ഏതു കൊല നടന്നാലും അതിൽ പങ്കില്ലെന്ന് എളുപ്പം അവർക്കു കൈ കഴുകാനാവുന്നതിന് കാരണമുണ്ട്

0
151

Sreechithran Mj

ആർ എസ് എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ളത് എവിടെയാണെന്ന് നിങ്ങൾക്കറിയാമോ?
വംശഹത്യകൊണ്ട് രക്താഭിഷിക്തമായ ഗുജറാത്തിലല്ല,ബിജെപിയുടെ അക്രമരാഷ്ട്രീയം അധികാരത്തിലെത്തിയ ഉത്തർപ്രദേശിലല്ല,
പുറത്തുവരാത്ത വാർത്തകളുടെ വർഗീയതമോഗർത്തമായ ബീഹാറിലുമല്ല -നവോത്ഥാനത്തിൽ നിന്ന് കർഷക സമരങ്ങളിലേക്കും പുരോഗമന രാഷ്ട്രീയത്തിൻ്റെ വിളഭൂമിയിലേക്കും വളർന്ന, മേൽപ്പറഞ്ഞ സംസ്ഥാനങ്ങളുടെയെല്ലാം നാലിലൊന്നു മാത്രം വലിപ്പമുള്ള നമ്മുടെ അഭ്യസ്തപ്രബുദ്ധകേരളത്തിലാണ് ആർ എസ് എസ് എന്ന നിഗൂഢസംഘടനക്ക് ഏറ്റവും കൂടുതൽ ശാഖകൾ. അയ്യായിരത്തിലധികം !

നിഗൂഢസംഘടന എന്ന് വെറും വിശേഷണമല്ല. എത്രപേർ അംഗങ്ങളെന്നു പോലും പുറത്തറിവില്ല. കാരണം അംഗത്വമില്ല. ആരൊക്കെ എന്തൊക്കെ സ്ഥാനങ്ങളിലെന്നു പൂർണ്ണവിവരമില്ല. എവിടെ, എപ്പോൾ, എന്തെല്ലാം നടക്കുന്നുവെന്നറിയില്ല. ഒന്നും പുറത്ത് അറിയില്ല. അറിയിക്കാനുദ്ദേശിച്ചിട്ടുമില്ല. നിഗൂഢമായ ഈ സംഘടനാസംവിധാനത്തെയാണ് “സാംസ്കാരിക സംഘടന ” എന്ന് അവരും അവരെ തലകുലുക്കി സമ്മതിക്കുന്ന മാദ്ധ്യമങ്ങളും ഓമനപ്പേരിട്ടു വിളിക്കുന്നത്.

ഏതു കൊല നടന്നാലും അതിൽ ആർ എസ് എസിനു പങ്കില്ലെന്ന് എളുപ്പം അവർക്കു കൈ കഴുകാനാവും. കാരണം ആർ എസ് എസിനോരു അംഗത്വ രജിസ്റ്ററില്ല. ഉണ്ടെങ്കിൽ തന്നെ അത് പബ്ലിക് ഡൊമൈനിൽ ലഭ്യവുമല്ല. രാഷ്ട്രപിതാവിൻ്റെ കൊലപാതകി നാഥുറാം വിനായക് ഗോഡ്സേ മുതൽ ഇന്നലെ അമ്പലമുറ്റത്തിട്ട് പതിനഞ്ചു വയസ്സുകാരനായ അഭിമന്യുവിനെ വെട്ടി നുറുക്കിയവർ വരെ ഒറ്റ കൊലയാളിയും അതിനാൽ തന്നെ ആർ എസ് എസ്സുകാരൻ അല്ല. അല്ല എന്നതിന് തെളിവെന്ത്? അവർ പറയുന്നു, അല്ല. അത്രതന്നെ.അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ച് യേശുദാസിനടക്കം വിലക്കിട്ട അമ്പലങ്ങളിലേക്ക് ആർഎസ്‌ എസിൻ്റെ ദണ്ഡ ചുഴറ്റലുകൾ വന്നു.

ക്ഷേത്ര പുനരുദ്ധാരണമെന്ന മറവിൽ രാഷ്ട്രീയ ഹിന്ദുത്വത്തിൻ്റെ ആയുധപ്പുരകളാക്കി അവർക്ക് അമ്പലങ്ങളെ മാറ്റാൻ കഴിഞ്ഞു.കേരളത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ശാഖാപരിശീലനത്തിന് സ്ഥലമൊരുങ്ങി. മൂൻജേ എന്ന പഴയ ഹിന്ദുത്വവാദി സാക്ഷാൽ മുസോളിനിയുടെ അടുത്തുനിന്ന് കൊണ്ടുവന്ന ഇറ്റാലിയൻ ഫാഷിസ്റ്റ് മിലിറ്ററി സിസ്റ്റം ഭാരതീയതയുടെയും സാംസ്കാരികദേശീയതയുടെയും മേലങ്കിയണിയിച്ച് അഭ്യസിപ്പിക്കുന്ന പാഠശാലകളാണവ. അപരവിദ്വേഷത്തിൻ്റെ വൈറസുകൾ യുവാക്കളിൽ ആഴത്തിൽ കുത്തിവെക്കപ്പെട്ടു. കേരളത്തിൻ്റെ രാഷ്ട്രീയപാരമ്പര്യത്തെ നോക്കുകുത്തിയാക്കി നടന്ന ഈ ഹിംസാ പരിശീലനത്തിൻ്റെ അനന്തരഫലമാണ് പതിനഞ്ചു വയസ്സുകാരൻ്റെ ചോര കൊണ്ട് നനഞ്ഞ തെരുവിൽ നിന്ന് ഇന്ന് നാം നേർക്കുനേരെ നേരിടുന്നത്.
അപ്രിയമായതു കൊണ്ടോ പറയാൻ ധൈര്യപ്പെടാത്തവരുടെ ആധിക്യം കൊണ്ടോ സത്യം സത്യമല്ലാതാവില്ല. ഇതാണ് യാഥാർത്ഥ്യം. എങ്ങനെ ഈ വിപത്തിനെ നേരിടാനാവും എന്നതാണ് ആധുനികകേരളം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയചോദ്യം.