ഇന്നു കയ്യടിച്ചവർ കയ്യടിച്ചൊരു പഴയ തീയ്യതി: 1916 സപ്റ്റംബർ 13, അന്നത്തെ മഞ്ഞും അൽപ്പം മഴയുമുള്ളാരു വൈകുന്നേരത്തിലാണ് ഈ ചിത്രത്തിൽ കാണുന്ന അസാധാരണ സംഭവമുണ്ടായത്

252

Sreechithran Mj

ഇന്നു കയ്യടിച്ചവർ കയ്യടിച്ചൊരു പഴയ തീയ്യതി: 1916 സപ്റ്റംബർ 13.

അന്നത്തെ മഞ്ഞും അൽപ്പം മഴയുമുള്ളാരു വൈകുന്നേരത്തിലാണ് ഈ ചിത്രത്തിൽ കാണുന്ന അസാധാരണ സംഭവമുണ്ടായത്. ആൾക്കൂട്ടനീതിയുടെ ആക്രോശങ്ങൾക്കും ആർപ്പുവിളികൾക്കുമിടയിൽ ഒരു ആന തൂക്കിലേറ്റപ്പെട്ടു. ആനയുടെ പേര് മേരി. സ്ഥലം അമേരിക്ക. ടെന്നിസി സ്‌റ്റേറ്റ്. യുണികോയ് കൗണ്ടിയിൽ വെച്ചായിരുന്നു മേരിയുടെ തൂക്കിലേറ്റൽ.

ചെയ്ത കുറ്റം ഒരു നാട്ടാനയുടെ സ്വാഭാവിക കുറ്റകൃത്യമാണ്. സ്പാർക്സ് വേൾഡ് ഫെയ്മസ് ഷോ എന്ന അന്നത്തെ അമേരിക്കയിലെ പ്രസിദ്ധ സർക്കസ് കമ്പനിയിലെ ആനയായിരുന്നു മേരി. റെഡ് എൽഡ്റിഡ്ജ് എന്ന വേണ്ടത്ര പരിശീലനം കിട്ടാത്ത ഒരു മൃഗപരിപാലകൻ മേരിയെ തോട്ടിയിട്ടു വലിച്ചു. അല്ലെങ്കിലേ കടുത്ത പല്ലുവേദനയിലായിരുന്ന മേരി ആദ്യം നിലവിളിച്ചു. പിന്നെയും എൽഡ്റിഡ്ജ് ആവർത്തിച്ചപ്പോൾ വലിച്ചു നിലത്തിട്ട് ചവിട്ടിയരച്ചു.

പിന്നെ നടന്നത് ആൾക്കൂട്ടത്തിന്റെ ആക്രമണമാണ്. ” കൊലയാളി മേരിയെ കൊല്ലണം!” എന്നവർ ഒന്നിച്ച് ആക്രോശിച്ചു. അല്ലെങ്കിൽ സർക്കസ് കൂടാരം ആൾക്കൂട്ടം കത്തിക്കുമെന്നായപ്പോൾ സർക്കസുടമ ചാൾസ് ആൾക്കൂട്ടനീതിക്ക് സമ്മതിച്ചു.

