യഥാർത്ഥത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞതിൽ തെറിയേക്കാൾ വലിയ തെറ്റ് “ചോദ്യങ്ങൾക്ക് സ്റ്റാൻ്റേഡില്ല” എന്നതായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
427 VIEWS

Sreechithran Mj സോഷ്യൽ മീഡിയയിൽ എഴുതിയത്

‘തനിക്കു പോന്നത് തനിക്കിര’ എന്നൊരു ശൈലിയുണ്ട്. പുതിയ കാലത്തിൻ്റെ അധികാരസമവാക്യം അതാണ്. നൈതികതയല്ല അധികാരത്തിൻ്റെ ന്യായവിചാരമാണ് ഇവിടെ ന്യായം വിധിക്കുന്നത്. ആ കോടതിയിൽ ശ്രീനാഥ് ഭാസി എന്ന ചെറുപ്പക്കാരനാണ് ഇന്ന് കുറവാളി. പാപം ചെയ്യാത്തവരേ, നിങ്ങൾ കല്ലെറിയുക. ഞാനാ ചെറുപ്പക്കാരനൊപ്പം ചേർന്നുനിൽക്കുന്നു.

ശരിയാണ്, അയാൾ പറഞ്ഞത് തെറ്റാണ്. എന്നാൽ തെറ്റു പ്രവർത്തിക്കുകയും ശരി മാത്രം പറയുകയും ചെയ്യുന്നതിലും എത്രയോ ഭേദമാണ് അൽപ്പമെങ്കിലും ശരിയായി ജീവിക്കുകയും ഇടക്കൽപ്പം പറഞ്ഞു തെറ്റുകയും ചെയ്യുന്ന മനുഷ്യർ. സംഭവിച്ചത് തെറ്റാണെന്നയാൾ തിരിച്ചറിഞ്ഞു. മാപ്പും പറഞ്ഞു. അതിനും ശേഷമാണിന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ – ഏത് അസോസിയേഷൻ ? ഇന്ത്യയിലിന്നു വരെ കേട്ടുകേൾവിയില്ലാത്ത കൊട്ടേഷൻ റേപ്പിനു കോടതി കയറിയിറങ്ങുന്ന താരത്തെ വരെ സംരക്ഷിക്കുന്ന അസോസിയേഷൻ ഒരു ചെറുപ്പക്കാരനായ നടനെ വിലക്കുന്നത്. അത് രാഷ്ട്രീയശരി എല്ലിൽ കുത്തിയിട്ടാണെന്ന് വിശ്വസിക്കാനുള്ള കള്ള് വേറെ ചെത്തിയിറക്കേണ്ടി വരും. ഒരു പ്രിവിലേജുമില്ലാത്ത, ഗോഡ് ഫാദർ കുടക്കീഴിലല്ലാത്ത, ഒരു കേസിലും ആൾക്കൂട്ട വിചാരണയിലും മൂന്നുദിവസം ഉറക്കം പോകുന്ന ദുർബലനായൊരു ചെറുപ്പക്കാരനെ വിലക്കി സ്വന്തം ശക്തി തെളിയിക്കുന്ന അസോസിയേഷൻ ഉളുപ്പില്ലായ്മയുടെ സംഘടിതരൂപമാണ്.

ആ അഭിമുഖം മാത്രമല്ല വീണ എന്ന അവതാരക ചെയ്തിട്ടുള്ളത്. പൊതുവേ കാണാറില്ലെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ അവർ ചെയ്ത പല അഭിമുഖങ്ങളുടെയും ക്ലിപ്പുകൾ കണ്ടു. തികഞ്ഞ ആൺപുളപ്പു തമാശകൾക്ക് കുണുങ്ങിച്ചിരിച്ചും കൊട്ടേഷൻ റേപ്പ് താരത്തെ ഇരുത്തി ഞാനൊപ്പമെന്ന് പ്രഖ്യാപിച്ചും ദ്വയാർത്ഥപ്രയോഗങ്ങളിൽ ആനന്ദിച്ചും നടത്തിയ ആ അശ്ശീലങ്ങളേക്കാൾ എനിക്കു ഭേദമായിത്തോന്നുന്നത് ശ്രീനാഥ് ഭാസി പറഞ്ഞ തെറിയാണ്. തെറിച്ചു പോകുന്നവയാണ് തെറി. തെറി തെറിച്ചു പോവും, മനുഷ്യൻ ബാക്കി നിൽക്കും. നിൽക്കണം. തെറിച്ചു പോയ തെറിയിൽ തൂങ്ങി ഒരു മനുഷ്യനെ കൂട്ടംകൂടി തല്ലാൻ മാത്രമൊന്നും വിശുദ്ധകർദ്ദിനാൾ സംഘമല്ല ഇതെഴുതുന്ന ഞാനും ഇതു വായിക്കുന്ന നിങ്ങളും.

