ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയുള്ള ധ്യാനാത്മകമായ യാത്രയാണ് ഇന്ദു.വി.എസിന്റെ 19(1)(a)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
236 VIEWS

19(1)(a) – വൈകാരികതയുടെ വർത്തമാന രാഷ്ട്രീയം.

ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയുള്ള ധ്യാനാത്മകമായ യാത്രയാണ് ഇന്ദു.വി.എസിന്റെ  19(1)(a). ഇന്ത്യൻ ഭരണഘടനയിൽ ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമമാണത്. അവളുടെ ജീവിതത്തിലെ വഴിത്തിരിവുകൾക്ക് ഒരേ സമയം വൈകാരികവും രാഷ്ട്രീയവുമായ മാനം വന്നുചേരുന്നുണ്ട് . ഈ ട്രാൻസിഷനെ വർത്തമാന ഇന്ത്യയുടെ കോൺടെക്സ്റ്റിൽ അവതരിപ്പിക്കുകയാണ് സിനിമയിലൂടെ.
*************
ഫോട്ടോസ്റ്റാറ്റ് എന്ന സാംസ്കാരിക പ്രക്രിയ
ആർട്ടിഫാക്റ്റുകളും മെന്റിഫാക്റ്റുകളും ഉൾകൊള്ളുന്ന ചിന്തയുടെയും ഉത്പാദന ത്തിന്റെയും വ്യവസ്ഥയിൽ ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്ന ചിഹ്നത്തിന് / ചിഹ്നോത്പാദന വസ്തുവിന് പുനരുത്പാദനത്തിൽ കവിഞ്ഞു നിൽക്കുന്ന സാമൂഹിക ധർമമ്മുണ്ട്.19(1)(a)യിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് ഗ്രാമക്കവലയിലെ ഫോട്ടോസ്റ്റാറ്റ് മെഷീനാണ്.മന്ദഗതിയിലുള്ള ഒരു പ്രോസസ്സിംഗ് പ്രക്രിയയാണ് അവിടെ സംഭവിക്കുന്നത്, സിനിമയുടെ പേയ്സിനെ നിർണയിക്കുന്നതും ഈ ദ്രുതഗതിയിലല്ലാത്ത താളം തന്നെയാണ്.തുടർച്ചയായുള്ള പവർ കട്ട് മൂലം കർത്തവ്യം മുഴുമിപ്പിക്കാനാവാതെ സ്തംഭിച്ചു പോകുന്ന ഫോട്ടോസ്റ്റാറ്റ് മെഷീന്റെ ചരിത്രത്തെ അപനിർമ്മിക്കുന്നത് ‘കറുപ്പ്’ എന്ന ഗൗരീശങ്കറിന്റെ നോവലാണെന്ന് കാണാം.പകലന്തികളുടെ ചെയ്യലുകളുടെയും /ചെയ്യരുതായ്മകളുടെയും നിയമാവലിയെ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉല്ലംഘിക്കുന്നുണ്ട്.അത് രാത്രികളിലും ‘അക്ഷരക്ഷമത’യാൽ അനങ്ങികൊണ്ടിരിക്കുന്നു.ഒരു പാഠത്തിന്റെ ആദിമരൂപം സംവേദനം ചെയ്യുന്ന അർത്ഥസ്ഥലികളിൽ നിന്നും അനേകായിരം പാഠങ്ങളെ ഉത്പാദിപ്പിക്കാനുള്ള ശേഷി കോപ്പിയെടുക്കലിൽ പ്രകടമാണ്.വിദ്യാഭ്യാസത്തിൽ ( നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വരുന്ന വിദ്യാർത്ഥികൾ വരുന്ന രംഗം), അനുശോചനങ്ങളിൽ, എഴുത്തുകളിൽ – ഒക്കെയും ഇടപെടാൻ ശേഷിയുള്ള ഒരു സാംസ്കാരിക വസ്തുവായി ഗ്രാമത്തിൽ ആ ഫോട്ടോസ്റ്റാറ്റ് കട മാറുന്നുണ്ട് .ഗൗരീ ശങ്കറിന്റെ കയ്യെഴുത്ത് പ്രതി ഈ ലോകത്ത് സുരക്ഷിതമാണെന്ന് അയാൾക്ക് തോന്നിയ ഒരേയൊരു ഇടം ‘National Printing and Publishing’ എന്ന സ്ഥാപനമാണ്.മുതലാളിത്ത വ്യവസ്ഥയ്ക്ക് അധിഷ്ഠിതമായ പ്രസാധക പാതകളിൽ നിന്നും അയാൾ തന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ പിൻവലിക്കുന്ന ആദ്യത്തെയും അവസാനത്തേയും സൂചന അവിടെ തെളിയുന്നുണ്ട്.
