ശവം പോലും കൊത്തി വലിക്കുന്ന കഴുകന്മാർ, ചർച്ച കണ്ടാൽ തോന്നുക ലവ് ജിഹാദ് എന്ന പെരും നുണയുടെ ഉപജ്ഞാതാവായിരുന്നു അനിൽ പനച്ചൂരാൻ എന്നാണ്

166

Sreeja Neyyattinkara

മരിച്ചുപോകുന്ന ആർക്കും ആദരാഞ്ജലികൾ ഒരു അനിവാര്യതയേ അല്ല… ആ വ്യക്തിക്ക് ചുറ്റും നിന്ന കുറേ മനുഷ്യരുടെ ഉള്ളിൽ ഓർമ്മകളുടെ കൂമ്പാരം നിറച്ചു വച്ചിട്ടാകും ഓരോ മനുഷ്യരും മരിച്ചു പോകുക… അതിൽ നല്ലതും ചീത്തയും ഒക്കെയുണ്ടാകും ..അനിൽ പനച്ചൂരാന്റെ ലവ് ജിഹാദിനെ കുറിച്ചുള്ള കവിതയാൽ മുറിവേറ്റ കുറേ മനുഷ്യരുണ്ട് … അവർക്ക് തീർച്ചയായും പനച്ചൂരാൻ ആദരാഞ്ജലിക്ക് അർഹനായ ഒരാൾ ആയിരിക്കില്ല… അതവരുടെ സ്വാതന്ത്ര്യം….എന്നെ സംബന്ധിച്ച് അദ്ദേഹം ആദരാഞ്ജലിക്ക് അർഹനായ മനുഷ്യനാണ് … അദ്ദേഹത്തിന്റെ പല കവിതകളും ആ ശബ്ദവും എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു… അദ്ദേഹത്തിന്റെ വിപ്ലവ വരികൾ ഞാനേറെ ആസ്വദിച്ചിരുന്നു … ഉള്ളിൽ വിപ്ലവം സൂക്ഷിച്ച കവിയായി അടയാളപ്പെടുത്താൻ തന്നെയാണിഷ്‌ടവും… ആ തൂലികയിൽ നിന്നടർന്നു വീണ വിപ്ലവ വരികളെ നിരാകരിക്കാനാകില്ല…ഇത്ര പെട്ടെന്ന് പോകേണ്ട മനുഷ്യൻ ആയിരുന്നില്ലദ്ദേഹം … വിപ്ലവം സംസാരിക്കുന്ന ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു അവസാന ദിനങ്ങൾ പോലും … ആ സ്വപ്നം ബാക്കി വച്ചദ്ദേഹം കടന്നു പോകുമ്പോൾ വേദന തന്നെയാണ്.

ചിലരുടെ കുറിപ്പ് കണ്ടു… സാംസ്‌കാരിക പ്രവർത്തകർ മരിച്ചു കഴിഞ്ഞാൽ മാന്യമായ അനുശോചനം കിട്ടണമെങ്കിൽ സംഘിയാകാതിരിക്കുക എന്നതാണ് കുറിപ്പുകളുടെ രത്നച്ചുരുക്കം . എഴുതുന്നവർ നിഷ്കളങ്കർ ആയതുകൊണ്ട് അവരുടെ ധാരണ ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുത്വയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് മരിച്ചു പോയാൽ കുറച്ചു ഫാസിസ്റ്റ് വിരുദ്ധരുടെ അനുശോചനം വേണം എന്ന ആഗ്രഹം ഉണ്ടാകും എന്നാണ്…അങ്ങനൊരാഗ്രഹമൊക്കെ അവർക്കുണ്ടെങ്കിൽ അവർ ആ നെറികെട്ട പണി ചെയ്യില്ലല്ലോ … ഇത് ഹിന്ദുത്വയിൽ മുങ്ങി നിൽക്കുന്ന നാടാണ് പൊതുബോധം ഹിന്ദുത്വയ്ക്കൊപ്പമാണ്. സോഷ്യൽ മീഡിയയിൽ വിമർശനങ്ങളെഴുതി ആത്മരതി കൊള്ളാം എന്നല്ലാതെ, ആ വിമർശനങ്ങൾ ഹിന്ദുത്വയ്ക്ക് തന്നെ വളമാകും എന്നല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല… ഹിന്ദുത്വ പൊതുബോധം സുഗതകുമാരിക്കും അക്കിത്തത്തിനും എന്തിനു പരമേശ്വരന് പോലും നൽകിയ പരിഗണന കേരളം കണ്ടതാണ് എന്നാൽ ആ പരിഗണന പനച്ചൂരാന് നൽകില്ല എന്നതും യാഥാർഥ്യമാണ്… ഹിന്ദുത്വയിൽ ചവിട്ടി നിന്ന് മരിക്കുക എന്നത് പോലും പ്രിവിലേജായ ഒരു സ്റ്റേറ്റിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്…അഥവാ നിങ്ങളുടെ ആദരാഞ്ജലികൾ ആർക്കു വേണം എന്നാണ് ഹിന്ദുത്വ നമ്മളോട് ചോദിക്കാതെ ചോദിക്കുന്നത്….