നവപുരോഗമന സംഘത്തിന് ഒരു ഒറ്റലെൻസുള്ള കണ്ണടയാണുള്ളത്. അതിൽ ഒരറ്റത്ത് ഒരു സ്ത്രീ, അല്ലെങ്കിൽ കീഴാള പ്രതിനിധി – കാണും. ഒരറ്റത്ത് ഒരു പുരുഷനും. ഒറ്റയടിക്ക് ഉത്തരം റെഡിയാണ്, ഞങ്ങൾ ആദ്യത്തെ പക്ഷമാണ്. അകത്തുള്ള വൈരുദ്ധ്യങ്ങളോ അവയുടെ പ്രശ്നപരിസരമോ അവർക്ക് വിഷയമേയല്ല. ഇത്തരം ബൈനറികളിൽ മാത്രം കാഴ്ച്ചയുടക്കുന്ന ഒറ്റലെൻസ് ഒറ്റബുദ്ധിക്ക് ശ്രീനാഥ് ഭാസിക്കെന്തു സംഭവിച്ചാലും കണക്കാണ്. വ്യക്തികളുടെ വിചാരണയിലെ പരാജയങ്ങളെ ആഘോഷിക്കാൻ അവർക്കു മടിയുമില്ല. ശ്രീനാഥ് ഭാസി തോറ്റു. എന്നാൽപ്പിന്നെ ഞങ്ങൾ പൂർണ്ണമായും ശരിയായി വിജയിച്ചു എന്നാണിവർ കരുതുന്നത്. അസംബന്ധത്തിൻ്റെ ഈ അധികാരസ്ഥലത്തിൽ നിന്നും മാറി നിന്നേ എനിക്കാ ചെറുപ്പക്കാരനെ കാണാനാവൂ.

ആത്മാർത്ഥമായ പ്രതികരണങ്ങൾ കണ്ടാലറിയാനുള്ള പഠിപ്പു തികഞ്ഞവർക്ക് ഒറ്റക്കാഴ്ച്ചയിൽ മനസ്സിലാവും. ആ പയ്യൻ്റെ പ്രശ്നം. സിനിമയാണോ, പ്രമോഷൻ വേണം. പ്രമോഷനാണോ, പ്രമോഷൻ ഇൻർവ്യൂകൾക്ക് ഇരുന്നു കൊടുക്കണം. പ്രമോഷൻ ഇൻ്റർവ്യൂ ആണോ, വീണ ചോദിക്കുന്ന തരം പുന്നാരങ്ങൾക്ക് മറുപടി കൊടുക്കണം. ഈ പണി ഇവിടെയുള്ള മെഗാ താരങ്ങൾക്കടക്കം അറിയാം. അവരത് അനായാസമായി ഹാൻഡിൽ ചെയ്യുകയും ചെയ്യും. ശ്രീനാഥ് ഭാസിയെന്ന ചെറുപ്പക്കാരന് അതിനുള്ള വഴക്കമില്ല. അതു കൊണ്ട് അവൻ പൊതുവഴിയിൽ നിന്നും തെറിച്ച് തെറി പറഞ്ഞു പോകുന്നു. പറഞ്ഞ തെറിയും ഉടഞ്ഞ തേങ്ങാമുറിയും ഒരു പോലെയാണ്, പിന്നീടത് വേണ്ടെന്ന് വെക്കാനാവില്ല. അപ്പുറത്ത് ഇൻ്റർവ്യൂ ചെയ്യുന്നത് ഒരു സ്ത്രീയായിപ്പോയി. അതോടെ കേസ് കൃത്യമായും സ്ത്രീക്ക് നേരെയുള്ള അമാന്യമായ പെരുമാറ്റത്തിൻ്റേതായി.

യഥാർത്ഥത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞതിൽ തെറിയേക്കാൾ വലിയ തെറ്റ് “ചോദ്യങ്ങൾക്ക് സ്റ്റാൻ്റേഡില്ല” എന്നതായിരുന്നു. അതിൽ ഉത്തരം നൽകുന്നയാളുടെ അഹന്തയുണ്ട്. അതിനുത്തരമായി ” എന്നാൽ ശരി, നമുക്കീയിടെ അന്തരിച്ച ഗൊദാർദിൻ്റെ സിനിമകളെക്കുറിച്ച് സംസാരിക്കാം” എന്നു പറയാൻ കഴിയുന്ന ഒരാളോട് അത്തരമൊന്ന് ചോദിക്കാൻ തോന്നില്ല. അവിടെയും പ്രവർത്തിച്ചത് ‘തനിക്ക് പോന്നത് തനിക്കിര’ എന്ന തത്വം തന്നെയായിരുന്നു. പക്ഷേ പക്വതയില്ലാത്തവൻ്റെ ക്ഷോഭം ലക്ഷ്യമറിയാത്ത കാറ്റുപോലെയാണ് എന്ന് മഹാഭാരതം. ക്ഷോഭം അത്ര മോശം കാര്യമല്ല. പക്ഷേ ക്ഷോഭത്തിൻ്റെ പക്വത പ്രധാനമാണ്. ആ ചെറുപ്പക്കാരനതില്ലാതെ പോയി.

തെറ്റി മനസ്സിലാക്കരുത് – ഇവിടെ ഈ യിടെ കേൾക്കുന്ന പൊറുക്കൽ നീതിയൊന്നുമല്ല ഇപ്പറഞ്ഞതിൻ്റെ സാരം. വലിയ തണലൊന്നുമില്ലാത്ത ജീവിതത്തിൽ നിന്നു വന്ന ഒരു പയ്യൻ നാലു സിനിമയിലഭിനയിച്ച് വരുന്നോൾ വന്ന ഒരു വാക്കിലെ പിഴവിനെ നിർത്തി അവനെ ആദ്യം ഒതുക്കണം എന്ന തീരുമാനത്തിലെത്തുന്ന പേട്ടൻ പാവാടാ അസോസിയേഷനെയും ആൾക്കൂട്ടത്തിൻ്റെ കൂട്ടത്തല്ലിൽ ചേർന്ന് ആനന്ദിക്കുന്നവരേയും അംഗീകരിക്കാൻ സൗകര്യമില്ല എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