നിങ്ങളുടെ കൂട്ടത്തിൽ പെട്ടവൻ പ്രതിയാകുന്നത് വരെയേ ഉള്ളൂ നിങ്ങളുടെയൊക്കെ നീതിബോധം?

161

Sreeja Neyyattinkara

“ക്രൂര പീഡനത്തെ തുടർന്ന് രക്തസ്രാവമുണ്ടായപ്പോൾ കരഞ്ഞു പെൺകുട്ടി, അത്യാസന്ന നിലയിൽ കഴിയുന്ന മാതാവിന്റെ കട്ടിലിനരികെയെത്തിയപ്പോൾ മാനഹാനി ഭയന്ന് പുറത്തു പറയരുതെന്നായിരുന്നുവത്രെ മാതാവ് പറഞ്ഞത്… രക്തം കണ്ട് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ലൈംഗികാവയവത്തിന്റെ ഭാഗത്ത് കുരു പൊട്ടിയതാണെന്ന് പറയാൻ മാതാവ് പറഞ്ഞു “….. കുന്നുംപുറം പാലിയേറ്റിവ് കെയർ സെന്ററിൽ പീഡിപ്പിക്കപ്പെട്ട ബാലികയുടെ ഈ വെളിപ്പെടുത്തലിനെയാണ് കളവെന്നും കുട്ടിയെ കൊണ്ട് ആരോ പറയിക്കുന്നു എന്നുമൊക്കെ പ്രചരിപ്പിച്ച് പ്രതികൾക്കു വേണ്ടി കുഴലൂത്ത് നടത്തിയിരുന്നത്…

ഏത് രാഷ്ട്രീയ പാർട്ടികളായാലും മത സംഘടനകളായാലും ക്രിമിനൽ ആക്ടിവിറ്റികൾ നടത്തുന്നവർ ഉണ്ടാകാം കാരണം വിവിധതരം മനുഷ്യർ ഉൾപെടുന്നതാണ് സംഘടനകൾ… എന്നാൽ അത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ വെളിപ്പെടുമ്പോൾ അവരെ സംരക്ഷിക്കാൻ തീരുമാനിക്കുന്ന രാഷ്ട്രീയ – മത സംഘടനകൾ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല . ഇവിടെ കുന്നുംപുറം പാലിയേറ്റിവ് കെയർ സെന്റർ സെക്രട്ടറി സക്കീർ അലിയും ഡ്രൈവർ മുഹമ്മദും തന്നെ പീഡിപ്പിച്ചിരിക്കുന്നു എന്ന് കുട്ടി പൊലീസിന് മുന്നിലും മജിട്രേറ്റിന്‌ മുന്നിലും മൊഴി കൊടുക്കുന്ന നിമിഷം മുതൽ കുട്ടിയെ കള്ളിയാക്കി ചിത്രീകരിച്ചും പ്രതി സക്കീർ അലിയെ ന്യായീകരിച്ചും രംഗത്തെത്തിയവരുടെ കൂട്ടത്തിൽ സക്കീർ അലി പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിയുടെ അനുയായികൾ ഉണ്ട്.. ജമാഅത്തെ ഇസ്ളാമിക്കാരുണ്ട്… തീർന്നില്ല കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് പ്രതികൾക്കു വേണ്ടി നിവേദനം ഒപ്പിട്ട രാഷ്ട്രീയ പാർട്ടികളിൽ വെൽഫെയർ പാർട്ടി ഉണ്ട്… ജമാഅത്തെ ഇസ്‌ലാമിക്കാരായ പാലിയേറ്റിവ് കെയർ സെന്റർ ഭാരവാഹികൾ കുട്ടിയുടെ വീട്ടിൽ പോയി കേസിൽ നിന്ന് സക്കീർ അലിയെ രക്ഷിക്കണമെന്ന് പറയുന്ന വീഡിയോ അടക്കം പുറത്തു വന്നു കഴിഞ്ഞു…

എന്താ ഇതിന്റെയൊക്കെ അർത്ഥം? നിങ്ങളുടെ കൂട്ടത്തിൽ പെട്ടവൻ പ്രതിയാകുന്നത് വരെയേ ഉള്ളൂ നിങ്ങളുടെയൊക്കെ നീതിബോധം?
മൂല്യാധിഷ്‌ഠിത രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർക്ക് സക്കീർ നിരപരാധിയാണെന്ന് പാടി നടക്കാതെ നിശബ്ദത കൊണ്ടെങ്കിലും രാഷ്ട്രീയ സത്യസന്ധത കാണിക്കാമാ യിരുന്നില്ലേ? ക്രിമിനലുകളെ സംരക്ഷിക്കുന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് എവിടെയാണ് നിങ്ങൾ വേറിട്ട് നിൽക്കുന്നത്? ഖേദകരം … സഹതാപാർഹം…