സംഘ് പരിവാറിന് ബലാൽസംഗം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്, അത് ചെയ്യുന്നവരെ സംരക്ഷിക്കുക എന്നത് രാഷ്ട്രീയ ബാധ്യതയും

77

Sreeja Neyyattinkara

ബലാൽസംഗം രാഷ്ട്രീയ അജണ്ടയാക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കേരളത്തിലെ രണ്ട് സംസ്ഥാന പ്രസിഡന്റുമാരെക്കുറിച്ചാണ്.

അന്ന്…ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയ ദിവസം .ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വിമർശന വിധേയമാക്കിയും ഗുജറാത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി കസേരയിലേക്കുള്ള നരേന്ദ്രമോദിയുടെ രാഷ്ട്രീയ നടത്തത്തിൽ ഗുജറാത്ത് വംശഹത്യ വഹിച്ച പങ്കും അടയാളപ്പെടുത്തിക്കൊണ്ട് ഞാനൊരു ഫേസ് ബുക്ക് പോസ്റ്റിടുന്നു. സംഘ് പരിവാർ സൈബർ വേട്ട ആരംഭിക്കുന്നു.കൂട്ടത്തിൽ ശ്രീജിത്ത് ജെ മുരളീധരനെന്ന കരുനാഗപ്പള്ളിയിലെ സംഘ് പരിവാർ കാര്യവാഹ് ഇൻബോക്സിൽ വന്ന്‌ അതിഭീകരമാം വിധത്തിൽ ബലാൽസംഗ – വധഭീഷണി മുഴക്കുന്നു. ഞാൻ പരാതി കൊടുക്കുന്നു വാർത്തയാകുന്നു…ചർച്ചയാകുന്നു… പോലീസ് കേസെടുക്കുന്നു…. സൈബർ സെൽ കൃത്യമായ തെളിവുകൾ ലോക്കൽ പൊലീസിന് കൈമാറുന്നു പക്ഷേ പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുന്നില്ല.ഏറ്റവും ഒടുവിൽ ഞാൻ പോലീസിനെതിരെ സമരം പ്രഖ്യാപിക്കുന്നു.അപ്പോഴതാ അന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റും ഇന്നത്തെ കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ പ്രതിയേയും കൂട്ടി മാരാർ ഭവനിൽ പത്ര സമ്മേളനം നടത്തുന്നു ഞാൻ തീവ്രവാദി ആണെന്നും പ്രതിയേയും കുടുംബത്തേയും ഞാൻ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചും എന്ന് വേണ്ട പച്ച നുണയുടെ ഭാണ്ഡക്കെട്ട് അഴിച്ചു വയ്ക്കുന്നു.

ഇന്ന്….ബി ജെ പി യുടെ അധ്യാപക സംഘടനയുടെ ജില്ലാ നേതാവും പാർട്ടിയുടെ പ്രാദേശിക നേതാവുമായ പദ്മരാജൻ പ്രതിയായ പോക്സോ കേസിൽ നിന്ന് പ്രതിയെ രക്ഷപ്പെടുത്താൻ കേന്ദ്ര ഭരണത്തിന്റെ പ്രിവിലേജുപയോഗിച്ച് കേരള ആഭ്യന്തര വകുപ്പുമായി ഡീൽ ഉണ്ടാക്കി അന്വേഷണ സംഘത്തെ ഉപയോഗിച്ച് കുറ്റപത്രത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടാക്കി അന്വേഷണ ഏജൻസിയുടെ തലപ്പത്തിരിക്കുന്ന ഐ പി എസുകാരന്റെ ശബ്ദരേഖ കൊണ്ടു പോലും പ്രതിക്ക് രക്ഷാ കവചം ഒരുക്കിയ ശേഷം കെ സുരേന്ദ്രൻ എന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് പീഡന വീരനായ പാർട്ടി പ്രവർത്തകനു വേണ്ടി പത്തു വയസുള്ള കുഞ്ഞിന അപമാനിക്കുന്ന ഫേസ് ബുക്ക് പോസ്റ്റ് ഇടുന്നു..പീഡന വീരനെതിരെ പ്രതികരിച്ച സകലരേയും തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു.ഇതെങ്ങനെ സംഭവിക്കുന്നു എന്നല്ലേ… ? ഉത്തരം സംഘ് പ്രത്യയ ശാസ്ത്രത്തിൽ തന്നെയുണ്ട്.സംഘ് പരിവാറിന് ബലാൽസംഗം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. അത് ചെയ്യുന്നവരെ സംരക്ഷിക്കുക എന്നത് രാഷ്ട്രീയ ബാധ്യതയും.സ്വാഭാവികം.

വരുന്ന വാർത്തകൾ ശരിയാണെങ്കിൽ പദ്മരാജൻ കേസിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ശ്രീ മഞ്ചേരി ശ്രീധരൻ നായരോട് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു എന്നുള്ളതാണ് നിയമോപദേശം തേടണം എന്ന് ഒരു നിർബന്ധവുമില്ല വേണേൽ ആകാം എന്ന് മാത്രം… പക്ഷേ ഇവിടെ നിയമോപദേശം തേടുകയും വാദിക്ക് അനുകൂലമായ നിയമോപദേശം ലഭിക്കുകയും ചെയ്‌തിട്ടു പോലും ക്രൈം ബ്രാഞ്ച് പ്രതിക്കനുകൂലമായി കേസിനെ അട്ടിമറിച്ചു… നിയമോപദേശം അന്വേഷണ സംഘം അതേപടി പാലിക്കണം എന്നൊന്നും ഒരു നിർബന്ധവുമില്ല എന്നിരുന്നാലും നിയമോപദേശത്തെ പോലും വകവയ്ക്കാതെ ഒരു കുഞ്ഞിനോട് അനീതി കാണിക്കാൻ അന്വേഷണ സംഘത്തിന് എങ്ങനെ കഴിഞ്ഞു എന്നതും അതിന് പ്രേരകമായ രാഷ്ട്രീയം എന്താണെന്നും ജനങ്ങൾക്കറിയേണ്ടതുണ്ട്. ഈ ഡീൽ സംഘ് പരിവാർ നടത്തിയത് ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത്തുമായി മാത്രമാണോ അതോ ആഭ്യന്തര വകുപ്പുമായി നേരിട്ടാണോ എന്ന് ജനങ്ങൾക്കറിയണം…. പ്രതിക്ക് രക്ഷാ കവചം തീർക്കുന്ന ഐ ജി ശ്രീജിത്തിന്റെ ഒരു ഓഡിയോയും പറന്നു നടക്കുന്നുണ്ട്… എന്താ ഇതിന്റെയൊക്കെ അർത്ഥം? കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ മുഖം താൽക്കാലികമായി രക്ഷിക്കാൻ എങ്കിലും ഐ ജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയിൽ നിന്ന് മാറ്റി നിർത്താനുള്ള ആർജ്ജവം ആഭ്യന്തര വകുപ്പ് കാണിക്കണം…