Shameel Salah
ടൈറ്റാൻ കപ്പ്’ 96
കരുത്തരായിരുന്ന സൗത്താഫ്രിക്കൻ ടീമിനെതിരെ തങ്ങളുടെ ആദ്യ മത്സരങ്ങളിൽ തോറ്റ, ഇന്ത്യയും ഓസ്ട്രേലിയയും ഈ കളിയിലൂടെ വിജയിച്ച് പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലായിരുന്നു .വേദി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം.ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഓസ്ട്രേലിയ വളരെ പതുക്കെയുളള തുടക്കവുമായി ആരംഭിച്ച് ഇന്നിങ്ങ്സ് മുന്നോട്ട് പോയി, ഒടുവിൽ ഓസീസ് ക്യാപ്റ്റൻ മാർക്ക് ടൈലറുടെ കരിയറിലെ ഒരേ ഒരു ഏകദിന സെഞ്ച്വറി (105)യിലും, സ്റ്റീവോ, മൈക്കിൾ ബെവൻ എന്നിവരുടെ ഭേദപ്പെട്ട സംഭാവനകളിലും ഓസ്ട്രേലിയയെ 50 ഓവറിൽ 215/7 എന്ന മിതമായ സ്കോറിലെത്താൻ സഹായിച്ചു.
എന്നാൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ തുടക്കം മുതൽ തന്നെ പിച്ച് വളരെ മന്ദഗതിയിലാണെന്ന് വ്യക്തമായിരുന്നു.ആയിരിക്കെ, ലൈറ്റുകൾക്ക് കീഴിൽ കരുത്തരായ ഓസ്ട്രേലിയൻ ബൗളിംഗ് നിരയ്ക്കെതിരായ പിന്തുടരൽ ഇന്ത്യയെ സംബന്ധിച്ച് അത്ര എളുപ്പവുമായിരുന്നില്ല.ഇന്ത്യൻ ഇന്നിങ്ങ്സ് ആരംഭിക്കുന്നു.ക്യാപ്റ്റൻ സച്ചിൻ തെണ്ടുൽക്കർക്കൊപ്പം കർണാടകയിൽ നിന്നുമുള്ള സുജിത് സോമസുന്ദർ ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചു. സത്യത്തിൽ, അന്ന് ടീമിലുണ്ടായിരുന്ന കർണാടകയിൽ നിന്നുള്ള 6 കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം! അദ്ദേഹത്തിന്റെ രണ്ടാമത്തെ മത്സരം മാത്രമായിരുന്നു ഇത്.
അലൻ ഡൊണാൾഡിനും കൂട്ടാളികൾക്കുമെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ ബാറ്റിങ്ങിൽ കൂടുതൽ പര്യാപ്ത്തവുമായില്ല.
ഇവിടെയും അത് പോലെ ഗ്ലെൻ മഗ്രാത്തിന്റെയും ഡാമിയൻ ഫ്ലെമിംഗിന്റെയും ജേസൺ ഗില്ലസ്പിയുടെയും അപകടകരമായി പാഞ്ഞ് പോയ പന്തുകളുടെ കൂമ്പാരം നിറഞ്ഞ ആദ്യ 10 ഓവറുകളിലൂടെ സോമസുന്ദർ വിയർത്തു. ഒടുവിൽ മഗ്രാത്തിന്റെ പന്തിൽ കുറ്റിയിളകി 32 പന്തിൽ 7 റൺസുമായി സോമസുന്ദർ പുറത്ത്.! 11-ാം ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 30/1 എന്ന നിലയിലും., ഷോർട്ട് പിച്ചും കൃത്യവുമായ ബൗളിങ്ങുമായി മഗ്രാത്തിന്റെ കണക്കുകൾ അപ്പോൾ അവിശ്വസനീയമായ 6-2-8-1!! എന്ന നിലയിലും ….