ആരായിപ്പറയണതും വിധിക്കുന്നതും…പത്തരമാറ്റ് സംഘികളെ ക്ഷണിച്ചിരുത്തി വിരുന്നൂട്ടിയും മൂത്ത സംഘി ഗവർണറാകാൻ പോയപ്പോൾ യാത്രയയപ്പ് നൽകിയും വെളുപ്പിക്കുന്ന നേതാക്കളുടെ അനുയായികൾ…. മുഴുത്ത ഹിന്ദുത്വ വാദിയെ സാംസ്‌കാരിക പട്ടം നൽകി വേദി കൊടുത്ത സംഘടനയിലെ അണികൾ … തീർന്നില്ല വംശഹത്യ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവ് ചത്തപ്പോൾ എഡിറ്റോറിയൽ പേജ് തന്നെ മാറ്റി വച്ചവരുടെ ശിഷ്യ ഗണങ്ങൾ…. ഇത്രമേൽ സംഘികൾക്ക് കുഴലൂതിയവർക്കെന്തു യോഗ്യതയുണ്ട് മറ്റുള്ളവരെ വിധിക്കാനും വിമർശിക്കാനും…ചർച്ച കണ്ടാൽ തോന്നുക ലവ് ജിഹാദ് എന്ന പെരും നുണയുടെ ഉപജ്ഞാതാവായിരുന്നു അനിൽ പനച്ചൂരാൻ എന്നാണ് …
ശവം പോലും കൊത്തി വലിക്കുന്ന കഴുകന്മാർ

ലവ് ജിഹാദിനെ കുറിച്ച് അനിൽ പനച്ചൂരാൻ എഴുതിയ കവിതയും കുമ്മനം രാജശേഖരൻ തന്റെ രാഷ്ട്രീയ പ്രചരണ യാത്രയ്ക്ക് ആ കവിത ഉപയോഗിച്ചതും നേരത്തേ തന്നെ ചർച്ചയായതാണ് … അദ്ദേഹത്തിന്റെ സകലമാന കവിതകളും പൊളിറ്റിക്കലായി ശരിയാണ് എന്ന നിലപാടുകാരിയുമല്ല ഞാൻ .. എന്നാൽ ആ കവിത തെറ്റാണ് എന്ന് പറയുന്നതിനപ്പുറം ആ ഒരൊറ്റ കവിത വച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ വിരൽ ചൂണ്ടാനോ അദ്ദേഹത്തെ സംഘാവ് എന്ന് അഭിസംബോധന ചെയ്യാനോ ഞാൻ ആളല്ല…. കാരണം ലവ് ജിഹാദ് എന്ന പെരും നുണ സമൂഹത്തിൽ എത്രമാത്രം വേരാഴ്ത്തിയിരിക്കുന്നു എന്ന് എനിക്ക് നന്നായറിയാം…. സംഘ് പരിവാർ വിരുദ്ധ രാഷ്ട്രീയമുള്ള, ബി ജെ പി അധികാരത്തിൽ വരരുത് എന്ന ജാഗ്രതയിൽ സി പി എമ്മിനും കോൺഗ്രസിനുമൊക്കെ വോട്ട് ചെയ്യുന്ന എത്രയോ സുഹൃത്തുക്കൾ ലവ് ജിഹാദ് ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു…

