വിപ്ലവകാരിയായ സ്ത്രീയേ നിനക്ക് അന്ത്യാഭിവാദ്യങ്ങൾ

88
ഈ രാഷ്ട്രീയ സൗന്ദര്യം കാണുമ്പോൾ അതില്ലാണ്ടാക്കിയ ഭരണകൂടത്തോട് കടുത്ത വെറുപ്പ് തോന്നുന്നു.ഇതേ ഫേസ്ബുക്കിടത്തിൽ എത്രയെത്ര തവണ ഞാൻ ഉർദുഗാൻ എന്ന ഭരണാധികാരിയോടുള്ള സ്നേഹം കുറിച്ചിട്ടതാണ്.ഇരുപത്തിയെട്ടാം വയസ്സിൽ 288 ദിവസങ്ങൾ നിരാഹാരമനുഷ്‌‌ടിച്ച് ഭരണകൂടത്തിനെതിരെ പൊരുതി രക്തസാക്ഷിയായൊരു സ്ത്രീ… ആശുപത്രി അവർക്ക് ചികിത്സ പോലും നിഷേധിച്ചിരുന്നു എന്ന് അവിടത്തെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത് കേൾക്കുമ്പോൾ സത്യത്തിൽ കരച്ചിൽ വരുന്നു.ഒരു മഹാ വിപ്ലവകാരിയായ സ്ത്രീയുടെ ഉയിരെടുത്തു കളഞ്ഞ ഭരണകൂടമായി തുർക്കി ഭരണകൂടത്തെ അടയാളപ്പെടുത്തേണ്ടി വരുന്നതിൽ ദുഃഖം ഉണ്ട്.ഭരണകൂടത്തിന് മാനവികതയുടെ ഒരംശം ബാക്കിയുണ്ടായിരുന്നെങ്കിൽ ഒരു സ്ത്രീ 288 ദിവസങ്ങൾ നിരാഹാരമിരിക്കേണ്ട, ഒടുവിൽ മരിച്ചു വീഴേണ്ട ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടാകുമായിരുന്നോ…? ഇല്ല എന്ന് തന്നെയാണുത്തരം.നിരാഹാരമവസാനിപ്പിക്കാൻ പരിഹാരം തേടി തുർക്കി ഉപ ആഭ്യന്തര മന്ത്രിയെ കണ്ട മനുഷ്യാവകാശ പ്രവർത്തകരോടയാൾ പറഞ്ഞത് പ്രതിഷേധം അവസാനിപ്പിച്ചിട്ട് ചെല്ലാനാണ്‌.സമരങ്ങൾക്ക് വില കൽപ്പിക്കുന്ന ഭരണാധികാരികൾ ഈ ലോക ജനതയുടെ കേവല പാഴ് സ്വപ്നങ്ങളിൽ ഒന്ന് മാത്രം.

” ഓരോ ദിവസവും തരുന്നത് അടിച്ചമർത്തലും ക്രൂരതയും രക്തവുമാണ്;എന്നാൽ ഇത് തുടരാനാവില്ല, ചൂഷണം തുടരാൻ സാധിക്കില്ല;ഒരു പുതിയ ജീവിതം ലഭിക്കും; ഇവിടെയും എല്ലായിടത്തും..
തൊഴിലാളികളുടെ ആഘോഷ ദിനമായ മെയ് 1.വിപ്ലവത്തിന്റെ മഹത്തായ വഴിയിൽ മുന്നേറുന്ന ജനങ്ങളുടെ മെയ് 1.പർവതങ്ങളുടെ മുകളിൽ നിന്ന് ഒരു പുതിയ സൂര്യൻ ഉദിക്കും,സന്തുഷ്ടമായ ജീവിതം സമരങ്ങളുടെ ചക്രവാളങ്ങളിൽ നിന്ന് മുളച്ചുവരും,എന്റെ രാജ്യത്തിന്റെ സന്തോഷകരമായ ദിവസങ്ങൾ തീർച്ചയായും വരുന്നുണ്ട്.തൊഴിലാളികളുടെ ആഘോഷ ദിനമായ മെയ് 1..വിപ്ലവത്തിന്റെ മഹത്തായ വഴിയിൽ മുന്നേറുന്ന ജനങ്ങളുടെ മെയ് 1..”ഇങ്ങനെ തുടങ്ങുന്ന പാട്ട് പാടിയ, മറ്റ് വിപ്ലവഗാനങ്ങൾ പാടിക്കൊണ്ടിരുന്ന ബാൻ്റിന് 2016 മുതൽ തുർക്കിയിലെ ഭരണകൂടം നിരോധനമേർപ്പെടുത്തുകയുണ്ടായി. നിരവധി തവണ നിരോധനം പിൻവലിക്കണമെന്ന് സാമൂഹ്യപ്രവർത്തകരും കമ്യൂണിസ്റ്റുകാരും നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും എർദോഗാൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇവരെ വേട്ടയാടുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേത്തുടർന്ന് നിരോധനം നീക്കണമെന്ന ആവശ്യമുയർത്തിക്കൊണ്ട് ബാൻ്റ് അംഗങ്ങൾ . നിരാഹാരമാരംഭിക്കുകയുണ്ടായി. 260ലധികം ദിവസം നിരാഹാരം കിടന്ന ബാൻ്റ് അംഗങ്ങളായ ഹെലിൻ ബോളെക്കിനെയും ഇബ്രാഹിം ഗോക്ചെക്കിനെയും മാർച്ച് 12ന് ഇവർ നിരാഹാരം കിടന്ന സ്ഥലം റെയിഡ് ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലും നിരാഹാരം തുടർന്ന ഹെലിൻ ഇന്നലെ മരണപ്പെട്ടിരിക്കുകയാണ്. ഇവരെ മോചിപ്പിക്കണമെന്നും ബാൻ്റിനേർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് ഇംഗ്ലണ്ടിൽ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

