ആട്ടിൻ തോൽ അണിഞ്ഞു വരുന്ന ഇത്തരം ചെന്നായ്ക്കളെക്കുറിച്ചു ജാഗ്രതയുള്ളവരാകട്ടെ വിശ്വാസി സമൂഹം

0
1454
Sr. Lucy Kalapura
ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം ഈശോ അവരോടു അരുള് ചെയ്തു. “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ”(യോഹ.13 34)
ദൈവ വചനങ്ങളായി വേദപുസ്തകത്തിൽ എഴുതിവച്ചിരിക്കുന്ന അർത്ഥസമ്പുഷ്ടമായ വാക്കുകളാണിത്. ഈ വാക്കുകളുടെ പ്രസക്തിയും അമൂല്യതയും തിരിച്ചറിഞ്ഞ് തൻറെ മുന്നിൽ വരുന്ന ആളുകൾക്ക് ഈ വാക്കുകളുടെ പൊരുൾ പറഞ്ഞുകൊടുക്കുകയും പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ, സ്വന്തം മതമെന്നോ അന്യമതമെന്നോ എന്നുവേണ്ട യാതൊരു തരത്തിലുമുള്ള വേർതിരിവുകളുമില്ലാതെ പരസ്‌പരം സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് ഓരോ വൈദികന്റെയും പരമമായ ധർമ്മം. ഈ ധർമ്മം നിറവേറ്റുന്ന ആരെയും നാം സ്വയമറിയാതെ ദൈവതുല്യരായി കണ്ട് എല്ലാ ബഹുമാനങ്ങളും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ അർപ്പിച്ചുപോകും. അങ്ങനെയുള്ള ഒരു കൂട്ടം ദൈവ തുല്യരായ വൈദികരുടെ നന്മയാണ് കത്തോലിക്കാ സഭയെത്തന്നെ താങ്ങി നിർത്തുന്നത്.
പക്ഷേ കൂടയിലുള്ള പഴങ്ങളിൽ ഒരെണ്ണം മാത്രം ചീഞ്ഞാൽ മതിയല്ലോ മറ്റെല്ലാം ഉപയോഗശൂന്യമാക്കാൻ. “കാപ്പിപ്പൊടിയച്ചൻ” എന്ന പേരിൽ അറിയപ്പെടുന്ന ഫാ. ജോസഫ് പുത്തൻപുരക്കൽ നടത്തിയ, വർഗ്ഗീയതയുടെ വിഷം വമിക്കുന്ന ഒരു പള്ളിപ്രസംഗത്തിന്റെ വിഡിയോ കാണാനിടയായി. “മുസ്ലീങ്ങളെ നമുക്ക് വിശ്വസിക്കാന് പറ്റില്ല….”, “അവര് അത്ര പുണ്യാളന്മാരൊന്നുമല്ല….”, “എറ്റവും കൂടുതല് നമ്മളെ കൊല്ലുന്നത് മുസ്ലിങ്ങളാണ്‌….” , “511 വർഷങ്ങൾക്ക് മുൻപ് ടിപ്പു സുൽത്താൻ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പേടിപ്പിച്ചും വിരട്ടിയും ഇസ്ളാമിലേക്ക് മതം മാറ്റി…” ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
‘കാപ്പിപ്പൊടി തമാശകൾ’ എന്ന പേരിൽ അശ്ലീലതയും സ്ത്രീവിരുദ്ധതയും കുത്തിനിറച്ച എത്ര പ്രസംഗങ്ങളും പ്രബോധനങ്ങളുമാണ് ഇദ്ദേഹം ഇതിനകം നടത്തിയിട്ടുള്ളത് എന്ന് അദ്ദേഹത്തിന്റെ മുൻ വീഡിയോകൾ പരിശോധിച്ചാൽ മനസിലാക്കാൻ കഴിയുന്നതേ ഉള്ളൂ.. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇതുവരെ പറഞ്ഞു കൂട്ടിയ വിഡ്ഢിത്തരങ്ങളുടെ അനിവാര്യമായ ക്ലൈമാക്സ് മാത്രമാണിത്. മുൻപൊരിക്കൽ ഒരു ചാനൽ ചർച്ചയിൽ വച്ച് ഒരു കന്യാസ്ത്രീയായ ഞാൻ ഒരു ഡ്രൈവിംഗ് ലൈസൻസ് എടുത്തതും ഒരു പുസ്തകം പ്രസിദ്ധീകരിച്ചതും സഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് അധിക്ഷേപിച്ച അദ്ദേഹം ചെയ്തു വരുന്ന ഇത്തരം പ്രവൃത്തികൾ ഏതു സഭാ നിയമങ്ങൾ കൊണ്ടാണ് ന്യായീകരിക്കാൻ കഴിയുക? മനുഷ്യ മനസുകളിൽ വർഗീയതയുടെ വിഷം വിതക്കുന്നതിന്റെ പാപക്കറ ഏത് കുമ്പസാരക്കൂട്ടിലാണ് കഴുകിക്കളയാനാകുക?
