റിമ കല്ലിംഗൽ ഷോർട്ട്സ് ധരിച്ച വിഷയത്തിൽ സദാചാരവാദികൾ ഉയർത്തിവിട്ട വിവാദം കെട്ടടങ്ങിയിട്ടില്ല. റിമയെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധിപേരാണ് കമന്റുകൾ പാസാക്കുന്നത്. അതിനിടെയാണ് ട്രൂ കോപ്പി മാഗസിനിൽ റിമയുടെ ചിത്രത്തെ ഉപയോഗിച്ച സംഭവം ഉണ്ടാകുന്നത്. റിമയുടെ കാലുകളെ വലുതാക്കിയും ഉടലിനെ വളരെ ചെറുതാക്കിയുമാണ് ചിത്രം ചെയ്തിട്ടുള്ളത്. എന്നാൽ അതിൽ ഉദ്ദേശിക്കുന്ന അർത്ഥം എന്തുതന്നെ ആയാലും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ശ്രീചിത്രൻ എം.ജെ. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് വായിക്കാം.

Sreechithran Mj

“നിങ്ങളിൽ പലർക്കും, എൻ്റെ പല സുഹൃത്തുക്കൾക്കും യോജിപ്പില്ലാത്തൊരു അൺപോപ്പുലർ അഭിപ്രായമാണ്. ട്രൂ കോപ്പി മാഗസിനിൽ ആബിദ് ചെയ്തിരിക്കുന്ന റിമ കല്ലിങ്ങലിൻ്റെ ചിത്രം ഉപയോഗിച്ചുള്ള കവർ എനിക്ക് ഇഷ്ടപ്പെട്ടില്ല. അതിനു കാരണം ഒരു മാഗസിൻ വിപണനത്തിനായി ഇത്തരമൊന്ന് ഉപയോഗിക്കുന്നു എന്നതോ റിമ കല്ലിങ്ങൽ അതെങ്ങനെ കാണുന്നു എന്നതോ അല്ല. ഇവ രണ്ടും അത്ര പ്രസക്തമാണെന്നും ഞാൻ കരുതുന്നില്ല. എൻ്റെ കാരണങ്ങൾ വേറെയാണ്.

റിഹാനയെ ഓർമ്മയുണ്ടോ? ഇന്ത്യൻ കർഷക സമരത്തിനനുകൂലമായി ട്വീറ്റ് ചെയ്ത റിഹാന എന്ന പോപ് ഗായികയെ? പോപ് കേട്ട് പരിചയമുള്ളവർക്ക് റിഹാനയുടെ പാട്ടുകൾക്കു പുറമേ അതിനു മുൻപേയുള്ള റിഹാനയോർമ്മ ഫാൻ്റി ബ്യൂട്ടി എന്ന ലിപ്സ്റ്റിക് ബ്രാൻഡ് നിർമ്മിക്കപ്പെട്ട സംഭവമായിരിക്കും. റാപ്പർ റോക്കി ഒരു കമൻ്റ് സാന്ദർഭികമായി പറഞ്ഞു. ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കുന്ന കറുത്ത സ്ത്രീകൾ ലൈംഗികതയ്ക്കുള്ള ക്ഷണമാണ് നടത്തുന്നത് എന്നായിരുന്നു റോക്കിയുടെ കമൻ്റ്. തീർത്തും വംശീയവും സ്ത്രീവിരുദ്ധവുമായ റോക്കിയുടെ പ്രസ്താവനക്കെതിരെ റിഹാന പ്രതികരിച്ചത് കടും ചുവപ്പ് ലിപ്സ്റ്റിക് അണിഞ്ഞു കൊണ്ട് തുടർച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു. ഈ റെഡ് ലിപ്സ്റ്റിക് പ്രൊട്ടസ്റ്റ് ക്രമേണ വ്യാപിച്ചപ്പോഴാണ് അതിൻ്റെ രണ്ടാം ഘട്ടമുണ്ടായത്, റിഹാന റെഡ് ലിപ്സ്റ്റിക് തന്നെ ഫാൻ്റി ബ്യൂട്ടി എന്നൊരു ബ്രാൻഡ് ആക്കി പുറത്തിറക്കി. വലിയ വിൽപ്പനയുള്ള ഫാൻ്റി ബ്യൂട്ടിയുടെ മാർക്കറ്റിനെ നിശ്ചയിച്ച ആശയകേന്ദ്രം പാട്രിയാർക്കിയൽ കമൻ്റിന് നേരെയുണ്ടായ പ്രതിഷേധമായിരുന്നു.

