ഇതിലൊക്കെ ജാതിയെവിടെ എന്ന് ആശ്ചര്യപ്പെടുന്ന കപട നിഷ്പക്ഷമതികൾക്ക്

236

ജാതി കാണാൻ കഴിയാത്തവർക്കായി Sreechithran Mj എഴുതിയത്

പാലക്കാട് മെഡിക്കൽ കോളേജ് സംഭവത്തിന്റെ പലതരം വായനകൾ ഇതിനിടെ വന്നു കഴിഞ്ഞു. പഴയ ഒരു വീഡിയോ ക്ലിപ്പിൽ പ്രസ്തുതമേനോൻ തങ്കപ്പെട്ട മനുഷ്യനാണെന്ന് അദ്ദേഹത്തെയിരുത്തി തന്നെ ബിനീഷ് ബാസ്റ്റിൻ പറയുന്നു. ആ വീഡിയോ ക്ലിപ്പിനെപ്പറ്റി പുതിയൊരു ക്ലിപ്പിൽ അങ്ങനെയാണ് താൻ കരുതിയിരുന്നതെന്നും ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ലെന്നും ബിനീഷ് പറയുന്നു. സംഭവങ്ങൾ നിരീക്ഷിക്കുന്ന ‘നിഷ്പക്ഷമതി’കൾ വിഷയത്തിൽ ജാതിയൊന്നൊരു പ്രശ്നമേയില്ലെന്ന് നിരീക്ഷിക്കുന്നു. ചിലർ പ്രധാന കുറ്റവാളി പ്രിൻസിപ്പാളാണെന്ന് വാദിക്കുന്നു. സംഭവത്തിന്റെ വീഡിയോ ഇത്തരത്തിൽ പിടിച്ച് പബ്ലിഷ് ചെയ്തതിന്റെ ലക്ഷ്യം തന്നെ വാളയാർ ചർച്ചയെ അട്ടിമറിക്കലാണെന്ന് മറ്റു ചില സൂക്ഷ്മദൃക്കുകൾ കണ്ടെത്തുന്നു. ചിലക്ക് മേനോനങ്ങനെ ചെയ്യുമോ എന്ന നെടുവീർപ്പ് വരുന്നു. ഇങ്ങനെ പല പല വായനകൾ. ഒരു പ്രിസത്തിലെന്നവണ്ണം ഒരേ വസ്തുവിന്റെ നൂറായിച്ചിതറിയ കാഴ്ച്ചകൾ. നേരേത് നുണ യേത് വിതയേത് പതിരേതെന്ന് ആർക്കും മനസ്സിലാക്കാനാവാത്ത വാഗ് ലീലകൾ. ഒർഹാൻ പാമുക് തോറ്റു പോകുന്ന സംഭവപ്പലമകൾ.

വിർച്വൽ വിവാദങ്ങളുടെ ഗതി ഏറെക്കാലമായി ഇങ്ങനെയായതുകൊണ്ട് ഒരത്ഭുതവും തോന്നുന്നില്ല. വ്യക്തികൾ എന്ന നിലയിൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്നവരുടെ നന്മ തിൻമകൾ, പരസ്പരബന്ധങ്ങൾ എന്നിവയിലൊന്നും താൽപര്യവുമില്ല. ഇന്നലെ പാലക്കാട് മെഡിക്കൽ കോളേജിലെ പരിപാടിയിലുണ്ടായ സംഭവമെന്ന യഥാർത്ഥ്യത്തോട് മാത്രമാണ് പ്രതികരിച്ചത്. അതിനപ്പുറവുമിപ്പുറവും വരുന്ന ടിപ്പണികൾക്കല്ല.

ഇക്കാര്യത്തിൽ ഒരേയൊരു കാര്യത്തെക്കുറിച്ച്
അൽപ്പം കൂടി:

ഈ പ്രശ്നത്തിൽ ജാതിയെവിടെ എന്ന് അമ്പരക്കുന്ന നിഷ്കളങ്ക ബുദ്ധികൾ ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയാത്തവരാണ്. പ്രത്യക്ഷത്തിൽ സംവിധായകമേനോനോ പ്രിൻസിപ്പാളോ മറ്റാരെങ്കിലുമോ ബിനീഷിനെ ജാതിപ്പേര് വിളിച്ചോ മറ്റോ അധിക്ഷേപിച്ചാൽ മാത്രമല്ല ജാതിവിവേചനമുണ്ട് എന്നു തിരിച്ചറിയേണ്ടത്.

