ഇലക്ഷൻ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ജനാധിപത്യസംവിധാനത്തിലെ പാളിച്ചകൾ

225

Sreehari Sreedharan

വളരെ കഷ്ടപ്പെട്ട് മനുഷ്യർ വളർത്തിക്കൊണ്ട് വന്ന ഒരാശയമാണ് ജനാധിപത്യം. അത് നിരന്തരമായി പരിണമിച്ച് കൊണ്ടിരിക്കുകയും വേണം. ഇലക്ഷൻ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ജനാധിപത്യസംവിധാനം ഉണ്ടാക്കിക്കൊണ്ടുവന്നപ്പോൾ വലിയ കുറേ പാളിച്ചകളും പറ്റിയിട്ടുണ്ട്. അമിതവും അനാരോഗ്യകരവും ആയ കോമ്പറ്റീഷൻ – മത്സരബുദ്ധി – പാർട്ടികൾക്കിടയിൽ ഉണ്ടായിപ്പോയിട്ടുണ്ട്. മത്സരം മാത്രമല്ല ജീവിവർഗത്തിന്റെ നിലനില്പിനും നന്മയ്ക്കും ആവശ്യം മറിച്ച് സഹകരണം കൂടിയാണ്. എന്നാൽ മത്സരം മാത്രമായി രാഷ്ട്രീയം മാറുമ്പോൾ അനരോഗ്യകരമായ കുറേ പ്രവണതകൾ ജനാധിപത്യത്തിൽ കടന്നുകൂടുന്നു. സദാസമയവും – ശരിയോ തെറ്റോ സത്യമോ നുണയോ – എന്നില്ലാതെ പരസ്പരം ആക്രമിച്ച് കൊണ്ടിരിക്കുക എന്നതാണ് രാഷ്ട്രീയപ്പാർട്ടികൾക്ക് സാധ്യമായുള്ളത്. നിലനില്പിനും ഇലക്റ്ററൽ ജയങ്ങൾക്കും അത് നിർബന്ധമാണ് എന്ന് വരുന്നു.

ഇതിന്റെ മറ്റൊരു ദോഷവശമാണ് ഒരു ദൗർബല്യവും പുറത്ത് കാണിക്കാൻ പാടില്ല എന്നത്. മനുഷ്യർ എല്ലാവരും ശക്തിദൗർബല്യങ്ങൾ അടങ്ങിയവർ ആണെന്നത് പോലെ അവരുടെ കൂട്ടായ്മകളും അങ്ങനെ ആവാനേ സാധിക്കയുള്ളൂ. Owning up to a mistake , ഒരു തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാർട്ടികൾക്കും മുന്നണികൾക്കും സാധിക്കാതെ പോകുന്നുണ്ട്, നിലവിൽ. ഒന്നുകിൽ തങ്ങൾ ചെയ്തതിലോ പറഞ്ഞതിലോ ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് മാത്രം പറയുക, അല്ലെങ്കിൽ വാട്ടെബൗട്ടറി വഴി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുക. പാർട്ടികൾക്ക് ആകെ സാധിക്കുന്നത് ഇതിനാണ്. ജനാധിപത്യത്തിൽ ഏറ്റവും അവശ്യവസ്തു ആയിട്ടുള്ള അക്കൗണ്ടബിളിറ്റിയെ ഇല്ലാതാക്കുന്നതിൽ ഇതിനും വലിയ ഒരു പങ്കുണ്ട്. ഏത് ആശയവും നിലനിൽക്കണമെങ്കിലും ഗുണകരമാവണമെങ്കിലും കാലാനുസൃതമായി അത് പരിണമിച്ച് കൊണ്ടിരിക്കണം. ജനാധിപത്യത്തിൽ സ്വാഭാവികമായുണ്ടാകേണ്ട കുറേ മാറ്റങ്ങൾ സംഭവിക്കാതെ പോയി. അധികാരത്തിന്റെ വികേന്ദ്രീകരണമാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്.

