റിപ്പബ്‌ളിക് ടി വിയുടെ നിലപാട് ശശി തരൂരിനും ഉണ്ടാകുന്നതിൽ നിന്ന് എന്ത് മനസ്സിലാക്കണം…?

53

Sreeja Neyyattinkara

ഫാസിസ്റ്റ് വിരുദ്ധ ചേരിയിൽ ഞാൻ അവിശ്വസിക്കുന്ന ശശി തരൂർ എന്ന കോൺഗ്രസ് നേതാവിന്റെ കർഷക സമര നിലപാടിനെ കുറിച്ചാണ് .നരേന്ദ്ര മോദി സർക്കാരിന്റെ സമ്പൂർണ്ണ കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യൻ കർഷകർ തെരുവിലിറങ്ങിയിട്ട് 60 ദിവസങ്ങൾ പിന്നിടുകയാണ്… നിസാരമല്ല ആ സമരം നൂറ്റൻപതോളം കർഷകർ ഇതിനോടകം രക്തസാക്ഷികളായി… ഇക്കാലയളവിൽ സർക്കാരുമായി സമരക്കാർ പതിനൊന്നു വട്ടം ചർച്ച നടത്തുകയും ഭരണകൂട ഹുങ്കിനാൽ ചർച്ചകളെല്ലാം തന്നെ പരാജയപ്പെടുകയും ചെയ്തു…

ഈ സാഹചര്യത്തിലാണ് റിപ്പബ്ലിക് ദിനമായ ഇന്നലെ സമരക്കാർ ട്രാക്ടർ റാലിയുമായി ചെങ്കോട്ടയിൽ പ്രവേശിച്ചത് …. അതിനെ ശശി തരൂർ വിലയിരുത്തിന്നിടത്ത് സാരമായ പ്രശ്നങ്ങളുണ്ട് …. ഭരണകൂടത്തിന്റെ കൃത്യമായ ജനദ്രോഹത്തിനെതിരെ പല ഭരണകൂട വെല്ലുവിളികളേയും അതിജീവിച്ച് തെരുവിൽ സമരം ചെയ്യുന്ന മനുഷ്യർ നിയമം ലംഘിച്ചാൽ അത് ശശിതരൂരിന് വലിയ പ്രശ്നമാണ്…. അതും കർഷകർക്കൊപ്പം ചേർന്ന് നിൽക്കേണ്ട ഒരു നിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിൽ… ഇരയ്‌ക്കൊപ്പം നിൽക്കുന്ന പ്രതീതി സൃഷ്‌ടിച്ച് ഇരയുടെ വിശ്വാസം നേടിയെടുത്ത ശേഷം നിർണ്ണായക നേരത്ത് വേട്ടക്കാരന്റെ പണി എളുപ്പമാക്കുന്ന നിലപാട് സ്വീകരിക്കുക .. അതാണ് ഇന്നലത്തെ ശശി തരൂരിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് ….

സമരത്തിൽ നുഴഞ്ഞു കയറി സംഘ് പരിവാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരു പുതുമയേയല്ല പൗരത്വ പ്രക്ഷോഭകാലത്തെ ഡൽഹി കലാപം വലിയ ഉദാഹരണമാണ്… ഇതൊന്നുമറിയാത്ത ആളല്ല തരൂർ… ജനം തെരുവിൽ പ്രതിഷേധിക്കുന്നത് ഏറ്റവും നികൃഷ്ടമായ, രാജ്യം ഇതേ വരെ കണ്ടിട്ടില്ലാത്ത ഒരു നീച ഭരണകൂടത്തിനെതിരെയാണ് സ്വാഭാവികമായും പ്രതിഷേധിക്കുന്ന ജനതയെ അക്രമകാരികൾ എന്ന് മുദ്രകുത്താൻ സംഘ്പരിവാറും പരിവാർ അനുകൂല മാധ്യമങ്ങളും ശ്രമിക്കും പൗരത്വ പ്രക്ഷോഭത്തെ തീവ്രവാദ മുദ്ര കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ച മാധ്യമമാണ് റിപ്പബ്ലിക് ടി വി . കർഷക സമരത്തിലും അവരുടെ അജണ്ട മറ്റൊന്നല്ല അതേ റിപ്പബ്‌ളിക് ടി വിയുടെ നിലപാട് ശശി തരൂരിനും ഉണ്ടാകുന്നതിൽ നിന്ന് എന്ത് മനസ്സിലാക്കണം…?

ഇന്നലെ ഡൽഹിയിൽ നടന്നത് അക്രമമല്ല ശശി തരൂരേ അതൊരു ജനാധിപത്യ പോരാട്ടമാണ്…. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നടന്ന ജനകീയ പോരാട്ടത്തെ അക്രമം എന്നൊക്കെ വിശേഷിപ്പിക്കണമെങ്കിൽ അങ്ങനെ വിശേഷിപ്പിക്കുന്നവർക്ക് ഹിന്ദുത്വയോട് പ്രതിപത്തി ഉണ്ടെന്നു തന്നെ പറയേണ്ടി വരും.ഫാസിസത്താൽ പൊറുതി മുട്ടിയ ജനതയാണ് ചെങ്കോട്ടയിലെത്തിയത് …. ചെങ്കോട്ട നരേന്ദ്ര മോദിയുടെ ആർക്കും സ്ത്രീധനം കിട്ടിയ വകയിലുള്ളതല്ല എന്ന് മോദി ഓർത്തില്ലെേങ്കിലും ശശി തരൂർ ഓർക്കണം… ചെങ്കോട്ട മാത്രമല്ല ഇന്ത്യൻ പാർലമെന്റും ജനങ്ങൾക്കവകാശപ്പെട്ടതാണ്…. മറക്കരുത്