വാർത്തകൾക്ക് വ്യക്തതയില്ലാത്ത, ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട സംസ്ഥാനമായി യുപി മാറിയിരിക്കുന്നു

135

Sreechithran Mj

ഉത്തർപ്രദേശിൽ നിന്ന് വരുന്ന വാർത്തകളെല്ലാം അപൂർണ്ണമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലുള്ള, പോലീസിന്റെ നേതൃത്വത്തിൽ വംശഹത്യ നിർവ്വഹിക്കപ്പെടുന്ന, വാർത്തകൾക്ക് വ്യക്തതയില്ലാത്ത, ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട സംസ്ഥാനമായി യുപി മാറിയിരിക്കുന്നു.

കണ്ണൻ ഗോപിനാഥനെ ആഗ്രയിൽ വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു. ഫോൺ പോലീസ് പിടിച്ചു വാങ്ങിയിരിക്കുന്നു.ചന്ദ്രശേഖർ ആസാദിനെ ജയിലിൽ പീഡിപ്പിക്കുന്നതായി വാർത്തകളുണ്ട്. എന്തു സമരം നടന്നാലും ആസാദിനെ ഈ ഭരണകൂടം പുറത്തു വിടാൻ സാധ്യതയില്ല.

സമരങ്ങളെ അനുകൂലിക്കുന്നവർക്കെതിരെ രാജ്യവ്യാപകമായി വധഭീഷണികളും താക്കീതുകളും പ്രവഹിക്കുന്നു.ഇതിനെല്ലാമിടയിൽ, കിരൺ ബേദി സൂര്യനിൽ നിന്ന് നാസ ഓം കേട്ടതിൽ അത്ഭുതപ്പെടുന്നു. നാം ചിരിക്കുന്നു. ചിരിച്ചു കുത്തിമറിയുന്നു.

ഈ ഭരണഘടന നശിപ്പിക്കപ്പെടുന്നെങ്കിൽ അത് ആരെക്കൊണ്ടായിരിക്കും എന്ന ചോദ്യത്തിന് മറുപടിയായി അംബേദ്കർ പറഞ്ഞു: ” അത് ഭരണാധികാരികളെക്കൊണ്ടോ നീതി നിർവ്വാഹകരെക്കൊണ്ടോ ആയിരിക്കില്ല, ഭരണഘടന എന്തെന്നും എന്തിനെന്നും ആർക്കു വേണ്ടിയെന്നും അറിയാത്ത ഇന്നാട്ടിലെ ജനങ്ങളെക്കൊണ്ട് ആയിരിക്കും.”