തങ്ങൾക്ക് നേരെ നടക്കുന്ന അനീതികൾക്കെതിരെ ഏതെങ്കിലുമൊരു കന്യാസ്ത്രീ ശബ്ദമുയർത്തിയാൽ “അകത്തു നിന്നുകൊണ്ട് തിരുത്താനുള്ള അനേകം ഫോറങ്ങൾ” ഉപയോഗിച്ചുകൊണ്ട് അവരെ അടിച്ചമർത്തുകയും നിശ്ശബ്ദരാക്കുകയും എന്നിട്ടും പഠിച്ചില്ലെങ്കിൽ അവരെ ദുർനടപ്പുകാരായും “പോക്ക് കേസുകളു”മൊക്കെയായി ചിത്രീകരിക്കാൻ പോലും മടിക്കാത്ത സഭ പക്ഷേ കാപ്പിപ്പൊടിയച്ചനെപ്പോലുള്ളവരുടെ ദുർനടപടികൾ ന്യായീകരിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങും. വ്യക്തിഹത്യ നടത്താനും അശ്ലീലം പറയാനും മാത്രം വായ തുറക്കുന്ന PROമാർ ഇതുപോലുള്ള “വിഷപ്പൊടി”കൾക്കായി ഘോര ഘോരം വാദിക്കും, ഖണ്ഡം ഖണ്ഡമായി ലേഖനങ്ങൾ എഴുതിവിടും അത്തരമൊരു പരാമർശം നടത്താനിടയായ സാഹചര്യവും അതിന്റെ ചരിത്രപരമായ സാധുതകളുമൊക്കെ വിശദീകരിച്ച് തളരും. ഇതൊക്കെ കണ്ടും കേട്ടും അൽമായക്കാർ എന്ന് വിളിക്കുന്ന പാവം വിശ്വാസി സമൂഹം ലജ്ജിച്ച് തല താഴ്ത്തും!
ക്രൈസ്തവ വിശ്വാസപ്രകാരം ഏറ്റവും വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഇടം ആണ് മദ്ബഹ. കുറച്ചു കൂടി വിശദമാക്കിയാൽ വിശ്വാസിക്ക് ആശ്വാസം നൽകേണ്ട രണ്ടു മേശകൾ ആണ് ‘അപ്പത്തിന്റെ മേശയും ‘ ‘വചനത്തിന്റെ മേശ’യും! ഇതിൽ ദൈവ വചനം വ്യാഖ്യാനിച്ചു കരുണയും സ്നേഹവും നീതി ബോധവും പ്രായോഗിക ജീവിതത്തിന്റെ ഭാഗമാക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കേണ്ട ഇടം ആണ് ‘വചനത്തിന്റെ മേശ’. ഇത്ര പരിശുദ്ധമായി കണക്കാക്കപ്പെടുന്ന ഒരു ഇടത്തു നിന്നിട്ടാണ് ഒരു വൈദികൻ, മനുഷ്യ മനസുകളിൽ വിഷം കുത്തിവയ്ക്കുകയും തൻറെ അയൽക്കാരെനെത്തന്നെ ശത്രുവായി കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ഇത്തരമൊരു പ്രസംഗം നടത്തിയത്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള പള്ളികളിൽ പലതിലും നടക്കുന്ന പള്ളിപ്രസംഗങ്ങളുടെ വെറുമൊരു ഉദാഹരണം മാത്രമല്ലേ ഇത്? പുരോഹിതരുടെ പള്ളിപ്രസംഗങ്ങളെ പറ്റി ഫ്രാൻസിസ് മാർപ്പാപ്പ വളരെ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വചനവ്യാഖ്യാനം പുരോഹിതന്റെ ഉത്തരവാദിത്തം ആണെന്ന് പറയുന്ന അദ്ദേഹം അത് വളരെ ഹ്രസ്വവും മുൻകൂട്ടി തയ്യാറാക്കിയതും ആകണം എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ പല പള്ളിപ്രസംഗങ്ങളിലും നടക്കുന്നതെന്തൊക്കെയാണ്? പള്ളിവക പണപ്പിരിവിന്റെ കണക്കുകൾ മുതൽ പിരിവു തരാത്തവനെതീരെ നടത്താൻ പോകുന്ന ശിക്ഷണ നടപടികൾ വരെ പള്ളിപ്രസംഗങ്ങളിൽ ഉൾപ്പെടുത്തുന്നവരുണ്ട്. തനിക്ക് വിരോധമുള്ള ആളുകളെ ലക്‌ഷ്യം വച്ചുകൊണ്ട് മുനവച്ച പരാമർശങ്ങൾ നടത്തുന്നവരുണ്ട്. ഇതൊന്നും പോരാഞ്ഞാണ് ഇപ്പോൾ പാവപ്പെട്ട വിശ്വാസികളുടെ തലച്ചോറിലേക്ക് വർഗ്ഗീയതയുടെ വിഷം കുത്തിവയ്ക്കുന്നത്.