എന്റെ പത്തു അമുസ്‌ലിം സുഹൃത്തുക്കളെ മാറ്റി നിർത്തി ലവ് ജിഹാദിനെ കുറിച്ച് സംസാരിച്ചാൽ അവരിൽ ഒൻപതു പേരും ലവ് ജിഹാദ് ഉണ്ടെന്നു പറയും. ഒരാൾ പറയുക സംശയം ഉണ്ട് എന്നായിരിക്കും …. ഉടനെ അവർക്ക് സംഘ് മുദ്ര പതിച്ചു നൽകാൻ ഞാൻ ആളല്ല … ഏത് കോടതി പറഞ്ഞിട്ടും സംഘ് പരിവാർ മാത്രമല്ല ക്രിസ്ത്യൻ സമൂഹം പോലും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ലവ് ജിഹാദ് പ്രചാരണത്തെ മറികടക്കാൻ മാത്രം വിശാലമല്ല നമ്മുടെ പൊതുബോധം … ആ പ്രചാരണത്തിൽ വിശ്വസിക്കുന്നവർ സംഘികൾ മാത്രമല്ല … ഭൂരിപക്ഷ വർഗീയത മാത്രമല്ല ന്യൂനപക്ഷ വർഗീയതയും ഉണ്ടെന്ന് വിശ്വസിക്കുന്നതു പോലെ അല്ലെങ്കിൽ അതിനേക്കാളപ്പുറം പൊതുബോധം വിശ്വസിക്കുന്ന ഒന്നാണ് ലവ് ജിഹാദ്… ആ പൊതുബോധത്തിന്റെ ഭാഗ്മാണ് പനച്ചൂരാനും … പ്രണയത്തെ കുറിച്ച് സദാ സമയവും ഭ്രാന്തമായി പാടി നടന്നിരുന്ന പനച്ചൂരാൻ ലവ് ജിഹാദിനെ കുറിച്ച് കവിതയെഴുതിയതിൽ എനിക്ക് യാതൊരു അതിശയോക്തിയുമില്ല … ആ പൊതുബോധത്തിൽ നിന്ന് അദ്ദേഹം ഇറങ്ങി വരണമെന്ന് നമുക്ക് ആഗ്രഹിക്കാനേ കഴിയൂ.


മിണ്ടിയാൽ പൊറോട്ട എന്നൊരു കഥ സുഹൃത്ത് Abid Adivaram ആബിദ് പറഞ്ഞു കേട്ടിട്ടുണ്ട്… അതുപോലെയാണ് മിണ്ടിയാൽ പിടിച്ച് സംഘിണിയാക്കുന്നത്…. നോൺ മുസ്‌ലിം പേരാണേൽ പിന്നെ പറയുകയും വേണ്ട അപ്പൊ കിട്ടും ചാപ്പ… തങ്ങൾക്കു താല്പര്യമില്ലാത്ത വിഷയം പറയുമ്പോഴാണ് ഇക്കൂട്ടർ ഈ നെറികെട്ട പണി ചെയ്യുന്നത്…. ഇന്ന് എനിക്കും അപ്പൂനും Aparna Sivakaamiആണീ ചാപ്പ കിട്ടിയത് …

അല്ല മനുഷ്യരേ നിങ്ങൾ എന്താണ് കരുതിയിരിക്കുന്നത് എതെങ്കിലും വിഭാഗത്തോടുള്ള പ്രത്യേക സ്നേഹം കൊണ്ടോ അല്ലെങ്കിൽ അവരെ ഭയന്നിട്ടോ മറ്റോ ആണ് ഞങ്ങളെ പോലുള്ളവർ സംഘ് പാളയത്തിൽ എത്താതിരിക്കുന്നത് എന്നാണോ? അതോ നിങ്ങളാരെങ്കിലും പിടിച്ചു നിർത്തിയിട്ടാണെന്നോ? അതോ നിങ്ങൾ നൽകുന്ന സംഘിയല്ല സർട്ടിഫിക്കറ്റിനോടുള്ള പൂതി കൊണ്ടാണെന്നോ…?
സ്വത്വ ബോധവും അടിയുറച്ച ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയവും ജനാധിപത്യ – മതേതര ചിന്തകളും, നീതി ബോധവും ആണ് സംഘി ആകാതിരിക്കാനുള്ള ഞങ്ങളുടെ കാരണങ്ങൾ …. അല്ലാതെ നിങ്ങൾ സംഘിണി ചാപ്പ കുത്തിയാൽ ഉടൻ ഒലിച്ചു പോകുന്ന ദുർബലമായ രാഷ്ട്രീയ ജീവിതമല്ല ഞങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്നത് … സംഘ് പാളയത്തിലേക്ക് കയറാൻ
മുട്ടി നിൽക്കുന്നവരല്ല ഞങ്ങൾ … ആരേയും കണ്ടിട്ടല്ല ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം സംസാരിക്കുന്നത്… ഓരോ നിമിഷവും റിസ്ക് എടുത്ത് തന്നെയാണ് ആ രാഷ്ട്രീയം സംസാരിച്ചു കൊണ്ടിരിക്കുന്നത്.. ഒന്ന് വീതം മൂന്നു നേരം ഭീഷണികളും പച്ചത്തെറിയും അശ്ളീലതയും തീവ്രവാദ വിളിയും ലൈംഗികാധിക്ഷേപങ്ങളും അതിജീവിച്ചു ഈ രാഷ്ട്രീയം സ്വീകരിച്ചിരിക്കുന്നത് മറ്റാർക്കും വേണ്ടിയല്ല സ്വന്തം രാഷ്ട്രീയത്തോട് സത്യസന്ധത പുലർത്താനാണ്… അതുകൊണ്ടു തന്നെ നിങ്ങൾ നൽകുന്ന ചാപ്പയ്ക്ക് വില കല്പിക്കുകയോ നിങ്ങളെ തൃപ്തിപ്പെടുത്താൻ നിലപാട് സ്വീകരിക്കുകയോ ചെയ്യില്ല…

