക്കോ ദിശമാറ്റേണ്ടതായി വരും. എന്നാൽ, ഇതിൽ ഏതെങ്കിലും ഒരിടത്തു മാത്രമേ അണ്ഡം ഉണ്ടായിരിക്കുകയുള്ളൂ.
ബീജങ്ങൾക്ക് സഞ്ചാര ദിശയെ കുറിച്ച് പ്രത്യേക തിരിച്ചറിവുണ്ടായിരിക്കില്ല. അവ ക്രമമില്ലാതെയായിരിക്കും സഞ്ചരിക്കുന്നത്. എന്നാൽ, ഗർഭപാത്രത്തിലെത്തുമ്പോൾ പ്രത്യേക മാർഗനിർദേശക സംവിധാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ബീജങ്ങളുടെ സഞ്ചാരം. താപനിലയുടെ വ്യത്യാസത്തിന് അനുസൃതമായും (തെർമോടാക്സിസ്) സ്രവങ്ങളുടെ ഒഴുക്കിന് അനുസൃതമായും (റിയോടാക്സിസ്) അണ്ഡം സ്രവിപ്പിക്കുന്ന രാസപദാർത്ഥത്തിന്റെ ആകർഷണത്തിന് അനുസൃതമായിട്ടും (കെമോടാക്സിസ്) ആയിരിക്കും ഗർഭപാത്രത്തിനുള്ളിലൂടെ ബീജങ്ങൾ സഞ്ചരിക്കുന്നത്.
അണ്ഡത്തിനു വേണ്ടിയുള്ള ബീജങ്ങളുടെ മത്സരം
ബീജങ്ങൾ അണ്ഡത്തിനടുത്ത് എത്തിക്കഴിഞ്ഞാൽ അവ അതിനെ പൊതിയുകയും അതിലേക്ക് തുളച്ചു കയറാനായി പരസ്പരം മത്സരിക്കുകയും ചെയ്യും. ഒരു ബീജം അണ്ഡവുമായി കൂടിച്ചേർന്നു കഴിഞ്ഞാൽ അത് മറ്റ് ബീജങ്ങൾ അണ്ഡത്തിലേക്ക് കടക്കുന്നത് തടയാനായി ചില പ്രതിപ്രവർത്തനങ്ങൾ നടത്തും.
സ്ഖലനത്തിനു മുമ്പുള്ള സ്രവത്തിലും ബീജങ്ങൾ കണ്ടേക്കാം
ലൈംഗികോത്തേജനം സംഭവിക്കുമ്പോൾ സ്ഖലനത്തിനു മുമ്പ് പുരുഷ മൂത്രനാളിയിൽ നിന്ന് സ്വതന്ത്രമാക്കപ്പെടുന്ന സ്രവമാണ് ‘പ്രീ-ഇജാകുലേറ്ററി ഫ്ളൂയിഡ്’ അഥവാ ‘പ്രീ-കം’. മൂത്രമാർഗത്തിൽ വ്യത്യസ്ത ഇടങ്ങളിൽ സ്ഥിതിചെയ്യുന്ന കൗപേഴ്സ് ഗ്രന്ഥികളിൽ (Cowper’s glands) നിന്നും ലിറ്റർ ഗ്രന്ഥികളിൽ (glands of Littre) നിന്നുമാണ് ‘പ്രീ ഇജാകുലേറ്ററി ഫ്ലൂയിഡ് ’ ഉണ്ടാകുന്നതെന്നാണ് കരുതപ്പെടുന്നത്. ധാരാളം എൻസൈമുകളും ശ്ലേഷ്മവും അടങ്ങുന്ന ക്ഷാര സ്വഭാവമുള്ള സ്രവമാണിത്. ഈ സ്രവത്തിൽ ബീജം ഉൾപ്പെടുന്നില്ലെങ്കിലും അവയിൽ ബീജങ്ങൾ കലർന്നേക്കാം എന്നും ഗർഭത്തിനു കാരണമായേക്കാം എന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ഊഷ്മാവ് കൂടുന്നത് ബീജങ്ങളുടെ എണ്ണത്തെ ബാധിച്ചേക്കാം
ഉഷ്ണകാലങ്ങളിൽ ബീജങ്ങളുടെ എണ്ണം ഏറ്റവും കുറയാനും തണുപ്പ് കാലങ്ങളിൽ ഏറ്റവും കൂടാനും ഉള്ള പ്രവണത കണ്ടുവരുന്നു. കടുത്ത ചൂടേൽക്കുന്നത് ബീജങ്ങളുടെ എണ്ണം കുറയാൻ കാരണമായേക്കാം. ചൂടുവെള്ളത്തിലെ കുളി, ലാപ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കുന്നത്, അങ്ങനെയെന്തും ഇതിനു കാരണമായി മാറാം.