റിമ കല്ലിങ്ങൽ റിഹാനയെപ്പോലെ നിലപാടുള്ള കലാകാരിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വന്തം രാഷ്ട്രീയത്തെ തിയറൈസ് ചെയ്യാനും അത് വ്യക്തതയോടെ സംസാരിക്കാനും കഴിഞ്ഞ സ്ത്രീയാണ്. അത്തരമൊരു സംസാരം റിമ നടത്തുന്ന സമയത്തിൽ അവർ പറയുന്നത് ശ്രദ്ധിക്കാനുള്ള സംവേദനക്ഷമതയില്ലാത്ത, വസ്ത്രത്തിലെ നഗ്നമായ കാലുകൾ മാത്രം കാണുന്ന ആൺകൂട്ടമാണ് കമൻറുകളായി പിച്ചും പേയും പറഞ്ഞത്. അതിന് ഒന്നു സൂക്ഷിച്ചു നോക്കിയാൽ രണ്ട് തലം കാണാം. സ്ത്രീയുടെ അർദ്ധനഗ്നതയിൽ ഇന്നും ഇക്കിളിപ്പെടുന്ന, കടുത്ത ലൈംഗികദാരിദ്ര്യവും സമ്മർദ്ദവുമനുഭവിക്കുന്ന ഒരു കൂട്ടം. അവരാണ് തെറിയെഴുതിയെഴുതി മൂർച്ഛയനുഭവിക്കുന്നത്. മറ്റൊരു കൂട്ടം വിക്ടോറിയൻ മൊറാലിറ്റിയുടെ തടവുകാരാണ്. സ്ത്രീകൾക്ക് വേണ്ട അച്ചടക്കം, പച്ചടക്ക തുടങ്ങിയവയെപ്പറ്റി ഉൽക്കണ്ഠയുള്ള കൂട്ടം. അവരുടെ സദാചാരമൂല്യബോധത്തെ നിയന്ത്രിക്കുന്നത് മതബോധമാവാം, മറ്റു പലതുമാവാം. പ്രശ്നം ‘ഇങ്ങനെയൊക്കെ പാടുണ്ടോ’ എന്നതു മാത്രമാണ്. ‘കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ’ ഇങ്ങനെയല്ല എന്ന ദീനരോദനം. ഈ രണ്ട് കൂട്ടവും തീർത്തും വിഭിന്നരല്ല. രണ്ടും കലർന്നു കിടക്കുന്നു. വിക്ടോറിയൻ സദാചാരമൂല്യബോധത്തിൻ്റെ പരിണിതികളിലൊന്നാണ് ലൈംഗികദാരിദ്യവും ശരീരത്തെക്കുറിച്ചുള്ള അറിവില്ലായ്മയും. ഈ രണ്ട് കൂട്ടത്തിൻ്റെയും ക്രോസ് സെക്ഷൻ റിമയുടെ ഫോട്ടോക്ക് താഴെയുള്ള ആൺപുളപ്പുത്സവത്തിൽ കാണാം.