സ്ത്രീ എന്ന നിലയിൽ ഞാനും അപ്പുവുമൊക്കെ ഹിന്ദുത്വ ഫാസിസത്തിന്റെ ഇരകളാണ് അതുകൊണ്ടാണ് ഹിന്ദുത്വ ഫാസിസത്തിന്റെ ഇരകളായ മുസ്ലീങ്ങൾക്കൊപ്പം നിന്നിട്ടുള്ളത് അതുകൊണ്ടാണ് മുസ്‌ലിം – ദലിത് – ആദിവാസി – ക്വീർ പക്ഷ രാഷ്ട്രീയം സംസാരിക്കുന്നത്… അഥവാ ഇരകൾക്കൊപ്പം ചേർന്ന് നിൽക്കുക എന്ന രാഷ്ട്രീയം….
അതുകൊണ്ടു തന്നെ പറയട്ടെ നിങ്ങൾ നൽകുന്ന സംഘി സർട്ടിഫിക്കറ്റുകൾക്ക് പുല്ലുവില.. അത് കയ്യിൽ വച്ചേക്കുക…
പക്ഷേ കണ്ണുമടച്ചു അപ്പൂനെയൊക്കെ പിടിച്ച് സംഘി ആക്കുന്ന ഊളകൾ ഒന്ന് മനസ്സിലാക്കണം സമാനതകളില്ലാത്ത റിസ്ക് എടുത്തിട്ടാണ് ആ സ്ത്രീ പൗരത്വ പ്രക്ഷോഭകാലത്തെ ജനകീയ ഹർത്താലിന് ഐക്യദാർഢ്യം നൽകിയത് .. പോലീസും ഭരണ – പ്രതിപക്ഷങ്ങളും സൈബർ ഇടതുപക്ഷവും ഒരുപോലെ തകർക്കാൻ ശ്രമിച്ച ആ ഹർത്താൽ സംഘാടനത്തിന് ഞാൻ അനുഭവിച്ച നോവ് പേറ്റു നോവിനെക്കാൾ വലുതാണ് അന്ന് പിന്മാറാതെ ഒപ്പം നിന്ന മനുഷ്യരിൽ ഒരുവളാണ് അപർണയെന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമുള്ള എന്റെ സുഹൃത്ത് … അവളെയാണ് അവസരം കിട്ടിയാൽ സംഘ് പാളയത്തിൽ എത്തുമെന്നു ഒരുളുപ്പും കൂടാതെ ഒരൂള പ്രഖ്യാപിച്ചത് … അപ്പുവും ഞാനുമൊക്കെ വെറുക്കുന്ന പ്രത്യയ ശാസ്ത്രമാണ് സംഘ് പരിവാർ പ്രത്യയ ശാസ്ത്രം… ആ വെറുപ്പ് ചാപ്പയും കൊണ്ട് നടക്കുന്നവർ ഞങ്ങൾക്ക് സംഭാവന ചെയ്തതല്ല വായനയിലൂടെയും പഠനത്തിലൂടെയും ഇടപെടലുകളിലൂടെയും ആർജ്ജിച്ചെടുത്തതാണ്.എനിക്കും അപ്പുവിനുമിടയിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഞങ്ങളെ ചേർത്ത് നിർത്തുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രവും അത് തന്നെയാണ് …

ആറു മാസത്തിനിടയിൽ രണ്ടാം തവണയാണ് എനിക്ക് സംഘി ചാപ്പ കിട്ടുന്നത്… ആദ്യം ഉർദുഗാൻ വിഷയം ഇപ്പോൾ പനച്ചൂരാൻ .ഒരു മാളത്തിൽ നിന്ന് ഒരു വട്ടം കടിയേറ്റു ഇനിയും കടിയേറ്റാൽ പ്രപഞ്ചം അതിനെ കഴിവ് കേടെന്ന് വിളിക്കും… സൊ അത്തരക്കാരുമായി ഒരു രാഷ്ട്രീയ സൗഹൃദവും ഇഷ്ടപ്പെടുന്നില്ല.