സഖാവ് സ്വരാജ് കണ്ട രാമായണം

147

Sreeja Neyyattinkara

സഖാവ് സ്വരാജ് കണ്ട രാമായണം

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിന്റെ രാമായണ പ്രഭാഷണത്തിൽ സഖാവ് എം സ്വരാജ് എം എൽ എ പങ്കെടുക്കുന്നു എന്ന പോസ്റ്റർ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പറന്നു നടക്കുമ്പോൾ പ്രതികരിക്കാതിരുന്നത് ഒരു മതേതര പാർട്ടിയുടെ ജനപ്രതിനിധിക്ക് തന്റെ മണ്ഡലത്തിലൊരു അമ്പല പ്രഭാഷണത്തിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധത ആണെന്നും ആ പ്രഭാഷണത്തിൽ അദ്ദേഹം എന്ത് പറയുന്നു എന്നതാണ് പ്രധാനം എന്നും ഉറച്ച ബോധ്യമുള്ളതു കൊണ്ടായിരുന്നു.

സ്വരാജ് നടത്തിയ പ്രഭാഷണം കേട്ടു… 18 മിനിറ്റു ദൈർഘ്യമുള്ള പ്രഭാഷണത്തിന്റെ ആദ്യ പകുതിയിൽ രാമായണകഥയുടെ വൈവിധ്യങ്ങളെ കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ഭാഷകളിൽ എഴുതപ്പെട്ട രാമായണത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട് … ഐതീഹ്യങ്ങളെ ചരിത്രമാക്കി അവതരിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്ര കാലത്ത് രാമായണമൊരു ചരിത്രമല്ലെന്നും രസമുള്ളൊരു കഥയാണെന്നും പറയാതെ പറയാനുള്ള സ്വരാജിന്റെ ബുദ്ധി വൈഭവത്തെ ആത്മാർത്ഥമായി അഭിനന്ദിക്കട്ടെ .

എന്നാൽ, പ്രഭാഷണത്തിന്റെ രണ്ടാം ഭാഗത്ത് രാമായണം മുന്നോട്ടു വയ്ക്കുന്ന ‘മൂല്യ’ മേറിയ സന്ദേശങ്ങളെ കുറിച്ച് സ്വരാജ് വാചാലനാകുകയാണ്. തന്റെ രാമായണ വായനയിൽ പ്രാധാന്യമേറിയ സന്ദേശമായി സ്വരാജ് അടയാളപ്പെടുത്തുന്നത് ഹിംസയോടുള്ള വിലക്കാണ്.അഥവാ അഹിംസ.മാത്രമല്ല അദ്ദേഹം ഇങ്ങനെ കൂടെ പറയുന്നു “രാമായണത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, ആലോചിക്കുമ്പോഴെല്ലാം ആദ്യം മനസ്സിൽ വരുന്നത് ഹിംസയെ എതിർക്കുന്ന, ഹിംസയോട് അരുതേ എന്ന് പറയുന്ന മനുഷ്യത്വത്തിന്റെ, മാനവികതയുടെ ദീപ്തമായ ഒരു ഭാവമാണ്”.

ഇവിടെയാണ് സ്വരാജ് താങ്കളുടെ രാഷ്ട്രീയവും രാഷ്ട്രീയബോധവും സംശയമുളവാക്കുന്നത്…. ഓരോ കൃതിയും സമൂഹത്തോട് സംസാരിക്കുന്നത് രാഷ്ട്രീയമാണ് രാമായണം സംസാരിക്കുന്ന രാഷ്ട്രീയം ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയമാണെന്നും അഥവാ ദലിത് വിരുദ്ധതയുടേയും സ്ത്രീ വിരുദ്ധതയുടേയും അതുവഴി ഹിംസയുടെ രാഷ്ട്രീയമാണെന്നും താങ്കളെന്ന വായനയും ബുദ്ധിയും വിവരവുമുള്ള കമ്മ്യൂണിസ്റ്റിന് അറിയാഞ്ഞിട്ടല്ല… പിന്നെയെന്തിനീ മഹത്വ വൽക്കരണം നടത്തുന്നു എന്നാണ് ചോദ്യം…. ആരെ പ്രീണിപ്പിക്കാൻ എന്നാണ് ചോദ്യം.

പറയൂ സ്വരാജ് രാമായണത്തിന്റെ രാഷ്ട്രീയം അഹിംസയായി താങ്കൾ അടയാളപ്പെടുത്തുമ്പോൾ എവിടെയാണ് രാമായണത്തിൽ താങ്കൾ അഹിംസ ദർശിച്ചത് ….? തുടക്കം മുതൽ ഒടുക്കം വരെ ആദിവാസികളെ ക്രൂരന്മാരായ കാട്ടാളന്മാരായും ദലിതരെ ദുഷ്‌ടന്മാരായ രാക്ഷസന്മാരായും ബ്രാഹ്മണരെ നന്മയുടെ പ്രതിരൂപങ്ങളായും അവതരിപ്പിക്കുന്നിടത്തോ? ശംബൂകനേയും ബാലിയേയും താടകയേയും രാവണനേയും ഒക്കെ കൊന്നു തള്ളി ബ്രാഹ്മണ ‘നീതി’ നടപ്പിലാക്കുന്ന രാമനിലോ….? അതോ പ്രണയം പറയാൻ വന്ന ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞു വീഴ്ത്തുന്ന ആണഹങ്കാരത്തിലോ…? പൊതു ബോധം ഭയന്ന് ഗർഭിണിയായ ഭാര്യയെ കാട്ടിലുപേക്ഷിക്കുന്നിടത്തോ? എവിടെയാണ് താങ്കൾ അഹിംസ കണ്ടത്….? മനുഷ്യത്വം കണ്ടത്?