പിന്നെ നടക്കുന്നത് ആൾക്കൂട്ടത്തിന്റെ കൊലപാതകാസൂത്രണമാണ്. നോക്കൂ, നിങ്ങൾ കരുതും ഒരു വ്യക്തിക്കാണ് അപാരമായ ക്രിമിനലിസത്തിന് കഴിവുള്ളത് എന്ന്. ആൾക്കൂട്ടം അതിന്റെ സാമൂഹികനിലയിൽ തന്നെ മാനവികതയെ ഉൾക്കൊള്ളുന്നുണ്ട് എന്നാണ് നാം തെറ്റിദ്ധരിക്കുന്നത്. അതിനാൽ നാം ‘കലക്ടീവ് വിസ്ഡ’ത്തെക്കുറിച്ച് വാചാലരാവും. സമ്പൂർണ്ണമായും അബദ്ധമാണത്. ഒരു വ്യക്തിക്ക് സാദ്ധ്യമാകുന്നതിലും എത്രയോ മടങ്ങ് മനുഷ്യ വിരുദ്ധവും അപായകരവുമായ ക്രിമിനലിസത്തിന് ആൾക്കൂട്ടം ഒന്നിച്ചു ചിന്തിക്കും. അഥവാ, പെട്ടെന്നുണ്ടാകുന്ന എതു വൈകാരികതയിലും ആൾക്കൂട്ടം മാനവികതയിലേക്കല്ല, നേർവിപരീതമായ ക്രിമിനലിസത്തിലേക്കാണ് എളുപ്പം കണ്ണിചേരാനുള്ള സാദ്ധ്യത. മേരിയെ കൊല്ലേണ്ടതെങ്ങനെ എന്ന ചർച്ച നടക്കുമ്പോൾ പല ആലോചനകൾ വന്നു. ഏറ്റവും കുറവ് പിന്തുണ വിഷം കൊടുത്ത് കൊല്ലുന്നതിനായിരുന്നു. കാരണം ആ കൊലയിൽ ആൾക്കൂട്ടത്തിനൊരു മജയില്ല. എങ്ങനെ എൽഡ്റിഡ്ജ് മരണപ്പെട്ടോ അതിന് സമാനമോ അതിലും ക്രൂരമായോ ആന കൊല്ലപ്പെടണം എന്നായിരുന്നു ആൾക്കൂട്ടത്തിന്റെ ആവശ്യം. തീവണ്ടിയുടെ രണ്ട് എൻജിനുകൾ അപ്പുറവുമിപ്പുറവും വെച്ച് ആനയെ ഞെരുക്കിക്കൊല്ലുക, വിപരീത ദിശയിൽ നാലുകാലിലും ഘടിപ്പിച്ച് എൻജിൻ കൊണ്ട് വലിപ്പിച്ച് കീറിക്കൊല്ലുക എന്നിങ്ങനെ പല ആലോചനകൾക്കൊടുവിലാണ് തൂക്കിക്കൊല തീരുമാനമാവുന്നത്. അന്ന്, ക്ലിൻജ് ഫീൽഡ് എന്ന മൈതാനത്തിൽ 2500 ൽ പരം തടിച്ചുകൂടിയ മനുഷ്യരെ സാക്ഷിയാക്കി മേരിയെ തൂക്കിലേറ്റി. ഒരിക്കൽ ചങ്ങല പൊട്ടി ആന താഴെ വീണു. അസ്ഥികൾ ഒടിഞ്ഞു നുറുങ്ങി. പിന്നെയും തൂക്കിലേറ്റി. മേരി പിടഞ്ഞു മരിച്ചു. ആൾക്കൂട്ടം അവളുടെ ശരീരം കുഴിച്ചിട്ട സ്ഥലത്ത് ‘ കൊലയാളി മേരി ‘ എന്നെഴുതി വെച്ചു.

ആൾക്കൂട്ടനീതിയിൽ കയ്യടിക്കുന്നവരേ,
ആനയെ തൂക്കിലേറ്റി കയ്യടിച്ച ആ ജനക്കൂട്ടത്തിൽ നിന്ന് ജനാധിപത്യത്തിന്റെ വഴിയിൽ ലോകം നൂറ്റിയഞ്ച് വർഷങ്ങൾ സഞ്ചരിച്ചു. നിങ്ങളിന്നും ടെന്നിസിയിലെ ആ പഴയ മൈതാനത്ത് നിൽക്കുകയാണ്. പ്രതികളാകട്ടെ വാദികളാകട്ടെ, മാവോയിസ്റ്റുകളാകട്ടെ മാനഭംഗക്കാരാവട്ടെ – ആധുനിക ജനാധിപത്യ വ്യവസ്ഥയിൽ കുറ്റവും ശിക്ഷയും തീരുമാനിക്കാൻ ആധുനികമായ മാർഗങ്ങളുണ്ട്. അതിൽ പിഴവുകളുണ്ടാവാം, തീർച്ചയായുമുണ്ട്. പക്ഷേ അതിനുള്ള പ്രതിവിധി ആ പഴയ മൈതാനത്തിലെ ആർപ്പുവിളിയിലേക്കുള്ള മടങ്ങിപ്പോക്കല്ല.

Advertisements