“ദിലീപ് സിനിമകളായി ഇറങ്ങിയവ മിക്കതും എനിക്കസഹനീയമായിരുന്നു”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
396 VIEWS

മോഹൻലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ശേഷം സൂപ്പർസ്റ്റാർ എന്ന സ്ഥാനപ്പേര് ലഭിച്ച നടനാണ് ദിലീപ്. അനവധി സിനിമകൾ ഹിറ്റാക്കിയ ജയറാമിനും മുകേഷിനും ദിലീപിനേക്കാൾ എന്തുകൊണ്ടും അഭിനയശേഷി ഉണ്ടായിരുന്ന നടന്മാർക്കും പോലും കൈവരാത്ത പദവിയാണ് ദിലീപിന് ലഭിച്ചത്. സീ ഐ ഡി മൂസയും മീശമാധവനും നൽകിയ വൻ വിജയങ്ങൾ അയാളുടെ സൂപ്പർ സ്റ്റാർ പദവി ഉറപ്പിച്ചു. ഫാൻസുകളെ വളർത്തുകയും ഉപയോഗിക്കുകയും ചെയ്ത മമ്മൂട്ടി മോഹൻലാൽ ദ്വയങ്ങളുടെ പാതയിലൂടെ തന്നെ ആയാലും നീങ്ങി. ഫാൻസ്‌ വാറിൽ അയാളുടെ ഫാൻസും പങ്കാളിയായി. ക്രമേണ പണാധിപത്യം കൊണ്ട് താരസംഘടനയിൽ അനിഷേധ്യ സ്ഥാനം നേടിയ അയാൾ ലാലിനെയും മമ്മൂട്ടിയെയും പോലും ചോദ്യം ചെയുന്ന രീതിയിൽ വളർന്നു പന്തലിച്ചു. പക്ഷെ കേസും വീഴ്ചയും എല്ലാം എല്ലാം വളരെ പെട്ടന്നായിരുന്നു. Sreechithran Mj യുടെ സോഷ്യൽ മീഡിയ കുറിപ്പ് ദിലീപിനെ കുറിച്ചാണ്. എന്തുകൊണ്ട് ദിലീപ് ഒരു മികച്ച നടൻ ആകുന്നില്ല എന്നാണു പോസ്റ്റിന്റെ വിഷയം. വായിക്കാം.

Sreechithran Mj
Sreechithran Mj

Sreechithran Mj

എന്തൊക്കെയായാലും ദിലീപെന്ന നടൻ്റെ കഴിവിനെ മാനിക്കണ്ടേ എന്ന ചോദ്യമുയർത്തുന്ന കുറച്ചു പേരെ കഴിഞ്ഞ ദിവസം കേട്ടിരിക്കേണ്ടി വന്നു. ദൈവമില്ലെങ്കിൽപ്പിന്നെ പുണ്യാഹം തളിച്ചാൽ ശുദ്ധിയാവുന്നതെങ്ങനെ എന്ന മട്ടിലൊരു ചർച്ചയാണത്. ദിലീപൊരു മികച്ച നടനാണ് എന്ന മുൻതീർപ്പിലാണ് ചർച്ച തുടങ്ങുന്നത് എന്ന നിലക്ക്, എനിക്കതിൽ ഇടപെടാനൊന്നുമില്ല. ഈ കേസും പ്രശ്നങ്ങളും വരുന്നതിനു മുൻപേ തന്നെ നടനെന്ന നിലയിൽ ദിലീപ് എന്നെ ആകർഷിച്ചിട്ടില്ല. നിങ്ങൾക്കതിനോട് യോജിപ്പില്ലായിരിക്കാം. എനിക്കെൻ്റെ കാര്യമേ പറയാനാവൂ.

ദിലീപ് സിനിമകളായി ഇറങ്ങിയവ മിക്കതും എനിക്കസഹനീയമായിരുന്നു. കോമഡിയെന്നാണ് പറയപ്പെടുന്നതെങ്കിലും എനിക്കവ ട്രാജഡിയായിട്ടാണ് അനുഭവപ്പെട്ടതും.മുഖ്യധാരാ സിനിമകളും അതിലെ തമാശകളും ആസ്വദിക്കാത്ത ഒരാളല്ല എന്നെന്നെക്കുറിച്ച് എനിക്കുറപ്പുണ്ട്. ജഗതി, ശങ്കരാടി, ഒടുവിൽ, പപ്പു, മാമുക്കോയ, ഇന്നസെൻ്റ് – ഇങ്ങനെ നിരവധി ഹാസ്യനടൻമാരെയും അവരുടെ ഡയലോഗുകളേയും ഓർത്തു പറയുന്ന ഒരു ശരാശരി ചലച്ചിത്രാസ്വാദകനാണ് ഞാൻ. എന്നിട്ടും പണ്ടേ എനിക്ക് കണക്ട് ചെയ്യാനാവാത്ത നടനായി ദിലീപ് മാറിയത് എന്തുകൊണ്ടാവും?

