Entertainment
എന്തുകൊണ്ട് പുഴു വിമർശിക്കപ്പെടണം ? എന്തുകൊണ്ട് ‘പുഴു’വിനെ ആഘോഷിക്കാൻ കഴിയില്ല ?

എന്തുകൊണ്ട് പുഴു വിമർശിക്കപ്പെടണം ? എന്തുകൊണ്ട് ‘പുഴു’വിനെ ആഘോഷിക്കാൻ കഴിയില്ല ? ശ്രീചിത്രൻ എംജെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
Sreechithran Mj
പുഴു മലയാളത്തെ സംബന്ധിച്ചിടത്തോളം മികച്ച സിനിമ തന്നെയാണ്. മമ്മൂട്ടിയുടെ നഗറ്റീവ് റോളുകൾക്ക് പൊതുവേയുള്ള ബലം ഈ സിനിമയിലുമുണ്ട്. പ്രായത്തിനോട് ശാരീരികയൗവ്വനത്തേക്കാൾ പൊരുതി നിൽക്കുന്ന മാനസികമായ സംവേദനക്ഷമതയുടെ യൗവ്വനത്തിൽ മമ്മൂട്ടി തീർച്ചയായും എല്ലാ ആദരവുമർഹിക്കുന്നുണ്ട്. എന്നാൽ പുഴു മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ ആഘോഷിക്കാൻ എനിക്ക് കഴിയില്ല. പ്രത്യക്ഷത്തിൽ ബ്രാഹ്മണിക്കൽ ഓഡറിനോടുള്ള വിമർശമായി തോന്നുന്ന പല കലാസൃഷ്ടിയിലും സംഭവിക്കുന്ന ബൂമറാങ്ങ്, എന്തിനെ വിമർശനവിധേയമാക്കുന്നതായി ഉന്നംവെക്കുന്നുവോ അതിൻ്റെ രാഷ്ട്രീയത്തെ തന്നെ അടിയിൽ നിന്ന് തിരിച്ചിടുന്ന പ്രതിമാനം പുഴുവിനുണ്ട്.
1) പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിൻ്റെ സവർണ്ണ – പുരുഷ അധികാരനില ഒരു സൈക്കോയെ നിർമ്മിച്ചെടുത്തിരിക്കുന്നു. അത് യഥാർത്ഥത്തിൽ ഇന്ത്യൻ ജാതീയതയുടെ പ്രശ്നത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബ്രാഹ്മണിക മൂല്യങ്ങൾ കൊണ്ടു നടക്കുക എന്നത് ഇന്ത്യയിൽ അത്രയും സ്വാഭാവികവൽക്കരിക്കപ്പെട്ടിട്ടുണ്ട്. അസമത്വം നിലനിൽക്കുന്നു എന്നു മാത്രമല്ല, അസമത്വത്തെ നീതീകരിക്കുന്ന ഒരു തത്വചിന്തയെത്തന്നെ നിർമ്മിച്ചു കൊണ്ടാണ് ഇന്ത്യയിൽ ജാതീയത നിലനിന്നത്, നിലനിൽക്കുന്നത്. അതിനാൽത്തന്നെ സവർണ്ണതയെ ഒരു മനോവൈകല്യമെന്ന മട്ടിൽ ചിത്രീകരിക്കുമ്പോൾ കാതലായ പ്രശ്നം ദുർബലമാവുകയാണ് ചെയ്യുക. ജാതിക്കൊലകൾ നടന്ന, നടന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ സവർണ്ണതയുടെ ഹിംസയിൽ അതാണ് ശരി, അതാണ് നീതി, അതാണ് വേണ്ടത് എന്ന സ്വാഭാവികബോധത്തോടെയുള്ള ക്രിമിനലിസമാണ് ഉള്ളത്, അല്ലാതെ മനോവൈകല്യമല്ല.
2) രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഇരയുടെ മുസ്ലീമായ മകൻ ക്രിമിനലായിത്തീരുകയും പല രീതിയിൽ ആസൂത്രിതമായി കൊലപാതകത്തിനു ശ്രമിക്കുകയും അവസാനം കൃത്യം നിർവ്വഹിക്കുകയും ചെയ്യുക എന്ന പാഠം ഇസ്ലാമിനെ ക്രിമിനൽ ആയിക്കണ്ട് അപരവൽക്കരിക്കുന്ന ഹിന്ദുത്വപാഠത്തിനു തന്നെയാണ് ആത്യന്തികമായി പോഷകാഹാരമാവുക. പരീക്ഷിത്തിൻ്റെ നേർക്ക് ഉണ്ടായ ബ്രാഹ്മണമഹർഷികുമാരൻ്റെ ശാപകർമ്മത്തിനായി നിയോഗിക്കപ്പെട്ട സർപ്പമാണ് തക്ഷകൻ എന്നോർക്കുക. അതിലപ്പുറം, ചെയ്ത അനീതിയുടെ ഫലമായി ബ്രാഹ്മണിക് പൗരുഷം നേരിടുന്ന അന്ത്യമായി ഇന്നത്തെ നമ്മുടെ നാട്ടിൽ ഒരു മുസ്ലീം ക്രിമിനൽ കഥാപാത്രം നിലനിൽക്കുകയില്ല.
ചുരുക്കത്തിൽ, തക്ഷകൻ പുഴുവായി വന്നു കൊത്തുക സ്വന്തം വാലിൽത്തന്നെയാണ്. അതിനാൽ പുഴുവിലെ തക്ഷകൻ സവർണ്ണതയെ ദംശിക്കുന്നതിനായി ശ്രമിച്ച് സ്വയം കുത്തിച്ചാവുന്നു. അതിനാൽ പുഴു തക്ഷകനെ സർപ്പത്തിനു പകരം തേളാക്കി മാറ്റുന്നു.
1,116 total views, 3 views today