Checks and balances ഇൽ ഊന്നിയ ഒന്നിലധികം ഇൻസ്റ്റിറ്റ്യൂഷൻസ് ചേർന്ന ഭരണകൂടവ്യവസ്ഥ ഒക്കെ നിലവിൽ വന്നിട്ടെത്രയോ പതിറ്റാണ്ടുകൾ ആയി, ചിലയിടത്ത് നൂറ്റാണ്ടിലധികവും. ഇനിയുണ്ടാവേണ്ടത് അധികാരവും സാമ്പത്തികനിർണയങ്ങളും നേരിട്ട് ജനങ്ങളിലേക്കെത്തുന്ന വിധം പങ്കാളിത്തജനാധിപത്യം ആയിരുന്നു. ദൗർഭാഗ്യവശാൽ ശൈശവത്തിലെ ആ ആശയം ഇല്ലാതാക്കപ്പെട്ടു. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളിൽ വിവരസാങ്കേതികവിദ്യയുടെ പെട്ടെന്നുള്ള കുതിച്ച് ചാട്ടം ലോകത്തെ എതിർദിശയിലേക്ക് നയിക്കുന്നതിന് കാരണമാവുകയും ചെയ്തു. വാർത്താവിനിമയം ലളിതമാക്കപ്പെട്ടതോടെ പി.ആർ വർക്കുകൾ മാർക്കറ്റിന്റെയും പൊളിറ്റിക്ക്സിന്റെയും ജീവനാഢി ആയി മാറ്റപ്പെട്ടു. പോസ്റ്റ്-ട്രൂത്ത് എന്ന് പേരിട്ട് വിളിക്കപ്പെടുന്ന പ്രതിഭാസം ഉണ്ടാവുന്നത് ഇങ്ങനെ ആണ്. നുണകൾ സത്യത്തിൽ അധികാരവുമായി ബന്ധപ്പെട്ട് ഒരു പുതിയ പ്രതിഭാസമേ അല്ല. ജനാധിപത്യത്തിന് മുൻപുള്ള ഒരു കാലത്ത് രാഷ്ട്രീയാധികാരവും മതാധികാരവും നിലനിന്നിരുന്നത് നിരവധി നുണകൾക്ക് മേലെ ആയിരുന്നു. ഫാന്റസികൾ. അവയ്ക്കൊരു നിയന്ത്രണം ഉണ്ടാവുകയും ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉണ്ടാവുകയും ചെയ്യണം എന്നത് ജനാധിപത്യമൂല്യങ്ങളുടെ ഭാഗമായി മാറി.

ഇതിനേറ്റവും വലിയ തിരിച്ചടി നേരിട്ടത് കഴിഞ്ഞ നൂറ്റാണ്ടിൽ യൂറോപ്പിൽ ഫാസിസത്തിന്റെ വളർച്ചയോടെയാണ്. മഹായുദ്ധത്തിന്റെ അന്ത്യത്തോടെ വീണ്ടും പ്രതീക്ഷകൾ ഉണ്ടായിരുന്നു. ശീതയുദ്ധകാലം നുണകളുടെ കാലം കൂടെ ആയിരുന്നു എന്ന് മറക്കേണ്ടതില്ല, എങ്കിലും അക്കൗണ്ടബിളിറ്റിയുടെ കാര്യത്തിൽ പുരോഗതി നേടിക്കൊണ്ടിരുന്നു. എന്നാൽ ഇന്ന് വീണ്ടും നുണകളും ഫാന്റസികളും ലോകത്തെ ഭരിക്കുകയാണ്. വിവരസാങ്കേതികതയുടെ വളർച്ച സ്റ്റേയ്റ്റിനെ ഇന്ന് വീണ്ടും omnipotent ആയി മാറ്റിയിട്ടുണ്ട്. മാർക്കറ്റും സ്റ്റേയ്റ്റും തമ്മിൽ വളരെ അടുപ്പവും നേടിക്കഴിഞ്ഞു. Political dissent വീണ്ടും പരിപൂർണമായും ദുഷ്കരമാവുകയാണ്. പരിപൂർണമായും അധികാരത്തിൽ പിടിമുറുക്കുക എന്നതാണ് ഇന്നിപ്പോൾ അധികാരത്തിലെത്തുന്ന എല്ലാ പേരും ആഗ്രഹിക്കുന്നത്. ലോകത്ത് എല്ലായിടങ്ങളിലും, ചുരുങ്ങിയത് വലിയ ആഭ്യന്തരയുദ്ധങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ എങ്കിലും, നിലവിലെ അധികാരം ഭസ്മാസുരന്റെ വരമായി സാങ്കേതികവിദ്യയെ ഉപയോഗിക്കുന്ന ഒരു കാലമാണ് വരുന്നതെന്ന് തോന്നുന്നു. അധികാരവികേന്ദ്രീകരണത്തിലേക്കുള്ള ഒരു യാത്ര ഇനി സമീപഭാവിയിൽ എങ്ങും സാധ്യമാണെന്ന് തോന്നുന്നില്ല. ഇതിനിടയിൽ മാർക്കറ്റ് പരിസ്ഥിതിയെയും ഗ്രഹത്തെയും ബാക്കി വെച്ചേക്കുകയാണെങ്കിൽ മനുഷ്യർ വീണ്ടും യുക്തിയുടെയും സഹകരണത്തിന്റെയും പാതയിലേക്ക് തിരിച്ചെത്തും എന്ന് മാത്രം പ്രതീക്ഷിക്കാം.