ഞാൻ കരുതുന്ന ഒന്നാമത്തെ പ്രശ്നം ദിലീപിൻ്റെ തമാശകളിലെ നാർസിസമാണ്. അയാൾ തന്നെ അഭിരമിക്കുന്ന ഒന്നിലും അനുഭവതലമില്ലാതാകുന്നു. മറ്റൊന്ന് പലതിലേയും കടുത്ത ആണത്തത്തിൻ്റെ ദ്വയാർത്ഥാശ്ലീലങ്ങളാണ്. എല്ലാവരും കണ്ട മീശമാധവൻ എന്ന പടം തന്നെ അത്തരം ആണത്തപ്പുളപ്പുകളുടെ ആറാട്ടുപൂരമാണ്. ഓരോ സീനിലും ദ്വയാർത്ഥ ഡയലോഗുകൾ, അതിൽ മലയാളി ഞരമ്പുരോഗികൾ ചിരിക്കുന്ന ദിലീപിൻ്റെ ചിരി. അശ്ലീലത്തിൽ കലക്കിയൊഴിച്ച പെർവർട്ട് തമാശകൾ കണ്ടു ചിരിക്കാൻ മാത്രം ഞാനെന്നെ സ്വയം തരംതാണു കണ്ടിട്ടില്ല. ദ്വയാർത്ഥങ്ങൾ മനസ്സിലാവാഞ്ഞിട്ടാവണം ഞാൻ ചിരിക്കാത്തതെന്നു കരുതി അവ വിശദീകരിച്ചു തന്നു കഷ്ടപ്പെട്ട സുഹൃത്തുക്കളുണ്ട്. മനസ്സിലാവുന്നതുകൊണ്ടാണ് ചിരി വരാത്തതെന്ന് അവരെ മനസ്സിലാക്കിക്കാൻ ഞാൻ പരാജയപ്പെട്ടിട്ടുമുണ്ട്.

 

കടുത്ത നാർസിസത്തിൽ പുളിപ്പിച്ചു വാറ്റിയെടുത്ത ദിലീപിൻ്റെ രീതിക്ക് ഒട്ടും വഴങ്ങാത്ത ചില മെത്തേഡ് ആക്ടിങ്ങ് ആവശ്യപ്പെടുന്ന കഥാപാത്രങ്ങൾ നൽകി അഭിനയപ്രതിഭ തെളിച്ചെടുക്കാനുള്ള ശ്രമങ്ങളും ഒരു ഘട്ടത്തിൽ കണ്ടിരുന്നു. മലയാളത്തിൽ അത് സ്വാഭാവികമാണ്. ഒരു പോപ്പുലർ നായകനും താരപദവി ആധികാരികമാവാൻ കുറച്ചു സംസ്ഥാന അവാർഡുകളും ഒന്നെങ്കിലും ദേശീയപുരസ്കാരവും ഷെൽഫിൽ വേണം. പക്ഷേ അത്തരം ശ്രമങ്ങളിൽ ദിലീപ് അതിദയനീയമാം വിധം പരാജയമായിരുന്നു. ദിലീപല്ലാതെ ആകെ ദിലീപിനാവാൻ കഴിയുന്നത് കുഞ്ഞിക്കൂനൻ ടൈപ്പ് ഫാൻസിഡ്രസുകളാണ്. അതിലപ്പുറം സാധ്യതകളില്ലാത്ത ഒരു പോപ്പുലർ നടൻ്റെ അത്യാഗ്രഹപ്രകടനങ്ങളായിരുന്നു അവ.ചുരുക്കത്തിൽ, ചലച്ചിത്രനടൻ എന്ന നിലയിൽ ദിലീപിൻ്റെ മികവ് എനിക്കു ബോധ്യപ്പെട്ടിട്ടില്ല. പിന്നെ, അഭിനയത്തെ മാർക്ക് ചെയ്യാൻ ശാസ്ത്രീയമായ വഴി നിലവിലുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഈ അഭിപ്രായം വൈയക്തികമാണ് എന്നതിൽ സംശയമില്ല.

ജനപ്രിയ സിനിമയുടെയും ജനകീയ സിനിമയുടെയും വ്യത്യാസത്തേക്കുറിച്ചും ജനപ്രിയകല പ്രചരിപ്പിക്കുന്ന മലീമസമായ സംസ്കാരത്തെക്കുറിച്ചും ആദ്യം വായിച്ചിട്ടുള്ളത് സംവിധായകൻ പവിത്രൻ്റെ ലേഖനത്തിലാണ്. ജനപ്രിയകല ഉൽപ്പാദിപ്പിക്കുന്ന അധികാരത്തിൻ്റെയും അപരനിരാസത്തിൻ്റെയും ലോകം കൊണ്ട് ക്രമേണ സ്വന്തം കലയിലെ അധികാരരൂപമായി മാറാൻ കഴിഞ്ഞാൽ ഒരു മനുഷ്യനെന്തു വരെ ചെയ്തുകൂട്ടാം എന്നതിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ് ദിലീപ്. ചാന്തുപൊട്ടും കുഞ്ഞിക്കൂനനും ടിക്കറ്റെടുത്തു കണ്ട് ചിരിച്ചവരുടെ വികാരത്തെ തന്നെയാണ് പ്രാക്ടീസ് ആയി ദിലീപ് മാറ്റിയെടുത്തത്. ഒന്നുകൂടി, ദിലീപ് സിനിമകളുടെ കുത്തകയല്ല ഈ ജനപ്രിയ മലിന സംസ്‌കാരം. ബാംബൂ ബോയ്സും ആക്ഷൻ ഹീറോ ബിജുവും ഇഷ്ടപ്പെടുന്ന സോഷ്യോപ്പാത്തുകളിൽ നിന്ന് ഇതിലൊട്ടും കുറയാത്ത ക്രിമിനലിസം പ്രതീക്ഷിക്കാവുന്നതാണ്.

LATEST

അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല, ബിച്ചിതിരുമല നമ്മെ വിട്ടുപിരിഞ്ഞിട്ടു ഒരുവർഷം

ബിച്ചു തിരുമല വാർഷിക സ്‌മൃതി Manoj Menon അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ മിക്കവാറും ഇതാവും

സിനിമയിൽ മുഖം കാണിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,