ബ്രാഹ്മണ്യത്തെ സംരക്ഷിക്കലാണ് നേടിയെടുത്ത ആ വിധിയെന്ന് രമേശ് ചെന്നിത്തലയ്ക്ക് അറിയാഞ്ഞിട്ടല്ല, പക്ഷേ ഹിന്ദുത്വയെ തൃപ്തിപ്പെടുത്താതെന്ത് തെരെഞ്ഞെടുപ്പ് രാഷ്ട്രീയം

53

Sreeja Neyyattinkara

പത്മനാഭ സ്വാമിക്ഷേത്ര വിധിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് കണ്ടു…

“ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്‌. ശബരിമലയിൽ എന്ന പോലെ ഇത്‌ ഭക്തജനങ്ങളുടെ വിജയമാണ്‌, മുൻ യുഡിഎഫ്‌ സർക്കാർ എടുത്ത നിലപാടിന്റെ അംഗീകാരം കൂടിയാണിത്”…. ഇതാണാ പോസ്റ്റ്

ബ്രാഹ്മണ്യത്തെ സംരക്ഷിക്കലാണ് നേടിയെടുത്ത ആ വിധിയെന്ന് രമേശ് ചെന്നിത്തലയ്ക്ക് അറിയാഞ്ഞിട്ടല്ല പക്ഷേ ഹിന്ദുത്വയെ തൃപ്തിപ്പെടുത്താതെന്ത് തെരെഞ്ഞെടുപ്പ് രാഷ്ട്രീയം. വംശഹത്യ പ്രത്യയ ശാസ്ത്രം പേറുന്ന,ബ്രാഹ്മണ്യത്തിലധിഷ്‌ഠിതമായ പ്രസ്ഥാനമാണ് സംഘ്പരിവാർ എന്നാർക്കും സംശയമില്ല … എന്നാൽ കോൺഗ്രസ് പ്രത്യയ ശാസ്ത്രം അതല്ല പക്ഷേ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് വളർച്ച ഉണ്ടാക്കിക്കൊടുക്കുന്ന പണി അതാത് സന്ദർഭങ്ങളിൽ കൃത്യമായെടുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ്‌ കോൺഗ്രസ് എന്ന് അടിവരയിടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

ഹിന്ദുത്വ അജണ്ടകൾ സംഘ് പരിവാറിന്റെ മാത്രം കുത്തകയല്ല എന്ന് രമേശ് ചെന്നിത്തലയുടെ പോസ്റ്റ് പറയാതെ പറയുന്നു. ജനാധിപത്യ രാജ്യത്തിനുള്ളിലെ ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്നു കൊണ്ട് രാജഭരണത്തിന്റെ നാറിപ്പുഴുത്ത ശേഷിപ്പുകളിൽ അഭിരമിക്കുന്ന രമേശ് ചെന്നിത്തലമാരെ വിശ്വസിക്കാൻ പ്രയാസമാണ്…. അതുവഴി കോൺഗ്രസിനേയും.

കേരളത്തിൽ ഹിന്ദുത്വ ഫാസിസം മത വിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന ഓരോ നിർണ്ണായക ഘട്ടത്തിലും കോൺഗ്രസ് നിലപാടുകൾ ഹിന്ദുത്വയ്ക്ക് ശക്തി പകർന്നു കൊടുക്കുന്ന ഒന്നായിരുന്നു അതിന്റെ പ്രകടമായ ഉദാഹരണം ശബരിമലയിൽ നമ്മൾ കണ്ടതുമാണ്… സംഘ് പരിവാർ കാവിക്കൊടി കയ്യിലേന്തുന്നു കോൺഗ്രസത് ഒളിച്ചു കടത്തുന്നു എന്നത് മാത്രമാണ് വ്യത്യാസം.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഭരണഘടനയെ അടച്ചു വച്ച് ബ്രാഹ്മണ്യത്തെ ശക്തിപ്പെടുത്തുന്ന മനുസ്മൃതി തുറന്നു വച്ച് കോടതികൾ വിധി പ്രസ്താവിക്കുമ്പോൾ അതിന് കയ്യടിക്കുക എന്നതിനർത്ഥം ഹിന്ദുത്വയ്ക്ക് കയ്യടിക്കുക എന്നത് തന്നെയാണ് .. ആ കയ്യടി കുമ്മനം രാജശേഖരനും കെ സുരേന്ദ്രനുമൊക്കെ നടത്തുന്നത് മനസ്സിലാക്കാം രമേശ് ചെന്നിത്തല നടത്തുന്നത് എന്തർത്ഥത്തിലാണ് എന്ന് മനസിലാകുന്നില്ല… ബി ജെ പിയേക്കാൾ മികച്ച ഹിന്ദുത്വ പാർട്ടി തങ്ങളാണ്‌ എന്ന് തെളിയിക്കാനാണോ ഈ നെറികേട്…?