പിന്നീടെത്തിയ രാഹുൽ ദ്രാവിഡിനും പിടിച്ച് നിൽക്കാനായില്ല., 6 റണ്ണുമായി ഫ്ലെമിങ്ങിന്റെ പന്തിൽ lbwയിൽ കുരുങ്ങി ദ്രാവിഡ് പുറത്ത്. തൊട്ടു പുറകെ ഗില്ലെസ്പിയുടെ ഓവറിൽ മറ്റൊരു lbwയിൽ കുരുങ്ങിക്കൊണ്ട് 1 റൺസിൽ നിൽക്കുകയായിരുന്ന മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും പുറത്ത്!!!.കടുത്ത ഒരു അപ്പീലിൽ അമ്പയർ വിരലുയർത്തിയപ്പോൾ തന്റെ അതൃപ്തി കാണിച്ച് അസ്ഹർ മടങ്ങുന്നു .റീപ്ലേയിൽ അത് ലോംങ് വ്യൂ യിൽ ഔട്ടാണെന്ന് തോന്നിപ്പിക്കുമെങ്കിലും, പന്ത് ബാറ്റിൽ ടച്ച് ഉണ്ടോ എന്നത് അസ്ഹറിന് മാത്രമറിയുന്ന കാര്യം. റീപ്ലേയിലെ സാങ്കേതികത അത്ര വികസിച്ചിട്ടില്ലാത്ത അന്ന് കൂടുതൽ വ്യക്തമായും അറിയുന്നില്ല. അതോടൊപ്പം 16-ാം ഓവറിൽ ഇന്ത്യ 42/3 എന്ന നിലയിലേക്കും കൂപ്പുകുത്തുന്നു .
എന്നാൽ ഈ സമയമെല്ലാം തങ്ങളുടെ ടീം കഷ്ടപ്പെടുന്നത് കണ്ടുകൊണ്ടിരിക്കുന്ന ചിന്നസ്വാമിയിലെ കാണികളെ ഇതങ്ങ് പ്രകോപിതരാക്കി. കയ്യിലിരുന്ന കുപ്പികളും, പേപ്പറുകളും മറ്റ് സാധനങ്ങളും മൈതാനത്തേക്ക് എറിഞ്ഞ് പ്രതിഷേധിക്കാൻ അവരെ കൊണ്ട് പ്രേരിപ്പിച്ചു. ആറ് മാസങ്ങൾക്ക് മുമ്പ് കുപ്രസിദ്ധമായ ലോകകപ്പിന്റെ സെമി ഫൈനലിൽ ഈഡനിൽ വെച്ച് സംഭവിച്ചതിന്റെ മറ്റൊരു പതിപ്പ് ഇപ്പോൾ ചിന്ന സ്വാമിയിൽ അരങ്ങേറുന്നു .മത്സരം തടസ്സപ്പെടുന്നു .മൈതാനത്തിന് നടുവിൽ ഓസീസ് ക്യാപ്റ്റൻ മാർക്ക് ടൈലറുടെ നേതൃത്വത്തിൽ അമ്പയർമാരുമായി ഇതേ തുടർന്ന് തർക്കിക്കുന്നു …..
ഏകദേശം 20 മിനിറ്റോളം മത്സരം നിർത്തിവെക്കേണ്ടിയും വന്നു.
ലോകകപ്പ് സെമി ഫൈനൽ ദുരന്തത്തിൽ നിന്നും തുടങ്ങി, ശ്രീലങ്കയിലെ സിംഗർ കപ്പിലും ടൊറന്റോയിലെ സഹാറ കപ്പിലുമൊക്കെ ചിരവൈരികളായ പാക്കിസ്ഥാനെതിരെ, കുറച്ച് മാസങ്ങളായി ഇന്ത്യൻ ആരാധകർ ടീം ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന് അവിടെ വിധേയരായിരുന്നുവെന്ന് മനസ്സിലാക്കുകയും വേണം.കോപാകുലരായ കാണികളെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിൽ ഒടുവിൽ അസ്ഹറിന് തന്നെ ബൗണ്ടറി ലൈനിലേക്ക് പോകേണ്ടിയും വന്നു. ഉദ്യോഗസ്ഥരുടേയും, സംഘാടകരുടെയുടെയും അകമ്പടിയിൽ മൈതാനം വലം വെച്ച് ഒടുക്കം അസ്ഹർ കാണികളെയെല്ലാം ശാന്തരാക്കി.