ഇനി, എന്താണ് ആ കാലുകളുടെ അനുപാതരഹിതമായ വലിപ്പത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന കവർച്ചിത്രത്തിൻ്റെ പ്രശ്നമെന്നു ചോദിച്ചാൽ, എന്താണോ പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയപ്രശ്നമെങ്കിൽ അതിനെത്തന്നെയാണ് അനുപാതരഹിതമായി അത് വസ്തുവൽക്കരിക്കുന്നത് എന്നതാണ്. ആണുങ്ങൾ ഇടക്കിടെ പറയുന്ന അമിതഫെമിനിസം പോലെ ജുഗുപ്സാവഹമാണത്. ആൺനോട്ടത്തിൻ്റെ തന്നെ പ്രതിഫലനത്തെക്കൊണ്ട് ആൺനോട്ടത്തിനു നേരെ എറിയാം, റിഹാന ചെയ്തത് അതായിരുന്നു. പക്ഷേ റിമയുടെ ചിത്രം കൊണ്ട് ഈ ചെയ്യുന്നത് വസ്തുവൽക്കരിക്കപ്പെട്ട, ചരക്ക് ആയി പെൺശരീരത്തെ കാണുന്ന ആൺനോട്ടത്തെ തന്നെ ലെൻസ് വെച്ച് വലുതാക്കുകയാണ്. അതിൻ്റെ ഫലം അസ്ഥാനത്തെ ആണുങ്ങളുടെ സമത്വപ്രസംഗം പോലെ വിപരീതമാണ്.

അവസാനമായി ഒന്നുകൂടി – ആ കവർച്ചിത്രം റിമ കല്ലിങ്ങൽ ഉന്നയിക്കുന്ന പ്രശ്നങ്ങളെയോ ചോദ്യങ്ങളെയോ ജീവിതക്കാഴ്ച്ചയേയോ റദ്ദ് ചെയ്യുന്നില്ല. റിമയെപ്പോലെ ആർജ്ജവമുള്ള, സ്വന്തം ബുദ്ധിയും ശരീരവും സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെടുത്തുന്ന സ്ത്രീകളുടെതാണ് നാളെത്തെ ലോകം. അവരുടെ കാലും നോക്കിയിരിക്കുന്ന ആൺകൂട്ടം തന്നെ കാലഹരണപ്പെടാൻ വലിയ കാലതാമസമില്ല. ആ ആൺകൂട്ടം കാണിച്ചുകൂട്ടുന്ന മസ്കുലിൻ ബുദ്ധിവൈകല്യത്തെ ഒരു പുരുഷൻ എന്ന നിലയിൽ തൊലിയുരിയുന്ന നാണക്കേടോടെയാണ് ഞാൻ വായിക്കുന്നത്.”

Leave a Reply
You May Also Like

ഒരു തുടക്കക്കാരി എന്ന നിലയിൽ സംവിധായിക കാവ്യപ്രകാശിന്റെ അരങ്ങേറ്റം ഉജ്ജ്വലമായി

ദേശീയ ചലച്ചിത്ര അവാർഡ് – വാങ്ക് എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്ത കാവ്യ പ്രകാശിന്…

‘ലൗ ബീച്ച്’ റിലീസായി

‘ലൗ ബീച്ച്’ റിലീസായി. ലാൽ, റൗഫ് റേ, ഹാരിസ്, സയന സന, അനു നന്ദൻ, അഞ്ജന…

ഒരുകാലത്തു ആന്ധ്രാക്കാർക്ക് നമ്മുടെ സുരേഷ്‌ഗോപി ‘റെയർ സ്റ്റാർ’, ‘സുപ്രീം സ്റ്റാർ’ ഒക്കെ ആയിരുന്നു

Rahul Madhavan ഒരുകാലത്ത് സുരേഷ്ഗോപി ചിത്രങ്ങൾ ആന്ധ്രയിൽ വലിയ രീതിയിൽ വിജയം നേടിയിരുന്നു.1994 ൽ വന്ന…

സൂപ്പർതാരം ഇന്ദ്രൻസിൻ്റെ ഇതുവരെ ആരും ദർശിച്ചിട്ടില്ലാത്ത വേഷപകർച്ച

Prajod P Raj മെയ് 20, 2022… ഈ വെള്ളിയാഴ്ച ഇവൻ്റേതാണ്. ഇവൻ്റേതു മാത്രം.സിനിമയെ അത്രയേറെ…