നല്ല ആരോഗ്യമുണ്ടായിരുന്ന ഹെലിനും ഇബ്രാഹിമും അറസ്റ്റ് സമയത്ത് തന്നെ പരിപൂർണമായും ആരോഗ്യം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഹെലിൻ്റെ മൃതദേഹത്തിന് അന്തിമാവിഭാദ്യങ്ങളർപ്പിക്കാനെത്തിയ ഇബ്രാഹിമിന് സ്വന്തമായി നിൽക്കാനോ കൈ ഉയർത്താനോ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. അവർ ആകെ ആവശ്യപ്പെട്ടത് തങ്ങളുടെ ബാൻ്റിന് അകാരണമായി ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്നാണ്. എന്നാൽ ഭരണകൂടത്തിനെതിരെ പാടുന്ന പാട്ടുകൾ ആരും കേൾക്കേണ്ടെന്ന നിലപാട് എർദോഗാൻ ചേർത്തുപിടിക്കുകയും ഗ്രൂപ്പ് യോറം എന്ന ബാൻ്റിൻ്റെ നിരോധനം തുടരുകയുമായിരുന്നു. ഇവരെഴുതിയ ‘മെയ് 1’ എന്ന ഗാനം ഇങ്ങനെ അവസാനിക്കുന്നു.” രാഷ്ട്രങ്ങളുടെയുറച്ച ശബ്ദം മണ്ണുംവിണ്ണുമുടച്ച്‌ തകർക്കുന്നു,തഴമ്പാർന്ന മുഷ്ടികൾ വൻചുറ്റികപോൽ പതിക്കുന്നു, വിപ്ലവത്തിന്റെ തിളങ്ങുന്ന തിര നമ്മുടെയുലകത്തിന്മേൽ ചുഴലുന്നു. ഒരുനാൾ വരും, സ്വേച്ഛാധിപതികൾ ഇല്ലാതെയാകുന്നത്, വിപ്ലവത്തിന്റെ ജ്വലിക്കുന്നവഴികളിൽ കടലാസുപോലെ എരിഞ്ഞമരുന്നത്.”

ചിത്രം : ഹെലിൻ്റെ മൃതശരീരത്തിൽ ഇബ്രാഹിം അന്ത്യാഭിവാദ്യങ്ങളർപ്പിക്കുന്നു. നൂറുകണക്കിനാളുകൾ ചുറ്റിലും തിങ്ങിക്കൂടിയിരിക്കുന്നു.
ചിത്രം 2 : ആയിരക്കണക്കിനാളുകൾക്ക് മുന്നിൽ സംഘടിപ്പിക്കപ്പെട്ട ഗ്രൂപ്പ് യോറം ബാൻ്റിൻ്റെ പരിപാടി.
ചിത്രം 3 : അറസ്റ്റ് ചെയ്യപ്പെട്ട ഹെലിനും ഇബ്രാഹിമും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.
ചിത്രം 4 : ഗ്രൂപ്പ് യോറം ബാൻ്റിനേർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്നും ഹെലിനെയും ഇബ്രാഹിമിനെയും മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഇംഗ്ലണ്ടിൽ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം.

 

വിപ്ലവകാരിയായ സ്ത്രീയേ നിനക്ക് അന്ത്യാഭിവാദ്യങ്ങൾ