തൊണ്ണൂറുകളിൽ ഇന്ത്യയുടെ വൺമാൻ ആർമിയായിരുന്ന സച്ചിൻ തെണ്ടുൽക്കർ അപ്പോഴും ക്രീസിലുണ്ടായിരുന്നു .തന്റെ മുന്നിൽ അരങ്ങേറുന്ന ദൃശ്യങ്ങൾ കണ്ട് അന്ധാളിച്ച് നിൽക്കുന്ന സച്ചിനേയും മൈതാനത്ത് കാണാമായിരുന്നു.എന്നാൽ കളി പുനരാരംഭിച്ച് തൊട്ടടുത്ത ഓവറിൽ പിച്ചിന് നടുവിൽ നിന്നും സച്ചിന്റെ ഒരു മോശം കോൾ ബാറ്റിങ്ങിൽ പുതുതായി എത്തിയ ഗാംഗൂലിയുടെ റണ്ണൗട്ടിൽ കലാശിച്ചു. പിന്നീടെത്തിയത് 90കളിലെ ഇന്ത്യയുടെ രക്ഷാപ്രവർത്തകരിൽ ഒരാളായ അജയ് ജഡേജ. പതുക്കെ തട്ടിക്കളിച്ച് കൊണ്ട് സച്ചിനൊപ്പം ഇന്നിംഗ്സ് പുനരുജ്ജീവിപ്പിക്കാനും തുടങ്ങി. അതേസമയം ഇടക്കിടക്ക് സച്ചിന് ബൗണ്ടറികൾ നേടാൻ കഴിഞ്ഞതിനാൽ സ്കോർബോർഡ് ചലിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കുകയും ചെയ്തു. കുറച്ച് നേരത്തെ പിടിച്ച് നിൽക്കലിന് ശേഷം 62 പന്തിൽ 27 റൺസുമായി മറ്റൊരു റണ്ണൗട്ടിലൂടെ ജഡേജയും പുറത്ത് !!!.
പിന്നീട് എത്തിയ വിക്കറ്റ് കീപ്പർ നയൻ മോംഗിയയും സുനിൽ ജോഷിയും അധികനേരം നീണ്ടും നിന്നില്ല. താമസിയാതെ 111 പന്തിൽ നിന്നായി 88 റൺസ് നേടി സർവ്വ പ്രതീക്ഷയുമായിരുന്ന സച്ചിനും സ്റ്റീവോയുടെ ഒരു പന്തിൽ lbw യിൽ കുരുങ്ങി പുറത്തായി .ഇപ്പോൾ ഇന്ത്യ 42.1 ഓവറിൽ 164/8 എന്ന നിലയിലാണ്. ആ സമയം ഇന്ത്യക്ക് വിജയിക്കാൻ 47 പന്തിൽ 52 റൺസ് വേണ്ടിയിരുന്നപ്പോൾ മത്സരം ഏതാണ്ട് അവസാനിച്ചു. അല്ലെങ്കിൽ ഓരോ ഇന്ത്യൻ ആരാധകരും അങ്ങനെ ചിന്തിച്ചു!!!.എന്നാലോ ….!!!,
ആ മത്സരത്തിന് നാടകീയമായ ഒരു ക്ലൈമാക്സ് ഉണ്ടായി .ഇന്ത്യ വിജയ റൺസ് അടിച്ചു തുടങ്ങിയതോടെ ചിന്നസ്വാമിയിലെ കാണികൾ ആഹ്ലാദത്താൽ ആർത്തിരമ്പി. ഏകദേശം 2 മണിക്കൂർ മുമ്പ് പ്രതിഷേധിച്ച അതേ ജനക്കൂട്ടം തന്നെയായിരുന്നു ഇതും,, ഇപ്പോൾ അവർ അവരുടെ ടീമിനെ അഭിനന്ദിച്ച് ഭ്രാന്തൻമാരായിരിക്കുന്നു .പ്രത്യേകിച്ചും ഇന്ത്യയെ വിജയത്തിലേക്ക് എടുത്തുയർത്തിയത് തങ്ങളുടെ നാട്ടുകാരിലൂടെയും .അതെ, ജവഗൽ ശ്രീനാഥ് & അനിൽ കുംബ്ലെ അൺബീറ്റൻ കൂട്ട്കെട്ടിലൂടെ., 7 പന്തുകൾ ശേഷിക്കെ ഇന്ത്യ 2 വിക്കറ്റിന്റെ അത്യുജ്വല വിജയം നേടിയിരിക്കുന്നൂ .