01
വിശ്വാസികള്‍ പറയുന്ന പ്രകാരം മരണശേഷം അവിശ്വാസിയുടെ ആത്മാവ് നരകത്തിലും വിശ്വാസിയുടേത് സ്വര്‍ഗത്തിലും എത്തുമെങ്കില്‍ സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിക്ക് എന്ത് സംഭവിക്കാം? സ്വര്‍ഗ്ഗവും നരകവും കൂടാതെ വല്ല സ്വരകമോ മറ്റോ ഉണ്ടോ?”

നമ്മുടെ തലച്ചോറിന്റെ സുപ്രധാന ഭാഗമായ സെറിബ്രമാണ്‌ ഏറ്റവും വലുതും, സുബോധം ഉളവാക്കുന്നതുമായ മസ്തിഷ്ക ഭാഗം. സെറിബ്രത്തിന്റെ മുന്‍ഭാഗം(frontal lobe) ആണ്‌ സംസാരം, വിചാരം, വികാരം, വൈദഗ്ദ്ധ്യമാര്‍ന്ന ചലനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം. സ്പര്‍ശം ചൂട് വേദന തുടങ്ങിയവ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുന്നത്, സെറിബ്രത്തിന്റെ മുന്‍ഭാഗത്തിനു തൊട്ടു മുന്‍പിലുള്ള ഭാഗം(partietal lobe) ആണ്. സെറിബ്രത്തിന്റെ പിന്‍ഭാഗത്തെ മധ്യമേഖലയിലാണ്(occipital lobe} ദൃശ്യബിംബങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്. സെറിബ്രത്തിന്റെ രണ്ടു വശങ്ങളും(temporal lobes) കേള്‍വിയെ നിയന്ത്രിക്കുന്നു.കൂടാതെ ഓര്‍മ്മകള്‍ സംഭരിച്ചു വയ്ക്കുന്നത് സെറിബ്രത്തിന്റെ പ്രധാന ധര്‍മ്മമാണ്. സെറിബ്രം രണ്ട് അര്‍ദ്ധഗോളങ്ങളിലായി(ഇടതും-വലതും) സ്ഥിതി ചെയ്യുന്നു. ഈ രണ്ട് അര്‍ദ്ധഗോളങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗത്തിന്‌ കോര്‍പ്പസ് കലോസം(CORPUS CALLOSUM) എന്നാണ് പറയുന്നത്. ന്യൂറോണുകളുടെ ഒരു ശൃംഖലയാണ് ഇത്. രണ്ട് ഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കയും, പ്രവര്‍ത്തനങ്ങളെ എകൊപിപ്പിക്കയുമാണ് കോര്‍പ്പസ് കലോസത്തിന്റെ ധര്‍മ്മം.

02

അപസ്മാര രോഗത്തിന്റെ തീവ്രമായ ചില അവസ്ഥകളില്‍ മരുന്നുകള്‍ ഫലവത്താകാതെ വരുമ്പോള്‍, പ്രതിവിധി ആയി, ഇടതു-വലത് തലച്ചോറുകളെ ബന്ധിപ്പിക്കുന്ന മേല്‍പറഞ്ഞ കോര്‍പ്പസ് കലോസം ശസ്ത്രക്രിയ ചെയ്ത് വിഛേദിക്കാറുണ്ട്. ഇങ്ങനെ മസ്തിഷ്കത്തിന്റെ രണ്ട് ഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം ഇല്ലാതാവുന്നു. തലച്ചോറില്‍ ഉണ്ടാകുന്ന ചില ക്ഷതങ്ങളും ഇതിന്‌ കാരണമാകാം. ഇങ്ങനെ രണ്ട് ഭാഗങ്ങളും സെപ്പറേറ്റ് ആയി സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്‌ SPLIT BRAIN SYNDROME (സ്പ്ളിറ്റ് ബ്രെയിന്‍ സിണ്ട്രം; do not get confused with split personality).