സണ്ണി കപിക്കാട് ലളിതമായൊരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാറുണ്ട്:

” നിങ്ങൾ ഒരോഫീസിൽ കയറിച്ചെല്ലുമ്പോൾ അവിടെയുള്ള വെളുത്തു സുമുഖനായ ഉദ്യോഗസ്ഥൻ നിങ്ങൾക്ക് ഷെയ്ക്ക് ഹാൻഡ് തന്ന് പരിചയപ്പെടുന്നു. “ഹലോ, ഞാൻ വിശ്വനാഥ് മേനോൻ ”
നേരെ മറിച്ച് കറുത്തൊരാൾ അതേ സ്ഥാനത്തിരുന്ന് നിങ്ങൾക്ക് കൈ തന്ന് ” ഞാൻ ചാക്കോ ” എന്ന് പറയുന്നു.
പ്രത്യേകിച്ചൊന്നും ചെയ്യാതെത്തന്നെ നിങ്ങളുടെ മനസ്സിൽ വിശ്വനാഥ് മേനോൻ കൊള്ളാവുന്ന ഒരോഫീസറാണെന്നും നിങ്ങളുടെ കാര്യങ്ങൾ നടക്കുമെന്നും ഒരു തോന്നൽ രൂപപ്പെടും. നേരെ മറിച്ച് ചാക്കോ ആളത്ര പോരെന്നും കാര്യപ്രാപ്തി കുറവായിരിക്കുമെന്നും ഒരു അതൃപ്തിയും രൂപപ്പെടും. ചിലപ്പോൾ വസ്തുത നേരെ തിരിച്ചായിരിക്കും, വിശ്വനാഥ് മേനോൻ കാര്യ പ്രാപ്തിയില്ലാത്തവനും ചാക്കോ മിടുക്കനുമാവാം – പക്ഷേ ആദ്യ കാഴ്ച്ചയിൽ തന്നെ നിങ്ങൾ മാർക്ക് ഇട്ടു കഴിഞ്ഞു. പിന്നെ അതിനെ സാധൂകരിക്കുന്ന പകുതിപ്പണി വിശ്വനാഥ് മേനോന് എടുത്താൽ മതി. ചാക്കോയുടെ മേൽ നിങ്ങൾ കണ്ടയുടനെ ഇട്ട മൈനസ് മാർക്ക് തിരുത്തപ്പെടണമെങ്കിൽ അയാൾ ഇരട്ടി പ്രകടനം കാഴ്ച്ചവെക്കേണ്ടിയിരിക്കുന്നു. ഇതാണ് ജാതിയുടെ പ്രിവിലേജ്.”

സംവിധായകൻ മേനോന് ഒരുളുപ്പുമില്ലാതെ ബിനീഷിനൊപ്പം ഞാൻ വേദി പങ്കിടില്ല എന്ന് പറയാനായത്, അതു കേട്ടയുടനേ എന്നാലങ്ങനെത്തന്നെ, ബിനീഷിനെ അനുനയിപ്പിച്ച് റൂമിലിരുത്താം എന്ന് പ്രിൻസിപ്പാൾക്ക് തോന്നിയത്, ഇതിനെല്ലാം മുട്ടുമടക്കി കൂട്ടുനിൽക്കാൻ യൂനിയൻ ചെയർമാനും ഭാരവാഹികൾക്കും തോന്നിയത്, ബിനീഷ് വേദിയിലേക്ക് കയറുമ്പോൾ പോലീസിനെ വിളിക്കും, സെക്യൂരിറ്റി വിളിക്കും എന്ന് കൈ ചൂണ്ടി വിറയ്ക്കാൻ പ്രിൻസിപ്പാൾക്ക് കഴിഞ്ഞത്, അത്രയും കണ്ണീരോടെ ഒരു കലാകാരൻ പറയുന്നത് കേട്ടിട്ടും ഒരു കയ്യടി മാത്രം നൽകി സംവിധായകമേനോന്റെ ബാക്കി പ്രസംഗം കേട്ടിരിക്കാൻ ആ സദസ്സിലുള്ള വിദ്യാർത്ഥികൾക്കാകെ തോന്നിയത്, അവസാനം ഇപ്പോൾ ” ഇതിലൊക്കെ ജാതിയെവിടെ?” എന്ന് നിങ്ങളിൽ പലരും ആശ്ചര്യപ്പെടുന്നത് –

ഇതിന്റെയെല്ലാം പേരാണ് ജാതിബോധം.