കാസർകോഡൊരു മദ്രസ അധ്യാപകൻ തന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന്റെ പേരിൽ രാജ്യത്തുള്ള മുഴുവൻ മുസ്ലീങ്ങളും മറുപടി പറയണം എന്നൊക്കെ പറഞ്ഞാൽ പോയി പണി നോക്കാൻ പറയും

0
133

Sreeja Neyyattinkara

കാസർകോടൊരു മദ്രസ അധ്യാപകൻ തന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു. അതൊരു ക്രിമിനൽ കുറ്റമാണ്‌ നീതി ബോധമുള്ള ഒരാളും ആ നീചപ്രവൃത്തിയെ ന്യായീകരിച്ചിട്ടില്ല എന്ന് മാത്രമല്ല ആ നരാധമനെതിരെ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട് , എന്നാൽ അതിന്റെ പേരിൽ രാജ്യത്തുള്ള മുഴുവൻ മുസ്ലീങ്ങളും മറുപടി പറയണം എന്നൊക്കെ പറഞ്ഞാൽ പോയി പണി നോക്കാൻ പറയും .മതത്തെയടക്കം പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുകയാണ്.സംഘ് പരിവാർ മാത്രമല്ല യുക്തിവാദികളും ഉണ്ട് ആ വേട്ടയിൽ .മദ്രസയിൽ വനിതാ അധ്യാപകരെ നിയമിക്കാനുള്ള ഉപദേശങ്ങൾ വേറെയും.ആ ഉപദേശത്തിലൂടെ ഒളിച്ചു കടത്തുന്ന രാഷ്ട്രീയം ആർക്കും മനസിലാകില്ല എന്ന് കരുതരുത്.സ്‌കൂളധ്യാപകർ പീഡിപ്പിക്കുന്നിടത്തെവിടെയെങ്കിലും വനിതാ അധ്യാപകരെ നിയമിക്കണം എന്നൊരു ഉപദേശം നിങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ടോ? ഇത്രയും വിവാദം ഉണ്ടായിട്ടും പദ്മരാജന് പകരം എന്തു കൊണ്ടൊരു താമരാക്ഷിയെ നിങ്ങൾ അഡ്വൈസ് ചെയ്‌തില്ല എന്ന് ഞാൻ ചോദിക്കുന്നില്ല.

ബി ജെ പി നേതാവ് പാലത്തായി പദ്മരാജൻ വിഷയത്തിൽ ഉറക്കം നടിച്ചവരൊക്കെ ഉത്തേജക മരുന്ന് കഴിച്ചവരെപ്പോലെ ഉണർന്നു കഴിഞ്ഞു.പദ്മരാജൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികരിച്ചവരാരും ചന്ദനകുറിയിട്ട് ഇളിച്ചു നിൽക്കുന്ന പദ്മരാജന്റെ മതത്തെ പ്രതിക്കൂട്ടിൽ നിർത്തിയില്ല.പദ്മരാജനെതിരെ രാജ്യത്തെ മുഴുവൻ ഹിന്ദുക്കളും മറുപടി പറയണം എന്നാരും പറഞ്ഞില്ല. പദ്മരാജന്റെ ജാതിയും മതവും ചർച്ച ചെയ്‌തില്ല.ചർച്ച ചെയ്തത് പദ്മരാജന്റെ രാഷ്ട്രീയമാണ്.ബലാൽസംഗം രാഷ്ട്രീയ പ്രവർത്തനമാക്കിയ സംഘ് പരിവാർ രാഷ്ട്രീയം അതിനിയും ചർച്ച ചെയ്യും.എല്ലാ ജാതിയിലും മതത്തിലും രാഷ്ട്രീയ പാർട്ടികളിലും സ്ത്രീയെ കേവല ഭോഗ വസ്തുവായി കാണുന്ന കാമഭ്രാന്തൻമാരുണ്ട് സ്ത്രീപക്ഷ പുരോഗമന പാർട്ടിയായ സി പി എമ്മിൽ പോലും കാമഭ്രാന്തന്മാരുടെ അസാന്നിധ്യം ഉറപ്പിക്കാൻ ഇക്കാലം വരെ കഴിഞ്ഞിട്ടില്ല.

എന്നാൽ കാമഭ്രാന്തും ബലാൽസംഗ രാഷ്ട്രീയവും ഒന്നല്ല രണ്ടാണ്.കാമഭ്രാന്ത് മൂത്ത് സ്വന്തം മകളെ പീഡിപ്പിച്ച മദ്രസ അധ്യാപകനും ആഭ്യന്തര ശത്രുവിന് നേരെ ബലാൽസംഗം രാഷ്ട്രീയ പ്രവർത്തനമാക്കിയ പാർട്ടിയുടെ നേതാവ് പദ്മരാജനും ഒന്നല്ല രണ്ടാണ്.രണ്ടായത് കൊണ്ടാണ് മദ്രസ അധ്യാപകനെ വെള്ളപൂശാൻ ആ സമുദായത്തിൽ നിന്ന് ഒരാളും വരാത്തത്.മുസ്‌ലിം സംഘടനകളിലെ ഒരു നേതാവും ആ ക്രിമിനലിന് വേണ്ടി ഫേസ് ബുക്ക് പോസ്റ്റ് ഇടാത്തത്.ഒരു മുസ്‌ലിം വനിതാ നേതാവും ആ പീഡന വീരന് വേണ്ടി ലൈവിൽ വരാത്തത്.രണ്ടായത് കൊണ്ടാണ് പദ്മരാജനെ വെള്ളപൂശാൻ ആയിരക്കണക്കിന് സംഘ് പരിവാരങ്ങൾ നിരന്നു നിൽക്കുന്നത്.ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പോലും പീഡന വീരന് വേണ്ടി പരസ്യമായി രംഗത്തു വരുന്നത്. ലസിതാ പാലയ്ക്കൽ എന്ന വനിതാ നേതാവടക്കം ലൈവിൽ വന്നിരുന്ന് കുഞ്ഞിനെ പീഡിപ്പിച്ചവന് വേണ്ടി സംസാരിച്ചു കൊണ്ടിരിക്കുന്നത്.പദ്മരാജനെതിരെ സംസാരിക്കുന്ന മനുഷ്യരെ സംഘികൾ നിരന്തരം സൈബർ വേട്ടയ്ക്കിരയാക്കുന്നത്.

പെണ്ണിന്റെ മേൽ കൈ വച്ച കാമഭ്രാന്തനായ ക്രിമിനലായ സ്ത്രീ വിരുദ്ധനായ മദ്രസ അധ്യാപകനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.എന്നാൽ അതിനേക്കാൾ ആയിരമിരട്ടി പ്രതിഷേധം സംഘ് പരിവാറിനോടുണ്ട്‌ കാരണം ഖബറിലെ മുസ്‌ലിം സ്ത്രീകളെ റേപ്പ് ചെയ്യാൻ ആഹ്വാനം ചെയ്ത നേതാവിന് കാമഭ്രാന്ത് മൂത്തിട്ടല്ലായെന്നും അതിന്റെ പിന്നിലൊരു രാഷ്ട്രീയമുണ്ടെന്നും കൃത്യമായി അറിയാവുന്നത് കൊണ്ട്.മദ്രസ അധ്യാപകനെ വച്ച് കത്തിക്കുന്ന ആ ഇസ്‌ലാമോഫോബിയ ഉണ്ടല്ലോ അതിവിടെ എന്റെ ഫേസ് ബുക്ക് വാളിൽ ചെലവാകില്ല .ചെന്നാട്ടെ