നമ്മുടെ ശരീരത്തിന്റെ വലതുഭാഗത്തെ നിയന്ത്രിക്കുന്നത്‌ ഇടത് തലച്ചോറും, ഇടത് ഭാഗത്തെ നിയന്ത്രിക്കുന്നത്‌ വലത് തലച്ചോറും ആണ്. അതായത്, വലത് ‘വിഷ്വല്‍ ഫീള്‍ഡില്‍’ കാണുന്ന ദ്രിശ്യങ്ങള്‍ തലച്ചോറിന്റെ ഇടത് ഭാഗത്തേയ്ക്കും, ഇടത് ‘വിഷ്വല്‍ ഫീള്‍ഡില്‍’ കാണുന്നത് തലച്ചോറിന്റെ വലത് ഭാഗത്തേയ്ക്കും ആണ് പോവുന്നത്. ചിത്രം കാണുക.

03

സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിയുടെ ഇടത് VISUAL FIELDല്‍ കാണുന്ന വസ്തുക്കളുടെ പേര് പറയാന്‍ അയാള്‍ക് സാധിക്കില്ല. കാരണം, കുടുതല്‍ ആളുകളിലും സംസാരത്തെ നിയന്ത്രിക്കുന്നത്‌ ഇടത് തലച്ചോര്‍ ആണ്. എന്നാല്‍ ഇടതു VISUAL FIELDല്‍ കണ്ട ചിത്രം പോവുന്നതാവട്ടെ വലതു തലച്ചോറിലെക്കും. നേരെ മറിച്ച്, സംസാര നിയന്ത്രണം വലത് മസ്തിഷ്കം ചെയ്യുന്നവരില്‍, വലത് വിഷ്വല്‍ ഫീള്‍ഡില്‍ കണ്ട വസ്തുക്കളുടെയും പേര് പറയാനാവില്ല. തലച്ചോറിലെ രണ്ടു ഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം നഷ്ടമാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുക.

ഇനിയാണ് രസകരമായ വസ്തുത. ചില കാര്യങ്ങളില്‍ മസ്തിഷ്കത്തിന്റെ ഈ രണ്ട് ഭാഗങ്ങള്ക്കും വെത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് എങ്ങനെ തിരിച്ചറിയാം? സിമ്പിള്‍.. ഒരു ചോദ്യം(yes or no question) എറിഞ്ഞുകൊടുത്തിട്ട്, അല്ലെങ്കില്‍, എന്തെങ്കിലും കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിച്ച ശേഷം, ഓപ്ഷന്‍സില്‍ നിന്നും ഓരോ കൈ കൊണ്ടും അഭിപ്രായം തിരഞ്ഞെടുക്കാന്‍ പറയുക. ഇടത് കൈ ചൂണ്ടുന്ന ഉത്തരം ആയിരിക്കില്ല വലത് കൈ കാണിക്കുന്നത്..!!

04

തലച്ചോറിന്റെ ഒരു പകുതി വിശ്വാസിയായിരിക്കയും, അടുത്ത ഭാഗം നിരീശ്വര വാദത്തില്‍ നില്‍കുകയും ചെയ്യുന്ന ചില കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്..!! അപ്പോള്‍ ചോദ്യം ഇതാണ്.. മത ഗ്രന്ഥങ്ങള്‍ പറയുന്ന പ്രകാരം മരണ ശേഷം അവിശ്വാസിയുടെ ആത്മാവ് നരകത്തിലും വിശ്വാസിയുടേത് സ്വര്‍ഗത്തിലും എത്തുമെങ്കില്‍ ഇത്തരം വിശ്വാസി-അവിശ്വാസി സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിക്ക് എന്ത് സംഭവിക്കാം? സ്വര്‍ഗ്ഗവും നരകവും കൂടാതെ വല്ല സ്വരകമോ മറ്റോ ഉണ്ടോ?  അതോ ഇനി ആത്മാവിനെ രണ്ട് പീസാക്കി രണ്ടിടത്തേക്കും അയക്കുമോ? വിശ്വാസങ്ങള്‍ വീണ്ടും ശാസ്ത്രത്താല്‍ ചോദ്യം ചെയ്യപ്പെടുന്നു.. :)

Advertisements