**************
സിനിമയിലെ കാത്തിരിപ്പുകൾ
വ്യാപ്തിയുള്ള സംഭാഷണങ്ങളോ സ്നേഹാന്വേഷണങ്ങളോ ഇല്ലാതെ കടന്നുപോകുന്ന മൂന്ന് അംഗങ്ങളുള്ള വീട് – പേരില്ലാത്ത നായിക, വളരെ പാസീവ് ആയ അച്ഛൻ, പൂച്ച എന്നിവരാണ് പെൺകുട്ടിയുടെ വീട്ടിലെ അംഗങ്ങൾ.ആഴമുള്ള നിശബ്ദതയാണ് പലപ്പോഴും അവിടെ സംവേദനഭാഷയാകുന്നത്.19(1)(a) യിൽ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള കണ്ണിലെണ്ണയൊഴിച്ചിരിപ്പുകൾ കണ്ടെത്താനാവില്ല.ഇവിടെ, പേരില്ലാത്ത പെൺകുട്ടിയുടെയും ഗൗരീ ശങ്കറിന്റെയും ജീവിതം ഒരു സമാന്തര വ്യവസ്ഥയിലൂടെ ഇഴഞ്ഞുപോകുന്നത് കാണാം.ജോലി കഴിഞ്ഞ് വൈകിയെത്തുന്ന മകൾക്ക് വേണ്ടിയോ,എഴുത്തുകാരനായ സഹോദരന് വേണ്ടിയോ, അച്ഛനോ സഹോദരിയോ വീട്ടിൽ കാത്തിരിക്കുന്നില്ല.ആഴമുള്ള ഒരേയൊരു കാത്തിരിപ്പ് ഇവിടെ സംഭവിക്കുന്നത് എഴുത്തുകാരനായ ഗൗരീ ശങ്കറിന് വേണ്ടിയുള്ള പെൺകുട്ടിയുടെ കാത്തിരിപ്പാണ്.അതിന് ശേഷമാണ് പല കാത്തിരിപ്പുകൾക്കും കനം വയ്ക്കുന്നത്. ബൈൻഡ് ചെയ്യാമല്ലോ എന്ന ചോദ്യത്തിന് ‘ഇഷ്ടം പോലെ ചെയ്തോ’ എന്ന മറുപടി കൊടുക്കുന്നയാൾക്ക് വേണ്ടി അയാളുടെ സഞ്ചാര വഴികളിൽ മുന്നറിയിപ്പിന്റെ ബോർഡുകളുണ്ടെന്ന് തിരിച്ചറിയാതെ അവൾ ഇരുട്ടുവോളം കാത്തിരിക്കുന്നു.
*************
വെടിയൊച്ചകളുടെ ചരിത്രം
ധർമപുരിയിൽ വെടിയേറ്റുമരിച്ച ഗൗരീ ശങ്കർ ഒറ്റപ്പേരല്ല, ആ പേരിലേയ്ക്ക് അനേകമാളുകളുടെ, സംഭവങ്ങളുടെ ചരിത്രം ഉൾച്ചേർന്നിട്ടുണ്ട്.പ്രസാധകനും സുഹൃത്തുമായ ആനന്ദുമൊത്തുമുള്ള ഗൗരീശങ്കറിന്റെ കാർ യാത്രയ്ക്കിടയിൽ സ്റ്റീരിയോയിലൂടെ മുഴങ്ങി കേൾക്കുന്ന ഗാനം എൽവിസ് പ്രസ്ലിയുടെ ‘മൈ വേ’ ആണ്.ജീവിതത്തിന്റെ അവസാന ഫെയ്സിൽ ‘I did it my way’ എന്നാണ് ഗാനത്തിൽ പറയുന്നത് –
“I’ve lived a life that’s full
I’ve traveled each and every highway
And more, much more than this
I did it my way”.
തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമെഴുതുന്ന ആളാണ്‌ ഗൗരീ ശങ്കർ.തന്റെ റിബലിസത്തിന് അയാൾ കല്പിക്കുന്ന മാനങ്ങൾ വിപുലമാണ്. എന്തെഴുതണമെന്ന് തീരുമാനിക്കേണ്ടത് പുറത്ത് നിന്നുള്ള വ്യക്തിപരമോ,അധികാരകേന്ദ്രിതമോ,വ്യവസ്ഥാപരമോ, മുതലാളിത്തപരമോ ആയ യുക്തിയല്ലെന്നും, തന്റെ അഭിപ്രായസ്വാതന്ത്ര്യങ്ങളുടെ ഭൂഖണ്ഡമാണ് എഴുത്തിന്റെ അതിർത്തി നിർണയിക്കേണ്ടതെന്നുമുള്ളതാണ് അയാളുടെ നീതി.മലയിൽ റോഡ് നിർമ്മിക്കുന്ന മനുഷ്യന്റെ അധിനിവേശ യുക്തിയെ അയാൾ സിനിമയിൽ ചോദ്യം ചെയ്യുന്നുണ്ട്.അയാളുടെ രാഷ്ട്രീയം വിസ്തൃതമായ ക്യാൻവാസിൽ രൂപപ്പെടുത്തിയ ഒന്നാണ്.അവസാന സീനുകളിലൊന്നിൽ ‘ക’ ഫെസ്റ്റിവലിന്റെ ഐ ഡി കാർഡ്ഡ് ഗൗരീശങ്കറിന്റെ മുറിയിലെ ജനാലയിൽ തൂക്കിയിട്ടിരിക്കുന്നത് കാണാം. പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇത്തരം സാംസ്കാരികോത്സവങ്ങൾക്ക് പ്രബലമായ പങ്കുണ്ട്.സിനിമയിൽ മുഴങ്ങുന്ന വെടിയൊച്ചകളുടെ ചരിത്രം ബലം വയ്ക്കുന്നത് അത്തരമനേകം പോരാട്ടങ്ങളുടെ തീക്ഷ്ണതയിലാണ്.എന്തുകൊണ്ടാണയാൾ കൊല്ലപ്പെടുന്നതെന്ന് നോക്കേണ്ടത് സിനിമയിലേയ്ക്കല്ല, ചുറ്റുവട്ടത്തേയ്ക്ക് തന്നെയാണെന്ന് വരുന്നു.