സമകാലീന ഇന്ത്യയിൽ രാമായണ കഥയിലെ ശ്രീരാമൻ ഹിന്ദുത്വ ഭീകരരുടെ രാഷ്ട്രീയ ആയുധമാണ്…. ആ ആയുധം കേവലമല്ല പ്രത്യയ ശാസ്ത്ര പരമാണ്… അത് ഹിന്ദുത്വ പ്രത്യയ ശാസ്ത്രമാണ് എന്ന് മാത്രമല്ല മുസ്ലീങ്ങളെയും ദലിതരേയും പച്ചയ്ക്ക് വെട്ടി നുറുക്കി കൊല്ലുന്നവർക്ക് ആവേശം പകരുന്ന ഹിംസയുടെ പ്രതീകമാണ് രാമൻ… ജയ്‌ശ്രീരാം വിളികളിൽ മുഴച്ചു നിൽക്കുന്ന ആ രാമൻ അല്ല രാമായണത്തിലെ രാമൻ എന്ന് താങ്കൾ ആരെയാണ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്? രാമായണത്തെ രാഷ്ട്രീയമായി വിലയിരുത്തുന്ന ആർക്കെങ്കിലും രാമനെയോ രാമായണത്തെയോ അഹിംസയുടെ പ്രതിരൂപമായി വ്യാഖ്യാനിക്കാൻ കഴിയുമോ?

രാമായണത്തിൽ അഹിംസ ദർശിക്കുന്ന സ്വരാജിന് മനുസ്മൃതിയിലും അഹിംസ ദർശിക്കാൻ കഴിയുമോ? ‘ചാതുർ വർണ്യം മയാസൃഷ്‌ടം’ എന്ന് തുടങ്ങുന്ന ഭഗവദ് ഗീതയെ സ്വരാജ് എങ്ങനെ വിലയിരുത്തും? ബ്രാഹ്മണ്യത്തെ അഥവാ ഹിന്ദുത്വ യെ പ്രയോഗികമാക്കി കൊണ്ടിരിക്കുന്ന ഭരണകൂടം നിലനിൽക്കുന്ന ഒരു രാജ്യത്ത് നിന്നുകൊണ്ടാണ് വംശഹത്യ പ്രത്യയ ശാസ്ത്രത്തിന്‌ വെള്ളവും വളവും പകരുന്ന ഒരു കൃതിയെ സ്വരാജ് അഹിംസയുടെ പ്രതീകമായി കണ്ട്‌ പുളകം കൊള്ളുന്നത്.

ഒരേ സമയം ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവും കമ്മ്യൂണിസ്റ്റുമായിരിക്കാൻ എങ്ങനെ കഴിയുന്നു സ്വരാജിന്….? വോട്ടിന് വേണ്ടിയുള്ള കേവല മതേതര പ്രഭാഷണങ്ങളോ സംഘ് പരിവാർ വിരുദ്ധ പറച്ചിലുകളോ അല്ലല്ലോ സഖാവേ യഥാർത്ഥ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം… ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‌ മേൽ കൈവയ്ക്കാതെങ്ങനെയാണ് ഫാസിസത്തെ തുരത്താനാകുക? രാമായണത്തിൽ അഹിംസ ദർശിച്ച സ്വരാജ് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു എന്ന് ഞാൻ പറഞ്ഞാൽ അംഗീകരിക്കാതിരിക്കാൻ താങ്കൾക്ക് കഴിയുമോ?

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ഭാവങ്ങളിൽ രചിക്കപ്പെട്ട രാമായണ കഥയെ ചരിത്രമായവതരിപ്പിച്ചു കഥാ നായകനെ മാതൃകാപുരുഷനായി വാഴ്ത്തി നായകന് ജന്മസ്ഥാനം ഉണ്ടാക്കി കൊടുക്കുക വഴി ഇന്ത്യൻ ഭരണഘടനയെ പോലും അട്ടിമറിച്ചു കൊണ്ടാണ് ഹിന്ദുത്വ ഇന്ത്യയുടെ മണ്ണിൽ വേരാഴ്ത്തികൊണ്ടിരിക്കുന്നത്… മതേതര ഇന്ത്യയെ തകർത്ത് ഹിന്ദുത്വ രാഷ്ട്രം പണിയാൻ സംഘ് പരിവാർ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും ആപത്കരമായ പൊളിറ്റിക്കൽ ടൂൾ ആണ് ശ്രീരാമൻ. ആ യാഥാർഥ്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടല്ലാതെ നടത്തുന്ന എതൊരു വെള്ളപൂശലും ഫാസിസത്തെ ശക്തിപ്പെടുത്തും എന്നറിയാത്തൊരാളാണ് സ്വരാജ് എന്ന് ഞാൻ കരുതുന്നില്ല… കേവലവും താൽക്കാലികവുമായ വോട്ട് ബാങ്ക് ലക്‌ഷ്യം വച്ച് നടത്തുന്ന ഈ പ്രഹസനങ്ങൾ രാജ്യത്തിന് വെല്ലുവിളിയാണെന്നറിഞ്ഞിട്ടും, രാഷ്ട്രീയ ബോധമുണ്ടെന്ന് ജനങ്ങൾ കരുതുന്ന മനുഷ്യർ തുടർന്നു കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ഖേദകരം എന്നല്ലാതെ മറ്റെന്ത് പറയാൻ.