കൂട്ടത്തിലൊരു സ്ത്രീ ഇത്തരം ആക്രമണങ്ങളിൽ പെടുമ്പോൾ മാത്രമാകരുത് ലീഗുകാരെ നിങ്ങൾക്കീ വേദന വരേണ്ടത്

71

Sreeja Neyyattinkara

പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും അവർ ആരുമായിക്കോട്ടെ എന്തിനുമായിക്കോട്ടെ ഒരു വീട്ടിൽ തനിച്ചുണ്ടായിരുന്നു എന്നത് ക്രിമിനൽ കുറ്റമാണോ …? അതിനെ സദാചാര വിചാരണ നടത്തുന്നതാണ് ക്രിമിനൽ കുറ്റം … അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി അവരെ ചോദ്യം ചെയ്യുന്നതും വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതാണ് ക്രിമിനൽ കുറ്റം… അതിനെ രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടി ഉപയോഗിക്കുന്നതാണ് ക്രിമിനൽ കുറ്റം … നരിക്കുനിയിലെ ആ സ്ത്രീ മുസ്‌ലിം ലീഗിന്റെ ജില്ലാ പഞ്ചായത്ത് മെമ്പറാണ് അവരുടെ സുഹൃത്ത് മുസ്‌ലിം ലീഗിന്റെ ലോക്കൽ നേതാവാണ് അഥവാ അവർ രണ്ടാളും പൊതു പ്രവർത്തകരും ഒപ്പം സുഹൃത്തുക്കളുമാണ്…. അവർ എന്തിന് വേണ്ടി ഒരു വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നാലും അതവരുടെ കാര്യം… അത് മൂന്നാമതൊരാൾ ചോദ്യം ചെയ്യേണ്ട കാര്യമേയില്ല..
.അവരെ അവരുടെ വഴിക്ക് വിടുക… ലൈംഗികാധിക്ഷേപങ്ങളുമായി അവർക്ക് പിന്നാലെ കൂടാതിരിക്കുക അതാണ് അന്തസും മാന്യതയും .

മുസ്‌ലിം ലീഗിന്റെ വനിതാ ജില്ലാ പഞ്ചായത്ത് മെമ്പർ നേരിടുന്ന ലൈംഗികാധിക്ഷേപങ്ങൾ പ്രതിരോധിക്കുന്ന ലീഗണികളാണ് സോഷ്യൽ മീഡിയ മുഴുവൻ …. ഒരിക്കലും ഒരു സ്ത്രീയുടേയും ശരീരം ലൈംഗികാധിക്ഷേപങ്ങളിൽ പെടാൻ പാടില്ല എന്ന നിലപാടുള്ള സ്ത്രീയാണ് ഞാൻ …. എന്നാൽ നിങ്ങളുടെ കൂട്ടത്തിലൊരു സ്ത്രീ ഇത്തരം ആക്രമണങ്ങളിൽ പെടുമ്പോൾ മാത്രമാകരുത് ലീഗേ നിങ്ങൾക്കീ വേദന വരേണ്ടത്.. എതൊരു സ്ത്രീയുടെ സ്വത്വത്തിനും പ്രാധാന്യം ഉണ്ട് … ആ ജില്ലാ പഞ്ചായത്ത് മെമ്പറെ ആക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയ ധാർമ്മികത എതിരഭിപ്രായമുള്ള സ്ത്രീകളെ അധിക്ഷേപിച്ചു നടക്കുന്ന മുസ്‌ലിം ലീഗിലെ അണികൾക്കുണ്ടോ എന്ന് സ്വയം വിലയിരുത്തേണ്ട സമയം കൂടെയാണിത് …

രാഷ്ട്രീയാഭിപ്രായം പറഞ്ഞ എന്റെ നേരെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ലീഗണി പ്രയോഗിച്ച ഭാഷയാണ്‌ സ്‌ക്രീൻ ഷോട്ടിലുള്ളത് …. എന്റെ ശരീരത്തിന് നേരെയാണ് അയാൾ കടന്നാക്രമണം നടത്തുന്നത് … എൽ എൽ ബിക്കാരനായ ഇയാൾ ഇങ്ങനെയാണ് രാഷ്ട്രീയാഭിപ്രായമുള്ള ഒരു സ്ത്രീയോട് പെരുമാറുന്നത് എങ്കിൽ മറ്റുള്ളവർ എങ്ങനെ പെരുമാറും എന്നൂഹിക്കാമല്ലോ…
അവരവരുടെ രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീകൾക്കു മാത്രമല്ല ഈ ലോകത്തെ സകല സ്ത്രീകൾക്കും ആത്മാഭിമാനമുണ്ട് എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും ആണുങ്ങൾ മനസിലാക്കിയാൽ തീരാവുന്നതേയുള്ളൂ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാധിക്ഷേപങ്ങൾ …

ഏതൊരു പ്രായപൂർത്തിയായ ആണിനും പെണ്ണിനും ഒരു വീട്ടിൽ തനിച്ചിരിക്കാം അവിടെ അവർക്ക് എന്തും ചെയ്യാം അതവരുടെ മാത്രം സ്വകാര്യ വിഷയം … സ്വാതന്ത്ര്യം… അത് മനസിലാക്കി സദാചാര പൊതുബോധം അടങ്ങിയിരിക്കുന്നതാണ് നല്ലത്…. രണ്ട്‌ വ്യക്തികളുടെ സ്വകാര്യത രാഷ്ട്രീയ ലാഭത്തിനായി പ്രയോജനപ്പെടുത്തുന്നത് പോലൊരു അശ്ലീലം വേറെയില്ല എന്ന് സഖാക്കളും മനസിലാക്കുക… പുരോഗമന ചിന്തകൾ കൊണ്ട് നടക്കുന്ന പാർട്ടിയുടെ അണികൾക്ക് ചേർന്നതല്ല ഈ സദാചാര വിചാരണ … നിങ്ങൾ ഞങ്ങളെ പറഞ്ഞില്ലേ അതുകൊണ്ട് ഞങ്ങൾ നിങ്ങളേയും പറയും എന്ന രീതി അങ്ങേയറ്റം ലജ്‌ജാവഹവും മ്ലേച്ഛവുമാണ് കൂട്ടരേ.