************
രാത്രികളുടെ രാഷ്ട്രീയം
ഗൗരീ ശങ്കർ കൊല്ലപ്പെടുന്നതും, അയാളുടെ അവസാന നോവൽ പെൺകുട്ടിയിലൂടെ പലതായി പെരുകുന്നതും രാത്രിയിലാണ്.കെ എം പബ്ലിക്കേഷൻസിന്റെ തലവനായ ആനന്ദുമൊത്തുള്ള ഗൗരീശങ്കറിന്റെ സംഭാഷണം നടക്കുന്നതും അയാളുടെ വീട് തീവയ്ക്കപ്പെടുന്നതും രാത്രിയിലാണ്.സിനിമയുടെ വഴിത്തിരിവുകൾക്കും, സൂക്ഷ്മമായ രാഷ്ട്രീയം പറച്ചിലുകൾക്കും സംവിധായിക രാത്രികളാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
***********
വാഴ്‌വിലെ പെൺവിനിമയങ്ങൾ
ഒരു സ്ത്രീയുടെ മാനസിക വ്യാപാരങ്ങളിൽ ഭ്രമണം ചെയ്യുന്ന ഈ സിനിമ WCC യ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത് . പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന,ടൂ വീലർ ഓടിക്കാനറിയാവുന്ന, സ്വന്തമായി സമ്പാദിച്ചു ജീവിക്കുന്ന പ്രധാന കഥാപാത്രവും ഫാത്തിമയും ഉറ്റസുഹൃത്തുക്കളാണ്.പെൺകുട്ടിയുടെ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോൾ ഒപ്പം പോകുന്നയാൾ ഫാത്തിമയാണ് , കടയിൽ വന്നപ്പോൾ കൂട്ടുകാരി നോക്കി വച്ച പൊട്ട് പിറ്റേന്ന് അവളറിയാതെ അവൾക്കെത്തിച്ചു കൊടുക്കുന്ന കൂട്ടുകാരിയാണ് ഫാത്തിമ .ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും പിന്മാറാൻ ഫാത്തിമയെ കൂട്ടുകാരി പ്രേരിപ്പിക്കുന്നുണ്ട്.വിവാഹത്തിന്റെ തലേന്ന് ഫാത്തിമയുടെ വീട്ടിൽ പോയ വേളയിൽ അവളുടെ വീട്ടിലെ മുറിക്കുള്ളിൽ,ഭിത്തിയിലായി കൂട്ടിൽ നിന്നും പറന്നു പോകുന്ന പറവകളുടെ ചിത്രം പെൺകുട്ടി ഉറ്റു നോക്കുന്ന രംഗമുണ്ട്. വളരെ ടിപ്പിക്കലായ ആ ചിത്രത്തിന്റെ സാധ്യത വരച്ച ഭിത്തിയിലൊതുങ്ങുന്നു എന്നതാണ് നേര്.ഗൗരീശങ്കർ അനുസ്മരണത്തിൽ വച്ച് കണ്ടുമുട്ടുന്ന മാധ്യമ പ്രവർത്തകയായ ജെന്നി ജോസഫും പെൺകുട്ടിയും തമ്മിലും ഒരു വൈകാരിക ബന്ധം സിനിമയിൽ രൂപപ്പെടുന്നുണ്ട്. കയ്യെഴുത്ത് പ്രതികളുടെ ഒരു കോപ്പി അവരുടെ മേൽവിലാസത്തിലേയ്ക്കും പെൺകുട്ടി അയച്ചത് പ്രധാനമാണ്.

തീർത്തും അപരിചിതയായ ഗൗരിയുടെ സഹോദരി സരോജിനിയെ കുറിച്ചുള്ള ലേഖനം ഡി റ്റി പി സെന്ററിലെ കമ്പ്യൂട്ടർ സ്‌ക്രീനിൽ വായിക്കുന്ന രംഗം സിനിമയിലുണ്ട്. ശേഷം, അവരെ നേരിട്ട് കണ്ടു പിരിയുമ്പോൾ അധികം സംഭാഷാണങ്ങളില്ലാത്ത ഒരു ആലിംഗനത്തിലൊതുക്കിയ സ്നേഹത്തിന്റെ ഭാഷ സ്ത്രീകൾ തമ്മിലുള്ള വിനിമയത്തെ ആഴമുള്ളതാക്കുന്നു.

വേണ്ടപ്പെട്ടൊരാളെ വേർപെടുമ്പോഴുണ്ടാകുന്ന വേദനയുടെ മൂർച്ച അറിയാവുന്ന ആളാകണം പെൺകുട്ടി. സിനിമയിലെ മറ്റ് രണ്ട് സ്ത്രീകൾ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നില്ല -മരിച്ചുപോയ പെൺകുട്ടിയുടെ അമ്മയുടെ ചിത്രം സ്‌ക്രീനിൽ കാണിക്കുന്നുണ്ടെങ്കിൽ കൂടി സാമൂഹിക പ്രവർത്തകന്റെ ഭാര്യയായ ആനി സിനിമയിലെ അസാന്നിദ്ധ്യമായി ഉടനീളം തുടരുന്നു, സാമീപ്യമില്ലായ്മയിലും ഈ സ്ത്രീകൾ കഥയിലദൃശ്യമായി പ്രവർത്തിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