എടുത്തു പറയേണ്ട മറ്റൊരുകാര്യം ഇത്തരം പഠിപ്പിക്കലുകൾക്കു ഇരയായി തീരുന്ന സന്യാസസമൂഹങ്ങളെകുറിച്ചാണ്. സഭയുടെ തെറ്റുകൾ തിരുത്താനായി മുൻപൊരിക്കൽ ഇദ്ദേഹം തന്നെ നിർദ്ദേശിച്ച ‘അകത്തെ ഫോറങ്ങളിലെ’ ഉപദേശകർ പലപ്പോഴും ഇത്തരം മനോഭാവങ്ങൾ വച്ച് പുലർത്തുന്ന പുരോഹിതർ തന്നെയാണ് എന്നത് നിഷേധിക്കാൻ ആവാത്ത വസ്തുത ആണ്. ഇത്തരക്കാർ പറഞ്ഞു കൊടുക്കുന്ന സ്വയം നിർമ്മിത ചരിത്ര സംഭവങ്ങൾ ആണ് പലപ്പോഴും അവരുടെ പാഠപുസ്തകങ്ങൾ. പതിനഞ്ചു വയസു മുതൽ ഇത്തരം പ്രസംഗങ്ങൾ മാത്രം കേട്ട് ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് രൂപാന്തരീകരണം സംഭവിച്ച യുവ സന്യസ്തർ, തങ്ങൾക്ക് മുന്നിൽ വരുന്ന ജനങ്ങൾക്ക് പകർന്ന് കൊടുക്കുന്നതെന്തെല്ലാമായിരിക്കും? ഇത്തരം വിഷവിത്തുകൾ സമൂഹത്തിലുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എന്തെല്ലാമായിരിക്കും?
ഒരു യഥാർത്ഥ ക്രൈസ്തവ വിശ്വാസിക്ക് ആളുകളുടെ തലച്ചോറിലേക്ക് വർഗ്ഗീയതയുടെ വിഷം കോരിയൊഴിക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ല! കാരണം ഇത് യേശു നാഥൻ കാണിച്ചു തന്ന സ്നേഹത്തിന്റെയും കരുണയുടെയും ജീവിതചര്യക്കെതിരാണ്. മനുഷ്യരെ തമ്മിൽ തമ്മിൽ സ്നേഹിക്കാനും സഹായിക്കാനും കരുണ കാണിക്കാനും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മകൾ ആയി സഭയുടെ സംവിധാനങ്ങൾ മാറേണ്ടതുണ്ട്. മനുഷ്യത്വത്തിന്‌ നിരക്കാത്ത ഇത്തരം ജല്പനങ്ങൾ മത വ്യത്യാസമില്ലാതെ മനുഷ്യർ ഒരുമിച്ചു നിന്ന് ചെറുക്കട്ടെ . സാമൂഹിക ചേരിതിരിവും, അസഹിഷ്‌ണുതയും വിഭാഗീയതയും ഊട്ടിവളർത്തുന്ന ഇത്തരം പ്രസംഗങ്ങൾക്കു ചെവി ചായ്ച്ചു കൂടാ. ആട്ടിൻ തോൽ അണിഞ്ഞു വരുന്ന ഇത്തരം ചെന്നായ്ക്കളെക്കുറിച്ചു ജാഗ്രതയുള്ളവരാകട്ടെ വിശ്വാസി സമൂഹം.
Advertisements