ബ്രാഹ്മണ്യ – രാജ വാഴ്ചയ്ക്ക് മുന്നിൽ , നാഴികയ്ക്ക് നാല്പതു വട്ടം ജനാധിപത്യം പുലമ്പി നടക്കുന്ന ചെന്നിത്തല റാൻ മൂളി നിൽക്കുന്നത് ഒട്ടും നയന മനോഹരമല്ല തന്നെ.സംഘ് പരിവാർ ഇന്ത്യൻ ഭരണഘടനയെ എല്ലാക്കാലത്തും ബ്രാഹ്മണ്യവൽക്കരിക്കാൻ ശ്രമം നടത്തുകയും പലപ്പോഴും അതിൽ വിജയം വരിക്കുകയും ചെയ്‌തിട്ടുണ്ട്‌ അതിന്റെ ഒടുവിലത്തെ തെളിവാണ് പത്മനാഭ സ്വാമിക്ഷേത്ര വിധിയെ സ്വാഗതം ചെയ്ത ബ്രാഹ്മണസഭയുടെ പ്രതികരണം ‘ഭരണഘടനാ മൂല്യങ്ങൾ പൂർണ്ണമായി തിരിച്ചറിയുന്ന വിധി’ എന്നായിരുന്നു ബ്രാഹ്മണസഭ പ്രതികരിച്ചത്. അഥവാ ഈ വിഷയത്തിൽ കോൺഗ്രസിന്റെയും ബി ജെ പിയുടേയും ബ്രാഹ്മണ സഭയുടേയും ഹിന്ദു ഐക്യവേദിയുടെയും ഒക്കെ നിലപാട് ഒന്നാകുന്നത് അത്ര നിസാരമായി തള്ളിക്കളയാൻ കഴിയില്ല.

രാജ്യം ഗോത്രത്തലവന്മാരിൽ നിന്ന് രാജാക്കന്മാരിലേക്കും തുടർന്ന് രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്കും നടന്നു കയറിയ ചരിത്രത്തെ പാടേ വിസ്മരിച്ച് രാജഭരണത്തെ മനസ്സിൽ താലോലിക്കുകയാണിവിടത്തെ സവർണ്ണ ബോധത്തിലൂന്നിയ ഭരണാധികാരികൾ… അവർ സ്വപ്നം കാണുന്നത് അവകാശങ്ങളുള്ള രാഷ്ട്ര പൗരന്മാരെയല്ല അനുസരണ മാത്രമുള്ള പ്രജകളെയാണ് .അവരിൽ ഒരുവനാണ് ഈ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത് പേര് നരേന്ദ്ര മോദി എന്നാണ്.ആ ഭരണാധികാരിക്ക് രാഷ്ട്രീയ കരുത്ത് പകരുന്ന പണി മനുസ്മൃതിയും കക്ഷത്തിൽ തിരുകി നടക്കുന്ന രമേശ് ചെന്നിത്തലയ്ക്കെടുക്കാം പക്ഷേ അത് ജനാധിപത്യത്തെ കൂട്ട് പിടിച്ചു കൊണ്ടാകരുത്.

താങ്കൾ ‘വിജയം’ എന്ന് വിശേഷിപ്പിച്ച് രാജവാഴ്ചയ്ക്ക് മാർക്കിട്ടു കൊടുക്കുമ്പോൾ ആ രാജവാഴ്ചയുടെ അഥവാ സവർണ്ണ മാടമ്പിത്തരത്തിന്റെ തേരിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ ഒരു ജനതയുണ്ടീ മണ്ണിൽ ദലിതരും സ്ത്രീകളും.അധികാരക്കൊതി മൂത്ത് ഹിന്ദുത്വയ്ക്ക് റാൻ മൂളുന്ന താങ്കൾക്ക് ചരിത്രം അറിയുമോ? കുടിയാന്മാർ രാപകൽ വ്യത്യാസമില്ലാതെ ചാട്ടവാറടിയും കൊണ്ട് പട്ടിണിയും കിടന്ന് തൊഴിലെടുത്ത് നിറച്ചു കൊടുത്ത ഖാജനാവിന്റെ മുകളിൽ സിംഹാസനം ഉറപ്പിച്ച രാജവംശത്തിന്റെ വിജയം ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവേ പെണ്ണുങ്ങളുടെ മുലയ്ക്കും ആണുങ്ങളുടെ മീശയ്ക്കും വരെ കരം പിരിച്ച സവർണ്ണ ശേഷിപ്പിനെ ഭക്തരുടെ വിജയം എന്ന് പറഞ്ഞു കൊണ്ടാടുമ്പോൾ താങ്കൾക്കറിയാത്ത ചരിത്രം അറിയാവുന്ന മനുഷ്യർ ഈ നാട്ടിലുണ്ട് എന്നോർമ്മ വേണം.

നാലോട്ടിനും അധികാര കസേരയ്ക്കും വേണ്ടി മനുഷ്യ വിരുദ്ധമായ ബ്രാഹ്മണ്യത്തിന് റാൻ മൂളിക്കൊടുക്കുമ്പോൾ കെ പി സി സി ഓഫീസിന്റെ ചുവരിൽ ചില്ലിട്ടു വച്ചിരിക്കുന്ന സ്വന്തം നേതാവ് ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോയിലേക്കൊന്നു നോക്കണം രാജ കുടുംബങ്ങൾക്കുള്ള പ്രിവിലേജുകൾ എടുത്ത് തോട്ടിലെറിഞ്ഞ അവരുടെ രാഷ്ട്രീയത്തെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കണം…
സഖാവ് വി എസ് താങ്കൾ ഈ വിഷയത്തിൽ എക്കാലവും പ്രകടിപ്പിച്ച വിയോജിപ്പ് ഇപ്പോഴും ആവർത്തിക്കുന്നത് ഒരു രാഷ്ട്രീയ പ്രതീക്ഷ തന്നെയാണെന്ന് പറയാതിരിക്കുക വയ്യ ❤️