നിർമ്മലാജിയുടെ വങ്കത്തരങ്ങളെ ഹിന്ദി കൊണ്ട് മറച്ച അമിത്‌ജി

5089

സാമ്പത്തിക പരിഷ്കാരങ്ങളെന്ന പേരിൽ കാണിക്കുന്ന പല വങ്കത്തരങ്ങളെയും ചർച്ച ചെയ്യാത്ത നമ്മൾ ഹിന്ദിയെ എടുത്തിട്ട് അമ്മാനമാടുന്നു. ഇവിടെ വിഡ്ഢികൾ ആരാണ് ? ശ്രീചിത്രൻ എം.ജെയുടെ പോസ്റ്റ് വായിക്കാം

Sreechithran Mj

“സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ ഇതുവരെ സാമ്പത്തികശാസ്‌ത്രം കണ്ടെത്താതെ പോയ ഒരുഗ്രൻ ഐഡിയ നിർമ്മല സീതാരാമൻ മുന്നോട്ടുവെച്ചു. ചെറിയ നികുതി വെട്ടിപ്പുകളുടെ മുകളിലുള്ള നിയമ നടപടികൾ നിർത്തിവെക്കുക എന്നാണ് ഊ.. ജ്വലമായ ഐഡിയ. നിങ്ങളാരെങ്കിലും ചർച്ച ചെയ്തിരുന്നോ?

ഇല്ലല്ലോ?

പുതിയ മാന്ദ്യം പരിഹരിക്കൽ ഉത്തേജക പാക്കേജ് ഉഡായിപ്പ് നിർമ്മലാജി ഇറക്കിയിട്ടുണ്ട്. മുൻ ഉത്തേജക പാക്കേജിനേക്കാളും കലക്കൻ ഉഡായിപ്പാണ്. നാല് മഹാനഗരങ്ങളിൽ ഷോപ്പിങ്ങ് ഫസ്റ്റിവൽ നടത്തി എല്ലാ മാന്ദ്യവും പരിഹരിക്കാം എന്നാണ് പുതിയൊരു ഉത്തേജകം. നിങ്ങളാരെങ്കിലും ചർച്ച ചെയ്തിരുന്നോ?

ഇല്ലല്ലോ?

പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ മൃഗയാവിനോദത്തിനായി ആദായ നികുതി, ആർ ഡി ഐ വകുപ്പുകളെ ചുമതലപ്പെടുത്തിയതോടെ വെട്ടിപ്പിന്റെ അളവ് കൂടിക്കൂടി സർക്കാറിനു കിട്ടേണ്ട പ്രതീക്ഷിത വരുമാനത്തിന്റെ പകുതി പോലും കിട്ടാനില്ല എന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. നിങ്ങളാരെങ്കിലും ചർച്ച ചെയ്തിരുന്നോ?

ഇല്ലല്ലോ?

യുവതലമുറ ഊബറും ഓലയും ഉപയോഗിക്കുന്നതുകൊണ്ടാണ് കാർ കമ്പനികൾ പൊളിയുന്നത് എന്നൊരു വിചിത്ര കണ്ടുപിടുത്തം നിർമ്മലാജി നടത്തിയിട്ടുണ്ട്. എന്നാൽ പിന്നെ അതങ്ങ് നിർത്തി, സർക്കാറിനാ പണി നടത്തിക്കൂടേ എന്ന ചോദ്യം ആരും ചോദിച്ചിട്ടില്ല. നിങ്ങളാരെങ്കിലും ചർച്ച ചെയ്തിരുന്നോ?

ഇല്ലല്ലോ?

30 നഗരങ്ങളിലായി 12 ലക്ഷം ഫ്ലാറ്റുകൾ പണിയും തീർന്ന് പൊടിയും പിടിച്ച് കെട്ടിക്കിടക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗികം വേറെയുണ്ട്. അപ്പോഴാണ് ലാസ്റ്റ് മൈൽ ഫണ്ടിങ്ങ് നടത്തി 8 ലക്ഷം ഫ്ലാറ്റ് കൂടി കെട്ടിപ്പൊക്കാൻ പോകുന്നത്. ഇത്രേം ചതുരമുറികൾ രാജ്യത്തു പൂട്ടിയിടുന്നത് ഏത് നാഗവല്ലിയെ തളക്കാനുള്ള തെക്കിനികളുണ്ടാക്കാനാണെന്ന് ആർക്കുമറിയില്ല. നിങ്ങളാരെങ്കിലും ചർച്ച ചെയ്തിരുന്നോ?

ഇല്ലല്ലോ?

നൂറുകോടി ജനങ്ങളുടെ പർച്ചേസിങ്ങ് പവർ തകർത്തു തരിപ്പണമാക്കി ഡിമാൻഡ് നശിപ്പിച്ച നോട്ടുനിരോധനം എന്ന സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും വലിയ അഴിമതി ക്രമേണ മധ്യവർഗത്തിന്റെ ക്രയശേഷിയും ഇടിച്ചു വീഴ്ത്തി ഒരു പാപ്പർസൂട്ട് രാജ്യത്തെ സൃഷ്ടിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? എന്നിട്ട് നിങ്ങളാരെങ്കിലും ചർച്ച ചെയ്തിരുന്നോ?

ഇല്ലല്ലോ?

ശിശുക്ഷേമത്തിൽ നിന്ന് ധനകാര്യത്തിലെത്തിയ നിർമ്മലാജിയുടെ ശൈശവലീലകൾ നമ്മുടെ നട്ടെല്ല് തകർക്കുന്നത് നിങ്ങളറിയുന്നുണ്ടോ? എന്നിട്ട് നിങ്ങളാരെങ്കിലും ചർച്ച ചെയ്തിരുന്നോ?

ഇല്ലല്ലോ?

മറ്റേ ഗോസായി “ഹിന്ദി ഹമാരാ രാഷ്ട്രഭാഷ ഹും, ഹോ” എന്നൊരു ഗുണ്ടടിച്ചു പോയതിലെ ചർച്ച കൊഴുക്കുന്നുണ്ടല്ലോ അല്ലേ? എത്രശതമാനം സംസ്കൃതം, സന്ധിയെങ്ങനെ, സമാസമെങ്ങനെ, തും കർത്താവായി വരുമ്പോൾ കും ചേർക്കണോ, കാകോകീ നെകൊസെ മെപർകേലിയേ…

മതി. സമാധാനം. ചർച്ച തുടരട്ടെ.”